'മതഭ്രാന്തന്മാരുടെ മനസ്സിലെ മാറ്റത്തിന്
സാധാരണ ജീവിതത്തിനുള്ള ആഗ്രഹം കൊണ്ട്...
ആണ്‍കുട്ടിയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച 
പെണ്‍കുട്ടിക്ക് വേണ്ടി..
സ്ത്രീകള്‍ക്ക്, ജീവിതത്തിന്, സ്വാതന്ത്ര്യത്തിന്..'

To advertise here,

ഇറാനില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന കുര്‍ദിഷ് യുവതി മരണപ്പെട്ടപ്പോള്‍ ഇറാനിയന്‍ കവിയായ ഷെര്‍വിന്‍ ഹാജിപുര്‍ എഴുതിയതായിരുന്നു ഈ വരികള്‍. ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികള്‍ പിന്നീട് ഈ വരികളെ പ്രക്ഷോഭഗീതമായി ഏറ്റെടുത്തു. ദേശവ്യാപകമായ പ്രതിഷേധങ്ങളിലെങ്ങും ഷെര്‍വിന്റെ വരികള്‍ മുഴങ്ങിക്കേട്ടു. 2023-ല്‍ ഗ്രാമി പുരസ്‌കാര വേദിയിലും സാമൂഹിക മാറ്റത്തിനായുള്ള മികച്ച ഗാനമായി ഇത് അംഗീകരിക്കപ്പെട്ടിരുന്നു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധം കെട്ടടങ്ങി. പക്ഷെ, ഈ വരികള്‍ ഒരുവിഭാഗം ഇറാനിയന്‍ ജനത, പ്രത്യേകിച്ച് യുവജനങ്ങള്‍ ഏറ്റെടുത്തു. രാജ്യം തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ ഇക്കഴിഞ്ഞ ദിവസങ്ങളിലും ഇതേ ഗീതം മുഴങ്ങിക്കേട്ടു കൊണ്ടേയിരിക്കുകയായിരുന്നു. ഇറാന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്‌കിയാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മാറ്റത്തിനായുള്ള ഈ ആഹ്വാനമായിരുന്നു പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്. വരികള്‍ എഴുതിയ ഷെര്‍വിന്‍ ഇപ്പോഴും തടവിലായിരിക്കെ മാറ്റത്തിനായുള്ള ആ ഗീതത്തെ പ്രചാരണ ആയുധമാക്കി മാറ്റിയതിനെതിരെ വിമര്‍ശകര്‍ രംഗത്തെത്തി. പക്ഷെ, വിമര്‍ശനങ്ങളേയും ആയുധമാക്കിക്കൊണ്ടുള്ള പെസെഷ്‌കിയാന്റെ പ്രചാരണത്തിന് വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചെന്നു വേണം കരുതാന്‍. ഇറാന്റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് അത്തരം വാര്‍ത്തകളാണ് പുറത്തുവരുന്നത്.

പലവിധ കാരണങ്ങള്‍കൊണ്ട് ഇറാന്‍ തീര്‍ത്തും കലുഷിതമായിരിക്കെയാണ് പുതിയ പ്രസിഡന്റായി പരിഷ്‌കരണവാദിയായ ഡോ. മസൂദ് പെസെഷ്‌കിയാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹിജാബ് നിയമത്തില്‍ ഇളവുകള്‍ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കികൊണ്ടാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അദ്ദേഹം എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഇറാന്‍ പോലെയുള്ളൊരു രാജ്യത്ത് സാമൂഹികപരിഷ്കരണം നടപ്പിലാക്കാന്‍ പെസെഷ്കിയാന് എത്രത്തോളം സാധിക്കും? എന്തൊക്കെയാണ് അദ്ദേഹത്തിന് മുന്നിലുള്ള വെല്ലുവിളികള്‍? 

placeholder
മഹ്സ അമീനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ നിന്ന്

ആരാണ് മസൂദ് പെസെഷ്‌കിയാന്‍? 

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ മത്സരിച്ച നാല് സ്ഥാനാര്‍ഥികളില്‍ ഒരേയൊരു പരിഷ്‌കരണവാദി ആയിരുന്നു ഡോ. മസൂദ് പെസെഷ്‌കിയാന്‍. പേരെടുത്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനായ മസൂദ് പെസെഷ്‌കിയാന്‍ തബ്രീസില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ്. നേരത്തെ ഇറാന്റെ ആരോഗ്യമന്ത്രിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ഇറാന്‍- ഇറാഖ് യുദ്ധത്തിലും പങ്കെടുത്ത പാരമ്പര്യവുമുണ്ട്. ഹൃദയശസ്ത്രക്രിയ വിദഗ്ധനായ പെസെഷ്‌കിയാന്‍ ഇറാനിലെ ന്യൂനപക്ഷമായ അസേറി വിഭാഗത്തില്‍നിന്നുള്ളയാളാണ്. 

അസര്‍ബൈജാനിയായ പിതാവിന്റേയും കുര്‍ദിഷുകാരിയായ അമ്മയുടേയും മകനായി 1954-ല്‍ മഹാബാദിലാണ് പെസെഷ്‌കിയാന്‍ ജനിച്ചത്. ഇറാന്‍ ഭരണാധികാരി ഷായുടെ സ്വേച്ഛാധിപത്യത്തിനെതിരേ നിരന്തരം പ്രതിഷേധങ്ങളുയര്‍ത്തുന്ന വിഭാഗത്തിനൊപ്പമാണ് അദ്ദേഹം വളര്‍ന്നത്. പെസെഷ്‌കിയാന്‍ ജനിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് ഇറാന്റെ അന്നത്തെ പ്രധാനമന്ത്രി മുഹമ്മദ് മൊസാദ്ദെഗ് സി.ഐ.എ. നേതൃത്വത്തിലുള്ള പട്ടാള അട്ടിമറിയാല്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ നീണ്ട രാജാവാഴ്ച ഇല്ലാതാവുകയും ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കപ്പെടുകയും ചെയ്തപ്പോള്‍ അന്ന് 25 വയസ്സായിരുന്നു പെസെഷ്‌കിയാന് പ്രായം. പിന്നാലെ ഇറാന്‍-ഇറാഖ് യുദ്ധവുമെത്തി. അന്ന് പോരാളിയായും ഡോക്ടറായും പെസെഷ്‌കിയാനും യുദ്ധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. 1993-ല്‍ വാഹനാപകടത്തില്‍ ഭാര്യയെയും മക്കളില്‍ ഒരാളെയും പെസെഷ്‌കിയാനു നഷ്ടപ്പെട്ടു. പിന്നീട് അദ്ദേഹം വിവാഹിതനായില്ല. മൂന്നു മക്കളെ ഒറ്റയ്ക്കു വളര്‍ത്തുകയായിരുന്നു. 

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus

ഈ അടുത്തകാലം വരെ പെസെഷ്‌കിയാന്‍ പുറംലോകത്തിന് ഒട്ടും പരിചിതനായിരുന്നില്ല. ഇറാന്റെ ആഭ്യന്തരരാഷ്ട്രീയത്തിന് അദ്ദേഹം അങ്ങനെയായിരുന്നില്ല. പരിഷ്‌കരണവാദിയായ പ്രസിഡന്റ് മുഹമ്മദ് ഖതാമി 1999-ല്‍ പെസെഷ്‌കിയാനെ ആരോഗ്യം, ചികിത്സ, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിവയുടെ ചുമതലയുള്ള മന്ത്രിയായി നിയമിച്ചതോടെയൊണ് അധികാര രാഷ്ട്രീയത്തില്‍ അദ്ദേഹം ശ്രദ്ധേയനായത്. 2001-ലെ തിരഞ്ഞെടുപ്പില്‍ ഖതാമി വീണ്ടും പ്രസിഡന്റായപ്പോഴും പെസ്ഷ്‌കിയാനെ ആരോഗ്യമന്ത്രിയായി നിയമിച്ചിരുന്നു. 2008 മുതല്‍ ഇറാനില്‍ പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം തബ്രീസില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

placeholder
പെസെഷ്കിയാന്‍റെ തിരഞ്ഞെടുപ്പ് ക്യാംപയിനില്‍ നിന്നുള്ള ദൃശ്യം | Photo: AFP

തിരഞ്ഞെടുപ്പിലെ ഒരേയൊരു പരിഷ്‌കരണവാദി

മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നാല് വനിതകള്‍ ഉള്‍പ്പെടെ ആകെ 80 പേരാണ് തിരഞ്ഞെടുപ്പിന് നാമനിര്‍ദേശം സമര്‍പ്പിച്ചത്. ഒട്ടുമിക്കവരും യാഥാസ്ഥിതികരോ അതിയാഥാസ്ഥിതികരോ ആയിരുന്നു. പക്ഷേ, ആറ് പേരെ മാത്രമാണ് ഗാര്‍ഡിയന്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തത്. ഇതില്‍ രണ്ട് പേര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയും ചെയ്തു.  പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ മത്സരിച്ച നാല് സ്ഥാനാര്‍ഥികളില്‍ ഒരേയൊരു പരിഷ്‌കരണവാദി ആയിരുന്നു ഡോ. മസൂദ് പെസെഷ്‌കിയാന്‍. 2021 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും പരിഷ്‌കരണവാദികളായ സ്ഥാനാര്‍ഥികളെ കൂട്ടത്തോടെ അയോഗ്യരാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പരിഷ്‌കരണവാദികളും യുവാക്കളുമടക്കമുള്ള വലിയ വിഭാഗം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ഇതൊഴിവാക്കാനും അന്താരാഷ്ട്രതലത്തില്‍ തിരഞ്ഞെടുപ്പ് സുതാര്യമാണെന്ന് കാണിക്കാനും വോട്ടിങ് ശതമാനം ഉയര്‍ത്തേണ്ടതുണ്ട്. ഇതിനുവേണ്ടിയാണ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചതെന്നായിരുന്നു പൊതുവിലയിരുത്തല്‍. 

6.1 കോടി വോട്ടര്‍മാരാണ് ഇറാനിലുള്ളത്. ഇതില്‍ 49.6 ശതമാനം പേര്‍ മാത്രമായിരുന്നു വോട്ട് ചെയ്തത്. ഇറാന്‍ ഇസ്ലാമിക റിപ്പബ്ലിക് ആയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമായിരുന്നു ഇത്. ജൂണ്‍ 28-ന് നടന്ന തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടില്‍ 50% ആര്‍ക്കും കിട്ടാത്തതിനെ തുടര്‍ന്ന് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്കെത്തുകയും 1.63 കോടി വോട്ട് നേടി പെസെഷ്‌കിയാന്‍ വിജയിക്കുകയുമായിരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തീവ്രനിലപാടുകാരന്‍ സയീദ് ജലീലിക്ക് 1.35 കോടി വോട്ടാണ് ലഭിച്ചിരുന്നത്. 

placeholder
മസൂദ് പെസെഷ്‌കിയാന്‍ | Photo: AFP

പരിഷ്‌കരണവാദത്തിന്റെ വേരുകള്‍

യാഥാസ്ഥിതികവാദം, പരിഷ്‌കരണവാദം എന്നിങ്ങനെ രണ്ട് ആശയങ്ങളിലൂന്നിയാണ് ഇറാനിലെ രാഷ്ട്രീയ സാമൂഹിക സ്ഥിതി നിലകൊള്ളുന്നത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി, ഹസ്സന്‍ റുഹാനി,ഹാഷ്മി റഫ്സഞ്ജാനി തുടങ്ങിയ പരിഷ്‌കരണവാദികളുടെ പിന്മുറക്കാരനാണ് പെസഷ്‌കിയാന്‍. ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാന്റെ മതാധിഷ്ഠിത നിയമങ്ങളില്‍ ഇളവുകളുണ്ടാവണമെന്ന് അദ്ദേഹം നിരന്തരം വാദിക്കുന്നു. തല മറച്ചില്ലെന്നതിന്റെ പേരില്‍ മതകാര്യ പോലീസ് അറസ്റ്റുചെയ്ത കുര്‍ദ് വനിത മഹ്‌സ അമീനി കസ്റ്റഡിയില്‍ മരിച്ചപ്പോള്‍ ഇബ്രാഹിം റെയ്‌സി സര്‍ക്കാരിനെതിരെ നിശ്ശിതമായ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. മരണത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരം വാഗ്ദാനങ്ങള്‍ തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നത്. ഹിജാബ് നിര്‍ബന്ധമാക്കുന്ന നിയമത്തില്‍ അയവു വരുത്തും, ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഇറാനില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഇളവുചെയ്യും തുടങ്ങിയ പ്രതിജ്ഞകള്‍ അദ്ദേഹം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി മുന്നോട്ടുവെയ്ക്കുകയും ചെയ്തിരുന്നു. 

2001 മുതല്‍ സുപ്രധാന കാബിനറ്റ് പദവികള്‍ വഹിച്ചിരുന്ന പെസഷ്‌കിയാന്‍ ഖതാമിയുടെ വലംകൈയായിരുന്നു. എന്നാല്‍ 2005-ല്‍ മുഹമ്മദ് ഖതാമിക്ക് പിന്നാലെ അധികാരത്തിലെത്തിയ മഹ്‌മൂദ് അഹമ്മദി നെജാദ് സര്‍ക്കാരില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ടായിരുന്നില്ല. രാഷ്ട്രീയത്തില്‍ സജീവമായിത്തുടര്‍ന്നിരുന്ന അദ്ദേഹം 2008-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. കിഴക്കന്‍ അസര്‍ബൈജാനിലെ തബ്രിസ്, ഒസ്‌കു, അസര്‍ഷാഹ്ര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നായിരുന്നു അദ്ദേഹം മത്സരിച്ചത്. 2009-ല്‍ അഹമ്മദി നെജാദിന്റെ തിരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമത്വം നടന്നുവെന്ന് ആരോപണത്തെ തുടര്‍ന്ന് ഇറാനില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. പക്ഷെ ഇതിനെ സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ സര്‍ക്കാര്‍ അടിച്ചമര്‍ത്തി. പ്രതിഷേധത്തെ സുരക്ഷാ ജീവക്കാര്‍ കൈകാര്യം ചെയ്ത രീതിയെ നിശ്ശിതമായി വിമര്‍ശിച്ച് അന്ന് പെസഷ്‌കിയാന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെതിരെ പെസഷ്‌കിയാന്‍ പരസ്യമായി രംഗത്തുവന്ന ആദ്യത്തെ സംഭവമായിരുന്നു അത്. പ്രതിഷേധക്കാരെ മൃഗങ്ങളെ പോലെ കൈകാര്യം ചെയ്യരുതെന്ന് ആക്രോശിച്ചുകൊണ്ടാണ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 

2013-ലായിരുന്നു പെസഷ്‌കിയാന്‍ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. പിന്നീട് മത്സരത്തില്‍നിന്ന് പിന്മാറി. പരിഷ്‌കരണവാദിയും മുന്‍ പ്രസിഡന്റുമായ ഹാഷ്മി റഫ്സഞ്ജാനിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു പിന്മാറ്റമെങ്കിലും ആ തിരഞ്ഞെടുപ്പില്‍ പുരോഹിതനായ ഹസന്‍ റൂഹാനിയാണ് വിജയിച്ചത്. അടുത്ത രണ്ട് ടേമുകളിലും അദ്ദേഹം പ്രസിഡന്റായി തുടരുകയും ചെയ്തു. ഈ കാലഘട്ടത്തില്‍, 2015ലാണ് ഇറാന്‍ അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായുമുള്ള ചരിത്രപരമായ ആണവ കരാറില്‍ ഒപ്പുവെച്ചത്. 2021-ല്‍, പെസഷ്‌കിയാന്‍ വീണ്ടും തിരഞ്ഞെടുപ്പിന് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഗാര്‍ഡിയന്‍ കൗണ്‍സില്‍ (രാജ്യത്തിന്റെ പരമോന്നത നേതാവിന് റിപ്പോര്‍ട്ട് ചെയ്യുന്ന 12 അംഗ തിരഞ്ഞെടുപ്പ് സൂപ്പര്‍വൈസറി ബോഡി) തിരഞ്ഞെടുപ്പിനെ നേരിടാന്‍ പെസഷ്‌കിയാന് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് കടുത്ത മതപണ്ഡിതനും പരമോന്നത നേതാവിന്റെ വലംകൈയുമായ ഇബ്രാഹിം റൈസി പ്രസിഡന്റായി. ഹെലികോപ്ടര്‍ അപകടത്തില്‍ റൈസി മരണപ്പെട്ടതോടെയാണ് രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്കെത്തിയത്. 2021-ല്‍ റൈസിയെ തിരഞ്ഞെടുപ്പില്‍ വെല്ലുവിളിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട പെസെഷ്‌കിയനാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 

placeholder
മസൂദ് പെസെഷ്‌കിയാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ | Photo: AFP

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍

മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ മതകാര്യപോലീസിനെതിരേ അന്നത്തെ ട്വിറ്ററിലൂടെയായിരുന്നു രൂക്ഷവിമര്‍ശനമുയര്‍ത്തി പെസഷ്‌കിയാന്‍ രംഗത്തുവന്നത്. ഞങ്ങളുടെ സഹോദരിമാര്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ക്രൂരമായ ആക്രമണങ്ങളെ എതിര്‍ക്കുന്നുവെന്നും ഇത്തരം അടിച്ചമര്‍ത്തലുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സംവാദത്തിലും പെസെഷ്‌കിയാന്‍ ഇത്തരം വിമര്‍ശനങ്ങളെ ഉപയോഗപ്പെടുത്തി. പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധത്തെ പിന്തുണച്ച അദ്ദേഹം 2018ല്‍ യു.എസ് പിന്‍വാങ്ങിയ ആണവകരാര്‍ പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കി. ഇറാനുമേലുള്ള ഉപരോധങ്ങള്‍ ഇവിടത്തെ ജീവിതങ്ങളെ താറുമാറാക്കി. ഉപരോധങ്ങളെ ഇല്ലാതാക്കാന്‍ സാധിച്ചാല്‍ ജീവിതം എളുപ്പമാവുമെന്നും അതിനായി തന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാവുമെന്ന് പ്രസിഡന്റ് സംവാദത്തിലെങ്ങും അദ്ദേഹം ആവര്‍ത്തിച്ചു. ഹിജാബ് നിര്‍ബന്ധമാക്കുന്ന നിയമത്തില്‍ അയവുവരുത്തുമെന്നും ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഇറാനില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഇളവുചെയ്യുമെന്ന് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എക്‌സില്‍ അദ്ദേഹം കുറിച്ചിരുന്നു. 

അതേസമയം, അമേരിക്കയ്‌ക്കെതിരേ പെസഷ്‌കിയാന്‍ പലകുറി പരസ്യപ്രതികരണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. 2019-ല്‍ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കിന് സമീപത്തുവെച്ച് ഇറാന്‍ ഒരു അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായ സംഘര്‍ഷാവസ്ഥയിലേക്ക് എത്തിച്ചു. അന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഒരു തീവ്രവാദിയാണെന്നായിരുന്നു പെസഷ്‌കിയാന്‍ വിശേഷിപ്പിച്ചത്. യു.എസ്. ഡ്രോണ്‍ വെടിവെച്ചിട്ട ഇറാന്‍ സുരക്ഷാസേനയുടെ നടപടി ക്രിമിനല്‍ അമേരിക്കയുടെ നേതാക്കള്‍ക്ക് മുഖത്ത് കിട്ടിയ അടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ സേനയെ (Islamic Revolutionary Guard Corps)തീവ്രവാദ സംഘമാണെന്ന് വിളിച്ച അമേരിക്കന്‍ നേതാക്കളേയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം അസുഖകരമായ ബന്ധം അമേരിക്കയുമായി നിലനില്‍ക്കെയാണ് ആണവകരാര്‍ പുനഃസ്ഥാപിക്കുമെന്ന പെസെഷ്‌കിയന്റെ അവകാശവാദം.

മുന്നിലുണ്ട് വെല്ലുവിളികള്‍

ഇറാനില്‍ തിരഞ്ഞെടുക്കപ്പെട്ട പദവികളില്‍ ഏറ്റവും ഉന്നതസ്ഥാനമാണ് പ്രസിഡന്റിന്റേത്. ഏറ്റവും ശക്തമായ രണ്ടാമത്തെ ഭരണഘടനാ ഓഫീസും ഇതുതന്നെ. ഇറാന്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലത്താണ് രാജ്യത്തിന് പ്രസിഡന്റിനെ നഷ്ടപ്പെട്ടതും തല്‍സ്ഥാനത്തേക്ക് പെസെഷ്‌കിയാന്‍ എത്തുന്നതും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മുന്നിലുള്ള വെല്ലുവിളികളേറെയാണ്. പാശ്ചാത്യ ഉപരോധത്തില്‍ തകര്‍ന്ന ഇറാന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്. അമേരിക്കയുമായുള്ള ആണവകരാര്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് വാഗ്ദാനമുണ്ടെങ്കിലും കരാറില്‍ നിന്ന് പിന്‍വാങ്ങലിന് നേതൃത്വം നല്‍കിയ മുന്‍പ്രസിഡന്റ് തന്നെയാണ് അമേരിക്കയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പിനായി മുന്‍നിരയിലുള്ളത്. പശ്ചിമേഷ്യയിലാവട്ടെ ഇറാന്റെ സഖ്യകക്ഷികള്‍ ഇസ്രായേലുമായി നിരന്തര യുദ്ധത്തിലാണ്. രാജ്യത്തുയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധങ്ങള്‍ മറ്റൊരു ഭാഗത്ത്.

പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക, സാമ്പത്തികസ്ഥിതി സുസ്ഥിരമാക്കുക, വിദേശബന്ധങ്ങള്‍ ഉറപ്പാക്കുക, ഉപരോധങ്ങളെ മറികടക്കുക, കരാറുകള്‍ പുനഃസ്ഥാപിക്കുക.. മുന്നില്‍ വെല്ലുവിളികളേറെയാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായും ഐ.ആര്‍.ജി.സി. പോലുള്ള സുരക്ഷാസേനയുമായുമുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍തന്നെ പെസെഷ്‌കിയാന്‍ ആവര്‍ത്തിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ഈ നിലപാടില്‍ മാറ്റമില്ല. പരിഷ്‌കരണങ്ങളെ കുറിച്ച് പറയുമ്പോഴും രാജ്യകാര്യങ്ങളില്‍ അന്തിമവാക്ക് പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയുടേതാണെന്നും അത് പാലിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നുണ്ട്.

അധികാരത്തിലെത്തുമ്പോള്‍  ആഭ്യന്തരതലത്തില്‍ ചില്ലറ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പെസെഷ്‌കിയാനു കഴിഞ്ഞേക്കും. പക്ഷേ, വിദേശനയങ്ങളില്‍ അത് എത്രമാത്രം സാധിക്കുമെന്നത് സംശയമാണ്. പരിഷ്‌കരണം ആഗ്രഹിക്കുന്ന ഒരുവിഭാഗവും തൽസ്ഥിതി തുടരാന്‍ ഒരുവിഭാഗവും ആഗ്രഹിക്കുമ്പോള്‍ ഇറാന്റെ നിലവിലുള്ള അവസ്ഥയെ തച്ചുടച്ച് വാര്‍ത്തെടുക്കല്‍ പെസെഷ്‌കിയാന് അത്ര എളുപ്പമുള്ള പണിയല്ലെന്നുമുറപ്പ്. 

placeholder
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി | Photo: AFP

പ്രസിഡന്റ് Vs പരമോന്നത നേതാവ്

ലോകത്തിന് മുന്നില്‍ ഇറാന്റെ രാഷ്ട്രത്തലവന്‍ പ്രസിഡന്റ് പെസെഷ്‌കിയനാണെങ്കിലും ഇറാനെ സംബന്ധിച്ചടുത്തോളം പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയാണ്. തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്നുവരെ തീരുമാനിക്കുന്നത് ഖമീനിക്ക് കീഴില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഗാര്‍ഡിയന്‍ കൗണ്‍സിലാണ്. പ്രസിഡന്റും പാര്‍ലമെന്റും ജുഡീഷ്യറിയുമെല്ലാം പ്രവര്‍ത്തിക്കുമ്പോഴും ഇറാന്റെ സമഗ്രാധികാരം ആത്മീയനേതാവിന്റെ കൈകളിലാണ്. 

1979-ലെ വിപ്ലവത്തിന് ശേഷമാണ് പരമോന്നത നേതാവ് എന്ന സ്ഥാനം ഇറാനില്‍ രൂപപ്പെട്ടത്. പരമോന്നത നേതാവാണ് രാജ്യത്തിന്റെ എല്ലാ നയങ്ങളുടേയും തീരുമാനങ്ങളുടേയും യുദ്ധപ്രഖ്യാപനങ്ങളുടേയുമെല്ലാം അവസാനവാക്ക്. സായുധസേനയ്ക്കുമേല്‍ പ്രസിഡന്റിനോ പാര്‍ലമെന്റിനോ അധികാരമില്ല. പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളുടെ സാധുത പരിശോധിക്കാന്‍ പ്രത്യേക സമിതിയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും നേതാവിന്റെ പ്രതിനിധികളുണ്ടാവും. പരമോന്നത നേതാവ്, പ്രസിഡന്റ്, പാര്‍ലമെന്റ്, വിദഗ്ധ സഭ, ഗാര്‍ഡിയന്‍ കൗണ്‍സില്‍, എക്സ്പീഡിയന്‍സി കൗണ്‍സില്‍, ജുഡീഷ്യറി, സുരക്ഷാകൗണ്‍സില്‍ തുടങ്ങിയവയാണ് വിവിധ അധികാരഘടന. എങ്കിലും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇറാന്റെ പ്രതിനിധി എല്ലായ്‌പ്പോഴും പ്രസിഡന്റായിരിക്കും.