ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമാകുകയും ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം ഭീഷണിയിലാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. കഴിഞ്ഞ 90 ദിവസങ്ങൾക്കുള്ളിൽ എണ്ണ ഇറക്കുമതി നയത്തിൽ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ വഴി, മുൻകാലങ്ങളിൽ ഉണ്ടായതുപോലുള്ള വലിയ ആഘാതങ്ങൾ ഇല്ലാതെ തന്നെ ആഗോള എണ്ണ പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാലങ്ങളായി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ദീർഘകാല കരാറുകളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ ഇറാൻ യുദ്ധവും വിതരണ തടസ്സങ്ങളും ഈ രീതിയിലുള്ള അപകടസാധ്യതകൾ വെളിപ്പെടുത്തി. ഇതിനെത്തുടർന്ന്, ഗൾഫ് രാജ്യങ്ങളുമായുള്ള ദീർഘകാല കരാറുകൾ വെട്ടിച്ചുരുക്കി 'സ്പോട്ട് മാർക്കറ്റ്' വഴി നേരിട്ട് എണ്ണ വാങ്ങുന്ന രീതിയിലേക്ക് പൊതുമേഖലാ എണ്ണക്കമ്പനികൾ മാറിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
പശ്ചിമേഷ്യയ്ക്ക് പുറമെ റഷ്യ, അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക തുടങ്ങിയ മേഖലകളിൽ നിന്ന് ഇന്ത്യ കൂടുതൽ എണ്ണ എത്തിക്കുന്നുണ്ട്. ബ്രസീൽ, ഗയാന, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ഏപ്രിൽ മാസത്തിൽ വെനസ്വേലയിൽ നിന്ന് റെക്കോർഡ് അളവിൽ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. വിദേശ രാജ്യങ്ങളെ നേരിട്ട് സമീപിക്കുന്നതിന് പകരം ആഗോള ട്രേഡിംഗ് സ്ഥാപനങ്ങളുമായി സഹകരിച്ച് എണ്ണ വാങ്ങുന്ന രീതിയും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് കുറഞ്ഞ നിരക്കിൽ ലഭ്യമായ റഷ്യൻ എണ്ണ ഇന്ത്യ വൻതോതിൽ വാങ്ങിയിരുന്നു. എങ്കിലും, യുക്രെയ്ൻ ആക്രമണങ്ങളിൽ റഷ്യൻ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്കും ടെർമിനലുകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുന്നത് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. റഷ്യയിലെ ആഭ്യന്തര ഇന്ധനക്ഷാമം പരിഹരിക്കാൻ ഇന്ത്യയിൽ നിന്ന് വൻ തോതിൽ പെട്രോൾ അങ്ങോട്ട് കയറ്റുമതി ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർ വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തി നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നു. ഈ പുതിയ മാറ്റങ്ങളിലൂടെ മാർച്ചിലുണ്ടായിരുന്നതിനേക്കാൾ മികച്ച രീതിയിൽ ആഗോള ഊർജ്ജ പ്രതിസന്ധികളെ പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് കരുതപ്പെടുന്നു.
Published: 13 Jul 2026, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented