
2025 ഡിസംബർ 12, ലോകശക്തികളെ ഒന്നിച്ചുനിർത്തി അമേരിക്ക പാക്‌സ് സിലിക്ക പ്രഖ്യാപിച്ചു. പക്ഷെ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന് കരുത്തേകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒമ്പത് രാഷ്ട്രങ്ങൾ ചേർന്ന സഖ്യത്തിൽ ഇന്ത്യയുടെ പേര് ഉയർന്നുകേട്ടില്ല.
2026 ജനുവരി 12, പാക്‌സ് സിലിക്ക പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോൾ അതല്ല സ്ഥിതി, ആഗോള സെമികണ്ടക്ടർ വ്യാപാരത്തിൽ, ചിപ്പ് യുദ്ധത്തിൽ മുൻപന്തിയിലെത്തണമെങ്കിൽ ഇന്ത്യയ്ക്ക് കൈകൊടുക്കാതെ പറ്റില്ലെന്ന് 'വമ്പന്മാർ' തിരിച്ചറിഞ്ഞു കഴിഞ്ഞു. പാക്‌സ് സിലിക്കയിലേക്ക് ഇന്ത്യയെ ക്ഷണിക്കുകയും ചെയ്തു. ലോകവ്യാപാരക്രമങ്ങളെ നിശ്ചയിക്കുന്ന ഏത് സഖ്യത്തിലും ഇന്ത്യ നിർണായക ശക്തിയാണെന്ന് സാധൂകരിക്കുന്നതാണ് അമേരിക്കയുടെ ഈ തീരുമാനം. ഇന്ത്യയുമായുള്ള കരാർ അത്ര എളുപ്പമല്ലെങ്കിലും അത് പൂർത്തിയാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്ന ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ നടത്തിയ പ്രതികരണം ഇന്ത്യയുടെ പ്രാധാന്യത്തിന് അടിവരയിടുകയും ചെയ്യുന്നു. എന്താണ് 'പാക്‌സ് സിലിക്ക'? ഇന്ത്യയ്ക്ക് എത്രത്തോളം നിർണായകമാണ് ഈ സഖ്യം? ചിപ്പ് യുദ്ധത്തിലെ ചൈനീസ് കുത്തക തകർക്കുകയാണോ പാക്‌സ് സിലിക്കയുടെ ലക്ഷ്യം?
എന്താണ് പാക്‌സ് സിലിക്ക?
Pax എന്നാൽ ഇംഗ്ലീഷിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നെല്ലാമാണ് അർഥം. സിലിക്കൺ ഡയോക്‌സൈഡിനെ സൂചിപ്പിക്കുന്നതാണ് Silica. സിലിക്കൺ ശക്തിയിലൂടെ സമാധാനമെന്ന് ചുരുക്കം. അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ഒരു ആഗോള സെമികണ്ടക്ടർ ശൃംഖലയാണ് പാക്സ് സിലിക്ക. സെമി കണ്ടക്ടർ നിർമാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാന സൗകര്യങ്ങൾ, സിലിക്കൺ വിതരണ ശൃംഖല എന്നിവയിൽ മുന്നേറ്റമുണ്ടാക്കാനായി അമേരിക്ക രൂപീകരിച്ച തന്ത്രപ്രധാനമായ സഖ്യമാണിത്. സാങ്കേതിക സംവിധാനങ്ങളിലെ വികസനമാണ് പ്രഖ്യാപിത ലക്ഷ്യമെങ്കിലും ചൈനയുടെ കുത്തക തകർക്കലാണ് പരോക്ഷമായ ഉദ്ദേശം. ഡിസംബർ 12നാണ് സഖ്യം പ്രഖ്യാപിച്ചത്. അമേരിക്കയ്ക്ക് പുറമേ ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, സിംഗപ്പൂർ, നെതർലന്റ്‌സ്, യു.കെ, ഇസ്രയേൽ, ഓസ്‌ട്രേലിയ എന്നിവരാണ് അംഗരാജ്യങ്ങൾ.
നിർണായക ധാതുക്കളും ഊർജ ഉറവിടങ്ങളും മുതൽ നിർമ്മാണം, സെമികണ്ടക്ടറുകൾ, എഐ ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക്‌സ് വരെയുള്ള മേഖലകളാണ് പാക്‌സ് സിലിക്ക ഉൾക്കൊള്ളുന്നത്. ചൈനീസ് ആശ്രയത്വം കുറയ്ക്കാനും സഖ്യകക്ഷികൾക്കിടയിൽ സഹകരണം വളർത്താനും പാക്‌സ് സിലിക്ക ലക്ഷ്യമിടുന്നു.
'20ആം നൂറ്റാണ്ടിൽ എണ്ണയും ഉരുക്കുമാണ് ലോകത്തെ മുന്നോട്ട് നയിച്ചത്, എന്നാൽ 21ആം നൂറ്റാണ്ടിനെ മുന്നോട്ട് ചലിപ്പിക്കുന്നത് സാങ്കേതിക വിദ്യകളും കമ്പ്യൂട്ടറുകളുമാണ്. അവ നിർമിക്കാൻ ലിഥിയം, കോബാൾട്ട് തുടങ്ങിയ ധാതുക്കൾ ആവശ്യമാണ്. ക്രിട്ടിക്കൽ മിനറലുകൾ അഥവാ ധാതുക്കൾ എന്നാണ് ഇവ അറിയപ്പെടുന്നത്. സാങ്കേതിക വിദ്യയിലൂന്നി മുന്നോട്ടുകുതിക്കാൻ രാജ്യങ്ങൾക്കിടയിൽ വിശ്വസനീയമായ പങ്കാളിത്തം രൂപീകരിക്കുകയാണ് പാക്‌സ് സിലിക്ക ചെയ്യുകയെന്ന് അമേരിക്കൻ സാമ്പത്തികകാര്യ വിഭാഗം അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗ് പറഞ്ഞു. ഊർജം, ധാതുക്കൾ മുതൽ ഹൈ-ടെക് നിർമ്മാണം, എഐ മോഡലുകൾ വരെയുള്ള എല്ലാ സാങ്കേതിക വിതരണ ശൃംഖലയും പാക്‌സ് സിലിക്കയിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളെ ഒരുമിപ്പിക്കുക എന്നതാണ് ദീർഘകാല ലക്ഷ്യം.
എന്തുകൊണ്ട് ഇന്ത്യ പുറത്ത്?
പാക്‌സ് സിലിക്കയുടെ സ്ഥാപക അംഗങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടിരുന്നില്ല. സെമികണ്ടക്ടർ നിർമ്മാണത്തിലുള്ള ഇന്ത്യയുടെ കുറഞ്ഞ പങ്കാളിത്തം, വിതരണശൃംഖലയിലെ ഇന്ത്യയുടെ ദൗർബല്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ സഖ്യത്തിൽ നിന്ന് ഇന്ത്യയെ മാറ്റിനിർത്തിയത്. ഡാറ്റ കൈമാറ്റം സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള നിയമങ്ങൾ, ബൗദ്ധിക സ്വത്തിന്മേലുള്ള സാങ്കേതിക പ്രശ്‌നങ്ങൾ, കയറ്റുമതി നിയന്ത്രണങ്ങൾ എന്നിവയും ഇന്ത്യ ഇതിൽനിന്ന് ഒഴിവാകാൻ കാരണമായി. മാത്രമല്ല, അടുത്തിടെയുണ്ടായ രാഷ്ട്രീയ പ്രശ്‌നങ്ങളിൽ ഇന്ത്യ സ്വീകരിച്ച റഷ്യൻ അനുകൂല നിലപാടും ഇതിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സെമികണ്ടക്ടർ നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, നെതർലാൻഡ്സ്, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. രണ്ടാം ഘട്ടത്തിൽ സെമികണ്ടക്ടർ വിതരണ ശൃംഖലയിൽ താഴെത്തട്ടിലുള്ള രാജ്യങ്ങളെ കൂടി ചേർത്ത് സഖ്യം വിപുലീകരിക്കാനായിരുന്നു തീരുമാനിച്ചത് എന്നായിരുന്നു അമേരിക്ക ഇതിന് ഔദ്യോഗിക വിശദീകരണം നൽകിയത്. നൂതന ചിപ്പുകളുടെ നിർമ്മാണം, നിർണായക ധാതു സംസ്‌കരണം എന്നിവയിൽ ഇന്ത്യയുടെ കഴിവുകൾ പരിമിതമാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
ഇന്ത്യ അമേരിക്ക വ്യാപാര പ്രശ്‌നങ്ങളുമായോ രാഷ്ട്രീയവുമായോ ഇതിന് ബന്ധമുണ്ടെന്ന നിഗമനങ്ങളെ അമേരിക്ക തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഏതാനും ദിവസങ്ങൾക്ക് മുൻപ് അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യ പാക്‌സ് സിലിക്കയിലേക്ക്
ആഗോള തലത്തിൽ സുരക്ഷിതമായ സിലിക്കൺ സപ്ലൈ ചെയിൻ ലക്ഷ്യമിട്ടുള്ള പാക്‌സ് സിലിക്കയിലേക്ക് ചേരാനുള്ള ഔദ്യോഗിക ക്ഷണം ഇന്ത്യയ്ക്ക് ഉടൻ ലഭിക്കുമെന്നാണ് നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞത്. അടുത്ത മാസത്തോടെ ഇന്ത്യ സഖ്യത്തിലെ പൂർണ അംഗമാവുമെന്ന് അമേരിക്ക പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യ അംഗമാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമ്മാണ രാജ്യങ്ങളായ അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ, നെതർലാൻഡ്സ് എന്നിവയുമായി നേരിട്ട് സഹകരിക്കാൻ സാധിക്കും.
സാങ്കേതികമായി പറഞ്ഞാൽ, ഈ സഖ്യം വഴി ഇന്ത്യയ്ക്ക് 'ഫാബ്രിക്കേഷൻ' (ചിപ്പ് നിർമ്മാണം), 'പാക്കേജിംഗ്' (നിർമ്മിച്ച ചിപ്പുകൾ ഉപയോഗിക്കാൻ പാകത്തിൽ തയ്യാറാക്കൽ), 'ഡിസൈൻ' എന്നീ മൂന്ന് മേഖലകളിലും വലിയ മുന്നേറ്റം നടത്താം. ഭീകരവിരുദ്ധ പോരാട്ടം, സൈനിക സുരക്ഷ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകളും ഇന്ത്യയ്ക്ക് ഈ സഖ്യം വഴി ലഭ്യമാകും. വിദേശ ചിപ്പ് നിർമ്മാണ കമ്പനികൾക്ക് ഇന്ത്യയിൽ കൂടുതൽ ഫാക്ടറികൾ തുടങ്ങാനുള്ള വഴിയും പാക്സ് സിലിക്കയൊരുക്കും. സെമികണ്ടക്ടർ വ്യവസായത്തിൽ ഇന്ത്യയും ജപ്പാനും തമ്മിൽ കരാറുകൾ ഇതിനോടകം തന്നെ നിലവിലുണ്ട്.
ജപ്പാനും അമേരിക്കയും പോലുള്ള പാക്‌സ് സിലിക്ക അംഗങ്ങൾക്ക് അവരുടെ പദ്ധതികളെ പിന്തുണയ്ക്കാൻ ഇന്ത്യയുടേയും സഹായങ്ങൾ വേണ്ടിവരും. ഇത് ഇന്ത്യയ്ക്ക് സ്വന്തം സെമികണ്ടക്ടർ പദ്ധതികളെ വളർത്തിയെടുക്കാനുള്ള സഹായം നൽകും. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ആഭ്യന്തര ഉത്പന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ ഡിസൈനിലും നൂതന സാങ്കേതികവിദ്യയിലും കഴിവുകൾ വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യ സജ്ജമാവും.
മൈക്രോസോഫ്റ്റിന്റെ 17.5 ബില്യൺ ഡോളർ, ഗൂഗിളിന്റെ 15 ബില്യൺ ഡോളർ ഡാറ്റാ സെന്ററുകൾ പോലുള്ള പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ സെമികണ്ടക്ടറുകൾ, AI ഇൻഫ്രാസ്ട്രക്ചർ, നൂതന നിർമ്മാണം തുടങ്ങിയവയിൽ ഈ സഖ്യരാഷ്ട്രങ്ങൾക്ക് സംയുക്ത സംഭരണം നടത്താം. ദക്ഷിണ കൊറിയ, നെതർലാൻഡ്സ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായി ഡിസൈൻ, പാക്കേജിംഗ്, AI എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നത് ഇന്ത്യയുടെ സാങ്കേതിക മേഖലയ്ക്ക് ലഭിക്കുന്ന അധിക ഇന്ധനമാണ്. യുഎസ്-ചൈന പിരിമുറുക്കങ്ങൾക്കിടയിൽ ഇന്ത്യയെ ഒരു ബദൽ കേന്ദ്രമായി നിലനിർത്താൻ ഇത് വഴിതുറക്കും.
പ്രതീക്ഷിക്കപ്പെടുന്ന നിക്ഷേപങ്ങൾ
- മൈക്രോസോഫ്റ്റ് (Microsoft): ഇന്ത്യയിലെ എഐ (AI) അടിസ്ഥാന സൗകര്യ വികസനത്തിനായി ഏകദേശം 17.5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. പാക്സ് സിലിക്ക വഴി ലഭിക്കുന്ന സാങ്കേതിക സഹായം ഈ പദ്ധതിയെ വേഗത്തിലാക്കും.
- ഗൂഗിൾ (Google): ഏകദേശം 15 ബില്യൺ ഡോളർ നിക്ഷേപത്തിൽ ഇന്ത്യയിൽ അത്യാധുനിക ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നു. ആഗോള നിലവാരത്തിലുള്ള ചിപ്പുകൾ ഇന്ത്യയിൽ ലഭ്യമാകുന്നത് ഇതിന് ഗുണകരമാകും.
- അമേരിക്കൻ ചിപ്പ് ഭീമന്മാർ: ഇന്റൽ (Intel), എൻവിഡിയ (Nvidia), ക്വാൽകോം (Qualcomm) തുടങ്ങിയ മുൻനിര കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് നിർമ്മാണ യൂണിറ്റുകളോ (Fabs) ഡിസൈൻ സെന്ററുകളോ തുടങ്ങാൻ ഈ സഖ്യം വഴിയൊരുക്കും.
- നെതർലാൻഡ്സ് സഹകരണം: ലോകത്തെ ഏറ്റവും മികച്ച ചിപ്പ് നിർമ്മാണ യന്ത്രങ്ങൾ നിർമ്മിക്കുന്ന ASML പോലുള്ള കമ്പനികളുമായുള്ള സഹകരണം വർധിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും
ആഗോളശൃംഖലയിലേക്ക് ഇന്ത്യ
- സെമികണ്ടക്ടർ ഫാബ് യൂണിറ്റുകൾ: ഗുജറാത്തിലെ ധോലേരയിലും അസമിലും ടാറ്റ ഗ്രൂപ്പും മറ്റും ആരംഭിക്കുന്ന സെമികണ്ടക്ടർ പ്ലാന്റുകൾക്ക് ആഗോള വിപണി കണ്ടെത്താനും ഏറ്റവും പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കാനും പാക്സ് സിലിക്ക സഹായിക്കും.
- AI ഇൻഫ്രാസ്ട്രക്ചർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ആവശ്യമായ സൂപ്പർ കമ്പ്യൂട്ടറുകളും ജിപിയു (GPU) ചിപ്പുകളും ഇന്ത്യയിൽ തന്നെ വികസിപ്പിക്കാനുള്ള സംയുക്ത സംരംഭങ്ങൾ (Joint Ventures) ഉണ്ടാകും.
- ചിപ്പ് പാക്കേജിംഗ് & ടെസ്റ്റിങ്: മൈക്രോൺ (Micron) നിലവിൽ ഇന്ത്യയിൽ ആരംഭിച്ച പാക്കേജിംഗ് യൂണിറ്റ് പോലെ കൂടുതൽ കമ്പനികൾ ഇന്ത്യയെ തങ്ങളുടെ ഗ്ലോബൽ ഹബ്ബായി തിരഞ്ഞെടുക്കും.
- തൊഴിൽ നൈപുണ്യ വികസനം: അമേരിക്കൻ സർവകലാശാലകളുമായും കമ്പനികളുമായും ചേർന്ന് ഇന്ത്യൻ എൻജിനീയർമാർക്ക് സെമികണ്ടക്ടർ ഡിസൈനിൽ പ്രത്യേക പരിശീലനം നൽകുന്ന പദ്ധതികൾ വിദ്യാഭ്യാസ മേഖലയിൽ വരാൻ സാധ്യതയുണ്ട്.
ചൈനയെ പുറത്താക്കി
ചിപ്പ് രൂപകൽപ്പനയിൽ ആധിപത്യം പുലർത്തുന്ന ചൈനയെ ഈ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടേയില്ല. സിലിക്കൺ ശുദ്ധീകരണത്തിന്റെ 90% ലധികം ശേഷി കൈവശം വെക്കുന്ന രാജ്യമാണ് ചൈന. ഈ ആധിപത്യം തകർക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. ഡാറ്റാ മോഷണം, സാങ്കേതികവിദ്യയുടെ അട്ടിമറി എന്നിവയിലൂടെ ദേശീയ സുരക്ഷാ ഭീഷണികൾ ഉയർത്തുന്നതും പാക്‌സ് സിലിക്കയിൽ നിന്ന് ചൈനയെ ബോധപൂർവ്വം ഒഴിവാക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യയിൽ ലോകത്തിന് മേൽ ആധിപത്യം സ്ഥാപിക്കാൻ ചൈനയും അമേരിക്കയും തമ്മിൽ വലിയ മത്സരമുണ്ട്. ചൈനയുടെ വളർച്ചയെ നിയന്ത്രിക്കാനും അമേരിക്കൻ സാങ്കേതിക വിദ്യ ചൈന ദുരുപയോഗം ചെയ്യുന്നത് തടയാനും അമേരിക്ക ആഗ്രഹിക്കുന്നു. ചൈനീസ് കമ്പനികൾ നിർമ്മിക്കുന്ന ചിപ്പുകൾ വഴി ഇതര രാജ്യങ്ങളിലെ വിവരങ്ങൾ ചോർത്തപ്പെടുമെന്നും അത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും വിശ്വസിക്കുന്നു. വാവെ (Huawei) പോലുള്ള കമ്പനികൾക്ക് പല രാജ്യങ്ങളിലും നിരോധനം ഏർപ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്.
നിലവിൽ ചിപ്പ് നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾക്കും നിർമ്മാണത്തിനും ലോകം ചൈനയെ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്. എന്നാൽ കോവിഡ് കാലത്തുണ്ടായ തടസ്സങ്ങളും രാഷ്ട്രീയ പ്രശ്‌നങ്ങളും ഈ ആശ്രിതത്വം അപകടകരമാണെന്ന് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തി. ചൈനയ്ക്ക് പകരം ഇന്ത്യയെപ്പോലുള്ള വിശ്വസനീയമായ ഒരു രാജ്യം വേണമെന്ന ലക്ഷ്യത്തോടെയാണ് 'പാക്‌സ് സിലിക്ക' രൂപീകരിച്ചിരിക്കുന്നത്.
നിർമ്മിത ബുദ്ധി (AI), അത്യാധുനിക ആയുധങ്ങൾ എന്നിവയ്ക്ക് ആവശ്യമായ 'ഹൈ-എൻഡ്' ചിപ്പുകൾ നിർമ്മിക്കാനുള്ള കഴിവ് ചൈനയ്ക്ക് ലഭിക്കാതിരിക്കാൻ അമേരിക്ക കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സഖ്യത്തിലൂടെ ഇത്തരം നൂതന വിദ്യകൾ സഖ്യകക്ഷികൾക്കിടയിൽ മാത്രം പങ്കുവെക്കാനാണ് അമേരിക്കയുടെ നീക്കം.
ചുരുക്കത്തിൽ ചൈനയെ മാറ്റിനിർത്തിക്കൊണ്ട് ഒരു ബദൽ ആഗോള ചിപ്പ് വിപണി നിർമ്മിക്കുക എന്നതാണ് പാക്‌സ് സിലിക്കയുടെ പ്രധാന ലക്ഷ്യം. അവിടെ ഇന്ത്യ ഒരു സുരക്ഷിതമായ ബദലായി മാറുന്നു. ഇത് വെറുമൊരു സാങ്കേതിക കരാർ മാത്രമല്ല, മറിച്ച് വരും കാലത്തെ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഇന്ത്യയെ ഒരു പ്രധാന ശക്തിയാക്കി മാറ്റാനുള്ള തന്ത്രപരമായ നീക്കം കൂടിയാണ്.
Content Highlights: Discover how India`s entry into the Pax Silica alliance is reshaping the global semiconductor landscape and challenging China`s dominance. Explore the strategic implications for India`s tech future.
Published: 14 Jan 2026, 12:27 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented