
നിർമിത ബുദ്ധി കമ്പനികൾ നേരിടുന്ന വലിയ പ്രതിസന്ധി അവരുടെ ആവശ്യങ്ങൾക്ക് ഉതകുന്ന ശക്തിയേറിയ എഐ ചിപ്പുകൾ ലഭിക്കാത്തതാണ്. വൻകിട കമ്പനികൾ മിക്കതും നിലവിൽ എൻവിഡിയ ചിപ്പുകളെയാണ് ആശ്രയിക്കുന്നത്. ഇപ്പോഴിതാ എഐ കമ്പനിയായ ഓപ്പൺ എഐ സ്വന്തം എഐ ചിപ്പ് നിർമാണത്തിലേക്ക് കടന്നിരിക്കുകയാണ്. ബ്രോഡ്കോമുമായി സഹകരിച്ച് തങ്ങളുടെ എഐ മോഡലുകൾക്കുവേണ്ടി പ്രത്യേകമായി ഹാലപെന്യോ (Jalapeño) എന്ന പേരിൽ ചിപ്പുകൾ നിർമിക്കാനാണ് പദ്ധതി.
എഐ മോഡലുകൾക്ക് നമ്മൾ നൽകുന്ന നിർദേശങ്ങൾ പ്രോസസ് ചെയ്ത് മറുപടികൾ നൽകുന്ന ഇൻഫറൻസ് പ്രക്രിയയ്ക്കുവേണ്ടിയാണ് ഹാലപെന്യോ പ്രധാനമായും രൂപകല്പന ചെയ്തിരിക്കുന്നത്.
പ്രതികരണം നൽകുന്നതിനുള്ള സമയം കുറച്ച്, കുറഞ്ഞ ഊർജത്തിൽ എഐയ്ക്ക് പ്രവർത്തിക്കാൻ സാധിക്കും വിധമാണ് ഹാലപെന്യോ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഓപ്പൺ എഐ ഒരു ബ്ലോഗ്പോസ്റ്റിൽ പറഞ്ഞു. ഈ ചിപ്പ് മറ്റു സമാന സിസ്റ്റങ്ങളെക്കാൾ 1.5 മുതൽ 1.9 മടങ്ങുവരെ കൂടുതൽ എഐ ജോലികൾ ഒരു വാട്ടിൽ (work per watt) ചെയ്യാനാകും. പ്രതികരണസമയം വളരെ കുറവാണ്. സാധാരണ സിസ്റ്റങ്ങളെക്കാൾ 1.7 മുതൽ 3.6 മടങ്ങുവരെ കുറഞ്ഞ ലേറ്റൻസി ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഇന്ററാക്ടീവായ പ്രവൃത്തികളിൽ ഇതിന്റെ പ്രകടനം 4.1 മടങ്ങുവരെ ഉയർന്നതാണ്.
ചിപ്പ്, സോഫ്റ്റ്‌വെയർ, മെമ്മറി, നെറ്റ്‌വർക്കിങ് എന്നിവയെല്ലാം ഓപ്പൺ എഐയുടെ സ്വന്തം മോഡലുകൾക്ക് അനുയോജ്യമായ രീതിയിലാണ് പരസ്പരം ഒപ്റ്റിമൈസ് ചെയ്ത് നിർമിച്ചിരിക്കുന്നത്. വെറും ഒൻപതുമാസം കൊണ്ടാണ് ഇതിന്റെ പ്രാഥമിക രൂപകല്പന മുതൽ നിർമാണം വരെയുള്ള ഘട്ടങ്ങൾ പൂർത്തിയാക്കിയത്. ഓപ്പൺ എഐയുടെ സ്വന്തം എഐ മോഡലുകളുടെ സഹായവും ഇതിനുവേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. GPT-OSS 120B, DeepSeek R1, Kimi K2.5 1T തുടങ്ങിയ പ്രമുഖ എഐ മോഡലുകളിൽ ഹാലപെന്യോ ചിപ്പ് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.
എൻവിഡിയയോടുള്ള (Nvidia) അമിതാശ്രയം കുറയ്ക്കാനും ഹാർഡ്‌വെയറിൽ കൂടുതൽ നിയന്ത്രണം നേടാനുമാണ് ഓപ്പൺ എഐ ഈ ചിപ്പിലൂടെ ലക്ഷ്യമിടുന്നത്. എഐ രംഗത്തെെ വൻകിട കമ്പനികളിലൊന്നായ ഓപ്പൺ എഐ സ്വന്തം ചിപ്പുകളെ പൂർണമായും ആശ്രയിക്കാൻ തുടങ്ങിയാൽ അത് എൻവിഡിയയ്ക്ക് കനത്ത തിരിച്ചടിയാവും.
Content Highlights: To reduce its reliance on Nvidia, OpenAI has partnered with Broadcom to develop "Jalapeño," a highly efficient, custom-built AI inference chip designed in just nine months to deliver significantly faster response times and lower energy consumption for AI models.
Published: 27 Aug 2026, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented