സ്വന്തമായി എഐ ചിപ്പ് നിർമിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് മുൻനിര എഐ കമ്പനിയായ ഓപ്പൺ എഐ. ഈ നീക്കം എൻവിഡിയയ്ക്ക് വെല്ലുവിളിയാണെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടെങ്കിലും അതിലൊന്നും തനിക്ക് ആശങ്കയില്ലെന്ന നിലപാടാണ് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന്. വർധിച്ചുവരുന്ന മത്സരമുള്ള എഐ ഹാർഡ്‌വേർ വിപണിയിൽ തങ്ങളുടെ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തും പ്രവർത്തനശേഷിയും കമ്പനിക്ക് വലിയ മേൽക്കൈ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിഎൻബിസിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻവിഡിയയുമായി മത്സരിക്കും വിധമുള്ള സാങ്കേതികവിദ്യ കമ്പനിയുടെ ഒരു പ്രധാന ഉപഭോക്താവ് തന്നെ നിർമിക്കാൻ തുടങ്ങുമ്പോൾ അസ്വസ്ഥനാവുമോ എന്നായിരുന്നു ചോദ്യം. മുൻകാലങ്ങളിലും ഇത്തരം പദ്ധതികൾ വരികയും പോവുകയും ചെയ്തത് എൻവിഡിയ കണ്ടിട്ടുണ്ടെന്നായിരുന്നു ഹുവാങ് ഈ സംശയത്തിന് നൽകിയ മറുപടി.
"എനിക്കതിൽ യാതൊരു പ്രശ്നവുമില്ല. നിരവധി എക്സ്.പി.യു.കൾ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. ഞങ്ങൾ ചെയ്യുന്ന ഈ കാര്യം അത്ര എളുപ്പമുള്ളതല്ല. ഞങ്ങൾ കഴിഞ്ഞ 33 വർഷമായി ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്," ഹുവാങ് പറഞ്ഞു.
വൻതോതിൽ സാങ്കേതികവിദ്യ വികസിപ്പിക്കാനും പ്രമുഖ എഐ കമ്പനികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നൽകാനുമുള്ള ശേഷിയുള്ളതിനാൽ മത്സരങ്ങളിൽ എൻവിഡിയയ്ക്ക് അസൗകര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് വ്യക്തിപരമായി എടുക്കേണ്ട കാര്യമില്ലെന്നും, കാരണം തങ്ങൾക്ക് നൽകാൻ കഴിയുന്ന കാര്യങ്ങളിൽ അത്രയധികം ആത്മവിശ്വാസമുണ്ടെന്നും വിപണിയിൽ കമ്പനി മുന്നേറ്റമുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും ഹുവാങ് പറഞ്ഞു.
ഓപ്പൺ എഐ ഉൾപ്പെടെയുള്ള മുൻനിര എഐ കമ്പനികൾ ചിപ്പുകൾക്കായി എൻവിഡിയയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നതിനിടയിലാണ് ഹുവാങ്ങിന്റെ ഈ പ്രതികരണം.
ഓപ്പൺ എഐയുടെ ഹാലപെന്യോ ചിപ്പ്
സെമികണ്ടക്ടർ കമ്പനിയായ ബ്രോഡ്കോമുമായി സഹകരിച്ചാണ് ഓപ്പൺ എഐ തങ്ങളുടെ ആദ്യ എഐ ചിപ്പ് പുറത്തിറക്കാനൊരുങ്ങുന്നത്. ഹാലപെന്യോ (Jalapeño) എന്ന് പേര് നൽകിയിരിക്കുന്ന ഈ ചിപ്പ് ഓപ്പൺ എഐ നിർമിക്കുന്ന എഐ മോഡലുകൾക്കുവേണ്ടി പ്രത്യേകം തയ്യാറാക്കുന്നതാണ്. എഐ മോഡലുകൾക്ക് നമ്മൾ നൽകുന്ന നിർദേശങ്ങൾ പ്രോസസ് ചെയ്ത് മറുപടികൾ നൽകുന്ന ഇൻഫറൻസ് പ്രക്രിയയ്ക്കുവേണ്ടിയാണ് ഹാലപെന്യോ പ്രധാനമായും രൂപകല്പന ചെയ്തിരിക്കുന്നത്. മികച്ച പ്രകടനവും ഊർജക്ഷമതയും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.
Content Highlights: OpenAI is partnering with Broadcom to develop its own custom AI inference chip named 'Jalapeño' to reduce reliance on external suppliers, a move that Nvidia CEO Jensen Huang remains completely unfazed by, citing his company's 33 years of unmatched expertise in the hardware market.
Published: 27 Aug 2026, 06:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented