സ്ത്രീകളിലെ ആര്‍ത്തവ വിരാമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന വിഷയമാണ് പുരുഷന്മാരിലെ ആന്‍ഡ്രോപോസ് എന്ന അവസ്ഥ. പുരുഷന്മാരിലും മെനോപോസിന് സമാനമായ ശാരീരിക-മാനസികമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. സമാധാനക്കാരനായ പങ്കാളിയുടെ പെട്ടെന്നുണ്ടാകുന്ന മൂഡ് സ്വിങ്സില്‍ പരാതിപ്പെടുന്നവര്‍ പോലും യഥാര്‍ത്ഥ കാരണം അറിയാതെപോകുന്നുണ്ട്.

To advertise here,

പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവു കുറയുന്നതു മൂലം സംഭവിക്കുന്ന അവസ്ഥയാണ് ആന്‍ഡ്രോപോസ്. പ്രായമാകും തോറും പുരുഷന്മാരില്‍ ലൈംഗിക ഹോര്‍മോണുകളുടെ ക്രമാനുഗതമായ കുറവ് സംഭവിക്കുന്നതാണ് ഇതിന് കാരണം.

പുരുഷന്മാരില്‍ മുപ്പതുകളുടെ പകുതിയോടെ വര്‍ഷംതോറും ടെസ്റ്റോസ്റ്റിറോണ്‍ അളവു ഒരു ശതമാനം വീതം കുറയും. ക്ഷീണം, ഉറക്ക പ്രശ്‌നങ്ങള്‍, അമിതവണ്ണം, ലൈംഗികാസക്തി കുറയുക, മൂഡ് സ്വിങ്‌സ്, അസ്വസ്ഥത, ശ്രദ്ധ നഷ്ടപ്പെടുക, മാനസികമായ വ്യക്തതക്കുറവ്, പേശീ വേദനകള്‍ അമിത വിയര്‍പ്പ്, ശരീരതാപനില കൂടല്‍, കൈകളും കാലുകളും തണുക്കുക, മസിലുകളുടെ ആരോഗ്യം ക്ഷയിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ജീവിതശൈലിയില്‍ മാറ്റം കൊണ്ടുവരിക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ആരോഗ്യകരമായ ഭക്ഷണരീതി, മെച്ചപ്പെട്ട ഉറക്ക ശീലം, പുകവലിയും മദ്യപാനവും ഉപേക്ഷിക്കല്‍ എന്നിവയിലൂടെ തന്നെ ഹോര്‍മോണുകള്‍ സ്വാഭാവികമായി ബാലന്‍സ് ചെയ്യാന്‍ കഴിയും. അത്തരം മാര്‍ഗങ്ങള്‍ ഫലപ്രദമാകാതെ വരുമ്പോള്‍ ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റും ഇതിനുള്ള പരിഹാരമാണ്.