ന്യൂഡൽഹി : സെമികണ്ടക്ടർ വ്യവസായത്തിൽ രാജ്യത്തെ മുൻനിരയിലെത്തിക്കാനൊരുങ്ങുന്ന കേന്ദ്രസർക്കാരിന് പിന്തുണയുമായി ടാറ്റ ഇലക്ട്രോണിക്‌സ്.

To advertise here,

ഗുജറാത്തിലെ ധോലേരയിൽ സെമികണ്ടക്ടർ നിർമാണശാല സ്ഥാപിക്കാൻ ടാറ്റ 91,000 കോടി ചെലവിടും. അസമിലെ ജഗീറോഡിൽ ചിപ്പ് പാക്കേജിങ്-പരിശോധനാ കേന്ദ്രം സ്ഥാപിക്കാൻ നേരത്തേ 27,000 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. സെമികോൺ ഇന്ത്യ 2026 സമ്മേളനത്തിനെത്തിയ ടാറ്റ ഇലക്ട്രോണിക്‌സ് സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ രൺധീർ ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

സെമികോൺ ഇന്ത്യയ്ക്കിടെ ടാറ്റ ഇലക്ട്രോണിക്‌സ് 16 ധാരണാപത്രങ്ങൾ ഒപ്പിടും. യൂറോപ്പിലെ നെക്‌സ്പീരിയ, ബെസി, ജപ്പാനിലെ ജെ.എസ്.ആർ., ഫ്യൂജിഫിലിം, സുമിറ്റോമോ, മലേഷ്യയിലെ കാലിങ്ടൺ, സിംഗപ്പുരിലെ അസെൻഡാസ് ഫസ്റ്റ് സ്പെയ്‌സ്, ഇന്ത്യയിലെ എൽ.ആൻഡ്.ടി. സെമികണ്ടക്ടേഴ്‌സ്, ഇനോക്സ് എയർ പ്രോഡക്ട്‌സ്, ഗതിശക്തി വിശ്വവിദ്യാലയം തുടങ്ങിയവയുമായാണ് ധാരണ. ഈ മേഖലയിലുള്ള അമേരിക്കയിലെയും യൂറോപ്പിലെയും പങ്കാളികളും ഉൾപ്പെടും. ധോലേര ഫാബിൽ 28 നാനോമീറ്റർ മുതൽ 110 നാനോമീറ്റർവരെയുള്ള സാങ്കേതികവിദ്യയിൽ ചിപ്പുകൾ നിർമിക്കാനാവും. ഇന്ത്യയിൽ ഇതുവരെ 28 നാനോമീറ്റർ ചിപ്പുകൾ ഉത്പാദിപ്പിച്ചിരുന്നില്ല.

സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ ദൗത്യം രാജ്യത്തിനകത്തുതന്നെ എല്ലാം നിർമിച്ചെടുക്കുകയെന്നതല്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം സിങ് മിസ്രി പറഞ്ഞു. വിശ്വസ്തരായ സഖ്യരാഷ്ട്രങ്ങളുമായി സഹകരിച്ച് പരമാധികാരം കൈവരിക്കാനാവശ്യമായ കാര്യശേഷി നിർമിച്ചെടുക്കുകയെന്നതാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.