മോഹിനി മോഹന്‍ ദത്ത - അന്തരിച്ച വ്യവസായപ്രമുഖന്‍ രത്തന്‍ ടാറ്റയുടെ വില്‍പത്രത്തിലെ വിവരങ്ങള്‍ പുറത്തുവരുന്നത് വരെ വലിയ പ്രാധാന്യമൊന്നും ഇല്ലാതിരുന്ന ഒരു പേര്, എന്നാലിന്ന് ഈ ദത്തയെക്കുറിച്ച് തിരയാത്തവര്‍ ചുരുക്കമായിരിക്കും. 10,000 കോടിയോളം വരുന്ന ആസ്തി സംബന്ധിച്ച വില്‍പത്രത്തില്‍ സന്നദ്ധസംഘടനകള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ടാറ്റയുടെ സന്തതസഹചാരിയായിരുന്ന ശന്തനുവിന് വരെ അദ്ദേഹം എന്തെങ്കിലും കരുതിയിട്ടുണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നവരെ പോലും അങ്ങേയറ്റം അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് മോഹിനി മോഹന്‍ ദത്ത എന്ന പേര് കടന്നുവന്നത്. സഹോദരന്‍ ജിമ്മി ടാറ്റയ്ക്ക് 50 കോടി രൂപമാത്രം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ള വില്‍പത്രത്തില്‍ മോഹിനി മോഹന്‍ ദത്തയ്ക്കായി രത്തന്‍ മാറ്റിവെച്ചത് തന്റെ ആകെ സമ്പാദ്യത്തിന്റെ മൂന്നിലൊന്ന്‌ ഭാഗമാണ്, ഏകദേശം 500 കോടിയുടെ സമ്പത്ത്. രത്തന്റെ ബന്ധുക്കളും അദ്ദേഹവുമായി സാമ്പത്തികമായും സൗഹൃദപരമായും അടുപ്പമുള്ളവരുമെല്ലാം ഇപ്പോള്‍ ഒരുപോലെ ചോദിക്കുന്നത് ഇതാണ്, 'ആരാണ് മോഹിനി മോഹന്‍ ദത്ത?' 

To advertise here,

ഏറ്റവും ലളിതമായി പറഞ്ഞുതുടങ്ങിയാല്‍, ടാറ്റ ഗ്രൂപ്പിലെ മുന്‍ ജീവനക്കാരനും ഒരു വ്യവസായിയുമാണ് ഝാര്‍ഖണ്ഡിലെ ജംഷഡ്പുര്‍ സ്വദേശിയായ മോഹിനി മോഹന്‍ ദത്ത എന്ന 74-കാരന്‍. സ്റ്റാലിയണ്‍ എന്നൊരു ട്രാവല്‍ ഏജന്‍സിയിലൂടെയാണ് ദത്ത തന്റെ വ്യവസായജീവിതം തുടങ്ങുന്നത്. 2013-ല്‍ ഇത് താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ഉപകമ്പനിയായ താജ് സര്‍വീസസില്‍ ലയിച്ചു. ഉടമസ്ഥാവകാശത്തില്‍ 80 ശതമാനം താജ് ഗ്രൂപ്പിനും ബാക്കി ടാറ്റാ ഗ്രൂപ്പിനുമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ടാറ്റ ക്യാപിറ്റല്‍ ഏറ്റെടുത്ത കമ്പനിയെ തോമസ് കുക്കിന് (ഇന്ത്യ) വില്‍ക്കുകയായിരുന്നു. നിലവില്‍ ടി.സി. ട്രാവല്‍ സര്‍വീസസ് എന്ന ഈ കമ്പനിയുടെ ഡയറക്ടര്‍ ആണ് ദത്ത. രത്തന്‍ ടാറ്റയുടെ വില്‍പത്രത്തില്‍ ഏറ്റവും വലിയ പങ്ക് ലഭിച്ചിരിക്കുന്നത് ദത്തയ്ക്കാണ്, അതുതന്നെയാണ് എല്ലാവരേയും അമ്പരപ്പിക്കുന്നതും. 

വില്‍പത്രത്തിലെ വിവരങ്ങള്‍ പ്രകാരം, രത്തന്റെ സ്വത്തിലെ അവശേഷിക്കുന്ന രണ്ടുഭാഗം അര്‍ധ സഹോദരിമാരായ ഷിരീന്‍ ജീജഭോയ്ക്കും ഡിയാന ജീജഭോയ്ക്കുമാണ് ലഭിക്കുക. ഇരുവര്‍ക്കുമൊപ്പം സഹോദരന്‍ ജിമ്മി ടാറ്റയ്ക്കും ഫൗണ്ടേഷനുകീഴിലുള്ള ആസ്തികളാണ് നല്‍കിയിട്ടുള്ളത്. 50 കോടിയാണ് ജിമ്മിക്ക് ലഭിക്കുക. രത്തനെപ്പോലെ തന്നെ, സഹോദരന്‍ തങ്ങള്‍ക്കായി മാറ്റിവെച്ച സമ്പാദ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനംചെയ്യാനാണ് രണ്ട് സഹോദരിമാരുടെയും തീരുമാനം. ഓഹരിനിക്ഷേപം അടക്കം സ്വത്തിന്റെ നല്ലൊരു ഭാഗം സന്നദ്ധസംഘടനകളായ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷന്‍, രത്തന്‍ ടാറ്റ എന്‍ഡോവ്മെന്റ് ട്രസ്റ്റ് എന്നിവയ്ക്കായാണ് മാറ്റിവെച്ചിട്ടുള്ളത്. ടാറ്റ സണ്‍സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളിലുള്ള ഓഹരികള്‍ രത്തന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷന് (RTEF) നല്‍കാനാണ് നിര്‍ദേശം. ടാറ്റ സണ്‍സ് ചെയര്‍പേഴ്സണ്‍ എന്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് നിലവില്‍ ആര്‍.ടി.ഇ.എഫ്. പ്രവര്‍ത്തിക്കുന്നത്. 

യുവസുഹൃത്തും സന്തതസഹചാരിയുമായിരുന്ന ശന്തനു നായിഡുവിനെയും പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട് വില്‍പത്രത്തില്‍. ശന്തനു വിദേശവിദ്യാഭ്യാസത്തിനായി എടുത്ത വായ്പകള്‍ എഴുതിത്തള്ളിയതായി വ്യക്തമാക്കിയിട്ടുള്ള വില്‍പത്രത്തില്‍ മറ്റൊരു സര്‍പ്രൈസ് കൂടി ചേര്‍ത്തിരുന്നു രത്തന്‍. ശന്തനുവിനൊപ്പം ചേര്‍ന്ന് ആരംഭിച്ച ഗുഡ്ഫെല്ലാസ് കമ്പനിയിലെ ഓഹരികള്‍ ഉപേക്ഷിക്കുന്നതായാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതായത്, ഗുഡ് ഫെല്ലാസ് ഇനി പൂര്‍ണമായും ശന്തനുവിന് സ്വന്തമാകും. വീട്ടില്‍ തനിക്കുവേണ്ടി ജോലി ചെയ്തിരുന്നവര്‍ക്ക് വരെ കൃത്യമായ വിഹിതം എഴുതിവെച്ചിട്ടുണ്ട് രത്തന്‍. മുപ്പതുവര്‍ഷത്തോളം തന്റെ പ്രധാന പാചകക്കാരനായിരുന്ന സുബ്ബയ്യയുടെ പേരും ആറുവര്‍ഷത്തോളം കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട നായ ടിറ്റോയുടെ പേരുമടക്കം വില്‍പത്രത്തിലുണ്ട്. ടിറ്റോയുടെ മരണം വരെ അവനെ ഏറ്റവും നന്നായി നോക്കണമെന്നാണ് രത്തന്‍ വില്‍പത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഏറെക്കാലമായി രത്തന്റെ പാചകക്കാരനായിരുന്ന രാജന്‍ ഷോയ്ക്കാണ് ടിറ്റോയെ നോക്കാനുള്ള ചുമതല ഏല്‍പിച്ചിരിക്കുന്നത്. 

വിദേശയാത്രകള്‍ കഴിഞ്ഞുവരുമ്പോള്‍ ഡിസൈനര്‍ വസ്ത്രങ്ങളടക്കം രത്തന്‍ സുബ്ബയ്യയ്ക്കും രാജന്‍ ഷോയ്ക്കും കൊടുത്തിരുന്ന വിവരങ്ങള്‍ പരസ്യമായിരുന്നത് കൊണ്ടുതന്നെ വില്‍പത്രത്തില്‍ അവരുടെ പേര് കണ്ടതില്‍ ആര്‍ക്കും അത്ഭുതമുണ്ടായിരുന്നില്ല. കൂടെയുള്ളവരെ അദ്ദേഹം അത്രയേറെ സ്‌നേഹിക്കുകയും കരുതുകയും ചെയ്തിരുന്നു. അതേസമയം, അര്‍ധസഹോദരനും ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാനുമായ നോയല്‍ ടാറ്റയ്ക്കോ അദ്ദേഹത്തിന്റെ മക്കള്‍ക്കോ വില്‍പത്രത്തില്‍ ഒന്നും നല്‍കിയിട്ടില്ല. അപ്പോഴാണ് കുടുംബത്തിന് പുറത്തുള്ള ഒരാള്‍ക്ക് രത്തന്‍ സ്വത്തിന്റെ മൂന്നിലൊന്ന് ഭാഗം എഴുതിക്കൊടുത്തിരിക്കുന്നത് എന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. അത്രയും വലിയ ഒരു തുകയും അത്രയേറെ പ്രിയപ്പെട്ടതും വിലപിടിപ്പുള്ളതുമായി വസ്തുക്കളും എല്ലാം കുടുംബത്തിന് പുറത്തുള്ള, അധികം ആര്‍ക്കും അറിയാത്ത ഒരാള്‍ക്കായി എഴുതിവെക്കാന്‍ രത്തനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും എന്നാണ് എല്ലാവരുടേയും ചോദ്യം. 

അതിനുപിന്നില്‍ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കേണ്ടതുണ്ട് എന്ന അഭിപ്രായമാണ് ടാറ്റയുടെ ഓഹരി ഉടമകള്‍ക്കടക്കം ഉള്ളത്. ബന്ധുക്കളേക്കാളും വ്യവസായ മേഖലയിലെ പങ്കാളികളെക്കാളും മോഹിനി മോഹന്‍ ദത്ത എന്ന വ്യക്തിയെ വിശ്വസിക്കാനാണ് രത്തന്‍ തയ്യാറായത് എന്നത് അവിശ്വസനീയമാണെന്നാണ് അവരുടെ വാദം. രത്തന്റെ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളുടെ ഉടമസ്ഥാവകാശം പോലും ദത്തയുടെ പേരിലാണ് തുല്യംചാര്‍ത്തപ്പെട്ട് നല്‍കിയിട്ടുള്ളത്. രത്തന്റെ വാച്ചുകളും വീട്ടിലെ പ്രിയപ്പെട്ട പെയിന്റിങ്ങുകളുമടക്കം എല്ലാം ദത്തയ്ക്കായാണ് അദ്ദേഹം എഴുതിവെച്ചിട്ടുള്ളത്. ഈ വസ്തുക്കളെല്ലാം ലേലത്തില്‍വെക്കണമെന്നും അതില്‍നിന്ന് ലഭിക്കുന്ന തുക ദത്തയ്ക്ക് നല്‍കണമെന്നുമാണ് വില്‍പത്രത്തില്‍ പറയുന്നത്. ഒസ്യത്തുപ്രകാരം ദത്തയ്ക്ക് ലഭിക്കുന്ന 500 കോടി രൂപയില്‍, 350 കോടിയില്‍ അധികം രൂപയുടേത് ബാങ്ക് നിക്ഷേപമാണ്. 

അതേസമയം, വില്‍പത്രത്തില്‍ പറഞ്ഞിരിക്കുന്ന വസ്തുവകകളും പണവുമടക്കം കൂട്ടുമ്പോള്‍ ഏകദേശം 650 കോടിയോളമാണ് ദത്തയ്ക്ക് ലഭിക്കുക എന്നാണ് വിവരം. രത്തന്റെ ദത്തുപുത്രനാണ് താന്‍ എന്നാണ് ദത്ത സ്വയം വിശേഷിപ്പിച്ചിരുന്നത് എന്നും വിവരമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രത്തന്‍ ആരെയെങ്കിലും ദത്തെടുത്തിരുന്നതായോ വിവാഹം കഴിച്ചിരുന്നതായോ ഉള്ള യാതൊരു വിവരങ്ങളും വില്‍പത്രത്തിലോ മരണാനുബന്ധപത്രത്തിലോ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, രത്തന്റെ ജീവിതത്തിലെ ഏറ്റവും വിശ്വസ്തനായ വ്യക്തിയായിരുന്നു ദത്തയെന്നും വില്‍പത്രത്തില്‍ പേരുവരുന്നത് വരെ അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ടാറ്റയുമായി ഏറ്റവും അടുപ്പമുള്ളവര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ എന്നും ടാറ്റയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. 2024 ഡിസംബറില്‍ മുംബൈയിലെ എന്‍.സി.പി.എ.യില്‍ നടന്ന ടാറ്റയുടെ ജന്മവാര്‍ഷികത്തിന് ദത്ത എത്തിയിരുന്നു എന്നതും അവരുടെ അടുപ്പത്തെ സൂചിപ്പിക്കുന്നതാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, ടാറ്റയും ദത്തയും തമ്മിലുള്ള വ്യക്തിപരമായ അടുപ്പത്തെക്കുറിച്ച് പുറമെ അധികം വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ടാറ്റയുടെ വ്യവസായ സംരംഭങ്ങളും ദത്തയുടെ കുടുംബവുമായുള്ള അടുപ്പം വളരെ പ്രകടമായിത്തന്നെ കാണാമായിരുന്നു. ഉദാഹരണത്തിന്, ദത്തയുടെ മകളുടെ പ്രൊഫഷണല്‍ വളര്‍ച്ചയില്‍ ടാറ്റാ ഗ്രൂപ്പ് വലിയ പങ്കുവഹിച്ചിട്ടുള്ളതിന് വ്യക്തമായ തെളിവുകളുണ്ട്. പഠനത്തിന് പിന്നാലെ താജ് ഹോട്ടലില്‍ ജോലി ആരംഭിച്ച അവര്‍ 2015 വരെ അവിടെ ജോലി ചെയ്തു. തുടര്‍ന്ന് 2024 വരെ ടാറ്റാ ട്രസ്റ്റുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. രത്തന് ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തിയുടെ മകള്‍ ഒമ്പത് വര്‍ഷത്തോളം അവരുടെ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടും, അങ്ങനെയൊരു വ്യക്തിയെ അടുത്ത ബന്ധുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു എന്ന വസ്തുതയാണ് വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ചത്. 

'ജംഷഡ്പുരിലെ ഡീലേഴ്‌സ് ഹോസ്റ്റലില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. അന്ന് രത്തന് പ്രായം 24. വ്യവസായത്തില്‍ വളരാന്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്. ഉപദേശങ്ങളിലൂടെയും സാമ്പത്തികമായ സഹായങ്ങളിലൂടെയും അദ്ദേഹം എന്റെ വളര്‍ച്ചയില്‍ കൂടെനിന്നു,' രത്തന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി എത്തിയ ദത്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞ വാക്കുകളാണിത്. ടാറ്റാ ഓര്‍ഗനൈസേഷന്റെ കീഴില്‍ രത്തന്‍ തന്റേതായ ഇടം കണ്ടെത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. 1960-കളില്‍ ഉടലെടുത്ത ആ പരിചയം വ്യവസായ മേഖലയില്‍ മാത്രമല്ല രത്തന്റെ ഏറ്റവും അടുത്ത സൗഹൃദമായും വളര്‍ന്നു. രത്തന്റെ ഏറ്റവും വിശ്വസ്തനായി മാറി ദത്ത. അതേസമയം, പൊതുരംഗത്ത് ഈ അടുപ്പം അത്രയധികം വെളിപ്പെടുത്തിയിരുന്നില്ല ഇരുവരും. ഇക്കാരണം കൂടി കൊണ്ടാണ് ദത്തയ്ക്കായി രത്തന്‍ സ്വത്തില്‍നിന്ന് ഇത്രയും വലിയ ഭാഗം മാറ്റിവെച്ചത് എല്ലാവരേയും അദ്ഭുതപ്പെടുത്തുകയും അതേസമയം ആശങ്കയിലാക്കുകയും ചെയ്തത്. 

വില്‍പത്രം നിലവില്‍ ഔദ്യോഗിക നടപടികളുടെ ഭാഗമായി ബോംബെ ഹൈക്കോടതിയിലാണ് ഉള്ളത്. ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനു ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28-നാണ് രത്തന്‍ ടാറ്റ ജനിച്ചത്. അത്യാഢംബരത്തിന്റെ നടുവിലൂടെയാണ് വളര്‍ന്നതെങ്കിലും സാധാരണ ജീവിതത്തിലായിരുന്നു രത്തന് താല്‍പര്യം. ടാറ്റാ ട്രസ്റ്റിലൂടെ തന്റെ സമ്പത്തിന്റെ ഏറിയ പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അദ്ദേഹം മാറ്റിവെച്ചിരുന്നത്. രാജ്യം ഇത്രത്തോളം ബഹുമാനിച്ച, സ്‌നേഹിച്ച മറ്റൊരു വ്യവസായി ഉണ്ടായിരുന്നില്ല. 2024 ഒക്ടോബര്‍ ഒന്‍പതാം തീയതി, മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തന്റെ 86-ാം വയസിലാണ് രത്തന്‍ ടാറ്റ മരിച്ചത്.