വാഷിങ്ടണ്‍: അനുകമ്പയെയും ഐക്യത്തെയും സാഹോദര്യത്തെയും കുറിച്ച് സംസാരിക്കുന്ന യുവതിക്ക് പിന്നില്‍നിന്ന് നടക്കുന്നത് രണ്ടു പുരുഷൻമാർ തമ്മിൽ പൊരിഞ്ഞ അടി. സാമൂഹികമാധ്യമങ്ങളിലാകെ ചര്‍ച്ചയാവുകയാണ് ഈ വീഡിയോ. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്നുള്ള ബിരുദധാരിയും ചൈനക്കാരിയുമായ യുറോങ് ലുവാന ജിയാങ്ങും രണ്ട് അക്രമാസക്തരായ പുരുഷന്മാരുമാണ് വീഡിയോയിലുള്ളത്. അന്താരാഷ്ട്ര മാധ്യമവുമായി സംസാരിക്കുന്നതിനിടെ പിന്നില്‍ നടക്കുന്ന സംഘര്‍ഷത്തേക്കുറിച്ച് യുറോങ് അറിയുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. 

To advertise here,

അന്താരാഷ്ട്രമാധ്യമമായ അസോസിയേറ്റഡ് പ്രസു(എപി)മായി സംസാരിക്കുകയായിരുന്നു യുറോങ്. ഈ സമയത്താണ് ഫ്രെയിമിന്റെ പിന്നില്‍ അടിപൊട്ടിയത്. തമ്മിലടിക്കിടെ ഒരാള്‍ താഴെവീഴുന്നതും കാണാം. ഒരു ഓപ്പണ്‍ റെസ്റ്റോറന്റിലാണ് സംഭവം നടന്നത്.

'സന്ദേശത്തെ ഒറ്റവാക്യത്തില്‍ ചുരുക്കിപ്പറഞ്ഞാല്‍, അഭിവൃദ്ധിയായാലും പരാജയമാണെങ്കിലും മനുഷ്യരാശി അതിനെ ഒരുമിച്ചാണ് അഭിമുഖീകരിക്കേണ്ടിവരിക. ഏറെ ദുഷ്‌കരമായ കാലത്താണ് നാം ജീവിക്കുന്നത്. ആശയങ്ങളുടെയും വംശീയതകളുടെയും സ്വത്വബോധത്തിന്‍റെയും അടിസ്ഥാനത്തില്‍ ധാരാളം വേര്‍തിരിവുകളുണ്ട്. നാം ഓരോരുത്തരും പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അല്‍പം കൂടി നൈതികമായി വിഭാവനം ചെയ്യേണ്ട സമയമാണിത്', എന്നിങ്ങനെയായിരുന്നു യുറോങ് പറഞ്ഞത്. 

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വെെറലായതിന് പിന്നാലെ നിരവധിപേരാണ് പ്രതികരണവുമായെത്തിയത്. എന്തൊരു വിരോധാഭാസമാണ് ഒറ്റ ഫ്രെയിമിൽ കാണുന്നത് എന്നായിരുന്നു പലരുടെയും പ്രതികരണം. 

നേരത്തെ, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങിലെ പ്രസംഗത്തില്‍, പങ്കുവെക്കപ്പെടേണ്ട മാനവികതയേക്കുറിച്ചും ആഗോളസാഹോദര്യത്തെ കുറിച്ചുമുള്ള യൂറോങ്ങിന്റെ വാക്കുകള്‍ ഏറെ പ്രശംസ നേടിയിരുന്നു. ചൈനയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ വിസ വിലക്കാനുള്ള ട്രംപ് സര്‍ക്കാരിന്റെ നീക്കത്തിനിടെയാണ് വിദ്യാര്‍ഥിനിയുടെ പരാമര്‍ശങ്ങളെന്നതും ശ്രദ്ധേയമാണ്.