പെന്റഗണിനെതിരെ യു.എസ് കോടതിയെ സമീപിച്ച് ചൈനയിലെ ഏറ്റവും വലിയ മെമ്മറി ചിപ്പ് നിർമ്മാതാക്കളായ ചാങ്സിൻ മെമ്മറി ടെക്നോളജീസ് (CXMT). ചൈനീസ് സൈന്യത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് യുഎസ് സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് നീക്കം. യു.എസ് - ചൈന എഐ മത്സരത്തിനിടെയാണിത്.

To advertise here,

കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. ചൈനീസ് സൈന്യവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കമ്പനി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക ആവശ്യങ്ങൾക്കല്ല, വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഡി.ആർ.എ.എം ചിപ്പുകൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നതെന്നും കമ്പനി പറയുന്നു. വിഷയത്തിൽ പ്രതികരിക്കാൻ യുഎസ് പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല.

ചൈനീസ് വിപണിയിൽ വിൽക്കുന്നതിനുള്ള ഐഫോണുകൾക്കും മാക്ബുക്കുകൾക്കും ചിപ്പ് ലഭ്യമാക്കുന്നതിനായി CXMT-യുമായി ആപ്പിൾ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പുതിയ സാഹചര്യത്തിൽ യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി ആപ്പിൾ ആശയവിനിമയം നടത്തിതായും സൂചനയുണ്ട്. വ്യാപാര നിയന്ത്രണങ്ങളുടെ പേരിൽ ചൈനയും യുഎസും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളിലെ ഏറ്റവും ഒടുവിലത്തെ അധ്യായമാണിത്.

കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ പെന്റഗണിന്റെ നീക്കം ഇതിനകം തന്നെ തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി CXMT ആരോപിക്കുന്നു. CXMT-യുടെ സൽപേരിന് കളങ്കമുണ്ടായതിന് പുറമെ നഷ്ടവും നേരിടേണ്ടി വന്നിട്ടുണ്ട്. ഭാവിയിൽ തങ്ങളുടെ ബിസിനസ്സ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ കേസെന്നും അവർ പറയുന്നു.

സ്മാർട്ട്ഫോണുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, സെർവറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡൈനാമിക് റാൻഡം ആക്സസ് മെമ്മറി ചിപ്പുകളുടെ (DRAM) ചൈനയിലെ ഏറ്റവും വലിയ നിർമ്മാതാവാണ് CXMT.ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനിയുടെ വരുമാനം 874 ശതമാനം വർദ്ധിച്ചിരുന്നു. ഭാവിയിൽ യുഎസ് വിപണിയിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയും കമ്പനി വെച്ചുപുലർത്തിയിരുന്നു. അതിനിടെയാണ് ട്രംപ് ഭരണകൂടം കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയത്. ജൂണിൽ ചൈനീസ് ടെക്‌നോളജി കമ്പനിയും ഇ-കോമേഴ്സ് ഭീമനുമായ അലിബാബയും തങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ യുഎസ് സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.