
ലണ്ടൻ: ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക തകരാറിനെ തുടർന്ന് യു.കെയിലെ വ്യോമഗതാഗതം പ്രതിസന്ധിയിലായതോടെ, ഇന്ത്യയ്ക്കും യു.കെക്കും ഇടയിലുള്ള വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടു. എയർ ട്രാഫിക് സംവിധാനം തകരാറിലായതോടെ യു.കെയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന തങ്ങളുടെ നിരവധി വിമാനങ്ങൾ തിരിച്ചുവിടാനും വൈകാനും റദ്ദാക്കാനും കാരണമായതായി എയർ ഇന്ത്യ വ്യക്തമാക്കി. വിമാനങ്ങളും ക്രൂ അംഗങ്ങളും പല സ്ഥലങ്ങളിലായി കുടുങ്ങിപ്പോയതിനാൽ എയർ ഇന്ത്യയുടെ മറ്റ് സർവീസുകളെയും ഇത് ബാധിച്ചേക്കാമെന്ന് കമ്പനി അറിയിച്ചു.
വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി (https://airindia.com/in/en/manage/flight-status.html) കൃത്യമായി പരിശോധിക്കണമെന്ന് എയർ ഇന്ത്യ അഭ്യർഥിച്ചു. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യമാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കമ്പനി അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.
‘ഫ്ലൈറ്റ് റഡാർ 24’ നൽകുന്ന കണക്കുകൾ പ്രകാരം യു.കെയിലുടനീളം 1,300-ഓളം വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. ലണ്ടനിലെ ഹീത്രൂ, ഗാറ്റ്‌വിക്, മാഞ്ചസ്റ്റർ, സ്റ്റാൻസ്റ്റെഡ്, ബർമിങ്ഹാം ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളെല്ലാം തടസ്സങ്ങൾ നേരിടുന്നവയിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷ് എയർവേയ്‌സ് നൂറിലധികം വിമാനങ്ങൾ റദ്ദാക്കി. ഈസിജെറ്റ് 218 സർവീസുകളും കെഎൽഎം 37 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. റയാൻ എയറിന്റെ ഇരുന്നൂറിലധികം സർവീസുകൾ റദ്ദാക്കിയത് ഒന്നര ലക്ഷത്തോളം യാത്രക്കാരെ ബാധിച്ചു. ഹീത്രൂ വിമാനത്താവളത്തിൽ ചൊവ്വാഴ്ച ലാൻഡിങ് സർവീസുകൾ താത്കാലികമായി നിർത്തിവയ്‌ക്കേണ്ടിവന്നു. ആഴ്‌സനൽ ഫുട്‌ബോൾ ടീമിന്റെ ചാമ്പ്യൻസ് ലീഗ് യാത്രയും വിമാനം വൈകിയതിനെ തുടർന്ന് തടസ്സപ്പെട്ടു.
ബ്രിട്ടനിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ദേശീയ എയർ ട്രാഫിക് സർവീസ് ഏജൻസിയാണ് നാഷണൽ എയർ ട്രാഫിക് സർവീസസ് (എൻ.എ.ടി.എസ്). ഏതൊരു സാങ്കേതിക തകരാറിലും വിമാനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി വ്യോമപാതയിലെ ട്രാഫിക് നിയന്ത്രിക്കുകയാണ് എൻ.എ.ടി.എസ് സ്വീകരിക്കുന്ന പ്രാഥമിക സുരക്ഷാ രീതി. 2023-ൽ ഓട്ടോമേറ്റഡ് ഫ്ലൈറ്റ് പ്ലാൻ പ്രോസസിങ്ങിലുണ്ടായ തകരാറിനെ തുടർന്ന് ഏഴ് ലക്ഷത്തോളം യാത്രക്കാർ ദുരിതത്തിലായതിനെത്തുടർന്ന് യു.കെ. സിവിൽ ഏവിയേഷൻ അതോറിറ്റി നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ സുരക്ഷാ മുൻകരുതലുകളും അടിയന്തര നടപടികളും ശക്തമാക്കാൻ 34 നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, സാങ്കേതിക തകരാറുകൾ ഉണ്ടാകുമ്പോൾ സ്വയം പ്രവർത്തനം പരിമിതപ്പെടുത്തുന്ന 'ഫെയിൽ-സേഫ്' സുരക്ഷാ ക്രമീകരണങ്ങളും ബാക്കപ്പ് സംവിധാനങ്ങളും എൻ.എ.ടി.എസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഇത്തരം സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്നാം തവണയാണ് യു.കെയിലെ വ്യോമഗതാഗത സംവിധാനം സമാന രീതിയിൽ സ്തംഭിക്കുന്നത്. പ്രൈമറി സിസ്റ്റത്തിൽ തകരാറുണ്ടാകുമ്പോൾ ബാക്കപ്പ് സംവിധാനത്തിലേക്ക് സുഗമമായി മാറാൻ സാങ്കേതികമായി സാധിക്കാത്തതാണ് ബ്രിട്ടന് തുടർച്ചയായി തിരിച്ചടിയാകുന്നത്. കൂടാതെ, കൃത്യമായ സമയക്രമത്തിൽ സർവീസ് നടത്തുന്ന യു.കെയിലെ വിമാനത്താവളങ്ങളുടെ തിരക്കേറിയ നെറ്റ്‌വർക്ക് കാരണം ഒരു കേന്ദ്രത്തിലുണ്ടാകുന്ന ചെറിയ തകരാർ പോലും യൂറോപ്പിലുടനീളം വിമാനങ്ങളും ജീവനക്കാരും പലസ്ഥലങ്ങളിലായി കുടുങ്ങിപ്പോകുന്നതിന് കാരണമാകും.
നിലവിലെ പ്രതിസന്ധിയിൽ, ഫ്ലൈറ്റ് ഡാറ്റ പ്രൊസസിങ് സിസ്റ്റത്തിലുണ്ടായ തകരാർ പരിഹരിച്ചതായും സർവീസുകൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും എൻ.എ.ടി.എസ് അറിയിച്ചെങ്കിലും, ബാക്ക്‌ലോഗ് പൂർണമായി തീർക്കാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തകരാറിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് എൻ.എ.ടി.എസ് ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ റോൾഫ് പറഞ്ഞു. എന്നാൽ, എൻ.എ.ടി.എസ് ചീഫ് എക്സിക്യൂട്ടീവ് രാജിവയ്ക്കണമെന്ന് റയാൻ എയർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടറും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: NATS technical failure in the UK caused severe air traffic disruptions., Air India flights between India and the UK faced delays, diversions, and cancellations., Passengers are advised to check flight status via the official Air India website before traveling., Over 1,300 flights were canceled across the UK affecting major airlines like British Airways and Ryanair., UK authorities have launched an official investigation into the recurring technical glitches.
Published: 09 Sept 2026, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented