സ്ത്രീശാക്തീകരണവും ലിംഗസമത്വവും ലക്ഷ്യമിട്ടുള്ള സംവാദങ്ങൾ സ്ത്രീകളിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുമ്പോൾ, പുരുഷന്മാർ പലപ്പോഴും പാർശ്വവൽക്കരിക്കപ്പെടുകയാണെന്ന് പ്രശസ്ത ബോളിവുഡ് താരം രത്ന പഥക് ഷാ. 'ഷീ ദി പീപ്പിളിന് നൽകിയ അഭിമുഖത്തിലാണ് 69-കാരിയായ താരം ലിംഗസമത്വത്തെയും പീതൃമേധാവിത്വത്തെയും കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ പലപ്പോഴും ഒരു വശത്തേക്ക് കാര്യങ്ങൾ ചായുന്നത് സ്വാഭാവികമാണെന്നും, എന്നാൽ ഇപ്പോൾ പുരുഷന്മാരെ മാറ്റിനിർത്തുന്ന രീതി തനിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും രത്ന പഥക് ഷാ വ്യക്തമാക്കി.'വർഷങ്ങളായി നമ്മൾ സ്ത്രീകളുടെ പുരോഗതിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു വിഭാഗത്തെ നമ്മൾ ഉയർത്തിക്കൊണ്ടുവന്നു, എന്നാൽ മറ്റുള്ളവരുടെ കാര്യമോ? സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന ഈ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടേണ്ടതുണ്ട്.-അവർ പറഞ്ഞു.

To advertise here,

ലിംഗാടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനത്തിലൂടെയും അതിനു ചുറ്റും നിർമ്മിക്കപ്പെട്ട ആചാരങ്ങളും നിയമങ്ങളും വഴിയുമാണ് പിതൃമേധാവിത്വം നിലനിന്നുപോരുന്നത്. 3,000 വർഷങ്ങളായി വേരൂന്നിയ ഈ വ്യവസ്ഥിതിയെ വെറും 30 വർഷം കൊണ്ട് പെട്ടെന്ന് തകർത്തുകളയാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും സമൂഹം അടിച്ചേൽപ്പിക്കുന്ന പ്രതീക്ഷകളുടെയും കടുത്ത സമ്മർദത്തിന്റെയും ഇരകളാണ്.

സമൂഹത്തിന്റെ കണ്ണിൽ പുരുഷന്മാർ കരയാൻ പാടില്ലാത്തവൻ, എപ്പോഴും ശക്തനായിരിക്കേണ്ടവൻ, സാമ്പത്തിക ഭാരം മുഴുവൻ ചുമക്കേണ്ടവൻ, എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കേണ്ടവൻ എന്നിങ്ങനെ ചില 'ചെക്ക്​ലിസ്റ്റുകളുണ്ട്.

ഇത്തരം കാർക്കശ്യമുള്ള അധികാരമനോഭാവത്തേക്കാൾ ഇരുവിഭാഗവും തമ്മിലുള്ള പരസ്പര സഹകരണമാണ് കൂടുതൽ ലളിതവും ഫലപ്രദവുമെന്ന് അവർ പറഞ്ഞു.

വരുംതലമുറയ്ക്കായി രൂപപ്പെടുത്തുന്ന ഭാവിയിൽ ഏകപക്ഷീയമായ ആശയങ്ങളും സങ്കുചിത ചിന്താഗതികളും കടന്നുകൂടുന്നത് ഭയങ്കരവും ഹാനികരവുമാണെന്ന് താരം അഭിപ്രായപ്പെട്ടു. 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ', 'കപൂർ ആൻഡ് സൺസ്', 'ഹാപ്പി ഫാമിലി: കണ്ടീഷൻസ് അപ്ലൈ' തുടങ്ങിയ ചിത്രങ്ങളിലൂടെയും സീരീസുകളിലൂടെയും സ്റ്റീരിയോടൈപ്പുകൾ തകർത്ത നടിയാണ് രത്ന പഥക് ഷാ. സിനിമാരംഗത്തെ ലിംഗവിവേചനം, സിനിമകളിലെ സ്ത്രീ പ്രാതിനിധ്യം, പിതൃമേധാവിത്വപരമായ സാമൂഹിക ആചാരങ്ങൾ എന്നിവയ്ക്കെതിരെ മുൻപും ഭയമില്ലാതെ സംസാരിച്ച് വാർത്തകളിൽ ഇടംനേടിയ വ്യക്തിത്വമാണ് അവർ.