
ടെഹ്‌റാൻ: യു.എസ്. സൈന്യത്തിന്റെ ഏറ്റവും ആധുനികമായ 'ഡൈവ് എൽഡി' എന്ന അന്തർവാഹിനി ഡ്രോൺ ഹോർമുസ് കടലിടുക്കിന് സമീപത്തുനിന്ന് പിടിച്ചെടുത്തതായി അവകാശപ്പെട്ട് ഇറാൻ നാവികസേന.
എന്നാൽ, തങ്ങളുടെ പഴയ മോഡൽ ഡ്രോണാണിതെന്നാണ് യു.എസിന്റെ അവകാശവാദം. സാങ്കേതികത്തകരാർമൂലം നിയന്ത്രണം നഷ്ടപ്പെട്ടതാണ്. ഇതിൽ നിർണായകമായ വിവരങ്ങളൊന്നുമില്ലെന്നും യു.എസ്. പ്രതികരിച്ചു.
ലോകത്തെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണിതെന്നാണ് ഇറാന്റെ അവകാശവാദം. പിടിച്ചെടുത്ത അന്തർവാഹിനിയുടെ വീഡിയോയും അവർ പുറത്തുവിട്ടു. പ്രാദേശിക ജലാശയത്തിൽ സർവേ നടത്തുകയായിരുന്ന തങ്ങളുടെ ഒരു അന്തർവാഹിനി തകരാറിലായിട്ടുണ്ടെന്ന് അറിയിച്ച യു.എസ്., ഇറാൻ പിടിച്ചെടുത്തതാണോ എന്ന് പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. തകരാറിലായ ഡ്രോൺ പഴയ മോഡലാണെന്നും അതിൽ സെൻസിറ്റീവ് ഡേറ്റകളില്ലെന്നും യു.എസ്. പ്രതികരിച്ചു.
അന്ദുറിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച് ഡൈവ് എൽഡിക്ക് പത്തുദിവസംവരെയാണ് പ്രവർത്തനക്ഷമത. കൂടാതെ ആറുകിലോമീറ്റർവരെ ആഴത്തിൽ മുങ്ങാനും കഴിയും. ഓരോ ഡൈവ് എൽഡി യൂണിറ്റിനും ഏകദേശം രണ്ടര മില്യൺ ഡോളർ വിലവരുമെന്ന് യു.എസ്. സൈനിക വാർത്താ സൈറ്റായ ഡിഫൻസ് സ്‌കോപ്പ് 2024-ൽ റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങളുടെ നാവികരെ അപകടത്തിലാക്കാത്തവിധം കടലിൽ നിരീക്ഷണംനടത്താനും എതിരാളികളുടെ നീക്കങ്ങളറിയാനും ആളില്ലാ അന്തർവാഹിനികളെയാണ് യു.എസ്. ആശ്രയിച്ചുകൊണ്ടിരിക്കുന്നത്.
ഇറാന്റെ അഞ്ച് ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി യു.എസ്. സെൻട്രൽ കമാൻഡ് നേരത്തെഅവകാശപ്പെട്ടിരുന്നു. യു.എസ്. യുദ്ധക്കപ്പലിനുനേരെ ഇറാൻ നടത്തുന്ന ബാലിസ്റ്റിക് മിസൈലാക്രമണങ്ങൾക്ക് മറുപടിയായാണിത്.
യു.എസ്. ആക്രമണങ്ങൾക്ക് തിരിച്ചടിയായി ജോർദാനിലെ അൽ-അസ്രഖിലെ യു.എസ്. സൈനിക താവളത്തിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. യു.എസ്. യുദ്ധവിമാനങ്ങളുടെ ഹംഗറുകൾക്കും അറ്റകുറ്റപ്പണി കേന്ദ്രങ്ങൾക്കും വലിയ നാശനഷ്ടംവരുത്തിയതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് വന്ന 20 മിസൈലുകളിൽ 18 എണ്ണവും തകർത്തതായി ജോർദാൻ അവകാശപ്പെടുന്നു. രണ്ടെണ്ണം ജനവാസമില്ലാത്ത കേന്ദ്രങ്ങളിൽ പതിച്ചതായും ജോർദാൻ സൈന്യം അറിയിച്ചു. എന്നാൽ, ജോർദാനിൽ കനത്ത നാശനഷ്ടം വരുത്തിയെന്നാണ് ഐ.ആർ.ജി.സി.യുടെ അവകാശവാദം.
യു.എസ്. സൈന്യത്തിന് സൗകര്യമൊരുക്കുന്നുവെന്നാരോപിച്ച് കുവൈത്ത്, ബഹ്റൈൻ തുറമുഖങ്ങൾക്ക് സമീപമുള്ള എണ്ണടാങ്കറുകളിൽനിന്ന് ജീവനക്കാരോട് ഉടൻ മാറാൻ ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എസ്. കപ്പലുകളെ ആക്രമിക്കാൻ ഇറാൻ നടത്തുന്ന ഓരോ ശ്രമത്തിനും പകരം അവരുടെ എണ്ണടാങ്കറുകൾ തകർക്കുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.
Content Highlights: Iran launched ballistic missiles at the US Al-Azraq air base in Jordan., The US military destroyed five Iranian crude oil tankers following attacks on warships., The IRGC claims to have captured a US advanced unmanned underwater vehicle (Dive-LD).
Published: 09 Sept 2026, 11:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented