ഗസ്റ്റ് 20നായിരുന്നു ഒഡിഷയിലെ ചാന്ദിപ്പുര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വച്ച് ഇന്ത്യ അഗ്നി-5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത അഗ്നി-5, അയ്യായിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ്. 1.5 ടണ്‍ വരെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയാണ് ഈ മിസൈലിനുള്ളത്. ഇന്ത്യയുടെ സൈനികശേഷി വര്‍ധിപ്പിക്കുന്ന അഗ്നി-5 മിസൈലിന് ഏഷ്യയുടെ എല്ലാ ഭാഗത്തും യൂറോപ്പിന്റെ ഒട്ടുമിക്ക മേഖലകളിലും എത്താന്‍ സാധിക്കും. കപ്പലുകളിലെ ലക്ഷ്യങ്ങളെ തകര്‍ക്കാനായി ഇന്ത്യ നിര്‍മിച്ച ആന്റി നേവല്‍ ഷിപ്പ് മിസൈലുകള്‍ ചാന്ദിപ്പുര്‍ ടെസ്റ്റ് റേഞ്ചില്‍ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. അഗ്നിയുടെയും പൃഥ്വിയുടെയും എത്രയോ വേരിയന്റുകളുടെ മെച്ചപ്പെട്ട പ്രകടനങ്ങള്‍ക്കുള്ള പരീക്ഷണവും ചാന്ദിപ്പുരിലെ ഇതേ റേഞ്ചില്‍ ഈ വര്‍ഷം നടന്നു. എന്തുകൊണ്ടാണ് ഇന്ത്യയുടെ അതിപ്രധാന മിസൈല്‍ പരീക്ഷണങ്ങളെല്ലാം ഈ ടെസ്റ്റ് റേഞ്ചില്‍ നിന്ന് നടത്തുന്നത്? ചാന്ദിപ്പൂരിന്റെ പ്രാധാന്യമെന്താണ്? 

To advertise here,

മിസൈല്‍ പരീക്ഷണ ഹൃദയം

ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ചാന്ദിപ്പുര്‍, ശാന്തമായ കടല്‍ത്തീരമുള്ള ഈ ഗ്രാമം പലര്‍ക്കും ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. എന്നാല്‍ അതിനപ്പുറം രാജ്യത്തിന്റെ ഏറ്റവും ആധുനിക മിസൈലുകള്‍ക്ക് പറന്നുയരാനുള്ള പരീക്ഷണവേദിയാണത്  എന്നാണ് ചാന്ദിപ്പൂരിന്റെ പ്രസക്തി. അതുകൊണ്ടാണ് ഇന്ത്യയുടെ മിസൈല്‍ ഹൃദയഭൂമി, മിസൈല്‍ പ്ലേഗ്രൗണ്ട് തുടങ്ങിയ വിശേഷണങ്ങള്‍ ചാന്ദിപ്പൂരിന് ലഭിച്ചത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) നടത്തുന്ന ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ITR) കഴിഞ്ഞ 43 വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ചാന്ദിപ്പൂരിലാണ്. ഹ്രസ്വദൂര മിസൈലുകള്‍ മുതല്‍ ഭൂഖണ്ഡാന്തര മിസൈലുകള്‍ വരെയുള്ള ഇന്ത്യയിലെ എല്ലാ പ്രധാന മിസൈല്‍ പരീക്ഷണങ്ങളും നടത്തുന്നത് ഇവിടെയാണ്. ഷോര്‍ട്ട്, മീഡിയം റേഞ്ചിന് പുറമേ തദ്ദേശീയമായി നിര്‍മിച്ച പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങളുടെ പരീക്ഷണങ്ങളും ഈ ടെസ്റ്റ് റേഞ്ചിലാണ് നടത്തുക. 

റീ-എന്‍ട്രി ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്ററായ അഗ്നി AE 01-ന്റെ ആദ്യ പരീക്ഷണ വിക്ഷേപണമാണ് ആദ്യമായി ഇവിടെ നടന്നത്. 1989 മെയ് 22-ന് ഈ ടെസ്റ്റ് റേഞ്ചില്‍ നിന്ന് നടന്ന ഈ പരീക്ഷണം പൂര്‍ണ വിജയമായിരുന്നു. ഇതോടെ ലോകത്തിലെ പരീക്ഷണ റേഞ്ചുകള്‍ക്കിടയില്‍ ഐ.ടി.ആറിന് ഒരു സുപ്രധാന സ്ഥാനം നേടാനായി. അതിനുശേഷം അഗ്നിയുടെ വിവിധ പതിപ്പുകള്‍ ഈ ടെസ്റ്റ് റേഞ്ചില്‍ നിന്ന് പരീക്ഷിച്ചു. വിവിധ ദൂരപരിധിയുള്ളതും കൃത്യതയേറിയതുമായ ഭൂതല-ഭൂതല മിസൈലായ പൃഥ്വി ഈ ടെസ്റ്റ് റേഞ്ചില്‍ നിന്ന് വിക്ഷേപിച്ചിട്ടുണ്ട്. വ്യോമസേനാ പതിപ്പ്, നാവികസേനാ പതിപ്പ് തുടങ്ങിയ ഇതിന്റെ വകഭേദങ്ങള്‍ ഗൈറോ-സ്റ്റെബിലൈസ്ഡ് പ്ലാറ്റ്ഫോമില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചതും ഈ ടെസ്റ്റ് റേഞ്ചിന്റെ വിജയത്തിലെ നാഴികക്കല്ലുകളാണ്. 

ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കപ്പല്‍വേധ ക്രൂയിസ് മിസൈല്‍ ബ്രഹ്മോസിന്റെ വിജയകരമായ പരീക്ഷണം നടത്തിയതും ഇതേ റേഞ്ചില്‍ നിന്നാണ്. ഈ പരീക്ഷണങ്ങള്‍ക്കു പുറമെ, ആകാശ്, നാഗ്, തൃശൂല്‍, അസ്ത്ര തുടങ്ങിയ തന്ത്രപരമായ ആയുധ സംവിധാനങ്ങളും നിരവധി വ്യോമാഭ്യാസങ്ങളും ചാന്ദിപ്പൂർ റേഞ്ചില്‍ പരീക്ഷിച്ചിട്ടുണ്ട്. പൈലറ്റില്ലാ ലക്ഷ്യവിമാനമായ ലക്ഷ്യ, വിദൂരനിയന്ത്രിത വാഹനമായ നിഷാന്ത്, പിനാക റോക്കറ്റുകള്‍, ഉയരം അളക്കുന്നതിനുള്ള നിരവധി ഉപകരണങ്ങള്‍ എന്നിവയും ഇവിടെ നിന്ന് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. 2003ലാണ് ഇടക്കാല ടെസ്റ്റ് റേഞ്ചിനെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് എന്ന് പുനര്‍നാമകരണം ചെയ്തത്. 

ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രത്തിന് കീഴില്‍ വരുന്ന എല്ലാ പരീക്ഷണങ്ങളും നടക്കുന്നത് ഐ.ടി.ആറിലാണ്. രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളായ കൊല്‍ക്കത്തയില്‍(വടക്ക്) നിന്നും ഭുവനേശ്വറില്‍(തെക്ക്) നിന്നും 200 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്, തുല്യദൂരം. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് തന്ത്രപ്രധാനമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാല്‍, എല്ലാത്തരം മിസൈല്‍ സംവിധാനങ്ങള്‍ക്കും സുരക്ഷിതമായ പാതയൊരുക്കാന്‍ ഈ കേന്ദ്രത്തിന് കഴിയും. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) ആണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ITR) റോക്കറ്റുകള്‍, മിസൈലുകള്‍, വ്യോമായുധ സംവിധാനങ്ങള്‍ എന്നിവയുടെ പ്രകടനം വിലയിരുത്തുന്നതിനായി സുരക്ഷിതവും വിശ്വസനീയവുമായ വിക്ഷേപണ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ടേക്ക്-ഓഫ് മുതല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെയുള്ള സഞ്ചാരപാതയില്‍, മിസൈലുകളുടെ സ്ഥാനം കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിക്കും. അതിനായി അത്യാധുനിക റഡാര്‍, ടെലിമെട്രി, ഇലക്ട്രോ-ഒപ്റ്റിക്കല്‍ ട്രാക്കിങ് സംവിധാനങ്ങള്‍ എന്നിവ ഈ ടെസ്റ്റ് റേഞ്ചില്‍ സജ്ജീകരിച്ചിരിക്കുന്നു. ആ ട്രാക്കിങ് സംവിധാനത്തിലൂടെ മിസൈല്‍ ശാസ്ത്രജ്ഞര്‍ക്ക്  മിസൈലിന്റെ ഓരോ ഘട്ടത്തിന്‍റെയും പറക്കല്‍ തത്സമയം നിരീക്ഷിക്കാനും പ്രവര്‍ത്തനക്ഷമതാ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം നടത്താനും സാധിക്കും. പലതരം പരീക്ഷണങ്ങള്‍ക്കായി റേഞ്ചിനെ എപ്പോഴും പ്രവര്‍ത്തന സജ്ജമായി നിലനിര്‍ത്തുന്നതിന് നിരവധി പരീക്ഷണങ്ങളും മാറ്റങ്ങളും റേഞ്ചില്‍ നടത്താറുണ്ട്. 

രണ്ട് പ്രധാന കോംപ്ലക്‌സുകളാണ് ചാന്ദിപ്പുരിലെ ടെസ്റ്റ് റേഞ്ചിലുള്ളത്. ചാന്ദിപ്പുരിലും അബ്ദുള്‍ കലാം ദ്വീപിലുമുള്ള രണ്ട് ലോഞ്ച് കോംപ്ലക്‌സുകളാണവ. 

പൃഥ്വി, ആകാശ്, ത്രിശൂല്‍ തുടങ്ങിയ ഷോര്‍ട്ട്-റേഞ്ച് മിസൈലുകളുടെ പരീക്ഷണത്തിനാണ് ചാന്ദിപ്പുര്‍ തീരത്തെ ലോഞ്ച് കോംപ്ലക്‌സ് III-ല്‍ നടക്കുന്നത്. സുരക്ഷ ഉറപ്പാക്കാനും വ്യക്തമായ ട്രാജക്ടറി പാത നല്‍കാനും ഈ പരീക്ഷണങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലാണ് നടത്തുന്നത്. ചാന്ദിപ്പുരില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയുള്ളതാണ് രണ്ടാമത്തെ കോംപ്ലക്‌സ്. മുന്‍ രാഷ്ട്രപതിയും 'മിസൈല്‍ മാന്‍' എന്നറിയപ്പെടുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരിലാണ് രണ്ടാമത്തെ കോംപ്ലക്‌സ് പ്രവര്‍ത്തിക്കുന്നത്. അബ്ദുള്‍ കലാം ദ്വീപ് എന്നാണ് ഈ മേഖലയ്ക്ക് നല്‍കിയിരിക്കുന്ന പേര്. അഗ്നി-5, അഗ്നി-പ്രൈം തുടങ്ങിയ ലോങ്-റേഞ്ച് സിസ്റ്റങ്ങളുടെ പരീക്ഷണത്തിനായി ഈ ദ്വീപ് ഉപയോഗിക്കുന്നു. മിസൈല്‍ ഘടകങ്ങള്‍ കൊണ്ടുപോകാന്‍ റെയില്‍ ലൈനുകളടക്കമുള്ളവയാണ് ഈ ദ്വീപ്. സുരക്ഷിതവും ഒറ്റപ്പെട്ടതുമായ വിശാലമായ വിക്ഷേപണ സ്ഥലമാണിത്. 

എന്തുകൊണ്ട് ചാന്ദിപ്പുര്‍? 

ചാന്ദിപ്പുരിന്റെ സ്ഥാനം തന്നെയാണ് അതിനുത്തരം. മറ്റ് രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി കടക്കാതെ ഭൂഖണ്ഡാന്തര മിസൈലുകള്‍ അതിന്റെ പരമാവധി ദൂരപരിധിയില്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന തരത്തില്‍ അല്ല ഇന്ത്യയുടെ ഭൂമിശാസ്ത്രം. ഇതിനെ മറികടക്കേണ്ടതുണ്ട്. അതിന് അനുയോജ്യമായ സ്ഥലങ്ങളാണ് ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുകിടക്കുന്ന ചാന്ദിപ്പുരും അബ്ദുള്‍ കലാം ദ്വീപും. ഇവിടെ നിന്നുള്ള വിക്ഷേപണത്തിലൂടെ ജനവാസ മേഖലകളെ സുരക്ഷിതമായി നിലനിര്‍ത്താന്‍ സാധിക്കും. മിസൈലിന്റെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും ബംഗാള്‍ സമുദ്രമേഖല വിശാലവും സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ സാഹചര്യമാണ് നല്‍കുന്നത്. ട്രാജക്ടറികള്‍ തടസ്സമില്ലാതെ ട്രാക്ക് ചെയ്യാനുള്ള ഏറ്റവും മികച്ച സ്ഥലമാണിത്. മറ്റ് രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കാതെ തന്നെ ഹ്രസ്വ, മധ്യമ, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരമാവധി ദൂര പരീക്ഷണം നടത്താന്‍ കഴിയും. 

ചാന്ദിപ്പുരിലെ ടെസ്റ്റ് റേഞ്ചില്‍ അത്യാധുനിക റഡാര്‍, ടെലിമെട്രി, ഒപ്റ്റിക്കല്‍ ട്രാക്കിങ് സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് മിസൈലിന്റെ പറക്കല്‍ സവിശേഷതകള്‍ തത്സമയം നിരീക്ഷിക്കാനും വിക്ഷേപണത്തിനു ശേഷം വിശദമായ വിശകലനം നടത്താനും അവസരമൊരുക്കുന്നു. ഇന്ത്യയുടെ 'മിസൈല്‍ മാന്‍' എന്നറിയപ്പെടുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, ചാന്ദിപ്പുരിനെയും സമീപത്തുള്ള വീലര്‍ ദ്വീപിനെയും (ഇപ്പോള്‍ അബ്ദുള്‍ കലാം ദ്വീപ്) തന്റെ 'കര്‍മ്മരംഗം' എന്നാണ് വിശേഷിപ്പിച്ചത്. 1980-കളുടെ അവസാനത്തില്‍ നടന്ന പരീക്ഷണങ്ങളോടെ ഇന്ത്യയുടെ മിസൈല്‍ പദ്ധതിക്ക് ആക്കം കൂടിയത് ഇവിടെ നിന്നാണ്.

ചാന്ദിപ്പുരില്‍ പരീക്ഷിച്ച മിസൈലുകള്‍, യഥാര്‍ഥ സാഹചര്യങ്ങളിലും അവയുടെ കഴിവ് പൂര്‍ണതോതില്‍ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ തദ്ദേശീയ മിസൈല്‍ സംവിധാനങ്ങള്‍ കൃത്യവും വിശ്വസനീയവും രാജ്യരക്ഷയ്ക്കായി വിന്യസിക്കാന്‍ തയ്യാറാണെന്നും ഉറപ്പാക്കാന്‍ ഈ പരീക്ഷണങ്ങള്‍ക്ക് കഴിയുമെന്നാണ് വിശ്വാസം. അതിനാല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ചാന്ദിപ്പൂര്‍ എന്തുകൊണ്ടും നല്ല കേന്ദ്രമാണെന്ന് രാജ്യവും ഉറച്ചുവിശ്വസിക്കുന്നു. അതിനാല്‍, ഇന്ത്യയുടെ മിസൈല്‍ വികസനത്തിന്റെയും പ്രതിരോധ ശേഷിയുടെയും ഹൃദയഭാഗമായി ചാന്ദിപ്പൂര്‍ പ്രവര്‍ത്തിക്കുന്നു.ഇത് രാജ്യത്തിനായി നിരന്തരം സാങ്കേതിക മുന്നേറ്റങ്ങള്‍ സാധ്യമാക്കുകയും തന്ത്രപരമായ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഇന്ത്യയുടെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് അഗ്നി-5

ചാന്ദിപ്പുര്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നുള്ള അഗ്നി-5 മിസൈലിന്റെ വിക്ഷേപണം സുഗമമായിരുന്നുവെന്നും എല്ലാ ദൗത്യ ലക്ഷ്യങ്ങളും മിസൈല്‍ കൈവരിച്ചുവെന്നും പ്രതിരോധ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദീര്‍ഘദൂര അഗ്നി മിസൈല്‍ ശ്രേണിയില്‍പ്പെട്ടതാണ് അഗ്നി-5, എന്നാല്‍ ഇതിനെ സവിശേഷമാക്കുന്നത് മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍ (MIRV) സാങ്കേതികവിദ്യയുമായി മാച്ച് ചെയ്യാനുള്ള കഴിവാണ്. ഇതിലൂടെ ഒരൊറ്റ മിസൈലിന് മൂന്നോ നാലോ ആണവ പോര്‍മുനകള്‍ വഹിക്കാന്‍ സാധിക്കും. ഇവയോരോന്നിനും വ്യത്യസ്ത വേഗത്തിലും സഞ്ചാരപാതയിലും സഞ്ചരിച്ച്, നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള വ്യത്യസ്ത ലക്ഷ്യങ്ങളില്‍ പതിക്കാനാകും.അതേസമയം എംഐആര്‍വി ഘടിപ്പിച്ച പതിപ്പ് പ്രവര്‍ത്തനസജ്ജമാകാന്‍ ഇനിയും ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് ഗവേഷണ വിദഗ്ധര്‍ പറയുന്നത്. 

അഗ്നി-5'ന്റെ വിജയകരമായ പരീക്ഷണത്തോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ (ICBMs) വിന്യസിക്കാന്‍ കഴിവുള്ള രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് ഇന്ത്യയും ഇടം ഉറപ്പിക്കുകയാണ്. എംഐആര്‍വി (MIRV) പതിപ്പ് പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ നിര്‍വീര്യമാക്കാന്‍ ഒരു മിസൈലിന് കഴിയുമെന്നതിനാല്‍ ഇന്ത്യയുടെ പ്രതിരോധ ശേഷി ഗണ്യമായി വര്‍ധിക്കുകയാണ്. 

placeholder
അഗ്നി മിസൈൽ

അഗ്നി-5 ന് 5000 കിലോമീറ്ററില്‍ കൂടുതല്‍ ദൂരപരിധിയുണ്ടെങ്കിലും പരീക്ഷണ സമയത്ത് ഇന്ത്യ അതിന്റെ പരമാവധി ദൂരത്തേക്ക് മിസൈലുകള്‍ വിക്ഷേപിക്കാറില്ല. പകരം, ഉദ്യോഗസ്ഥര്‍ 'ഡിസ്എന്‍ഗേജ്ഡ്' അഥവാ ദൂരപരിധി ചുരുക്കും. മിസൈലിന്റെ വേഗവും സഞ്ചാരപഥവും ക്രമീകരിക്കുന്നതിലൂടെ, അത് ബംഗാള്‍ ഉള്‍ക്കടലിലെ അന്താരാഷ്ട്ര സമുദ്രപരിധിയില്‍ പതിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പാക്കുകയും ചെയ്യും. ഇത്തരം പരീക്ഷണങ്ങള്‍ക്കിടയില്‍ മിസൈലിന്റെ ഗതി നിരീക്ഷിക്കുന്നതിനും, ടെലിമെട്രി ഡേറ്റ ശേഖരിക്കുന്നതിനും, സുരക്ഷാ വീഴ്ചകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളെ ഈ മേഖലയില്‍ വിന്യസിക്കാറുണ്ട്. ഒരു മിസൈല്‍ പൂര്‍ണ്ണ ദൂരപരിധിയില്‍ വിക്ഷേപിക്കുന്നതിന് ജനവാസമില്ലാത്ത വലിയ മേഖലകള്‍ വേണ്ടിവരും. കൂടാതെ ഇത് മറ്റൊരു രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കാന്‍ സാധ്യതയുമുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഇത്തരം പരീക്ഷണങ്ങള്‍ക്ക് നിരോധനമുണ്ട്.