
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് | Photo: ANI
ന്യൂഡൽഹി: മൂന്ന് സേനകളെയും ശക്തിപ്പെടുത്തുന്നതിനായി 1.10 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ അടിയന്തിര ആവശ്യങ്ങൾ മുൻനിർത്തിയുള്ള ഈ നീക്കത്തിൽ ഏകദേശം 98 ശതമാനം ഉത്പന്നങ്ങളും തദ്ദേശീയ കമ്പനികളിൽ നിന്നുതന്നെ സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
കരസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി നിരവധി ആധുനിക സംവിധാനങ്ങളും വാഹനങ്ങളും വാങ്ങാൻ കൗൺസിൽ അനുമതി നൽകി. കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ (CBRN) മലിനീകരണമുള്ള പ്രദേശങ്ങൾ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള പ്രത്യേക സിബിആർഎൻ നിരീക്ഷണ വാഹനങ്ങൾ, ദുർഘടമായ ഭൂപ്രദേശങ്ങളിലെ ലോജിസ്റ്റിക്സ് ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഹൈ മൊബിലിറ്റി വാഹനങ്ങൾ, അതിവേഗത്തിൽ മൈനുകൾ സ്ഥാപിക്കാൻ സഹായിക്കുന്ന സെൽഫ് പ്രൊപ്പൽഡ് മെക്കാനിക്കൽ മൈൻ ലെയറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കരസേനയ്ക്കും വ്യോമസേനയ്ക്കും വിവിധ ഭൂപ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, യുദ്ധസമയത്ത് സൈന്യത്തിന് സുരക്ഷിതമായി കടന്നുപോകാൻ വഴിയൊരുക്കുന്ന ടാങ്കുകൾ, സർവത്ര ബ്രിഡ്ജ് സിസ്റ്റം എന്നിവയും ലഭ്യമാക്കും.
നാവികസേനയ്ക്കും വ്യോമസേനയ്ക്കും വലിയ രീതിയിലുള്ള സാങ്കേതിക മുന്നേറ്റം നൽകുന്നതാണ് പുതിയ പ്രഖ്യാപനമെന്നാണ് വിലയിരുത്തൽ. നാവികസേനയിലെ നിലവിലുള്ള എയർ റൂട്ട് നിരീക്ഷണ റഡാറുകൾക്ക് പകരമായി അത്യാധുനിക അരുന്ധ്ര റഡാറുകൾ സ്ഥാപിക്കും. ഒപ്പം, യുദ്ധക്കപ്പലുകൾക്ക് ആവശ്യമായ മറൈൻ ഗ്യാസ് ടർബൈനുകൾ ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. വ്യോമസേനയ്ക്കായി യുദ്ധവിമാനങ്ങളുടെയും ഗതാഗത വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ശത്രു റഡാറുകളെ പ്രതിരോധിക്കാനുള്ള ഗ്രൗണ്ട് ബേസ്ഡ് മൾട്ടി പർപ്പസ് ജാമറുകളും, ആർഎഫ്ഐഡി (RFID) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 'ഡിഫൻസ് ഫോഴ്‌സ് സെക്യൂർ ആക്‌സസ് കാർഡ്' (DEFSAC) സ്മാർട്ട് കാർഡ് സംവിധാനവും ഏർപ്പെടുത്തും.
നിലവിൽ നൽകിയിരിക്കുന്നത് പ്രാഥമിക അനുമതി മാത്രമാണ്. സൈനിക നവീകരണത്തിനായുള്ള വലിയൊരു ചുവടുവെപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. പ്രത്യേകിച്ച്, പ്രതിരോധ രംഗത്ത് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര വ്യവസായത്തെ ശക്തിപ്പെടുത്താനും ഈ വൻകിട പദ്ധതികൾ സഹായകരമാകും.
Content Highlights: DAC approved defence proposals worth approximately Rs 1.10 lakh crore. About 98% of the procurements will be sourced from the Indian industry.
Published: 07 Sept 2026, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented