ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ തദ്ദേശീയവത്കരണത്തിന് കരുത്തുപകർന്ന് 405 പ്രതിരോധ ഉപകരണങ്ങളുടെ ആറാമത് 'പോസിറ്റീവ് ഇൻഡിജനൈസേഷൻ ലിസ്റ്റ്' പുറത്തിറക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഏകദേശം 3,070 കോടി രൂപയുടെ ബിസിനസ് സാധ്യതകളാണ് ഈ നീക്കത്തിലൂടെ പ്രതീക്ഷിക്കുന്നത്. നിലവിൽ വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സബ് സിസ്റ്റങ്ങൾ, സ്പെയർ പാർട്സുകൾ, അസംസ്‌കൃത വസ്തുക്കൾ തുടങ്ങിയവയാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സൈനിക ഉപകരണങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

To advertise here,

പുതിയ പട്ടികയിൽ ഉൾപ്പെട്ട 389 ഇനങ്ങൾ പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങൾക്കും, 16 ഇനങ്ങൾ ഇന്ത്യൻ കോസ്റ്റ് ഗാർഡിനുമുള്ളതാണ്. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ, സുഖോയ്-30MKI, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (തേജസ്) എന്നിവയുടെ ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ടി-72, ടി-90 ടാങ്കുകൾ, ബി.എം.പി-II ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങൾ, യുദ്ധക്കപ്പലുകൾ, മിസൈൽ സംവിധാനങ്ങൾ എന്നിവയ്ക്കുള്ള ഘടകങ്ങളും തദ്ദേശീയമായി വികസിപ്പിക്കും. റഡാറുകൾ, സോണാറുകൾ, ഫയർ കൺട്രോൾ സിസ്റ്റങ്ങൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ തുടങ്ങിയ അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളും പട്ടികയുടെ ഭാഗമാണ്.

ചെറുകിട ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ഇതിനായുള്ള വിശദവിവരങ്ങളും സമയക്രമവും 'സ്രിജൻ' (SRIJAN) ഡിഫൻസ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. 2020 ഓഗസ്റ്റിൽ ആരംഭിച്ച ഈ പോർട്ടൽ വഴി, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 15,700-ലധികം പ്രതിരോധ ഉപകരണങ്ങൾ തദ്ദേശീയമായി നിർമിച്ചതായും ഇതിലൂടെ 9,000 കോടി രൂപയുടെ ഇറക്കുമതി കുറയ്ക്കാൻ സാധിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.