
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങുകളിൽ പങ്കുചേർന്നതിന് ഇന്ത്യയോടു നന്ദി അറിയിച്ച് ഇറാൻ. ഈ പങ്കാളിത്തം 'പരസ്പര ബഹുമാനത്തിന്റെ ശക്തമായ പ്രകടനമാണെന്ന്' വിശേഷിപ്പിച്ച ഇറാനിയൻ എംബസി, ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായും അഭിപ്രായപ്പെട്ടു. ‘എക്സി’ൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് ഇറാൻ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ചത്.
ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ടയേർഡ്) സയ്യിദ് അത്താ ഹസ്നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ, മറ്റ് സർക്കാർ പ്രതിനിധികളും വിവിധ മതനേതാക്കളും അടങ്ങുന്ന ഉന്നതതല ഇന്ത്യൻ സംഘം വെള്ളിയാഴ്ചയാണ് ടെഹ്റാനിലെത്തിയത്. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, സിഖ്- ഹിന്ദു- മുസ്ലിം- ക്രിസ്ത്യൻ മതനേതാക്കളും ഇറാനിയൻ പരമോന്നത നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഖമേനിയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന ഇറാനിലെ ജനങ്ങൾക്ക് ഇന്ത്യ നൽകിയ പിന്തുണയും ആശ്വാസവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് അവർ വ്യക്തമാക്കി. 'ഇറാനിലെ രക്തസാക്ഷിത്വം വരിച്ച നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമനേയിയുടെ വിലാപയാത്രയിൽ പങ്കെടുത്തതിനും ആദരാഞ്ജലികൾ അർപ്പിച്ചതിനും ഇന്ത്യയിലെ സർക്കാരിനോടും ജനങ്ങളോടും, പ്രത്യേകിച്ച് ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും വേണ്ടി പങ്കെടുത്ത ഔദ്യോഗിക പ്രതിനിധി സംഘത്തോടും ഹൃദയംഗമമായ നന്ദിയും ആത്മാർത്ഥമായ അഭിനന്ദനവും അറിയിക്കുന്നു.' അവർ ‘എക്സി’ൽ കുറിച്ചു.
രാഷ്ട്രീയ നേതാക്കൾ, പാർലമെന്റ് അംഗങ്ങൾ, പ്രമുഖ പണ്ഡിതന്മാർ, ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളുടെ നേതാക്കൾ എന്നിവരുടെ 'ബഹുമാനപ്പെട്ട സാന്നിധ്യം' ഇരുരാജ്യങ്ങളും തമ്മിലുള്ള 'ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവും മാനുഷികവുമായ ബന്ധത്തെ' പ്രതിഫലിപ്പിക്കുന്നതായി കുറിപ്പിൽ പറയുന്നു. 'ദേശീയ ദുഃഖാചരണത്തിന്റെ ഈ വേളയിൽ ഇറാനിലെ ജനങ്ങളോടുള്ള പരസ്പര ബഹുമാനത്തിന്റെയും ആത്മാർത്ഥമായ ഐക്യദാർഢ്യത്തിന്റെയും ശക്തമായ പ്രകടനമായി ഇത് നിലകൊള്ളുന്നു.'
'സൗഹൃദത്തിന്റെയും അനുകമ്പയുടെയും ആത്മാർത്ഥമായ ബഹുമാനത്തിന്റെയും ഈ അടയാളം ഇറാനിലെ ജനങ്ങൾ ഒരിക്കലും മറക്കില്ല. ഇറാനും ഇന്ത്യയും തമ്മിലുള്ള ശാശ്വതമായ ബന്ധത്തിന്റെ വിലയേറിയ തെളിവായി ഇതിനെ കാണുന്നു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട അടിത്തറയായും ഇതിനെ കണക്കാക്കുന്നു. ഇറാനിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയും ഈ ദുഃഖസമയത്ത് സഹതാപം രേഖപ്പെടുത്തുകയും ചെയ്ത എല്ലാ ഇന്ത്യൻ ഉദ്യോഗസ്ഥർക്കും വിശിഷ്ട വ്യക്തിത്വങ്ങൾക്കും മാന്യരായ ഇന്ത്യൻ ജനതയ്ക്കും ഇറാൻ എംബസി ഒരിക്കൽ കൂടി ആത്മാർത്ഥമായ അഭിനന്ദനം അറിയിക്കുന്നു.' കുറിപ്പിൽ പറയുന്നു.
യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഫെബ്രുവരിയിൽ ടെഹ്റാനിൽ വെച്ചാണ് ഖമനേയി കൊല്ലപ്പെട്ടത്. ടെഹ്റാനിൽ ആരംഭിച്ച ഖമനേയിയുടെ വിലാപയാത്ര 10 മുതൽ 12 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ ആധുനിക ചരിത്രത്തിലെ 'ഏറ്റവും വലിയ പൊതുജന സംഗമമായിരിക്കും' ഇതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ലക്ഷക്കണക്കിന് ആളുകളാണ് ഖമനേയിയോടുള്ള ആദരസൂചകമായി പതാകകളും ബാനറുകളുമായി ടെഹ്റാനിലെ നഗരങ്ങളിൽ ഒത്തുകൂടിയിരിക്കുന്നത്. വിലാപയാത്രയുടെ ഭാഗമായി അധികൃതർ റോഡുകളും വ്യോമപാതകളും അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ച ആരംഭിച്ച ദുഃഖാചരണം വ്യാഴാഴ്ച അവസാനിക്കും. അന്ന്, 86-കാരനായ ഖമനേയിയുടെ ജന്മസ്ഥലമായ മഷ്ഹാദിലെ ഇമാം റാസ മഷദ്ദിൽ കബറടക്കം നടത്തും.
Content Highlights: Iran officially thanked the Indian government and diverse religious leaders for attending Ayatollah Khamenei's funeral. A high-level Indian delegation included Lt. Gen. Syed Ata Hasnain and Pabitra Margherita. The gesture is viewed as a testament to the enduring historical and cultural ties between India and Iran. The funeral procession in Tehran marks one of the largest public gatherings in Iran's modern history.
Published: 06 Jul 2026, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented