പുരുഷന്മാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനകളുടേയും പുരുഷാവകാശ കമ്മിഷന്‍ വേണമെന്ന് വാദിക്കുന്നവരുടേയും കാലമാണ് ഇത്. അങ്ങനെയുള്ളവരെ പ്രകോപിപ്പിക്കുന്ന തലക്കെട്ടാണ് ഈ വാര്‍ത്തയുടേതെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യം കൂടിയാണ് ഇത്. ആര്‍ത്തവത്തോടുള്ള 'അയിത്തം' മാറുന്നു എന്നൊരു പൊതുധാരണ അടുത്തിടെയായി സാമൂഹികമാധ്യമങ്ങളിലും മറ്റും തെളിഞ്ഞുകാണാം. എന്നാല്‍ അതിനെ പൊളിക്കുന്നൊരു സര്‍വേ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
എല്ലാ മാസവും സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവമെന്ന തികച്ചും സ്വാഭാവികമായ ജൈവിക പ്രക്രിയയെ മനുഷ്യര്‍ പണ്ടുമുതലേ വിരക്തിയോടെയാണ് കണ്ടിരുന്നത് എന്നതിന് തെളിവാണ് ഇന്നും തുടര്‍ന്ന് പോരുന്ന പല ദുരാചാരങ്ങളും. മനുഷ്യന്റെ പ്രത്യുത്പാദനത്തിന്റെ അടിസ്ഥാനമായ ഈ പ്രക്രിയ മാത്രമല്ല, അതിന്റെ പേരിനോട് പോലും പുരുഷന്മാര്‍ക്ക് ഇന്നും അകല്‍ച്ചയാണെന്നാണ് സര്‍വേ പറയുന്നത്. ആര്‍ത്തവാനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മഹീന എന്ന ബ്രാന്‍ഡ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.
ആര്‍ത്തവമുള്ള 1032 സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ തങ്ങള്‍ ഒളിച്ചുവെക്കണമെന്നാണ് തങ്ങളോട് അടുപ്പമുള്ള പുരുഷന്മാര്‍ പ്രതീക്ഷിക്കുന്നതെന്ന് ഇവരില്‍ മൂന്നില്‍ രണ്ട് പേരും പറയുന്നു. വളരെ അടുപ്പമുള്ള പുരുഷന്മാര്‍ പോലും അങ്ങനെ കരുതുന്നവരാണെന്നും ഇവര്‍ പറയുന്നു. സര്‍വേ പ്രകാരം, ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരല്ല, മറിച്ച് ടയര്‍ 2, ടയര്‍ 3 വിഭാഗത്തില്‍ പെട്ട നഗരങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരം മനോഭാവം കൊണ്ടുനടക്കുന്നത്.
വേറേയും ഞെട്ടിക്കുന്ന വിവരങ്ങളും സര്‍വേഫലത്തിലുണ്ട്. ആര്‍ത്തവം കാരണം തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പൊതു ഇടങ്ങളില്‍ മറച്ചുവെക്കുകയും 'നോര്‍മലാ'യി അഭിനയിക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം സ്ത്രീകളും പറഞ്ഞു. ആര്‍ത്തവ അവധി നിര്‍ബന്ധമല്ലാത്തൊരു രാജ്യത്ത് ഇങ്ങനെയല്ലെങ്കില്‍ മാത്രമാണ് അത്ഭുതം. സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് അവധി വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയ ഹര്‍ജി തള്ളപ്പെട്ട വാര്‍ത്ത കഴിഞ്ഞവര്‍ഷമാണ് നാം വായിച്ചത്.
ഇത്തരത്തില്‍ 'ഒളിച്ചു കടത്തേണ്ട' ഒന്നാണ് ആര്‍ത്തവമെന്ന അറിവ് പാരമ്പര്യമായി കൈമാറിയാണ് പെണ്‍കുട്ടികള്‍ക്ക് കിട്ടുന്നതെന്നും സര്‍വേ പറയുന്നു. ആര്‍ത്തവത്തെ പറ്റി തങ്ങള്‍ അറിഞ്ഞത് അമ്മമാരില്‍ നിന്നാണെന്നാണ് 73 ശതമാനം പേരും പറഞ്ഞത്. എന്നാല്‍ ആര്‍ത്തവത്തിന്റെ യഥാര്‍ഥ അനുഭവം എന്താണെന്ന് ഇവരില്‍ വളരെ കുറച്ച് അമ്മമാര്‍ മാത്രമേ പെണ്‍മക്കള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുള്ളൂ.
ആര്‍ത്തവം നല്‍കുന്ന വൈകാരികമായ ഭാരം എട്ട് വയസിനും 14 വയസിനും ഇടയില്‍ തങ്ങള്‍ക്ക് തലയിലേറ്റേണ്ടി വന്നുവെന്ന് സര്‍വേയിലെ 76 ശതമാനം പേരും പറയുന്നു. ആര്‍ത്തവം എന്താണെന്ന് പൂര്‍ണമായി മനസിലാകുന്നതിന് മുമ്പായിരുന്നു ഇത്. വൈകാരികമായ ഒറ്റപ്പെടല്‍ അനുഭവിച്ചെന്ന് പറഞ്ഞത് സര്‍വേയില്‍ പങ്കെടുത്ത പാതിയോളം സ്ത്രീകളാണ്. ആര്‍ത്തവകാലത്ത് തങ്ങളെ കുടുംബം തങ്ങളെ അകറ്റി നിര്‍ത്തിയെന്ന് ഇവര്‍ പറയുന്നു.
ആര്‍ത്തവകാലത്ത് തങ്ങളുടെ ദൈനംദിനചര്യകള്‍ക്കായി 'അഡ്ജസ്റ്റ്' ചെയ്തില്ല എന്ന് പറയാന്‍ സര്‍വേയില്‍ പങ്കെടുത്ത മൂന്ന് ശതമാനം പേര്‍ക്ക് മാത്രമേ സാധിച്ചുള്ളൂ. ഉള്ളില്‍ കൊടുങ്കാറ്റാണെങ്കിലും അത് പുറത്ത് കാണിക്കരുതെന്ന് പറഞ്ഞ് പഠിപ്പിക്കപ്പെട്ടവരാണ് ബാക്കിയുള്ളവര്‍. ഈ സര്‍വേ നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദമാണ്. പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകള്‍ പോലും ആര്‍ത്തവത്തെ അകറ്റിനിര്‍ത്തപ്പെടേണ്ട ഒന്നായാണ് കാണുന്നത്.
21-ാം നൂറ്റാണ്ടിന്റെ കാല്‍ഭാഗം പിന്നിടുന്ന ഇക്കാലത്തും ഇത്തരം യാഥാസ്ഥിതിക മനോഭാവം തുടരുകയാണ്. ആര്‍ത്തവമെന്നാല്‍ തികച്ചും സ്വാഭാവികമായ ശാരീരിക പ്രക്രിയയാണെന്ന് തിരിച്ചറിയുകയും ആര്‍ത്തവകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കുകയും ചെയ്യുന്ന കാലത്ത് മാത്രമേ ഇതില്‍ മാറ്റമുണ്ടാകൂ.
Content Highlights: Study Shows Period Stigma Among Men Persists
Published: 11 Jun 2025, 05:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented