റാനെ പൂർണമായി കീഴടക്കിയെന്നും അവരെക്കൊണ്ട് 'നിരുപാധിക കീഴടങ്ങലിൽ' ഒപ്പുവെപ്പിച്ചെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത് നാലുമാസം മുമ്പായിരുന്നു. അത് ഇന്ന് ആരും ഓർക്കുന്നുപോലുമുണ്ടാവില്ല! ഒടുവിൽ കഴിഞ്ഞ ജൂണിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ വന്ന വെടിനിർത്തൽ കരാർ പൂർണമായും തകർന്നിരിക്കുന്നു. മാത്രമല്ല, മുമ്പാരും പ്രതീക്ഷിക്കാത്ത ദിശകളിലേക്ക് സംഘർഷം പടരുകയുമാണ്.

To advertise here,

ഇറാനെതിരെ പുതിയൊരു സൈനികനീക്കത്തെക്കുറിച്ച് താൻ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അതുണ്ടായാൽ മുൻപ് നടന്ന 'ഓപ്പറേഷൻ എപിക് ഫ്യൂറി'യേക്കാൾ കനത്തതായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. 'വളരെ വലിയൊരു ആക്രമണത്തെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. ഇതുവരെ ഉണ്ടായിട്ടുള്ളതിനേക്കാൾ ഏറ്റവും വലിയ ഒന്ന്. തീരുമാനത്തോട് ഞാൻ ഏതാണ്ട് അടുത്തെത്തിക്കഴിഞ്ഞു. അതിന് ഞങ്ങൾ പൂർണസജ്ജരാണ്,' പ്രസിഡന്റ് അവകാശപ്പെട്ടു. കരാറിലെത്താൻ തയ്യാറാകാത്ത 'അവർക്ക് (ഇറാന്) കിട്ടിയ വേദന ഇനിയും ആവശ്യത്തിനായിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ സമാധാന നിർദ്ദേശം ഇറാനിയൻ നേതാക്കൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.

ഹോർമുസ് കടലിടുക്കിനടുത്തുവെച്ച് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ഇറാന്റെ എണ്ണവിൽപനയ്ക്ക് വീണ്ടും ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ട്രംപ് ഭരണകൂടം വ്യോമാക്രമണ പരമ്പരയ്ക്ക് തുടക്കമിട്ടത്. ഇറാന്റെ മിസൈൽ സംഭരണ കേന്ദ്രങ്ങളും ഡ്രോൺ താവളങ്ങളും തീരദേശ നിരീക്ഷണ കേന്ദ്രങ്ങളും ലക്ഷ്യമാക്കി അമേരിക്ക തുടർച്ചയായി ആക്രമണം നടത്താൻ തുടങ്ങിയിട്ട് രണ്ടാഴ്ചയാവുന്നു. ബ്രെന്റ് ക്രൂഡോയിൽ വില ജൂലൈ 23-ന് ബാരലിന് 101.10 ഡോളറിലെത്തി. 6.45 ശതമാനം വർധന. ഏഷ്യയിലെ പ്രമുഖ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെയെല്ലാം വിലവർധന വിഷമത്തിലാക്കിയിട്ടുണ്ട്. ട്രംപ് ഏർപ്പെടുത്തിയ പുതിയ തീരുവകളുടെ ഭാരത്തിനു പുറമേയാണ് ഈ അധികസമ്മർദ്ദം.

ഹൂത്തികൾ തുറന്ന രണ്ടാം യുദ്ധമുന്നണി

സംഘർഷാവസ്ഥ ഏറ്റവുമൊടുവിൽ ആളിക്കത്തിച്ചത് ഇറാന്റെ സഖ്യകക്ഷിയായ യെമനിലെ ഹൂത്തികളാണ്. സൗദിയുടെ രണ്ട് എണ്ണടാങ്കറുകളെ ആക്രമിച്ചതായി അവർതന്നെ അറിയിച്ചു. ചെങ്കടലിൽ വെച്ചുണ്ടായ ആക്രമണത്തിന് പിന്നാലെ ഒരു കപ്പലിന് തീപിടിച്ചതായി സൗദി അധികൃതരും സ്ഥിരീകരിച്ചു. ഇതോടെയാണ് രണ്ടുമാസത്തിനിടെ ആദ്യമായി എണ്ണവില ബാരലിന് 100 ഡോളർ കടന്നത്. ചെങ്കടലിലെ കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ഏത് ഹൂത്തി ആക്രമണത്തിനും ഇറാനെ ഉത്തരവാദിയായി കണക്കാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഹൂത്തികൾ 'സമുദ്ര ഉപരോധം' പ്രഖ്യാപിച്ചതിനെ തുടർന്ന് ചൈനയിലേക്കും ഇന്ത്യയിലേക്കും ദശലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി പോയിരുന്ന സൗദിയുടെ അഞ്ച് എണ്ണ ടാങ്കറുകൾ വഴിതിരിച്ചുവിട്ടു. ലോകത്തിലെ ഇരുപതു ശതമാനത്തോളം എണ്ണഗതാഗതം നടക്കുന്ന ഹോർമുസിലും ചെങ്കടലിലെ ബാബ് അൽമന്ദബ് കടലിടുക്കിലും ഒരേസമയം യുദ്ധഭീഷണി ഉയരുന്നത് ഈ യുദ്ധത്തിൽ ഇതാദ്യമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ രണ്ട് എണ്ണക്കടത്തു പാതകളും ഭീഷണിയിലായതോടെ കപ്പലുകൾക്ക് മറ്റു വഴിയില്ലാത്ത അവസ്ഥയായി. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീണ്ടുനിന്നാൽ ഈ വർഷം അവസാനത്തോടെ ക്രൂഡോയിൽ വില ബാരലിന് 120 ഡോളർ കടക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഹോർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെജോലിക്കായി അയക്കരുതെന്ന് കേന്ദ്ര സർക്കാർ ഈയിടെ നിർദ്ദേശം നൽകിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും സഞ്ചരിച്ചിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടാവുകയും ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് കേന്ദ്രം ഈ നടപടിയെടുത്തത്. ചെങ്കടൽ മാർഗവും എണ്ണ കൊണ്ടുവരാൻ പറ്റാതെയായാൽ ആഫ്രിക്കൻ വൻകര ചുറ്റി വരേണ്ടിവരും, അത് യാത്രാചെലവും ഇൻഷുറൻസ് നിരക്കുകളും കുത്തനെ കൂട്ടും. ഇറാനെതിരെ 'വലിയൊരു സൈനിക നീക്കം' നടത്തിയേക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പും വിപണിയെ വിറപ്പിക്കുന്നു.

ട്രംപ് പൊളിക്കുന്ന സൗദി ആണവക്കരാർ

തങ്ങളുടെ രാജ്യങ്ങളിൽ ഇറാൻ ആക്രമണങ്ങൾ തുടരുന്നതിനിടെ ഉത്കണ്ഠയിലാണ് ഗൾഫ് രാജ്യങ്ങൾ. അമേരിക്ക ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾക്ക് ജിസിസി രാജ്യങ്ങൾ കണക്കുപറയേണ്ടിവരുന്ന സാഹചര്യം. അത് മുതലാക്കാനാണ് ട്രംപിന്റെ നീക്കം. യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി സഹമന്ത്രിയും ചേർന്ന് സിവിലിയൻ ആണവ സഹകരണ കരാറിലും (123 കരാർ) ഉഭയകക്ഷി സുരക്ഷാ കരാറിലും ഒപ്പുവെച്ചു. സൗദി അറേബ്യയ്ക്ക് സിവിലിയൻ ആണവോർജ്ജ സാങ്കേതികവിദ്യയും റിയാക്ടറുകളും നൽകുന്നതിനുള്ള നിയമപരമായ ചട്ടക്കൂടാണ് ആയിരക്കണക്കിന് കോടി ഡോളറുകൾ മൂല്യമുള്ള ഈ മുപ്പതുവർഷ കരാർ വാഗ്ദാനം ചെയ്യുന്നത്.

എന്നാൽ, ഒപ്പുവെച്ച് ഒരുദിവസത്തിനകം ട്രംപ് വാക്ക് തെറ്റിച്ചു. സൗദിക്ക് സ്വന്തമായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള വഴി തുറന്നു നൽകുന്ന കരാറിന് അന്തിമ അംഗീകാരം ലഭിക്കണമെങ്കിൽ അബ്രഹാം ഉടമ്പടിയിൽ സൗദി അറേബ്യ ഒപ്പുവെക്കണം എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇസ്രയേലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കണം എന്നർത്ഥം. നിലവിലെ ലോക സാഹചര്യത്തിൽ (ഗാസ പ്രതിസന്ധി, പലസ്തീൻ) അമേരിക്കയുടെ ഈ ആവശ്യം അംഗീകരിക്കാൻ സൗദി അറേബ്യയ്ക്ക് ഉടനെയൊന്നും സാധിക്കില്ല. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് മുമ്പ് പലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് വ്യക്തമായ വഴി തെളിയണമെന്നാണ് സൗദിയുടെ ഉറച്ച നിലപാട്. എന്തായാലും, ആഘോഷത്തോടെ ഒപ്പുവെച്ച ആണവക്കരാർ 24 മണിക്കൂറിനുള്ളിൽ മരണക്കിടക്കയിലായി.

ആണവപ്രശ്‌നത്തിൽ അമേരിക്ക എന്തുചെയ്താലും ശരി, സൗദിക്ക് ഒരു പ്ലാൻ ബി ഉണ്ട്- പാകിസ്താൻ. 2025-ൽ സൗദിയും പാകിസ്താനും ചേർന്ന് ചരിത്രപ്രധാനമായ പ്രതിരോധകരാറിൽ ഒപ്പുവെച്ചിരുന്നു. അതുപ്രകാരം തങ്ങളിൽ ഒരാൾക്ക് നേരെയുണ്ടാകുന്ന ആക്രമണം മറ്റേയാൾക്ക് എതിരായ ആക്രമണമായി കണക്കാക്കും. ഇപ്പോൾത്തന്നെ പതിനായിരക്കണക്കിന് പാക് സൈനികർ സൗദിയിലുണ്ട്. പാകിസ്താന്റെ ആണവ പരീക്ഷണങ്ങൾക്ക് 1970-80 കാലഘട്ടം മുതൽ വലിയ തോതിൽ സൗദി സാമ്പത്തിക സഹായം നൽകിയിരുന്നുവെന്നും പകരമായി പ്രതിസന്ധിഘട്ടത്തിൽ റിയാദിന് ആവശ്യമായ ആണവായുധങ്ങൾ നൽകാമെന്ന രഹസ്യ ധാരണ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നെന്നും പൊതുവെ കരുതപ്പെടുന്നു, ഇരുരാജ്യങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും.

റഷ്യ-ചൈന-ഇറാൻ അച്ചുതണ്ടും ഇസ്രയേലിന്റെ മനഃപ്രയാസവും

അമേരിക്കയും ഇസ്രയേലും മാസങ്ങളോളം ആക്രമണം നടത്തിയിട്ടും ഇറാൻ പൊരുതിനിൽക്കുന്നത് നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നു. ഇറാന് കിട്ടിയ വേദന ആവശ്യത്തിനായിട്ടില്ലെന്ന ട്രംപിന്റെ വാക്കുകൾ അവരിപ്പോഴും നന്നായി പൊരുതുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ്. ആ പോരാട്ടവീര്യം നിലനിർത്താൻ നിശബ്ദമായി സഹായിക്കുന്നത് റഷ്യയും ചൈനയുമാണെന്ന് പാശ്ചാത്യമാധ്യമങ്ങൾ ആരോപിക്കാറുണ്ട്. റഷ്യയോ ചൈനയോ യുദ്ധക്കളത്തിൽ ഇറാനെ നേരിട്ട് സഹായിച്ചതിന് തെളിവുകളൊന്നുമില്ലെങ്കിലും രഹസ്യവിവരങ്ങളും ഉപഗ്രഹസഹായവും നൽകിയെന്ന ആരോപണം ശക്തമാണ്. ഗൾഫിലെ അമേരിക്കൻ താവളങ്ങൾ ഇറാൻ ആക്രമിച്ചതിലെ കൃത്യത വിമർശകർ ഉദാഹരിക്കുന്നു.

വർഷങ്ങൾക്ക് മുമ്പ് ഓർഡർചെയ്ത സുഖോയ് 35 (സു35) യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് റഷ്യ ഇറാന് കൈമാറിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സമീപകാലത്തെ യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായശേഷം ഈ വിമാനങ്ങളെത്തിയിട്ടുണ്ടെങ്കിൽ ടെഹ്‌റാൻ വലിയ ആത്മവിശ്വാസത്തിലാവും. ഉപരോധങ്ങൾക്കിടയിലും ചൈന വലിയതോതിൽ എണ്ണ വാങ്ങിയത് ഇറാന്റെ യുദ്ധ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തി. (വെടിനിർത്തൽ കാലത്ത് ഉപരോധം നീങ്ങിയപ്പോൾ വലിയതോതിൽ ഇറാനിയൻ എണ്ണ ചൈനയിലേക്ക് നീങ്ങി.) രണ്ടു രാജ്യങ്ങൾ തമ്മിലുള്ള (അല്ലെങ്കിൽ ഇസ്രയേൽ ഉൾപ്പെടെ മൂന്നു കൂട്ടർ) പോരാട്ടമായി ചിത്രീകരിക്കാൻ യുഎസ് ആഗ്രഹിച്ച യുദ്ധത്തെ രണ്ടു ചേരികൾ തമ്മിലുള്ള പരോക്ഷയുദ്ധമാക്കി മാറ്റാൻ മോസ്‌കോയ്ക്കും ബീജിങ്ങിനും സാധിച്ചെന്നും വ്യാഖ്യാനമുണ്ട്.

അതേസമയം, തുർക്കിക്ക് അത്യാധുനിക എഫ്35 പോർവിമാനങ്ങൾ വിൽക്കാനും അതിനോടനുബന്ധിച്ച ഉപരോധങ്ങൾ നീക്കുന്നതിനും ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചത് ഇസ്രയേലിനെ അസ്വസ്ഥമാക്കി. തുർക്കിക്ക് എഫ്35 വിൽക്കുന്നത് പശ്ചിമേഷ്യയിലെ ശക്തിസന്തുലിതത്വത്തെ തകർക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് എർദോഗന്റെ നയങ്ങളും ഹമാസുമായും മുസ്ലീം ബ്രദർഹുഡുമായുള്ള ബന്ധവും കണക്കിലെടുക്കുമ്പോൾ തുർക്കി യുഎസിന്റെ മാതൃകാ സഖ്യകക്ഷിയല്ലെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതാദ്യമാണ് ഇസ്രയേൽ ഒരു നേറ്റോ അംഗരാജ്യത്തിന് അമേരിക്ക ആയുധങ്ങൾ വിൽക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവരുന്നത്. എന്നാൽ, ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് നെതന്യാഹു സർക്കാരിനെതിരെയുള്ള കടുത്ത വിമർശനങ്ങളെ വഴിതിരിച്ചു വിടാനാണ് ഇസ്രയേൽ തർക്കം ഉപയോഗിക്കുന്നതെന്ന് തുർക്കി ആരോപിച്ചു.

നേരത്തേ, വെടിനിർത്തൽ ചർച്ചകൾക്കിടെ ഇസ്രയേൽ ലെബനോനിൽ നടത്തിയ ആക്രമണങ്ങളെ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ശക്തിയായി വിമർശിച്ചിരുന്നു. തങ്ങൾ മുൻകൈയെടുക്കുന്ന സമാധാനശ്രമങ്ങളെ പതിവായി ഇസ്രയേൽ തുരങ്കം വെക്കുന്നത് അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട്. ഇറാൻ ആക്രമണത്തിൽ പങ്കെടുക്കാൻ തങ്ങൾ തയ്യാറാണെന്ന് ഇസ്രയേൽ അറിയിച്ചിട്ടും ഒപ്പം കൂട്ടാത്തതും തുർക്കിക്ക് എഫ് 35 കൊടുക്കാൻ ആലോചിക്കുന്നതുമൊക്കെ നെതന്യാഹുവിനുള്ള അനിഷ്ടസൂചനകളാണ്. പക്ഷേ, പതിവനുസരിച്ച് ഇസ്രയേൽ തങ്ങളുടെ ശൈലി മാറ്റാൻ പോകുന്നില്ല, തീരുമാനങ്ങൾ നടപ്പാക്കാൻ അമേരിക്കയുടെ അനുമതിക്ക് കാത്തുനിൽക്കുകയുമില്ല. അവർക്കറിയാം, ഇന്നല്ലെങ്കിൽ നാളെ അമേരിക്ക വഴിക്കുവരുമെന്ന്!

അമേരിക്കൻ ചൂതാട്ടവും തീരാത്ത യുദ്ധവും

ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ എങ്ങനെയും യുദ്ധം അവസാനിപ്പിച്ച് ട്രംപ് 'വിജയം' പ്രഖ്യാപിക്കുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. എന്നാൽ, സ്വയം നിശ്ചയിച്ച സമയപരിധികൾക്ക് ശേഷവും ആക്രമണം തുടരുന്ന യുഎസ് പ്രസിഡന്റ് ഇപ്പോൾ പുതിയ തീരുവകളും പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്നുകിൽ തിരഞ്ഞെടുപ്പിനെ അദ്ദേഹത്തിന് ഭയമില്ല, വോട്ടർമാർ പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസമുണ്ട്. അല്ലെങ്കിൽ യുദ്ധം തുടരുന്നതാണ് രാഷ്ട്രീയമായി നല്ലതെന്ന കണക്കുകൂട്ടൽ, അതുമല്ലെങ്കിൽ എന്തു സംഭവിച്ചാലും പ്രശ്‌നമില്ലെന്ന ചങ്കൂറ്റം.

അതെന്തായാലും ആകാശയുദ്ധം കൊണ്ടുമാത്രം ഇറാനെ മുട്ടുകുത്തിക്കാനാവില്ല. അതിന് മണ്ണിൽ ചവിട്ടിനിൽക്കുന്ന പട്ടാളബൂട്ടുകൾ വേണം. വ്യോമാക്രമണങ്ങൾക്ക് ഒരു രാജ്യത്തിന്റെ ശേഷി നശിപ്പിക്കാൻ സാധിച്ചേക്കാം. എന്നാൽ, അവയ്ക്ക് ഒരു ഭൂപ്രദേശം പിടിച്ചെടുക്കാനോ ഒരു ഭരണകൂടത്തെ താഴെയിറക്കാനോ ബലമായി കീഴടങ്ങൽ കരാറിൽ ഒപ്പുവെപ്പിക്കാനോ കഴിയില്ലെന്ന് ഇറാഖും അഫ്ഗാനിസ്താനും തെളിയിച്ചതാണ്. കോയലിഷൻ ഓഫ് പൊളിറ്റിക്കൽ ഫോഴ്‌സസ് ഓഫ് ഇറാനിയൻ കുർദിസ്ഥാൻ എന്ന പേരിൽ സംഘടിച്ചിട്ടുള്ള കുർദ് വിമതസേനകൾ തുറന്നുള്ള കരയുദ്ധത്തിന് ഇറങ്ങുന്നതിന് മുൻപ് സംഘർഷത്തിന്റെ പോക്ക് നിരീക്ഷിക്കുകയാണ്. തുടക്കത്തിൽ കുർദിഷ് പങ്കാളിത്തത്തെ പിന്തുണച്ച ട്രംപ് പിന്നീട് കുർദിഷ് പോരാളികൾക്ക് പരിക്കേൽക്കാനോ കൊല്ലപ്പെടാനോ താൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ് പിന്മാറുകയായിരുന്നു.

പടയ്ക്കിറങ്ങാൻ ഇസ്രയേൽ സൈന്യം തയ്യാറാണെങ്കിലും അതനുവദിച്ചാൽ ആർക്കും നിയന്ത്രിക്കാനാകാത്ത യുദ്ധത്തിലേക്ക് അത് വഴിമാറും. കുർദിഷ് പോരാളികളെ ഇറക്കിയാൽ അത് വംശീയമായ ആഭ്യന്തര കലാപങ്ങൾക്ക് വഴിതെളിച്ചേക്കാം. അമേരിക്കൻ സൈനികരെ അയക്കുന്നത് രാഷ്ട്രീയമായ ആത്മാഹുതിയിൽ കലാശിച്ചേക്കാം. അതിനാൽ ഇറാനിയൻ നേതൃത്വത്തിലെ ആഭ്യന്തര കലഹങ്ങളിലാവും ട്രംപിന്റെ പ്രതീക്ഷ.

പരമോന്നത നേതാവ് അലി ഖമനെയി അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അധികാരമേറ്റ മകൻ മുജ്തബ ഖമനേയിക്ക് ഒപ്പമാണ് ഐആർജിസി (ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ) എന്നാണ് കരുതപ്പെടുന്നത്. വെടിനിർത്തലിനെ എതിർത്ത ഐആർജിസി കമാൻഡർ അഹമ്മദ് വഹീദിയെ പോലുള്ള കടുത്ത നിലപാടുകാരും അമേരിക്കയുമായുള്ള ചർച്ചകൾ തുടരണമെന്ന് വാദിക്കുന്ന പ്രസിഡന്റ് പെസെഷ്‌കിയാൻ, വിദേശകാര്യമന്ത്രി അരാഗ്ചി, പാർലമെന്റ് സ്പീക്കർ ഗാലിബാഫ് എന്നിവരടങ്ങുന്ന പ്രായോഗികവാദികളും തമ്മിൽ പരസ്യമായ ഭിന്നതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ രണ്ട് പക്ഷങ്ങൾക്കിടയിലെ ഭിന്നതയാകാം തുറന്ന കരയുദ്ധമില്ലാതെ ട്രംപിന്റെ മനസ്സിൽ തെളിയുന്ന വഴി. അതുവരെ ട്രംപ് വൈറ്റ് ഹൗസിലുണ്ടാവുമോ?