സന: യെമൻ സർക്കാരിൽനിന്ന് ചരിത്രപരവും തന്ത്രപ്രധാനവുമായ തുറമുഖ നഗരമായ മോഖ പിടിച്ചെടുത്ത് ഹൂതികൾ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിലൊന്നായ ബാബ് അൽ-മന്ദേബ് കടലിടുക്കിന്മേൽ ഹൂതികൾക്ക് ഇതോടെ കൂടുതൽ സ്വാധീനമുറപ്പിക്കാനാകും. ആഗോള എണ്ണ വിതരണത്തിനുമേൽ കൂടുതൽ ഭീഷണി ഉയർത്തുന്ന നീക്കമാണിത്. ഹോർമുസിൽ കഴിഞ്ഞ ദിവസം കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ എണ്ണ വില കുതിച്ചുയർന്നിരുന്നു.

To advertise here,

ചെങ്കടലിന്റെ തെക്കേ അറ്റത്തുള്ള ബാബ് അൽ-മന്ദേബ് കടലിടുക്കിനുമേൽ ഹൂതികൾ കൂടുതൽ സ്വാധീനം ഉറപ്പിച്ചതായും തന്ത്രപ്രധാനമായ ഹാനിഷ് ദ്വീപുകളിൽ അവർ ആക്രമണം ആരംഭിച്ചതായും യെമൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇറാൻ-യുഎസ് യുദ്ധത്തിൽ ഹൂതികൾ നിലവിൽ പങ്കാളികളാണ്. ജൂലായിൽ അറേബ്യക്കുനേരെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ചെങ്കടൽ പാതയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം സൗദിക്ക് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു.

യെമൻ തലസ്ഥാനം 2014-ൽ ഹൂതികൾ പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാരിനെ തെക്കൻ മേഖലയായ ഏദനിലേക്ക് മാറാൻ നിർബന്ധിതമാക്കുകയും ചെയ്തു. ഇറാന്റെ പിന്തുണയാണ് ഹൂതികളുടെ പ്രധാന ആശ്രയം. ഹൂതികളെ തുരത്താനും സർക്കാരിനെ പുനഃസ്ഥാപിക്കാനുമായി സൗദിയും ഇടപെടൽ നടത്തുന്നുണ്ട്. 2022-ൽ യെമനിൽ യു.എൻ. മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ വർഷങ്ങളായി തുടർന്ന യുദ്ധം വലിയ തോതിൽ അവസാനിപ്പിച്ചെങ്കിലും ശാശ്വതമായ ഒരു പരിഹാരത്തിലേക്ക് എത്തിയിട്ടില്ല.

ചെങ്കടലിനെ ഏദൻ ഉൾക്കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന നിർണായക ജലപാതയാണ് ബാബ് അൽ-മന്ദേബ്. ഈ കടലിടുക്കിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണ് മോഖ നഗരം സ്ഥിതി ചെയ്യുന്നത്. ബാബ് അൽ-മന്ദേബ് വഴിയുള്ള കപ്പൽ ഗതാഗതത്തെ ലക്ഷ്യമിടുകയെന്ന ഹൂതികളുടെ ലക്ഷ്യത്തിലേക്ക് മോഖ പിടിച്ചെടുത്തതിലൂടെ അവരെ അടുപ്പിക്കും. ഔദ്യോഗിക സർക്കാരിന്റെ സേനയുടെ നിയന്ത്രണത്തിലായിരുന്നു ഏറെക്കാലമായി മോഖ.

ഹൂതികൾ മോഖയിൽ പ്രവേശിക്കുകയും കവലകളിൽ നിലയുറപ്പിക്കുകയും ചെയ്തതായി പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപിയും റിപ്പോർട്ട് ചെയ്തു.