ദുബായ്: ആശങ്ക സൃഷ്ടിച്ചുകൊണ്ട് അമേരിക്ക - ഇറാൻ ആക്രമണം വീണ്ടും ശക്തമായി. തെക്കൻ ഇറാനിൽ അമേരിക്ക നടത്തിയ ഡ്രോൺ - മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളിലേയ്ക്കും ജോർദ്ദാൻ - ഇറാഖ് എന്നിവിടങ്ങളിലേക്കും ഇറാൻ തിരിച്ചടിച്ചു. സംഘർഷം രൂക്ഷമായതോടെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. യുഎസ് ആക്രമണങ്ങളിൽ ഇറാനിൽ 11 പേർ മരിച്ചു.

To advertise here,

മാസങ്ങൾക്ക് ശേഷം ആദ്യമായാണ് അമേരിക്ക - ഇറാൻ യുദ്ധം ഇത്രയ്ക്ക് രൂക്ഷമാകുന്നത്. തെക്കൻ ഇറാനിലെ ഖുസെസ്ഥാൻ പ്രവശ്യയിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് അമേരിക്കൻ സേന പുലർച്ചെ ആക്രമണം നടത്തി. ഇവിടെ ഏഴ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ പ്രവശ്യായ കെർമൻഷാ-യിലുണ്ടായ ആക്രമണത്തിൽ നാലു പേർ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും ഇറാൻ അറിയിച്ചു. ഇറാൻ റെവല്യൂഷനറി ഗാർഡിന്റെ റഡാർ, സാറ്റലൈറ്റ്, മിസൈൽ സംവിധാനങ്ങൾ തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ഇതിനുള്ള മറുപടിയായി കുവൈത്ത്, ബഹ്‌റൈൻ, ഇറാഖ്, ജോർദ്ദാൻ എന്നിവിടങ്ങളിലേക്ക് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.

ബഹ്‌റൈനിൽ അമേരിക്കയുടെ ശൈഖ് ഇസാ സൈനിക താവളം, ജോർദ്ദാനിൽ അമേരിക്കയുടെ ക്യാമ്പ് ടിടിൻ എന്നിവ ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാഖിലെ ഇബിൽ, കുവൈത്തിലെ താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഡ്രോൺ ആക്രമണമുണ്ടായി. കുവൈത്തിൽ ബഹുനില താമസ കെട്ടിടത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപ്പിടിത്തം ഉണ്ടായെങ്കിലും ഇത് അണച്ചെന്നും ആർക്കും പരിക്കില്ലെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

അൽ-ഹിലാലി, അൽ-മദീന ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചതായി ഫയർ ഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അൽ-ഗരീബ് അറിയിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, തീപ്പിടിത്തത്തിൽ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആക്രമണങ്ങളെ തുടർന്ന് മേഖലയിൽ വിമാന സർവീസുകളും താറുമാറായി.

സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ബാരലിന്റെ വില 95 ഡോളറിന് മുകളിലെത്തി. സ്വർണവില മൂന്നാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ ആക്രമണങ്ങളെ ഖത്തർ, കുവൈത്ത, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. ഹോർമൂസ് കടലിലുടക്കിലും സംഘർഷാവസ്ഥ തുടരുന്നുണ്ട്. പത്തിൽ താഴെ ചരക്കു കപ്പലുകൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോർമൂസിലൂടെ കടന്നുപോയത്.