ലോകത്തെ ഏറ്റവും വലിയ ആണവശക്തികളായ അമേരിക്കയ്ക്കും റഷ്യക്കുമിടയിൽ അവശേഷിച്ച ഏക ആണവായുധ കരാറിന്റെ കാലാവധി അവസാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവായുധ നിയന്ത്രണക്കരാറായ ‘ന്യൂ സ്റ്റാർട്ട്’ ആണ് ഫെബ്രുവരി അഞ്ചിന് അർധരാത്രിയോടെ കാലഹരണപ്പെട്ടത്. കരാർ ഒരുവർഷത്തേക്കുകൂടി നീട്ടാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ സന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുകൂലമായല്ല പ്രതികരിച്ചത്. ആണവായുധങ്ങൾക്ക് പരിധി നിശ്ചയിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും ആണവായുധനിയന്ത്രണം സംബന്ധിച്ച ചർച്ചകളിൽ ചൈനയെക്കൂടി ഭാഗമാക്കണമെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. ഇതോടെയാണ് ബദൽ കരാർ നിലവിൽ വരാതെ ‘ന്യൂ സ്റ്റാർട്ട്’ കാലഹരണപ്പെട്ടത്.

To advertise here,

2010-ൽ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽവെച്ചാണ് അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണക്കരാറായ ‘ന്യൂ സ്റ്റാർട്ട്’ ഉടമ്പടി ഒപ്പുവെച്ചത്. അന്ന് മുതൽ ഇന്നോളം ആണവായുധ നിയന്ത്രണത്തിന്റെ കാര്യത്തിൽ ഫലപ്രദമായി ഇടപെട്ട കരാറിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. എന്താണ് ന്യൂ സ്റ്റാർട്ട് ഉടമ്പടി? എന്തുകൊണ്ട് ഈ ഉടമ്പടി പ്രാധാന്യം അർഹിക്കുന്നു? ഉടമ്പടി ഇല്ലാതാകുന്നതോടെ ലോകം വീണ്ടും ആണവ ഭീഷണിയിലേക്കാണോ നീങ്ങുന്നത്?

എന്താണ് ന്യൂ സ്റ്റാർട്ട് ഉടമ്പടി?

തന്ത്രപരമായ ആണവായുധങ്ങളുടെ വിന്യാസം കുറയ്ക്കുക ലക്ഷ്യമിട്ട് അമേരിക്കയും റഷ്യയും തമ്മിലുള്ള ഉടമ്പടിയാണ് തന്ത്രപരമായ ആയുധങ്ങൾ കുറയ്ക്കാനുള്ള ഉടമ്പടി (Srategic Arms Reduction Treaty) അഥവാ സ്റ്റാർട്ട് (START). 2010-ൽ അംഗീകരിക്കപ്പെടുകയും 2021-ൽ അഞ്ച് വർഷത്തേക്ക് നീട്ടുകയും ചെയ്ത ന്യൂ സ്റ്റാർട്ട് ഉടമ്പടി അമേരിക്കയും റഷ്യയും വിന്യസിച്ചിരിക്കുന്ന ആണവായുധശേഖരങ്ങളെ പരിമിതപ്പെടുത്തി. എതിരാളിയുടെ പ്രധാന രാഷ്ട്രീയ, സൈനിക, വ്യാവസായിക കേന്ദ്രങ്ങളെ ആക്രമിക്കാൻ രൂപകൽപ്പന ചെയ്ത ആണവായുധങ്ങളുടെ വിന്യസിക്കൽ ഈ ഉടമ്പടി പരിമിതപ്പെടുത്തുന്നു. കൃത്യമായ നിർവചനമില്ലെങ്കിലും ഉടമ്പടി പ്രകാരം ഭൂഖണ്ഡാന്തര പരിധിയിലുള്ളവയെയാണ് ‘തന്ത്രപരമായ‘ ആണവായുധ സംവിധാനങ്ങളായി നിർവചിക്കുന്നത്. 2011-ൽ അന്നത്തെ റഷ്യയുടെ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവും അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമാണ് കരാറിൽ ഒപ്പു വെച്ചത്. 10 വർഷം കാലാവധിയുള്ള കരാർ 2011-ൽ പ്രാബല്യത്തിൽ വന്നു.

അമേരിക്കയും റഷ്യയും തമ്മിലുള്ള മുൻ ഉടമ്പടികളുടെ ഒരു വിപുലീകരണമായിരുന്നു ന്യൂ സ്റ്റാർട്ട് ഉടമ്പടി. ഇരുരാജ്യങ്ങളും വിന്യസിച്ച ആയുധങ്ങളുടെ എണ്ണം കുറച്ച സ്റ്റാർട്ട്-1 ഉടമ്പടി, 1991-ൽ ശീതയുദ്ധത്തിന്റെ അവസാനത്തിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലാണ് ഒപ്പുവെച്ചത്. 2009 വരെയായിരുന്നു ഇതിന്റെ കാലാവധി. ആണവ പോർമുനകൾ വിന്യസിക്കുന്നത് കുറയ്ക്കാനും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ നീക്കം ചെയ്യാനും ലക്ഷ്യമിട്ടുള്ള സ്റ്റാർട്ട് -2, 1993-ൽ ഒപ്പുവെച്ചെങ്കിലും പ്രാബല്യത്തിൽ വന്നില്ല. മാത്രമല്ല, 2002-ൽ റഷ്യ അതിൽനിന്ന് ഔദ്യോഗികമായി പിന്മാറുകയും ചെയ്തു. എന്നാൽ, 2003 മുതൽ 2011 വരെ തന്ത്രപരമായ ആക്രമണ നിയന്ത്രണ ഉടമ്പടി (Strategic Offensive Reductions Treaty അഥവാ SORT) നിലവിലുണ്ടായിരുന്നു. ഇരുപക്ഷവും വിന്യസിച്ചിരിക്കുന്ന പോർമുനകൾ കുറയ്ക്കണമെന്ന് ഇത് ആവശ്യപ്പെട്ടു. എങ്കിലും, 2011-ൽ ന്യൂ സ്റ്റാർട്ട് ഉടമ്പടി വന്നതോടെ ഇതിന് പ്രസക്തിയില്ലാതായി.

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റതിനുശേഷം 2021-ൽ ന്യൂ സ്റ്റാർട്ട് ഉടമ്പടി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. കരാർ പ്രകാരം, അമേരിക്കയും റഷ്യയും ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ പ്രതിജ്ഞാബദ്ധരാണ്: 1,550-ൽ കൂടുതൽ തന്ത്രപരമായ ആണവ പോർമുനകളും പരമാവധി 700 ദീർഘദൂര മിസൈലുകളും ബോംബറുകളും വിന്യസിക്കുകയില്ല. വിന്യസിച്ചിട്ടുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം 800 ആയി പരിമിതപ്പെടുത്തും. പങ്കാളികളിലൊരാൾ ഉടമ്പടിയിലെ പരിധികൾ ലംഘിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ, ഓരോ പക്ഷത്തിനും വർഷത്തിൽ 18 തവണ വരെ തന്ത്രപരമായ ആണവായുധ കേന്ദ്രങ്ങളിൽ പരിശോധന നടത്താം.ഇതോടെ റഷ്യയ്ക്കും അമേരിക്കയ്ക്കും മറുപക്ഷത്തിന്റെ ആണവ സൈറ്റുകളിലേക്ക് പരിശോധകരെ അയയ്ക്കാൻ ഉടമ്പടി അനുവദിച്ചു. 2020 മാർച്ചിൽ കോവിഡ്-19 മഹാമാരി കാരണം പരിശോധനകൾ നിർത്തിവച്ചു. ഇതിനുശേഷം പരിശോധനകൾ പുനരാരംഭിച്ചില്ല.

കാലഹരണപ്പെട്ട ഉടമ്പടി!

ഉടമ്പടിയുടെ നിബന്ധനകൾ പ്രകാരം, ന്യൂ സ്റ്റാർട്ട് ഉടമ്പടി ഒരിക്കൽ മാത്രമേ നീട്ടാൻ കഴിയൂ. അതിനാൽതന്നെ 2026 ഫെബ്രുവരി 5-ന് കരാറിന്റെ കാലാവധി സ്വാഭാവികമായി അവസാനിച്ചിരിക്കുകയാണ്. ന്യൂ സ്റ്റാർട്ട് ഉടമ്പടി കാലഹരണപ്പെടുന്നതോടെ റഷ്യയും അമേരിക്കയും ചേർന്ന് പുതിയ കരാറിൽ എത്തിച്ചേരണ്ടതായിരുന്നു. 2025 സെപ്റ്റംബറിൽ, ന്യൂ സ്റ്റാർട്ട് ഉടമ്പടിയിലെ വ്യവസ്ഥകൾ ഇരുരാജ്യങ്ങളും ഒരു വർഷത്തേക്ക് കൂടി പാലിക്കണമെന്ന നിർദേശം റഷ്യ മുന്നോട്ട് വെച്ചിരുന്നു. അതിന് ഡൊണാൾഡ് ട്രംപ് ആദ്യം അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ, പിന്നീട് ചൈനയെ ഉൾപ്പെടുത്തി ഒരു പുതിയ കരാറിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന്‌ ട്രംപ് നിലപാട് മാറ്റി.

മാത്രമല്ല, സമീപകാലത്ത് വലിയ വെല്ലുവിളികളാണ് ഉടമ്പടി നേരിട്ടത്. ആയുധ വിന്യാസത്തിന്റെ കാര്യത്തിൽ ഉടമ്പടി ആവശ്യപ്പെടുന്ന പരിധികൾ റഷ്യയും അമേരിക്കയും പാലിച്ചിരുന്നു. പക്ഷേ, ഉടമ്പടിയുടെ വ്യവസ്ഥകൾ കുറച്ചുകാലമായി പൂർണ്ണമായി നടപ്പാക്കിയിട്ടില്ല. 2020-ൽ കോവിഡ് മഹാമാരി കാരണം, ഇരുപക്ഷവും പരിശോധനകൾ നിർത്തിവച്ചു. 2022-ൽ, റഷ്യ യുക്രൈനെതിരേ യുദ്ധം ആരംഭിച്ചതോടെ പ്രശ്നങ്ങൾ വീണ്ടും സങ്കീർണമായി. 2023 ഫെബ്രുവരിയിൽ റഷ്യ ഉടമ്പടി പാലിക്കുന്നില്ലെന്ന് അമേരിക്ക ആരോപിച്ചു. ഏതാനും ആഴ്ചകൾക്കുശേഷം, ഉടമ്പടി പാലിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ പ്രഖ്യാപിച്ചു. ഉടമ്പടിയിലെ വ്യവസ്ഥകൾ അമേരിക്ക പാലിക്കുന്നില്ലെന്നും റഷ്യയുടെ ദേശീയ സുരക്ഷയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് കരാറിൽനിന്ന് പുതിൻ താൽക്കാലികമായി പിൻവാങ്ങിയത്.

ഇതിന് പിന്നാലെ ഉടമ്പടി പ്രകാരമുള്ള വിവരങ്ങൾ റഷ്യയുമായി പങ്കിടുന്നത് അമേരിക്ക അവസാനിപ്പിച്ചു. പരിശോധനകളും വിവരങ്ങൾ പങ്കിടുന്നതും നിർത്തിയെങ്കിലും ഉടമ്പടിയിൽ റഷ്യ കക്ഷിയായിരുന്നു. പരസ്പരമുള്ള പരിശോധനകൾ നിലച്ചതോടെ ഇരുരാജ്യങ്ങൾക്കും വിവരങ്ങൾക്കായി സ്വന്തം ഇന്റലിജൻസിനെ ആശ്രയിക്കേണ്ട അവസ്ഥവന്നു. ഇതൊക്കെയാണെങ്കിലും കരാർ പ്രകാരമുള്ള ആയുധ വിന്യാസ പരിധി മറുപക്ഷം ലംഘിച്ചുവെന്ന് ഇരുപക്ഷവും ആരോപിച്ചിട്ടില്ല എന്നതാണ് പ്രധാന വസ്തുത.

 

എന്തുകൊണ്ട് കരാർ പ്രാധാന്യം അർഹിക്കുന്നു?

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവ ശക്തികളാണ് അമേരിക്കയും റഷ്യയും. ഇരുരാജ്യങ്ങളും ചേർന്നാണ് ലോകത്തിലെ മൊത്തം ആണവായുധങ്ങളുടെ 90 ശതമാനവും കൈവശം വെച്ചിരിക്കുന്നത്. യുദ്ധവും ആയുധവും സംബന്ധിച്ച വിവരങ്ങൾ ട്രാക്ക് ചെയ്യുന്ന സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) കണക്കുകൾ പ്രകാരം 2025-ൽ 5,177 ആണവായുധങ്ങളാണ് അമേരിക്കയുടെ കൈവശമുള്ളത്. ഇതിൽ 1,770 എണ്ണം ബാലിസ്റ്റിക് മിസൈലുകളിലും മറ്റുമായി വിന്യസിച്ചിട്ടുണ്ടാകുമെന്ന് എസ്ഐപിആർഐ പറയുന്നു. 1,930 എണ്ണം സംഭരണത്തിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, കാലാവധി കഴിഞ്ഞ ഏകദേശം 1,477 എണ്ണം ഒഴിവാക്കിയിട്ടുണ്ട്.

മറുവശത്ത് കണക്കുകൾ പ്രകാരം റഷ്യയ്ക്ക് നിലവിൽ 5,499 ആണവായുധങ്ങളുണ്ട്. അതിൽ 1,718 എണ്ണം വിന്യസിച്ചിരിക്കുന്നു. 2,591എണ്ണം സംഭരണത്തിലുണ്ട്. കാലാവധി കഴിഞ്ഞ ഏകദേശം 4,309 എണ്ണം ഒഴിവാക്കിയിട്ടുണ്ട്. ആണവായുധങ്ങൾ വിന്യസിച്ചിരിക്കുന്ന കാര്യത്തിൽ റഷ്യയെക്കാൾ മുന്നിൽ അമേരിക്കയാണ്. സമീപവർഷങ്ങളിൽ ഇരുരാജ്യങ്ങളുടെയും ആയുധശേഖരം (അതായത് ഉപയോഗിക്കാവുന്ന പോർമുനകൾ) താരതമ്യേന സ്ഥിരമായി തുടരുകയാണ്. പക്ഷേ, ആയുധശേഖരങ്ങളുടെ വലുപ്പവും വൈവിധ്യവും വർധിപ്പിക്കാൻ കഴിയുന്ന വിപുലമായ ആധുനികവൽക്കരണ പരിപാടികൾ ഇരുരാജ്യങ്ങളും നടപ്പാക്കുന്നുണ്ട്. റഷ്യയുടെയും അമേരിക്കയുടെയും ആണവായുധ ശേഖരം മനുഷ്യരാശിക്ക് ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും ചില കരാറുകൾകൊണ്ടാണ് അവ നിയന്ത്രിക്കപ്പെട്ടിരുന്നത്.

 

ലോകം വീണ്ടും ആണവ ഭീഷണിയിലേക്കോ?

ശീതയുദ്ധകാലത്തും പിന്നീട് സോവിയറ്റ് യൂണിയൻ തകരുന്നതുവരെയും ശക്തമായ ആയുധ മത്സരമാണ് അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനുമിടയിൽ നടന്നത്. പക്ഷേ, നിരായുധീകരണ പദ്ധതികളുടെ ഭാഗമായി ആന്റി-ബാലിസ്റ്റിക് മിസൈൽ ഉടമ്പടി (1972), ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സസ് (1987) തുടങ്ങിയ കരാറുകളിൽ ഇരുപക്ഷവും ഒപ്പുവെച്ചിരുന്നു. പക്ഷേ, മിസൈൽ പ്രതിരോധം സൃഷ്ടിക്കുന്നതിൽനിന്ന് തടയാൻ ലക്ഷ്യമിട്ടുള്ള ആന്റി-ബാലിസ്റ്റിക് മിസൈൽ ഉടമ്പടിയിൽനിന്ന് 2002-ൽ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് പിന്മാറി. 1992-ലെ ഓപ്പൺ സ്‌കൈസ് ഉടമ്പടിയിൽനിന്ന് 2020-ൽ ട്രംപും പിന്മാറി. രണ്ട് വർഷത്തിന് ശേഷം റഷ്യയും ഇതേ പാത പിന്തുടർന്നു. രാജ്യങ്ങൾക്ക് നിരീക്ഷണ പറക്കലുകൾ നടത്താൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കുന്ന ഉടമ്പടിയായിരുന്നു ഇത്.

പരസ്പരം ഹ്രസ്വ-മധ്യദൂര മിസൈലുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതടക്കമുള്ള ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സസ് ഉടമ്പടിയിൽനിന്ന് 2019-ൽ അമേരിക്ക പിന്മാറൽ പ്രഖ്യാപിച്ചു. ട്രംപിന്റെ ആദ്യ ഭരണകാലമായിരുന്നു അത്. ഇതിന് മറുപടിയായി റഷ്യയും സമാന നിലപാട് സ്വീകരിച്ചു. പിന്നാലെ, അമേരിക്ക ഔദ്യോഗികമായി ഉടമ്പടിയിൽനിന്ന് പിൻവാങ്ങി. അമേരിക്ക മിസൈലുകൾ വിന്യസിക്കാൻ തീരുമാനിക്കുംവരെ തങ്ങൾ അതിൽനിന്നു വിട്ടുനിൽക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കരാറിൽനിന്ന് പിന്മാറുന്നതായി റഷ്യ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ കരാർപ്രകാരം നിയന്ത്രിക്കപ്പെട്ട മിസൈലുകളും ആയുധങ്ങളും ഇരുരാജ്യങ്ങളും വികസിപ്പിക്കാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഏക ആണവായുധ കരാർ ന്യൂ സ്റ്റാർട്ട് ഉടമ്പടിയായിരുന്നു. ഉടമ്പടിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ പുതിയ ആണവ ഉടമ്പടിക്ക് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്ക മോശമായി ചർച്ച ചെയ്ത, ലംഘിക്കപ്പെട്ട കരാറാണ് ന്യൂ സ്റ്റാർട്ട് എന്നും അതിന് പകരം പുതിയതും മെച്ചപ്പെട്ടതും ആധുനികവൽക്കരിച്ചതുമായ ഉടമ്പടി വേണമെന്നുമാണ് ട്രംപ് അഭിപ്രായപ്പെട്ടത്. അതേസമയം, ചൈനയെയും പുതിയ ആണവ ഉടമ്പടിയുടെ ഭാഗമാക്കാൻ ട്രംപ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യയെയും യുഎസിനെയും അപേക്ഷിച്ച് കുറവാണെങ്കിലും ചൈനയുടെ ആയുധശേഖരം വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം. എന്നാൽ, ട്രംപിന്റെ സമ്മർദ്ദം ചൈന പരസ്യമായി നിരസിച്ചു.

ന്യൂ സ്റ്റാർട്ട് ഉടമ്പടിയുടെ നിബന്ധനകൾ നിലനിൽക്കുന്നിടത്തോളം ആശങ്കപ്പെടേണ്ടതില്ല എന്നായിരുന്നു പൊതുവിലുള്ള നിരീക്ഷണം. എന്നാൽ, ഇത് കാലഹരണപ്പെട്ടതോടെ ആശങ്കയ്ക്ക് വഴിയുണ്ടെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഒരു ബദൽ സംവിധാനം കൊണ്ടുവന്നില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും ആണവായുധങ്ങൾ സംഭരിക്കാൻ അരനൂറ്റാണ്ടോളമായി നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും.ന്യൂ സ്റ്റാർട്ട് ഉടമ്പടി പുതുക്കുകയോ ആണവ ശേഖരം പരിമിതപ്പെടുത്തുന്ന ഒരു പുതിയ കരാറിൽ എത്തുകയോ ചെയ്തില്ലെങ്കിൽ മിസൈലുകളിൽ വിന്യസിക്കുന്ന പോർമുനകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. കരാർ അവസാനിച്ചത് യുഎസും റഷ്യയും തമ്മിലുള്ള പുതിയ ആണവായുധ കിടമത്സരത്തിന് വഴിയൊരുക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു.