വാഷിങ്ടൺ: അമേരിക്കൻ സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ അമരക്കാരിയും ആഗോള തലത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ എഴുത്തുകാരിയുമായ ഗ്ലോറിയ സ്റ്റീനം(92) അന്തരിച്ചു. ന്യൂയോർക്ക് സിറ്റിയിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം.

To advertise here,

യുഎസിൽ 1960-70 കാലത്ത് ശക്തമായിത്തീർന്ന രണ്ടാം തരംഗ ഫെമിനിസത്തിന്റെ ആഗോള മുഖമായിരുന്നു ഗ്ലോറിയ സ്റ്റീനം. 'മിസ് മാഗസിന്റെ' സഹസ്ഥാപക കൂടിയായിരുന്നു അവർ. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സ്ത്രീകളുടെ സമത്വത്തിനായി നിരന്തരം സംസാരിക്കുന്നതിനാണ് അവർ നീക്കിവെച്ചത്.

തന്റെ 22-ാം വയസ്സിൽ രഹസ്യമായി ഗർഭച്ഛിദ്രത്തിന് വിധേയയാകേണ്ടി വന്ന ഗ്ലോറിയയ്ക്ക് ആ സംഭവം തന്നെയാണ് തന്റെ ആക്ടിവിസത്തിന്റെ തുടക്കമെന്ന് തുറന്നുപറയാൻ യാതൊരു മടിയുമുണ്ടായിരുന്നില്ല. അമേരിക്കയിലെ 'റോ വി. വേഡ്' (Roe v Wade) വിധി റദ്ദാക്കപ്പെട്ട സമയത്ത്, "നമ്മുടെ സ്വന്തം ശരീരത്തിന്മേലുള്ള നിയന്ത്രണം ലിംഗ-വംശ വ്യത്യാസമില്ലാതെ തുല്യമായിരിക്കണം, അല്ലാത്തപക്ഷം നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യത്തിലല്ല" എന്ന് അവർ പറഞ്ഞിട്ടുണ്ട്.

ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ എഴുത്തിലും സാമൂഹിക കൂട്ടായ്മകളിലുമാണ് അവർ കൂടുതൽ സമയം ചെലവഴിച്ചിരുന്നത്. 50 വർഷത്തിലധികമായി ഫ്ലാറ്റിൽ ടോക്കിങ് സർക്കിളുകളും അവർ സംഘടിപ്പിച്ചിരുന്നു.

പൂക്കൾ നൽകി ആദരിക്കുന്നതിന് പകരം തങ്ങൾക്ക് നൽകാനുള്ള സമ്മാനങ്ങൾ ഗ്ലോറിയ ഫൗണ്ടേഷന് സംഭാവനയായി നൽകണമെന്നാണ് ഗ്ലോറിയ സ്റ്റീനം അവസാനമായി ആവശ്യപ്പെട്ടത്. 'ആൻ അൺഎക്സ്പെക്റ്റഡ് ലൈഫ്' എന്ന പുതിയ പുസ്തകം പുറത്തിറങ്ങാനിരിക്കെയായിരുന്നു ഗ്ലോറിയയുടെ അന്ത്യം.