മക്കയിൽ വെച്ചാണ് കരാർ ഒപ്പിട്ടത്

ഇസ്‍ലാമാബാദ്: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പാകിസ്താൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ സംയുക്ത പ്രതിരോധക്കരാറിൽ ഒപ്പുവച്ചു. മൂന്നുരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരായ സായുധ ആക്രമണം എല്ലാവർക്കുമെതിരായ ആക്രമണമായി കണക്കാക്കി ഒന്നിച്ച് പ്രതികരിക്കുമെന്നതാണ് പ്രധാന വ്യവസ്ഥ. നേരത്തേ സമാന വ്യവസ്ഥയുള്ള ഉഭയകക്ഷി പ്രതിരോധക്കരാറിൽ സൗദിയും പാകിസ്താനും ഒപ്പിട്ടിരുന്നു.
മക്കയിൽവെച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ എന്നിവരാണ് കരാറിലൊപ്പിട്ടത്. രാജ്യങ്ങൾ തമ്മിലുള്ള ചരിത്രബന്ധവും ഇസ്‍ലാമിക ഐക്യവും പൊതു സുരക്ഷാ താത്‌പര്യങ്ങളും അടിസ്ഥാനമാക്കിയാണ് ത്രിരാഷ്ട്ര പ്രതിരോധ കരാറെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ-യു.എസ്./ ഇസ്രയേൽ സംഘർഷം ചെങ്കടലിലേക്കു വ്യാപിച്ചത് ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഈ മൂന്ന് രാജ്യങ്ങളും അംഗീകരിച്ച കരാർ പ്രകാരം സംയുക്ത സൈനിക അഭ്യാസങ്ങൾ, പ്രതിരോധ-വ്യവസായ ഉൽപ്പാദനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ എന്നിവയോടൊപ്പം തന്നെ സാങ്കേതിക വിദ്യ കൈമാറ്റത്തിനായുള്ള വ്യക്തമായ വ്യവസ്ഥകളുണ്ട്. ഇന്ത്യയുമായി സൗഹൃദത്തിലുള്ള സൗദിയുടെ സഖ്യരൂപീകരണത്തിൽ ഇന്ത്യയ്ക്കും ആശങ്കയ്ക്ക് വകയുണ്ട്.
നേരത്തെ തന്നെ നാറ്റോ മോഡൽ പ്രതിരോധ കരാർ പാകിസ്താനും സൗദിയും തമ്മിൽ ഒപ്പിട്ടിരുന്നു. ഈ സഖ്യത്തിലേക്കാണ് യൂറേഷ്യൻ മേഖലയിൽ ഇന്ത്യയെ എതിർക്കുന്ന തുർക്കിയുടെ വരവ്. മാത്രമല്ല പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘർഷത്തിൽ പാകിസ്താനെ ഡ്രോണുകൾ നൽകി സൈനികമായി സഹായിച്ച രാജ്യമാണ് തുർക്കി.
സഖ്യത്തിലൂടെ പാകിസ്താന് സാങ്കേതിക-സാമ്പത്തിക സഹായം എളുപ്പത്തിൽ ലഭ്യമാകുന്നത് ആയുധ നവീകരണ വേഗത വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയെ നിർബന്ധിതരാക്കും. ഈ കരാറിന് മറുപടിയായി ഇന്ത്യയ്ക്ക് ഗ്രീസ്, അർമേനിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കേണ്ടി വരും.
Content Highlights: Pakistan, Saudi Arabia and Turkey signed a joint defence pact in Mecca that treats an armed attack against any one of the three states as an attack against all of them, strengthening collective security among the three regional powers.
Published: 08 Aug 2026, 04:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented