വാഷിങ്ടൺ: ചെങ്കടലിലെ സമുദ്രപാതകൾവഴിയുള്ള കപ്പൽഗതാഗതം ഏകദേശം പൂർണമായിത്തന്നെ ഹൂതി വിമതരുടെ നിയന്ത്രണത്തിലെന്ന് വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടുചെയ്തു. ഇമെയിലുപയോഗിച്ച് കപ്പലുകൾക്ക് സുരക്ഷിതപാത അനുവദിക്കുന്ന സംവിധാനം ഹൂതികൾ നടപ്പാക്കിയെന്നാണ് റിപ്പോർട്ട്. ഹൂതികളും കപ്പൽ ജീവനക്കാരുമായുള്ള ഇമെയിൽ സന്ദേശങ്ങളും ജേണൽ പുറത്തുവിട്ടു.

To advertise here,

റിപ്പോർട്ട് പ്രകാരം ഇസ്രയേൽ, ബ്രിട്ടൺ, യു.എസ്. എന്നീ രാജ്യങ്ങളുമായി ബന്ധമില്ലെന്ന് പ്രഖ്യാപിക്കുന്ന കപ്പലുകൾക്കാണ് യെമെൻ സുരക്ഷിതപാതയൊരുക്കുന്നത്. സൗദി കപ്പലുകൾക്കും ഉപരോധം നിലവിലുണ്ട്. കപ്പലിൽനിന്ന് ഇമെയിൽ സന്ദേശം ലഭിച്ചാൽ 24 മണിക്കൂറിനകം ഹൂതികൾ മറുപടിനൽകും.

മാനദണ്ഡങ്ങൾ പാലിക്കുന്ന കപ്പലുകൾക്ക് ഏഴുദിവസത്തേക്ക് യാത്രാനുമതി ലഭിക്കും. മാനദണ്ഡങ്ങൾ മനസ്സിലാക്കി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഏറ്റവും പുതിയ വിവരങ്ങളറിയാൻ തങ്ങളുടെ ഇമെയിൽ അലേർട്ട് സബ്‌സ്‌ക്രൈബ് ചെയ്യാമെന്നും മറുപടിയിൽ സൂചിപ്പിക്കുന്നുണ്ട്.

സനായിൽ സൗദി ആക്രമണമെന്ന് ഹൂതികൾ; 22 മരണം

സനാ: യെമെനിലെ സനായിൽ ശനിയാഴ്ചയുണ്ടായ സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടെന്ന് ഹൂതികൾ. ആക്രമണത്തിൽ 30 പേർക്ക് പരിക്കേറ്റെന്നും ഹൂതി മാധ്യമം റിപ്പോർട്ടുചെയ്തു. അൽ ശരിയാ മേഖലയിലാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ടെന്ന് സബ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

ആരോഗ്യപ്രവർത്തകരെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് ഹൂതികൾ ആരോപിച്ചു. ആക്രമണത്തിൽ തകർന്നെന്നവകാശപ്പെടുന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ ഹൂതി മാധ്യമങ്ങൾ പുറത്തുവിട്ടു. കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും മരണസംഖ്യ കൂടാനിടയുണ്ടെന്നും അറിയിച്ചു. 2014 മുതൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് സനാ.

വെള്ളിയാഴ്ച തായിസ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിനുപിന്നിൽ സൗദി സഖ്യസേനയാണെന്ന് ഹൂതികളും ഹൂതികളാണെന്ന് സഖ്യസേനയുടെ പിന്തുണയുള്ള യെമെൻ സർക്കാരും ആരോപിക്കുന്നുണ്ട്. രാജ്യത്ത് സംഘർഷം പുനരാരംഭിച്ചശേഷം കുറഞ്ഞത് 1600 പേരെങ്കിലും മരിച്ചെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

സൗദിക്ക് സിറിയയുടെ സൈനികസഹായം

ദുബായ്: യെമെനിലെ ഹൂതി വിമതരും സൗദി സഖ്യസേനയുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയ്ക്കും ഏഡൻ ആസ്ഥാനമായുള്ള യെമെൻ സർക്കാരിനും സൈനികസഹായവുമായി സിറിയ. ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആയിരക്കണക്കിന് സിറിയൻ സൈനികരെ യെമെനിലും സൗദി അറേബ്യയിലുമായി വിന്യസിക്കാൻ സിറിയ തീരുമാനിച്ചെന്ന് സിറിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ടുചെയ്തു. ഇതിൽ ഒരുഭാഗം സൈനികർ ഇതിനകം യെമെനിൽ എത്തിയെന്നും റിപ്പോർട്ടുണ്ട്. സംഘർഷത്തിൽ നേരിട്ടിടപെടുന്ന ആദ്യ വിദേശശക്തിയാണ് സിറിയ.

ഹൂതികൾക്കെതിരേയുള്ള സൗദി സഖ്യസേനയുടെ പോരാട്ടത്തിൽ പങ്കാളികളാകാൻ ആദ്യഘട്ടത്തിൽ ഏകദേശം 3000 സിറിയൻ സൈനികരെ അയക്കാനാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുള്ളതെന്ന് എ.എഫ്.പി. റിപ്പോർട്ടുചെയ്തു. 10,000 സൈനികരെങ്കിലും പലഘട്ടങ്ങളിലായി സംഘർഷത്തിൽ പങ്കുചേരും. ഈ ആഴ്ച സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറ റിയാദ് സന്ദർശിച്ചവേളയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച സുരക്ഷ-പ്രതിരോധ കരാറുകളുടെ ഭാഗമായാണ് നടപടി.