
മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്ര അധികാരത്തില്‍നിന്ന് പുറത്തായി. ധാര്‍മിക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തായ് ഭരണഘടനാ കോടതിയാണ് പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കിയത്. പ്രധാനമന്ത്രിയുടേതായി ചോര്‍ന്ന 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണമാണ് തായ്ലന്‍ഡില്‍ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിയത്. ആഴ്ചകളോളം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ പെയ്‌തോങ്താന്‍ തെറിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ പെയ്‌തോങ്താന്‍ കൃത്യം ഒരുവര്‍ഷം തികയുമ്പോഴാണ് അധികാരത്തില്‍നിന്ന് പുറത്തുപോവുന്നത്. സാമ്പത്തിക പ്രതിസന്ധിയാല്‍ വീര്‍പ്പുമുട്ടുന്ന ഒരു രാജ്യമാണ് കടുത്ത ഭരണപ്രതിസന്ധിയും നേരിടേണ്ടി വരുന്നത്. തായ്‌ലന്‍ഡ് എങ്ങനെ ഈ പ്രതിസന്ധിയെ മറികടക്കും? എന്താണ് പെയ്‌തോങ്താന്‍ ഷിനവത്രയെ അധികാരത്തില്‍നിന്ന് പുറത്താക്കിയതിലേക്ക് എത്തിച്ചത്.? തായ്‌ലന്‍ഡ് ഉടനടി ഒരു തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമോ?
17 മിനിറ്റ് ഫോണ്‍ സംഭാഷണത്തില്‍ തകര്‍ന്ന കസേര
തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയും കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നും തമ്മിലുള്ള ഫോണ്‍ സംഭാഷണമായിരുന്നു തുടക്കം. തായ്‌ലന്‍ഡ്, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കൂടിച്ചേരുന്ന, കടുത്ത തര്‍ക്കത്തിലുള്ള എമറാള്‍ഡ് ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് സൈനിക ഏറ്റുമുട്ടല്‍ നടന്നിരുന്നു. മേയ് 28-ന് നടന്ന സംഘര്‍ഷത്തില്‍ രണ്ട് കംബോഡിയന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഈ രാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടി. ഇതുസംബന്ധിച്ച് ഷിനവത്രയും ഹുന്‍ സെന്നും തമ്മില്‍ നടത്തിയ സംഭാഷണമാണ് പ്രശ്‌നങ്ങളിലേക്കെത്തിച്ചത്.
കംബോഡിയയിലെ മുന്‍ പ്രധാനമന്ത്രിയും സെനറ്റ് പ്രസിഡന്റുമാണ് ഹുന്‍ സെന്‍. ഷിനവത്ര കുടുംബത്തിന് കംബോഡിയയിലെ ഭരണകക്ഷിയായ ഹുന്‍ കുടുംബവുമായി ദീര്‍ഘകാലമായുള്ള ബന്ധമാണുള്ളത്. പെയ്‌തോങ്താന്‍ ഷിനവത്രയുടെ പിതാവ് തക്‌സിനും ഹുന്‍ സെന്നും പരസ്പരം 'ദൈവ സഹോദരന്മാര്‍' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സഖ്യകക്ഷികളായിരുന്നു. ഫോണ്‍ സംഭാഷണത്തില്‍ ഹുന്‍ സെന്നിനെ 'അങ്കിള്‍' എന്നാണ് പെയ്‌തോങ്താന്‍ വിളിക്കുന്നത്. അതിര്‍ത്തിയില്‍ നിലയുറപ്പിച്ച മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ 'എതിരാളി' എന്നാണ് പെയ്‌തോങ്താന്‍ വിശേഷിപ്പിച്ചത്. തായ് സൈനികനെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് വിമര്‍ശനം. ഇത് ജനങ്ങള്‍ക്കിടയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കടുത്ത രോഷത്തിനിടയാക്കി. വലതുപക്ഷ ദേശീയവാദികള്‍ക്കും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരിലും ഇത് എതിര്‍പ്പുകള്‍ക്കിടയാക്കി. എതിര്‍പക്ഷത്ത് നിലനില്‍ക്കുന്നവരോട് അമിതമായ സഹകരണവും അനുരഞ്ജനപരമായ സമീപനവും കാണിച്ചെന്നായിരുന്നു പെയ്‌തോങ്താന്‍ ഷിനവത്രയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണം. പ്രധാനമന്ത്രിയുടെ സമീപനം തായ് സൈന്യത്തോട് തികഞ്ഞ അനാദരവ് കാണിക്കുന്ന രീതിയിലാണെന്നും കുറ്റപ്പെടുത്തലുയര്‍ന്നു.
ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഹുന്‍ സെന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അതോടെ വിമര്‍ശനങ്ങളും ആരംഭിച്ചു. പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യമുയര്‍ന്നു. പ്രതിഷേധം കനത്തതോടെ തായ്‌ലന്‍ഡിലെ ഭരണസഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഭുംജയ്തായ് പാര്‍ട്ടി ഭരണകക്ഷിക്കുള്ള പിന്തുണ പിന്‍വലിച്ചു. ഭുംജയ്തായ് പാര്‍ട്ടിയുടെ പിന്‍വാങ്ങല്‍ സര്‍ക്കാരിന്റെ നിലനില്‍പിനെ ബാധിച്ചു. 69 എംപിമാരാണ് ഭുംജൈതൈ പാര്‍ട്ടിക്കുള്ളത്. ഇതോടെ 500 അംഗ ജനപ്രതിനിധി സഭയില്‍ പെയ്‌തോങ്താന്റെ പ്യൂ തായ് പാര്‍ട്ടി നയിക്കുന്ന 255 സീറ്റുകളെന്ന ദുര്‍ബലമായ ഭൂരിപക്ഷത്തിലേക്കെത്തി. യുണൈറ്റഡ് തായ് നേഷന്‍ പാര്‍ട്ടിയും പെയ്‌തോങ്താന്‍ ഷിനവത്രയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
വിവാദങ്ങള്‍ക്കിടെ പെയ്‌തോങ്താന്‍ വിശദീകരണവുമായി രംഗത്തെത്തി. അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ വ്യക്തിപരമായി നയതന്ത്രശ്രമം നടത്തിയതാണെന്നാണ് സംഭാഷണത്തെക്കുറിച്ച് ന്യായീകരിച്ചത്. ജനരോഷമുടലെടുത്തതോടെ പെയ്‌തോങ്താന്‍ പരസ്യമായി മാപ്പുപറയുകയും സായുധസേനകള്‍ക്ക് അചഞ്ചലമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഭാഷണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമാരംഭിച്ചു, ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രിസ്ഥാനം നഷ്ടമായത്.
പിതാവിന്റെ വഴിയേ പ്രധാനമന്ത്രിയായ പെയ്‌തോങ്താന്‍
തായ്‌ലന്‍ഡ് രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള, മുന്‍പ്രധാനമന്ത്രി തസ്‌കിന്‍ ഷിനവത്രയുടെ മകളാണ് പെയ്‌തോങ്താന്‍ ഷിനവത്ര. തായ്‌ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി തുടങ്ങിയ വിശേഷണങ്ങളും ഇവര്‍ക്കുണ്ട്. ജയില്‍ശിക്ഷ അനുഭവിച്ച അഭിഭാഷകനെ മന്ത്രിയായി നിയമിച്ചതുവഴി ഭരണഘടനാലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടി പ്രധാനമന്ത്രിയായിരുന്ന ഫ്യൂ തായ് പാര്‍ട്ടിയുടെ സ്രെത്ത തവിസിനെ കോടതി പുറത്താക്കിയിരുന്നു. ഇതോടെ ഫ്യൂ തായ് പാര്‍ട്ടി പെയ്‌തോങ്താനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ഫ്യൂ തായ് പാര്‍ട്ടിയുള്‍പ്പെടുന്ന സഖ്യത്തിന് 493 അംഗ പാര്‍ലമെന്റില്‍ 314 അംഗങ്ങളുള്ളതിനാല്‍ പ്രധാനമന്ത്രിപദത്തിലേക്ക് പെയ്‌തോങ്താന് വെല്ലുവിളികളേതുമുണ്ടായിരുന്നില്ല. പിന്നാലെ തവിസിന്റെ പിന്‍ഗാമിയായി അവര്‍ പുതിയ തായ്‌ലന്‍ഡ് പ്രധാനമന്ത്രിയായി. 2024 ഓഗസ്റ്റ് മാസത്തിലായിരുന്നു തിരഞ്ഞെടുപ്പ്. തായ്‌ലന്‍ഡില്‍ ഷിനവത്ര രാഷ്ട്രീയ കുടുംബത്തിന്റെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു പെയ്‌തോങ്താന്റെ പ്രധാനമന്ത്രി പദവി. ഷിനവത്ര കുടുംബത്തില്‍നിന്ന് പ്രധാനമന്ത്രി പദത്തിലെത്തുന്ന നാലാമത്തെ വ്യക്തിയാണ് പെയ്‌തോങ്താന്‍ ഷിനവത്ര. രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴായിരുന്നു അവരുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രവേശനം.
തക്സിന്‍ ഷിനവത്രയുടെ മൂന്നാമത്തെ മകളാണ് പെയ്‌തോങ്താന്‍. 2022-ല്‍ ഫ്യൂ തായ് പാര്‍ട്ടി നേതാവായിട്ടായിരുന്നു രാഷ്ട്രീയ പ്രവേശനം. അഞ്ച് വര്‍ഷത്തിലധികം അധികാരത്തിലിരുന്ന തക്സിന്‍ ഷിനവത്രയെ അഴിമതിയും അധികാര ദുര്‍വിനിയോഗവും ആരോപിച്ച് 2006 സെപ്റ്റംബറില്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. അഴിമതിക്കേസില്‍ അറസ്റ്റു ചെയ്യുമെന്ന് ഭയന്ന് 15 വര്‍ഷമായി വിദേശത്തു കഴിയുകയായിരുന്ന ഷിനവത്ര പിന്നീട് നാട്ടില്‍ തിരിച്ചെത്തി സുപ്രീം കോടതിയില്‍ അറസ്റ്റുവരിച്ചു. ഭരണഘടനാപരമായ രാജവാഴ്ച നിലനില്‍ക്കുന്ന തായ്ലാന്‍ഡില്‍ ശിക്ഷാനടപടികളുടെ അവസാനവാക്ക് രാജാവിന്റേതാണ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തായ്‌ലന്‍ഡ് രാജാവ് മഹാവാജിര ലോങ്കോണ്‍ ശിക്ഷ ഒരു വര്‍ഷമായി വെട്ടികുറയ്ക്കുകയും തക്സിന്‍ ജയില്‍ മോചിതനാവുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി പുറത്തേക്ക്- ഇനിയെന്ത്?
പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതു വരെ ഉപപ്രധാനമന്ത്രി ഫുംതം വെച്ചയാചായിയും നിലവിലെ മന്ത്രിസഭയും ചേര്‍ന്നാണ് കാവല്‍ സര്‍ക്കാരായി ഭരണത്തിന് മേല്‍നോട്ടം വഹിക്കുക. എപ്പോഴാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നത് പാര്‍ലമെന്റ് സ്പീക്കറുടെ തീരുമാനമാണ്.
പെയ്‌തോങ്താന്‍ ഷിനവത്രയുടെ പുറത്താകല്‍ രാജ്യത്തെ ഭരണ പ്രതിസന്ധിയിലേക്ക് മാത്രമല്ല, ഷിനവത്രയുടെ പാര്‍ട്ടിയേയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. പാര്‍ട്ടികളും മറ്റ് അധികാര കേന്ദ്രങ്ങളും തമ്മിലുള്ള തിരക്കിട്ട വിലപേശലുകള്‍ക്കും കുതിരക്കച്ചവടത്തിനും ഇനി തായ്‌ലന്‍ഡിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സാക്ഷ്യം വഹിക്കേണ്ടി വരും. പെയ്‌തോങ്താന്റെ പിതാവും മുന്‍പ്രധാനമന്ത്രിയും ഫ്യൂ തായ് പാര്‍ട്ടിയുടെ സ്ഥാപകനുമായ ശതകോടീശ്വരന്‍ തക്സിന്‍ ഷിനവാത്രയായിരിക്കും ഈ കച്ചവടത്തിലെ മുഖ്യകഥാപാത്രമെന്നതില്‍ സംശയമില്ല. 76 വയസ്സുള്ള നേതാവാണെങ്കിലും തായ്‌ലന്‍ഡില്‍ ഷിനവത്ര കുടുംബത്തിന് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കും. എന്നാല്‍ ഫ്യൂ തായ് പാര്‍ട്ടി നയിക്കുന്ന ഭരണസഖ്യത്തിന് വെറും ഏഴ് സീറ്റുകളുടെ നേരിയ ഭൂരിപക്ഷം മാത്രമാണ് പാര്‍ലമെന്റിലുള്ളത്. അതിനാല്‍ സ്ഥതിഗതികള്‍ നിര്‍ണ്ണായകമാണ്. സഖ്യത്തില്‍ നിന്നുള്ള ഏതൊരു കൂറുമാറ്റവും ഫ്യൂ തായ് പാര്‍ട്ടിക്കും ഷിനവാത്ര രാഷ്ട്രീയ രാജവംശത്തിനും വലിയ വില നല്‍കേണ്ടി വരും. ഓരോ നീക്കവും ഷിനവത്ര കുടുംബത്തിന്റെ രാഷ്ട്രീയ ഭാവിക്ക് കൂടിയാണ് നേട്ടമോ കോട്ടമോ ഉണ്ടാക്കുക. പരസ്പരം മത്സരിക്കുന്ന നിരവധി താല്‍പര്യങ്ങളുള്ളതിനാല്‍ ഈ പ്രക്രിയയ്ക്ക് സമയമെടുത്തേക്കാം.
ഐക്യത്തിനായി ആഹ്വാനം ചെയ്ത് പെതോങ്താന്‍
തായ്ലന്‍ഡില്‍ രാഷ്ട്രീയ സ്ഥിരത കൊണ്ടുവരാന്‍ എല്ലാ കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഭരണഘടന കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് പെതോങ്താന്‍ പ്രതികരിച്ചത്. 'സൈനികരായാലും സാധാരണക്കാരായാലും, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ക്ക് മുമ്പ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ എനിക്ക് കഴിയുന്നതെല്ലാം ചെയ്യാന്‍ ഞാന്‍ ദൃഢനിശ്ചയം ചെയ്തിരുന്നുവെന്ന് അവര്‍ പ്രതികരിച്ചു.
ഷിനവത്ര കുടുംബം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന സര്‍ക്കാരുകളും യാഥാസ്ഥിതികരുടെയും രാജപക്ഷത്ത് നില്‍ക്കുന്ന ജനറല്‍മാരും തമ്മിലുള്ള അധികാര വടംവലിക്കിടെ 17 വര്‍ഷത്തിനിടെ കോടതി പുറത്താക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് പെയ്‌തോങ്താന്‍. ഭരണഘടന കോടതിക്ക് ഇതില്‍ വലിയ പങ്കാണുള്ളത്. പാര്‍ലമെന്റ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ ഉപപ്രധാനമന്ത്രി ഫൂംതം വെച്ചയാചൈ കാവല്‍ പ്രധാനമന്ത്രിയായി തുടരും. സെപ്റ്റംബര്‍ 3 മുതല്‍ 5 വരെ പ്രത്യേക സമ്മേളനം വിളിച്ചെങ്കിലും പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റ് പരാമര്‍ശിച്ചിട്ടേയില്ല. സഖ്യം ഇപ്പോഴും ഒരുമിച്ചാണെന്നും ഫ്യൂ തായ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ധാരണയിലെത്തുമെന്നും ഫൂംതം പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരം
പെയ്‌തോങ്താന്‍ പുറത്തുപോയാല്‍ ഇനി എന്താണ്? തിരഞ്ഞെടുപ്പിലൂടെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കലാണ് നടപടി. ജനപ്രതിനിധിസഭയും സെനറ്റും സംയുക്തസമ്മേളനം ചേര്‍ന്നാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. വോട്ടെടുപ്പില്‍ ജനപ്രതിനിധിസഭയിലെ 376 അംഗങ്ങളുടെ പിന്തുണയുള്ള വ്യക്തിയാണ് പ്രധാനമന്ത്രിയാവുക. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ പാർലമെന്റ് അംഗം (എംപി) ആകണമെന്നില്ല. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥകൾ അനുസരിച്ച്, പട്ടാള ഭരണകൂടം നിയമിച്ച 250 അംഗ സെനറ്റുമായി ചേർന്നുള്ള സംയുക്ത സമ്മേളനത്തിലായിരിക്കും പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പാർലമെന്റിന്റെ വോട്ടെടുപ്പ് നടക്കുക. സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍, സഭ വീണ്ടും ചേരുകയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി ഈ പ്രക്രിയ ആവര്‍ത്തിക്കുകയും ചെയ്യും. ഒരു പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ ഈ നടപടി തുടരും, ഇതിന് സമയപരിധിയില്ല. ഈ സമ്പ്രദായം ജനാധിപത്യവിരുദ്ധമാണെന്ന് പൊതുവേ അഭിപ്രായമുണ്ട്.
2023-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചവരില്‍ യോഗ്യരായ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഫ്യൂ തായ് പാര്‍ട്ടിക്ക് തുടക്കത്തില്‍ മൂന്ന് പേരുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒരാള്‍ മാത്രമേയുള്ളൂ. 77-കാരനായ ചൈകാസെം നിതിസിരിയാണത്. മുന്‍ നീതിന്യായ മന്ത്രിയും അറ്റോര്‍ണി ജനറലുമായ അദ്ദേഹം അധികം പൊതുമധ്യത്തില്‍ വരാറില്ലെങ്കിലും മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. മുന്‍ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ 58-കാരനായ അനുതിന്‍ ചാന്‍വിരാകുലാണ് മത്സരത്തിനിറങ്ങാനുള്ള മറ്റൊരു സാധ്യത. അദ്ദേഹത്തിന്റെ ഭുംജയ്തായ് പാര്‍ട്ടി ജൂണില്‍ പെതോങ്താന്റെ സഖ്യത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇപ്പോഴത്തെ ഊര്‍ജ്ജ മന്ത്രി പിരപന്‍ സലിരതവിഭാഗ, മുന്‍ ഉപപ്രധാനമന്ത്രി ജുറിന്‍ ലക്സനാവിസിറ്റ്, മുന്‍ പ്രധാനമന്ത്രി പ്രയൂത് ചാന്‍-ഓ-ചാ എന്നിവരും മത്സരത്തിന് യോഗ്യരാണ്. അവസാനത്തെ ഫ്യൂ തായ് സര്‍ക്കാരിനെതിരെ 2014-ല്‍ നടന്ന സൈനിക അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജനറലാണ് പ്രയൂത്. 71-കാരനായ അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോള്‍ രാജാവിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണ്.
ഷിനവത്ര കുടുംബത്തിന്റെ രാഷ്ട്രീയ സ്ഥിരതയ്ക്കുള്ള പരീക്ഷണമായിരിക്കും ഇക്കുറി പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്. മാത്രമല്ല, നിലച്ചുപോയ പരിഷ്‌കാരങ്ങളെയും മുരടിച്ച സമ്പദ്വ്യവസ്ഥയെയും ചൊല്ലി പൊതുജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പുകയുന്ന ഒരു സമയത്ത് പെയ്‌തോങ്താന്റെ പുറത്തുപോക്ക് തായ്ലന്‍ഡിനെ കൂടുതല്‍ അനിശ്ചിതത്വത്തിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും തള്ളിവിടുന്നു. ഏറ്റവും സെന്‍സിറ്റീവായൊരു വിഷയത്തിലാണ് ആരോപണവിധേയായി പെയ്‌തോങ്താന് കസേര തെറിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തിന്റെ താല്‍പ്പര്യങ്ങളേക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയെന്നും തായ്ലന്‍ഡിന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത് പോലും. അതുകൊണ്ടുതന്നെ ഫ്യൂ തായ് നേതൃത്വം നല്‍കുന്ന ഏതൊരു സര്‍ക്കാരിനും നേരിയ ഭൂരിപക്ഷം മാത്രമേ പാര്‍ലമെന്റില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. വലിയ ജനപിന്തുണയുള്ള പ്രതിപക്ഷത്തില്‍ നിന്ന് തെരുവ് പ്രക്ഷോഭങ്ങളും പാര്‍ലമെന്ററി വെല്ലുവിളികളും ഫ്യൂ തായ് പാര്‍ട്ടി നേരിടേണ്ടി വന്നേക്കാം.
Content Highlights: What Happens Next As Court Sacks Thailand PM Paetongtarn Shinawatra
Published: 30 Aug 2025, 07:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented