റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ആരംഭിച്ച കാലം മുതൽ കേൾക്കുന്നതാണ് ടെഹ്‌റാനും മോസ്‌കോയും തമ്മിലുള്ള സൈനിക സഹകരണത്തെ പറ്റി. യുക്രൈനിൽ ആക്രമണം നടത്താൻ റഷ്യ ഇറാന്റെ ഷഹീദ് 136 ഡ്രോണുകൾ ഉപയോഗിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. പിന്നെന്തായിരുന്നു ഇറാന്റെ ചരക്കുകപ്പലിനു നേർക്ക് ഡ്രോൺ തൊടുക്കാൻ യുക്രൈനെ പ്രേരിപ്പിച്ച പ്രകോപനം? ആ ചോദ്യം കാസ്പിയൻ ആക്രമണത്തിന് പിന്നിലെ തലച്ചേഠറ് അമേരിക്കയും ഇസ്രയേലുമാകാം എന്ന സംശയം ബലപ്പെടുത്തുകയാണ്. അമേരിക്കയെ അസ്വസ്ഥമാക്കുന്ന രീതിയിൽ യുദ്ധരംഗത്ത് ഇറാനും റഷ്യയും തമ്മിലുള്ള സൈനിക സഹകരണം വളർന്നതായി കരുതപ്പെടുന്ന ഘട്ടത്തിലാണ് ആക്രമണം ഉണ്ടായത്.

To advertise here,

ഗൾഫ് മേഖലയിലെ സിഐഎ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഈയിടെ നടത്തിയ ആക്രമണങ്ങളിൽ റഷ്യയുടെ സഹായമുണ്ടായിരുന്നോ എന്ന് അമേരിക്കൻ ഇന്റലിജൻസ് അന്വേഷിക്കുകയാണെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. സംശയത്തിന് കാരണം ആക്രമണങ്ങളുടെ അസാധാരണമായ കൃത്യതയാണ്. രണ്ടായിരം കിലോ മീറ്ററിലധികം സഞ്ചരിക്കാൻ ശേഷിയുള്ള ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോൺ, മിസൈൽ സാങ്കേതികവിദ്യകളും കൈവശമുണ്ട് ഇറാന്. പക്ഷേ, അത്രയും ദൂരെയുള്ള ലക്ഷ്യങ്ങളിൽ കൃത്യമായി പ്രഹരിക്കാൻ വേണ്ട സങ്കീർണ്ണമായ സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനങ്ങൾ ഇല്ല. അവിടെയാണ് റഷ്യൻ ഉപഗ്രഹങ്ങൾ നൽകുന്ന തൽസമയ രഹസ്യവിവരങ്ങളുടെ പ്രസക്തി.

ഇറാന്റെ ഷഹീദ് 136 ഡ്രോണുകളുടെ കൃത്യത വർധിപ്പിക്കാൻ റഷ്യ 'കൊമേറ്റ്-എം' എന്ന സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനം കൈമാറിയിട്ടുണ്ടെന്ന്‌ പാശ്ചാത്യ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്കും വ്യോമത്താവളങ്ങൾക്കും നേരെ ആക്രമണം നടത്തുന്നതിനു മുമ്പ് അവിടങ്ങളിൽ റഷ്യ ഉപഗ്രഹനിരീക്ഷണം നടത്തുകയും വിവരങ്ങൾ ഇറാന് കൈമാറുകയും മിസൈലുകളെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നയിക്കാൻ സഹായിക്കുകയും ചെയ്യുന്നതായി യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി ആരോപിച്ചിട്ടുണ്ട്. റഷ്യ ആരോപണത്തെ 'വ്യാജവാർത്ത' എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു.

ഇറാനിലെ മതഭരണകൂടത്തെ അതിവേഗം അട്ടിമറിച്ച് പാശ്ചാത്യലോകത്തോട് കൂറുള്ള ഒരു ജനകീയ സർക്കാരിനെ വാഴിക്കാമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും ഇസ്രയേലും 2026 ഫെബ്രുവരി 28-ന് ബോംബാക്രമണ പരമ്പര ആരംഭിച്ചത്. പരമോന്നത നേതാവ് അലി ഖമനെയി അടക്കം നേതൃത്വത്തിലെ നാൽപ്പതോളം പ്രമുഖരെ കൊന്നുകൊണ്ടാരംഭിച്ച യുദ്ധത്തിൽ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടും പിടിച്ചുനിൽക്കുകയാണ് ഇറാൻ. ലോകത്തെ എണ്ണഗതാഗതത്തിന്റെ 20 ശതമാനവും കടന്നുപോവുന്ന ഹോർമുസ് കടലിടുക്ക് ഇപ്പോഴും ഇറാന്റെ വരുതിയിലാണ്. അമേരിക്കൻ ആവനാഴി ശുഷ്‌കിച്ചുവരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ ആത്മവിശ്വാസം അതനുസരിച്ച് കൂടുന്നുണ്ട്.

റഷ്യ-ഇറാൻ കൂട്ടുകെട്ട് അമേരിക്കൻ താൽപ്പര്യങ്ങളെ നേരിട്ട് ബാധിക്കുന്ന ഘട്ടമെത്തിയപ്പോൾ ആ ബന്ധത്തിലെ സുപ്രധാനകണ്ണിയായ കാസ്പിയൻ വിതരണ ശൃംഖല തകരുന്നത് അമേരിക്കക്കു ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല. ഇറാനെ നേരിട്ടാക്രമിച്ചാൽ ഗൾഫിലെ യുഎസിന്റെ ആസ്തികൾക്കു നേരെ അവർ തിരിച്ചടിച്ചേക്കാം. എന്നാൽ ആക്രമിക്കുന്നത് യുക്രൈനാണെങ്കിൽ 'ഞങ്ങളല്ല, ഞങ്ങൾ അറിഞ്ഞുകൊണ്ടല്ല' എന്നൊക്കെ പറഞ്ഞ് നിഷേധിക്കാമെന്ന സൗകര്യമുണ്ട്. ഇസ്രയേലിലെ യുക്രൈൻ അംബാസഡർ കോർണിച്ചുക് 'ഇസ്രയേലും യുക്രൈനും ഒരേ ശത്രുവിനെതിരെയാണ് പോരാടുന്നത്, ഒരേ തിന്മയുടെ രണ്ട് വശങ്ങൾ' എന്ന് പ്രസ്താവിച്ചത് യാദൃശ്ചികമാവാനിടയില്ല.

എന്നാൽ, ആരോപിക്കപ്പെടുന്ന അമേരിക്കൻ സ്വാധീനത്തിന് നിരക്കാത്ത കാര്യങ്ങളുമുണ്ട്. കരിങ്കടലിലും കാസ്പിയനിലും റഷ്യയുടേതല്ലാത്ത കപ്പലുകളെ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ട്രംപ് ഭരണകൂടം നേരത്തെ യുക്രൈനു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കാസ്പിയൻ ആക്രമണത്തെക്കുറിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ഈ മൗനം അനുമതിയായി മാത്രമല്ല, നിയന്ത്രണം കൈവിട്ടുപോകുന്നതിലെ ആശങ്കയായും വായിക്കാം. യുക്രൈനെ ഉപയോഗിച്ചത് തന്ത്രമാണെങ്കിൽ അതിന്റെ യുക്തി ഇതാണ്: പശ്ചിമേഷ്യയിലെ സമാധാനചർച്ചകളെ പരസ്യമായി അട്ടിമറിക്കാതെ തന്നെ, റഷ്യ-ഇറാൻ സൈനിക സഹകരണം തകർക്കാൻ യുക്രൈനെ ഉപകരണമാക്കുക.

ട്രംപിന്റെ സേവ പിടിച്ച് കാര്യം കാണാൻ സെലൻസ്‌കി

റഷ്യയുടെ യുദ്ധശ്രമങ്ങളെ സഹായിക്കുന്ന വിതരണശൃംഖല തകർക്കാൻ കാസ്പിയൻ കടലിലെ ആക്രമണം അനിവാര്യമായിരുന്നുവെന്നും അവർക്ക് ആയുധങ്ങൾ എത്തിക്കുന്ന ഏതു കപ്പലും നിയമാനുസൃതമായ സൈനികലക്ഷ്യമായി കണക്കാക്കുമെന്നാണ് യുക്രൈൻ നിലപാട്. പക്ഷേ, അതോടൊപ്പം ഇറാൻ യുദ്ധത്തിൽ റഷ്യയുടെ നിശബ്ദ ഉപഗ്രഹ പങ്കാളിത്തത്തെക്കൂടി സെലൻസ്‌കി വലിച്ചിടുമ്പോൾ സ്വന്തം രാജ്യത്തിനു പുറത്തേക്ക് കാര്യങ്ങൾ പോവുന്നു. കാസ്പിയൻ കടലിലെ ആക്രമണം സഖ്യകക്ഷിയായ അമേരിക്കയ്ക്കു വേണ്ടിയാണ് എന്ന പരോക്ഷപ്രഖ്യാപനമായും സെലൻസ്‌കിയുടെ പ്രസ്താവനയെ കാണാം.

വിദേശനയത്തെ തനിക്കെന്തു ലാഭം കിട്ടും എന്ന കണ്ണാടിയിലൂടെ മാത്രം കാണുന്ന ട്രംപിനെ തങ്ങളാണ് യഥാർത്ഥ സുഹൃത്തുക്കളെന്നു ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് സെലെൻസ്‌കി നടത്തുന്നതെന്ന് ഒരുവിഭാഗം നിരീക്ഷകർ അഭിപ്രായപ്പെടുന്നു. യുക്രൈൻ 'ഓസടിച്ചു ജീവിക്കുന്ന' രാജ്യം മാത്രമല്ലെന്നും (സൗജന്യം പറ്റി ഉപജീവനം നടത്തുന്നവരാണ് യുക്രൈനെന്ന് ഇറാൻ പരിഹസിച്ചിരുന്നു) തങ്ങൾ മൂല്യങ്ങളുള്ള, സജീവമായി പ്രവർത്തിക്കുന്ന അമേരിക്കൻ പങ്കാളിയാണെന്നു തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇറാൻ ആക്രമണം- അവർ പറയുന്നു.

യുക്രൈന്റെ ആഭ്യന്തരരാഷ്ട്രീയം യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും കലുഷിതമായ ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. ജൂലൈ പകുതിയോടെ പ്രതിരോധമന്ത്രി ഫെഡോറോവിനെ സെലൻസ്‌കി പുറത്താക്കി. പ്രതിരോധ മന്ത്രാലയത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നതിനും, ഡ്രോൺസൈന്യ പരിപാടിക്ക് നേതൃത്വം നൽകിയതിനും ആയുധ സംഭരണത്തിലെ അഴിമതിക്കെതിരെ പോരാടിയതിനും പ്രശസ്തനായ ഫെഡോറോവിന്റെ പുറത്താക്കൽ ദിവസങ്ങളോളം നീണ്ടുനിന്ന ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഒടുവിൽ ഫെഡോറോവിനെ മാറ്റിയതിൽ ഉറച്ചുനിന്നെങ്കിലും സെലൻസ്‌കി തീരുമാനം മയപ്പെടുത്തി, സൈനിക മേധാവിയെ മാറ്റാൻ തയ്യാറായി. യുക്രൈന്റെ രാഷ്ട്രീയ ഭൂപടത്തിൽ പ്രുതിയൊരു പേര് ഇതിലൂടെ ഉയർന്നുവന്നു: ഫെഡോറോവ്, ഭാവിയിലെ പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ മൂന്നാം സ്ഥാനത്താണിപ്പോൾ!

ചുരുക്കത്തിൽ, റഷ്യക്കെതിരായ യുദ്ധത്തിൽ പിടിച്ചുനിൽക്കാൻ ട്രംപിനെ പ്രീണിപ്പിക്കേണ്ടത് സെലെൻസ്‌കിക്ക് അത്യാവശ്യമായിരിക്കുന്നു. യുദ്ധക്കെടുതികൾ, സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് പടരുന്ന അസംതൃപ്തി, റഷ്യൻ മിസൈലുകളെ നേരിടാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്കു നടുവിലാണ് രാജ്യം. അവർക്ക് പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളും അവ യുക്രൈനിൽ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും ദീർഘകാലത്തേക്ക് സ്ഥിരം സൈനികസഹായവും ടോമാഹോക്ക് മിസൈലുകൾ പോലുള്ള അത്യാധുനിക ആയുധങ്ങളും വേണം. പകരമായി ഇറാനെപ്പോലുള്ള പൊതുശത്രുക്കളെ ആക്രമിക്കാമെന്നും യുക്രൈനിലെ ധാതുവിഭവങ്ങൾ പങ്കുവെക്കാം- ഇതാവാം ആക്രമണത്തിലൂടെ സെലെൻസ്‌കി യുഎസിനോട് പറയുന്നത്.

പാശ്ചാത്യലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ഇറാൻ പ്രശ്നത്തിൽ ട്രംപിനൊപ്പമല്ലാത്ത സാഹചര്യത്തിൽ സെലെൻസ്‌കിയുടെ 'ധീരോദാത്തത' ട്രംപ് കാണാതിരിക്കില്ലെന്ന് ഉറപ്പ്. കഴിഞ്ഞ ദിവസം അമേരിക്കയിലെത്തിയ സെലൻസ്‌കി ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വളരെ ആഹ്ലാദത്തോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

പുതിനെ തളച്ചിട്ടത് പശ്ചിമേഷ്യയെ മാറ്റി വരയ്ക്കാനോ?

തടുക്കാനാകാത്ത സൈനികശക്തിയുള്ള റഷ്യയുടെ ആർക്കും തൊടാനാകാത്ത കരുത്തനെന്ന പ്രതിച്ഛായയും പുതിനും പരസ്പരപൂരകമായിരുന്നു. ആ പ്രതിച്ഛായയ്ക്ക് തുടർച്ചയായി പ്രഹരങ്ങളേറ്റ വർഷമാണ് 2026. അതിനുകാരണം യുക്രൈന്റെ ദീർഘദൂര ഡ്രോൺ ആക്രമണങ്ങളാണ്. റഷ്യയിലെ സുപ്രധാന മേഖലകൾ ആഴ്ചതോറും ആക്രമണത്തിനിരയാവുന്നു. 'പുതിന്റെ ഡാവോസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ അന്താരാഷ്ട്ര സാമ്പത്തിക ഫോറം 2026 ജൂണിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുമ്പോൾ റഷ്യൻ എണ്ണവിതരണ കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും യുക്രൈൻ ഡ്രോണുകൾ കൂട്ടമായി ആക്രമണം നടത്തി. വിദേശ പ്രതിനിധികൾ കാണത്തക്ക രീതിയിൽ പുകപടലങ്ങൾ ഉയർന്നു.

2026 വർഷത്തിന്റെ തുടക്കം മുതൽ റഷ്യൻ എണ്ണ ഉൽപ്പാദനം കുറഞ്ഞതായി ക്രെംലിൻ ആദ്യമായി പരസ്യമായി സമ്മതിച്ചു. പടക്കളത്തിൽ നഷ്ടമാവുന്ന സൈനികർക്ക് പകരക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് റഷ്യ. യുദ്ധത്തിൽ റഷ്യയ്ക്ക് ഒട്ടേറെ പോർവിമാനങ്ങളും നാലായിരത്തിലധികം ടാങ്കുകളും നഷ്ടപ്പെട്ടതായി യൂറോപ്പിലെ സൈനിക നിരീക്ഷകർ പറയുന്നു. രാജ്യത്തെ സാമ്പത്തിക, ഇന്ധന പ്രതിസന്ധി എത്ര രൂക്ഷമാണെന്ന് നേരത്തേ കണ്ടു കഴിഞ്ഞു. പുതിന് എക്കാലവും തുണയായി നിന്ന ജനങ്ങളുടെ പിന്തുണയിലും കുറവു വരുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു: തീരാത്ത യുദ്ധമുണ്ടാക്കുന്ന നിരാശയും സാമ്പത്തിക തകർച്ചയിലെ അമർഷവും മാത്രമല്ല, കാര്യങ്ങൾ പുതിന്റെ നിയന്ത്രണത്തിൽനിന്ന് വഴുതിപ്പോകുന്നു എന്ന തോന്നലും റഷ്യക്കാരെ അസ്വസ്ഥരാക്കുന്നു.

യുക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ സ്വാധീനം ചെലുത്താനുള്ള പുടിന്റെ ശേഷിയും വൻതിരിച്ചടി നേരിടുകയാണ്. ഒരു കാലത്ത് മധ്യപൂർവേഷ്യയിൽ ശക്തമായ സാന്നിധ്യമായിരുന്ന റഷ്യ, സിറിയൻ ഏകാധിപതി ബഷാർ അൽ അസദിന്റെ പതനത്തോടെ അവിടെനിന്ന് ഏതാണ്ട് പൂർണ്ണമായി പിന്തള്ളപ്പെട്ടു. പാശ്ചാത്യലോകം റഷ്യയെ യുക്രൈനിൽ ദീർഘകാല യുദ്ധത്തിൽ തളച്ചിട്ടതിന്റെ ഗുണഫലങ്ങളിലൊന്നായിരുന്നു സിറിയയിലെ അട്ടിമറിയെന്ന് കരുതുന്നവരുണ്ട്.

തങ്ങളുടെ വിഭവങ്ങളും സൈനികശേഷിയും യുക്രൈനിലേക്കു തിരിച്ചുവിടാൻ റഷ്യ നിർബന്ധിതമായത് പശ്ചിമേഷ്യയിലുണ്ടാക്കിയ ശൂന്യത ട്രംപും യുഎസ് ഭരണകൂടവും ഇസ്രയേലും കൃത്യമായി ഉപയോഗപ്പെടുത്തുന്നതാണ് ലോകം കാണുന്നതെന്ന വാദമുണ്ട്. ഇറാനെ ഒറ്റപ്പെടുത്താനും, ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ട്രംപിന്റെ പുതിയ വ്യാപാര, സഖ്യ നയങ്ങൾ നടപ്പാക്കാനും റഷ്യൻ സാന്നിധ്യത്തിന്റെ അഭാവം അമേരിക്കയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. ചുരുക്കത്തിൽ, കിഴക്കൻ യൂറോപ്പിൽ പുതിനെ തളച്ചിട്ടുകൊണ്ട് റഷ്യയുടെ ഇടങ്കോലില്ലാതെ പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്രീയ ഭൂപടം തങ്ങൾക്ക് അനുകൂലമായി തിരുത്തിയെഴുതുകയാണ് അമേരിക്കയും സഖ്യകക്ഷികളും ചെയ്യുന്നത്. പുതിന്റെ മങ്ങിയ പ്രതിച്ഛായയും തകരുന്ന റഷ്യൻ സാമ്പത്തികരംഗവും യുഎസ് നീക്കങ്ങൾക്ക സഹായകമാവുന്നു.

റഷ്യ ഇറാൻ യുദ്ധത്തിൽ പങ്കാളിയാകുമോ?

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ റഷ്യ നേരിട്ടു പങ്കെടുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇറാനുമായി 20 വർഷത്തെ തന്ത്രപ്രധാന പങ്കാളിത്ത കരാർ ഒപ്പിട്ടിട്ടുണ്ടെങ്കിലും, ഇറാൻ സൈനിക സഹായമൊന്നും ചോദിച്ചിട്ടില്ലെന്നും കരാർ പരസ്പര പ്രതിരോധ സഖ്യമല്ലെന്നും റഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ ഉപഗ്രഹ വിവരങ്ങൾ നൽകുന്നതായി ആരോപണമുണ്ടെങ്കിലും വിമാനങ്ങൾ, വ്യോമപ്രതിരോധ യൂണിറ്റുകൾ, സൈന്യം എന്നിവ വിട്ടുനൽകാൻ റഷ്യ തയ്യാറായിട്ടില്ല. കാരണം വ്യക്തമാണ്- നിലവിലെ സാഹചര്യത്തിൽ യുക്രൈന് പുറമേ യുഎസിനും ഇസ്രയേലിനുമെതിരെ രണ്ടാമതൊരു മുന്നണി തുറക്കാൻ അവർക്ക് ശേഷിയില്ല.

മാത്രമല്ല, ഇറാൻ യുദ്ധം നീണ്ടുനിൽക്കുന്നതാണ് പല കാരണങ്ങളാൽ റഷ്യയ്ക്ക് കൂടുതൽ ലാഭകരം. പശ്ചിമേഷ്യാ സംഘർഷത്തിന്റെ വലിയ ഗുണഭോക്താക്കളിലൊരാളായാണ് റഷ്യയെ വിശകലന വിദഗ്ദ്ധർ കാണുന്നത്.

1. അമേരിക്കയുടെയും ഇസ്രയേലിന്റെയും ശ്രദ്ധയും ആയുധശേഖരവും യുക്രൈനിൽ നിന്നും തിരിച്ചുവിടുന്നു
2. വലിയതോതിൽ ആഗോള എണ്ണവില വർദ്ധിക്കുന്നത് റഷ്യൻ ഊർജ്ജ കയറ്റുമതിക്ക് മേലുള്ള ഉപരോധസമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു
3. ഗൾഫ് രാജ്യങ്ങളുമായി നയതന്ത്ര മധ്യസ്ഥത സാധ്യമാക്കുന്നു, ഇറാനോ യുഎസോ ഇസ്രയേലോ നൽകേണ്ടിവരുന്ന ഭീമമായ വില നൽകാതെ. ഇക്കാരണങ്ങളാൽ ഇറാനെ തുണയ്ക്കാൻ ഗൾഫിന് മുകളിലൂടെ റഷ്യൻ പോർവിമാനങ്ങൾ പറക്കാൻ സാധ്യത കമ്മിയാണ്.

ഇന്ത്യൻ നാവികർ അപകടമുഖത്ത്, കൊലക്കളമായി കരിങ്കടൽ

2026 ഏപ്രിൽ മുതൽ കരിങ്കടലിലെ വാണിജ്യക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഗണ്യമായി വർദ്ധിച്ചു. യുക്രൈന്റെ ധാന്യ കയറ്റുമതിയെ റഷ്യ ലക്ഷ്യം വെക്കുമ്പോൾ, റഷ്യയുമായി എണ്ണവ്യാപാരം നടത്തുന്ന 'കള്ള' ടാങ്കറുകളെ യുക്രൈൻ ആക്രമിക്കുന്നു. ഇതോടെ, ലോകത്തിലെ ഏറ്റവും അപകടകരമായ കപ്പൽ പാതകളിലൊന്നായിരിക്കുന്നു കരിങ്കടൽ. ഇവിടെ കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും നാവിക ഉദ്യോഗസ്ഥരുടേതാണ്. യുദ്ധവുമായി ബന്ധമില്ലാത്ത മൂന്നാംരാജ്യങ്ങളിലെ പൗരൻമാർ ഈ യുദ്ധത്തിനിടയിൽപെട്ട് ജീവഹാനി സംഭവിക്കുന്നത് അപൂർവമാണ്.

പക്ഷേ, ഇന്ത്യയുടെ കാര്യം അത്ര നിസ്സാരമല്ല. ലോകത്തിലെ ഏറ്റവും വലിയ നാവിക തൊഴിൽശക്തിയാണ് (മൂന്നേകാൽ ലക്ഷത്തോളം നാവികർ) ഇന്ത്യ എന്നതാണ് കാരണം. 2026 ജൂലൈ അവസാനത്തോടെ അഞ്ച് ഇന്ത്യൻ നാവികരാണ് കൊല്ലപ്പെട്ടത്. രണ്ട് പേരെ കാണാതായിട്ടുണ്ട്. പതിമൂന്ന് ഇന്ത്യൻ നാവികർ യുക്രൈനിലെ ചോർണോമോർസ്‌ക് തുറമുഖത്ത് എംവി അമീർ1 എന്ന കപ്പലിൽ കുടുങ്ങി. ജൂലൈ 19-ന് യുക്രൈനിലെ ഒഡെസ്സയിൽനിന്ന് പുറപ്പെട്ട എംവി ഗോൾഡൻ ലിയോ എന്ന കപ്പലിനെ റഷ്യൻ മിസൈലുകൾ ആക്രമിച്ചപ്പോൾ നാല് ഇന്ത്യൻ നാവികർ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ജൂലൈ 18-ന് എംവി ഒമോർഫി എന്ന കപ്പലിൽ യു്രൈകൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ചീഫ് ഓഫീസർ സാഗർ ഗുപ്ത മരിച്ചത്. ജൂലായ് 25-ന് ഡ്രോൺ ആക്രമണത്തെ (റഷ്യയുടേതെന്ന് സംശയിക്കപ്പെടുന്നു) തുടർന്ന് എംവി എജിഎൻ രഗ്നർ എന്ന കപ്പലിൽനിന്ന് കടലിൽ ചാടിയ ചന്ദ്രറാം ദുബേ, ദീപക് കുമാർ ഗുപ്ത എന്നിവരെ ഇതെഴുതും വരെ കണ്ടെത്താനായിട്ടില്ല. ആക്രമണത്തിനിരയായ കപ്പലുകളൊന്നും ഇന്ത്യൻ ഉടമസ്ഥതയിലുള്ളവയല്ല.

ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ ശക്തമായി പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം റഷ്യയുടെ ചാർജ് ഡി അഫയേഴ്സിനെയും യുക്രൈൻ അംബാസഡറിനെയും വിളിച്ച് പ്രതിഷേധം അറിയിച്ചു. വാണിജ്യക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണെന്നും സിവിലിയൻ നാവികരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പ്രതിഷേധത്തോട് ഇരുരാജ്യങ്ങളും പ്രതികരിച്ചത് വ്യത്യസ്ത രീതിയിലാണ്. ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ കീവ് ഭരണകൂടത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്ന കപ്പലുകളെ റഷ്യൻ സൈന്യം ആക്രമിക്കുന്നത് തുടരുമെന്നു വ്യക്തമാക്കി. യുക്രൈന്റെ വിദേശമന്ത്രി ആന്ദ്രി സിബിഹ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ചു. എന്നാൽ, രണ്ടു സർക്കാരുകളും ഭാവിയിൽ ഇന്ത്യൻ നാവികർ ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പുനൽകിയിട്ടില്ല.

ഇന്ത്യക്കാർ കൊല്ലപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതും അതനുസരിച്ച ജനരോഷവും നയതന്ത്ര സമ്മർദ്ദവും വർദ്ധിക്കുന്നതും കണ്ടില്ലെന്നു നടിക്കാൻ ഇന്ത്യക്കാവില്ല. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളെ ഉപയോഗിച്ച് എത്രത്തോളം സമ്മർദ്ദം ചെലുത്താമെന്നതാവും ആദ്യം നോക്കുക. കരിങ്കടലിൽ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് നിയന്ത്രിക്കുന്നതും അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടുന്നത് അടക്കമുള്ള മാർഗങ്ങളും ആരായേണ്ടി വരും.