വാഷിങ്ടൺ: സിഐഎ ഡയറക്ടർ ജോൺ റാഡ്ക്ലിഫിനെ അതീവരഹസ്യമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയിലേക്ക് അയച്ചത് റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനെന്ന് റിപ്പോർട്ട്. യുദ്ധം തീർക്കാൻ പുതിയ നയതന്ത്ര വഴി തേടുന്നതിന്റെ ഭാഗമായിട്ടാണ് ഈ അപ്രതീക്ഷിത നീക്കം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെയാണ് ഈ ദൗത്യം നടപ്പാക്കാനും സാധിച്ചു.

To advertise here,

നാറ്റോ സഖ്യരാജ്യങ്ങളെ ആക്രമിക്കരുതെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകാനും ഇറാനുമായുള്ള സാമ്പത്തിക-സുരക്ഷാ ബന്ധങ്ങൾ കുറയ്ക്കാൻ ആവശ്യപ്പെടാനുമാണ് റാഡ്ക്ലിഫ് ഈ യാത്ര ഉപയോഗപ്പെടുത്തിയത്. വരുംമാസങ്ങളിൽ റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ ഈ നീക്കം വഴിയൊരുക്കുമെന്നും അതിലൂടെ റഷ്യയുമായുള്ള ബന്ധം പുനഃക്രമീകരിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നുമാണ് വിലയിരുത്തൽ.

ട്രംപ് വ്യക്തിപരമായാണ് സിഐഎ ഡയറക്ടർ റാഡ്ക്ലിഫിനെ മോസ്‌കോയിലേക്ക് അയച്ചത്. വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരെയോ സൈനിക മേധാവികളെയോ പോലും ഈ യാത്രയെക്കുറിച്ചോ അദ്ദേഹം വഹിച്ച സന്ദേശത്തെക്കുറിച്ചോ അറിയിച്ചിരുന്നില്ലെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ലാത്വിയയിൽനിന്ന് യുഎസ് സി-17 സൈനിക ചരക്കുവിമാനത്തിലാണ് റാട്ക്ലിഫ് മോസ്‌കോയിലേക്ക് യാത്ര ചെയ്തത്. മോസ്‌കോയിൽ കൂറ്റൻ യു.എസ്. ചരക്കുവിമാനം ലാൻഡ് ചെയ്യുന്നതിന്റെ വീഡിയോ എല്ലാവരേയും ഞെട്ടിപ്പിക്കുകയും വൈറലാവുകയും ചെയ്തിരുന്നു.

റാഡ്ക്ലിഫിന്റെ സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കാൻ സിഐഎ തയ്യാറായിട്ടില്ല. അതേസമയം, അദ്ദേഹത്തിന്റെ സന്ദർശനം ഇടയ്ക്ക് യുഎസ് നടത്തിവരാറുള്ളതാണ് എന്നാണ് വൈറ്റ് ഹൗസ് നൽകിയിരിക്കുന്ന വിശദീകരണം. ഇതിനെ സാധൂകരിക്കുന്ന തരത്തിൽ, ട്രംപ് അടുത്ത കാലത്തായി നടത്തിയിട്ടുള്ള പ്രസ്താവനകളെയും അവർ ചൂണ്ടിക്കാട്ടി.

യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുകയും ഇറാന് പിന്തുണ വർധിപ്പിക്കുകയും സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള യുഎസിന്റെ ശ്രമങ്ങളെ ചെറുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിഐഎ മേധാവിയുടെ അതീവരഹ്യമായ സന്ദർശനം നടന്നത് എന്നതിനെ ലോകരാജ്യങ്ങളെല്ലാം അതീവഗൗരവമായാണ് കാണുന്നത്.

നാറ്റോയോടുള്ള യുഎസിന്റെ പ്രതിബദ്ധതയും ആർട്ടിക്കിൾ-5-ന് പിന്നിൽ ഉറച്ചുനിൽക്കുമെന്നും സിഐഎ മേധാവി റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് ആവർത്തിച്ചു പറഞ്ഞിട്ടുള്ളതായി രണ്ട് യൂറോപ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. നാറ്റോയിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം സഖ്യത്തിലെ എല്ലാ അംഗങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ആർട്ടിക്കിൾ-5 പ്രസ്താവിക്കുന്നത്.

റഷ്യയുടെ യുക്രൈൻ അധിനിവേശം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചും റാഡ്ക്ലിഫ് ചർച്ച ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബറോടെ ചർച്ചകൾ പുനരാരംഭിച്ചേക്കാമെന്ന് യുക്രൈൻ പ്രസിഡന്റ്‌സ് ഓഫീസിന്റെ തലവനായ കൈറിലോ ബുദനോവ് വ്യക്തമാക്കിയിരുന്നു.

രണ്ടാം ഔദ്യോഗിക കാലാവധി ആരംഭിച്ചതുമുതൽ യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്താൻ ട്രംപ് ആവർത്തിച്ച് ശ്രമിക്കുന്നുണ്ട്. പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫ് പുതിനുമായി ചർച്ച നടത്തുന്നതിനായി പല തവണ മോസ്‌കോ സന്ദർശിച്ചിരുന്നു, പിന്നീട് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും അദ്ദേഹത്തോടൊപ്പം ചേർന്നു. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും മുൻ യുക്രൈൻ പ്രതിനിധി കീത്ത് കെല്ലോഗും ഇരുപക്ഷത്തിന്റെയും പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനായി വിദേശയാത്രകൾ നടത്തിയിട്ടുണ്ട്.

നയതന്ത്ര സ്തംഭനാവസ്ഥ പരിഹരിക്കാനുള്ള ശ്രമത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ അലാസ്‌കയിൽവെച്ച് ട്രംപ് പുതിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ ഉച്ചകോടിയിൽ കരാറുകളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും, റഷ്യ പൂർണ്ണമായി കീഴടക്കാത്ത കിഴക്കൻ യുക്രൈനിലെ പ്രദേശങ്ങൾ അവർ ഏകപക്ഷീയമായി വിട്ടുകൊടുക്കുന്ന കാര്യം പരിഗണിക്കാൻ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ യുക്രൈനോട് ആവശ്യപ്പെട്ടിരുന്നു.

ഇറാൻ ആയിരുന്നു മോസ്‌കോ ദൗത്യത്തിനിടയിൽ ഉയർന്നുവന്ന മറ്റൊരു വിഷയം. ടെഹ്‌റാനെതിരെയുള്ള ഉപരോധങ്ങൾ ട്രംപ് ഭരണകൂടം കർശനമാക്കുന്ന സാഹചര്യത്തിൽ, ഇറാനുമായി സാമ്പത്തികം അല്ലെങ്കിൽ സുരക്ഷാ ബന്ധങ്ങൾ നിലനിർത്തരുതെന്ന് റഷ്യൻ ഉദ്യോഗസ്ഥരോട് റാഡ്ക്ലിഫ് ആവശ്യപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ അടുക്കുന്ന സാഹചര്യത്തിലും ഇറാന് മേൽ യുഎസ് സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്ന പശ്ചാത്തലത്തിലുമാണ് ഈ ഇടപെടൽ.

റഷ്യയിൽ തടവിലാക്കപ്പെട്ട അമേരിക്കൻ ബന്ദികളെ മോചിപ്പിക്കാൻ സഹായിച്ചത് ഉൾപ്പെടെ, ക്രെംലിനുമായി വിജയകരമായി ഇടപെട്ട ചരിത്രം റാഡ്ക്ലിഫിനുണ്ട്. മോസ്‌കോയുമായി ഇടപഴകുന്നതിലുള്ള റാഡ്ക്ലിഫിന്റെ പരിചയസമ്പന്നതയും റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുമായി സിഐഎയ്ക്കുള്ള ദീർഘകാല ബന്ധങ്ങളും ട്രംപിന്റെ അടുത്ത വൃത്തങ്ങളിലുള്ള അദ്ദേഹത്തിന്റെ സ്ഥാനവും അദ്ദേഹത്തെ മികച്ച നയതന്ത്ര പ്രതിനിധിയാക്കി മാറ്റിയെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

യുക്രൈനിലെ യുദ്ധം നിർത്താൻ ട്രംപിന്റെ മറ്റ് വിശ്വസ്ത പ്രതിനിധികൾ പങ്കെടുത്ത മുൻകാല നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് റാഡ്ക്ലിഫിനെ അയക്കാനുള്ള തീരുമാനം ഉണ്ടായത്. അതേസമയം, നാറ്റോയ്ക്ക് യുക്രൈനോടുള്ള പിന്തുണ ദുർബലപ്പെടുത്താനും സഖ്യത്തെ തകർക്കാനും ലക്ഷ്യമിട്ടുള്ള റഷ്യൻ നീക്കങ്ങളുടെ ഭാഗമായാണ് ട്രംപിന്റെ പുതിയ ചുവടുവെപ്പിനെ യൂറോപ്യൻ നേതാക്കൾ വിശേഷിപ്പിച്ചത്.