വാഷിങ്ടൺ: എഐ ഡേറ്റാ സെന്ററുകൾക്കെതിരേ ജനങ്ങൾക്കിടയിലുണ്ടായിരുന്ന അമർഷം യുഎസിലെ ഇടക്കാല തിരഞ്ഞെുപ്പ് ഫലത്തെ നിർണായകമായി സ്വാധീനിച്ചെന്ന് വിലയിരുത്തൽ. ഡാറ്റാ സെന്ററുകൾക്കെതിരേ സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് അനുകൂലമായി വോട്ടുകൾ ഏകീകരിക്കാൻ കാരണമായതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡേറ്റാ സെന്ററുകളുടെ നിർമാണം താത്കാലികമായി നിർത്തിവെക്കുമെന്ന് പ്രചാരണത്തിൽ പ്രഖ്യാപിച്ച നിരവധി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾ വിജയിക്കുകയും ചെയ്തു. അനുകൂല നിലപാടെടുത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികൾ പല പ്രമുഖ സംസ്ഥാനങ്ങളിലും അട്ടിമറി വിജയം നേടുകയും ചെയ്തു.
ഡാറ്റാ സെന്ററുകൾക്കെതിരേ ശക്തമായ നിലപാടെടുത്ത പ്രമുഖരൊക്കെ വൻ വിജയം നേടിയെന്നാണ് റിപ്പോർട്ടുകൾ. ടെക്സസിൽ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ജിന ഹിനോജോസ, ജോർജിയയിൽ വിജയിച്ച കീഷ ലാൻസ് ബോട്ടൊംസ്, ഒഹായോയിൽ വിജയിച്ച ആമി ആക്ടൺ തുടങ്ങിയവർ ഈ നിലപാട് ശക്തമായി ഉയർത്തിക്കാട്ടിയിരുന്നവരാണ്.
ഡെമോക്രാറ്റുകൾ അട്ടിമറി വിജയം നേടിയ ടെക്‌സാസ്, ഒഹായോ, ഐയോവ എന്നിവിടങ്ങളിലെ ഡേറ്റാ സെന്ററുകളുടെ എണ്ണം യഥാക്രമം 595, 258, 117 എന്നിങ്ങനെയാണ്. ടെക്‌സസിലാകട്ടെ 31 ഡേറ്റാ സെന്ററുകളുടെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
സെപ്റ്റംബർമാസത്തിൽ നടത്തിയ ഒരു സർവയിൽ, രാജ്യത്തെ ഡേറ്റാ സെന്ററുകളുടെ നിർമാണം പരിമിതപ്പെടുത്തുന്നതിനെ 70 ശതമാനം ഡെമോക്രാറ്റുകളും പിന്തുണയ്ക്കുന്നതായി വ്യക്തമായിരുന്നു. അതേസമയം, റിപ്പബ്ലിക്കൻമാരിൽ 57 ശതമാനത്തന് മാത്രമാണ് ഇത്തരമൊരു നിലപാടുണ്ടായിരുന്നത്.
വാർത്താ ഏജൻസിയായ എപിയും വിവിധ വാർത്താമാധ്യമങ്ങളുടെ കൂട്ടായ്മയും ചേർന്ന് നടത്തിയ സർവേയുടെ ഭാഗമായ വോട്ടർമാരിൽ 56 ശതമാനം പേർ, തങ്ങളുടെ തീരുമാനത്തിൽ ഡാറ്റാ സെന്ററുകൾ നിർണായകമായതോ അല്ലെങ്കിൽ പ്രധാനപ്പെട്ടതോ ആയ ഘടകമായിരുന്നുവെന്ന് പറഞ്ഞു. അതേസമയം, തങ്ങളുടെ താമസമേഖലയിൽ പുതിയൊരു ഡാറ്റാ സെന്റർ നിർമിക്കുന്നതിനെ എതിർക്കുമെന്ന് 76 ശതമാനം പേർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്യൂ റിസർച്ച് പോളിങ് നടത്തിയ സർവേ പ്രകാരം, ഡേറ്റാ സെന്ററുകൾ പരിസ്ഥിതിക്കും ജീവിതനിലവാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾക്കും ദോഷകരമാണെന്ന് പാതിയിലേറെ അമേരിക്കക്കാരും ചിന്തിക്കുന്നതായി കണ്ടെത്തിയിരുന്നു.
Content Highlights: Public anger against AI data centers heavily influenced US midterm election results., Democratic candidates who campaigned to pause data center construction secured key upsets in Texas, Ohio, and Iowa., Surveys show 70% of Democrats and 57% of Republicans support limiting data center construction., Over 76% of voters oppose new data centers in their local residential areas.
Published: 07 Nov 2026, 01:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented