2001 സെപ്റ്റംബർ 11. അന്ന് ഞാൻ 01 ലിബർട്ടി സ്ട്രീറ്റിലെ, വേൾഡ് ട്രേഡ് സെന്ററിന് തൊട്ടുമുന്നിലുള്ള ആ മൂന്നുനില ബർഗർ കിംഗ് കെട്ടിടത്തിലാണ് ജോലി ചെയ്തിരുന്നത്. അന്നത്തെ ആ കെട്ടിടം ലോകചരിത്രത്തിന്റെ തന്നെ ഭാഗമാവുകയായിരുന്നു. വലിയ കെട്ടിടങ്ങൾ തകർന്നു വീണപ്പോഴും, വലുപ്പത്തിൽ ചെറുതായതുകൊണ്ട് ആ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നില്ല.

To advertise here,

അപകടം നടന്നതോടെ സുരക്ഷാസേന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പൊതുജനങ്ങൾക്കോ മാധ്യമങ്ങൾക്കോ പ്രവേശനമില്ലാതിരുന്ന അതീവ സുരക്ഷാമേഖലയായിരുന്നു വേൾഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള മേഖല. തുടർന്നുള്ള ദിവസങ്ങളിൽ സന്നദ്ധപ്രവർത്തകരുടെയും റെസ്ക്യൂ ടീമിന്റെയും എവിഡൻസ് കളക്ഷൻ സെന്ററായി ബർഗർ കിംഗ് മാറി.

ഫയർഫൈറ്റേഴ്സ് അവശിഷ്ടങ്ങൾക്കിടയിൽനിന്നു സാധനങ്ങൾ കൊണ്ടുവന്നു. വാച്ചിന്റെ ക്ലിപ്പ്, പല്ലുകൾ, കണ്ണടകൾ എന്നിവ അതിൽപെടുന്നു. കൃത്യമായ തീയതിയും സമയവും രേഖപ്പെടുത്തി അവ അവിടെ സൂക്ഷിച്ചുവെച്ചു. തിരിച്ചറിയാനായി ബന്ധുക്കൾ എത്തുന്നതും കാത്ത് അവ അവിടെയിരുന്നു.

ദുരന്തത്തിന്റെ പിറ്റേദിവസം വൈകുന്നേരം ഞാൻ വീട്ടിലേക്ക് പോകാനിറങ്ങി. റെസ്റ്റോറന്റിലെ സെയിൽസ് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളുമുള്ള ഹാർഡ് ഡ്രൈവ് അടങ്ങിയ ഒരു ബോക്സ് എന്റെ കയ്യിൽ ഉണ്ടായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് എനിക്ക് കർശന നിർദേശം നൽകിയിരുന്നു. ഞാൻ പുറത്തേക്കിറങ്ങി. എഫ്ഡിആർ ഹൈവേയ്ക്ക് സമീപമായിരുന്നു മാധ്യമങ്ങളും പൊതുജനങ്ങളും നിന്നിരുന്നത്.

കയ്യിലൊരു ഹാർഡ് ഡ്രൈവുമായി വരുന്ന എന്നെ മാധ്യമപ്രവർത്തകർ ശ്രദ്ധിച്ചു. സി.എൻ.എൻ, ഫോക്സ്, എ.ബി.സി തുടങ്ങിയ പ്രമുഖ മാധ്യമപ്രവർത്തകർ ഓടിയെത്തി "ഇത് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ആണോ?" അവർ ആകാംക്ഷയോടെ ചോദിച്ചു. സുരക്ഷാ ഏജൻസികളുടെ നിർദ്ദേശമുള്ളതിനാൽ ഞാൻ ഒന്നും സംസാരിക്കാതെ മുന്നോട്ട് നടന്നു. അവർ നിരാശയോടെ എന്നെ നോക്കി.

ഏതാണ്ട് രണ്ടുമാസത്തിന് ശേഷം എഫ്.ബി.ഐ (FBI) യിൽനിന്ന് അവർ കോർഡിനേറ്റ് ചെയ്യുന്ന ഒരു മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു വെളുത്ത പൊടി മെയിൽ ആയി വരുന്നതുമായി ബന്ധപ്പെട്ട വളരെയധികം പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലം കൂടി ആയിരുന്നു. ഡൗൺ ടൗണിലെ ഓഫീസിൽ എത്തിയ എന്നെ അവർ മീഡിയ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്ക്രീനിൽ കാണുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമം ആയിരുന്നു.

പൊടിപടലങ്ങൾക്കിടയിലൂടെ ആളുകൾ ജീവനും കൊണ്ട് ഓടുമ്പോൾ ചിലർ വളരെ ശാന്തമായി വേൾഡ് ട്രേഡ് സെന്റർ നോക്കിനിൽക്കുന്ന പടങ്ങൾ കണ്ടു പക്ഷേ ബ്ലാക്ക് ആൻഡ് വൈറ്റ് ഗ്രെയിൻസ് ഉള്ളതുകൊണ്ട് ആളുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. ചിത്രങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ല എങ്കിലും ഒരു പ്രധാന കാര്യം ഞാൻ അവരുടെ ശ്രദ്ധയിൽപ്പെടുത്തി. ലിബർട്ടി സ്ട്രീറ്റിൽ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന, കോഫിയും ന്യൂസ് പേപ്പറും വിൽക്കുന്ന കൊച്ചു കടകൾ (Stand-alone kiosks) ആ അപകട സമയത്ത് പൂട്ടിക്കിടക്കുകയായിരുന്നു.

24 മണിക്കൂറും തുറന്നിരിക്കേണ്ട ആ കടകൾ അന്ന് പൂട്ടിയിട്ടിരുന്നതിലെ സംശയം ഞാൻ എഫ്.ബി.ഐയോട് ചോദിച്ചെങ്കിലും, അതിന് ഇന്നും എനിക്ക് മറുപടി ലഭിച്ചിട്ടില്ല. കാൽ നൂറ്റാണ്ട് തികയുന്ന ഈ വേളയിലും, ആ ദുരന്തമുഖത്ത് നേരിട്ട് അനുഭവിക്കേണ്ടി വന്ന ഈ നിമിഷങ്ങൾ എന്റെ മനസ്സിൽ ഇന്നും മങ്ങാതെ നിൽക്കുന്നു.