''നിങ്ങള്‍ എന്നെയും എന്റെ പാര്‍ട്ടിയെയും നിയമസഭയിലേക്ക് അയച്ചാല്‍ മാത്രമേ ആന്ധ്രപ്രദേശില്‍ വികസനം കൊണ്ടുവരാനാകൂ... അല്ലെങ്കില്‍ ഇത് എന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും,'
കഴിഞ്ഞ വര്‍ഷം നവംബറില്‍, ആന്ധ്രപ്രദേശില്‍ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കര്‍ണൂലില്‍ ഒരു റാലിയില്‍ തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ചന്ദ്രബാബു നായിഡു പറഞ്ഞതാണ് ഈ വാക്കുകള്‍. 73-ാം വയസ്സില്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനത്തിലേക്ക് ഉറ്റുനോക്കുന്ന ഒരു വ്യക്തിയുടെ നിരാശയായാണ് അന്ന് പലരും നായിഡുവിന്റെ വാക്കുകളെ കണ്ടത്. പക്ഷേ ആറ് മാസത്തിനിപ്പുറം തിരഞ്ഞെടുപ്പ് ഫലംവരുന്ന ഘട്ടത്തില്‍ എല്ലാവരും എഴുതിത്തള്ളിയ അവസ്ഥയില്‍നന്ന് അത്ഭുതകരമായ തിരിച്ചുവരവാണ് നായിഡു നടത്തിയത്. ഒരുവേള അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടത്ത് നിന്ന് അധികാരത്തിലേയ്ക്കുള്ള അവിശ്വസനീയമായ ഉയര്‍ത്തെഴുന്നേല്‍പ്പ് !

To advertise here,

നീണ്ട ഇടവേളയ്ക്കുശേഷമാണ് ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. അധികാരം പിടിച്ചെടുത്തത്. നിയമസഭയില്‍ 175-ല്‍ 134 സീറ്റ് നേടിയായിരുന്നു നായിഡുവിന്റെ മടങ്ങിവരവ്. 151 സീറ്റുണ്ടായിരുന്ന മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് 12 സീറ്റിലേക്ക് ചുരുങ്ങി. ടി.ഡി.പി.യുടെ സഖ്യകക്ഷിയായ ബി.ജെ.പി. എട്ടു സീറ്റിലും പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടി 21 സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസിന് ഒരുസീറ്റുപോലും ലഭിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലും തെലുഗുദേശത്തിന്റെ ആധിപത്യമായിരുന്നു. സംസ്ഥാനത്തെ 25 ലോക്സഭാ മണ്ഡലത്തില്‍ 16 എണ്ണവും ടി.ഡി.പി. നേടി. സഖ്യകക്ഷിയായ ബി.ജെ.പി. മൂന്നുസീറ്റും ജനസേനാപാര്‍ട്ടി രണ്ടുസീറ്റും നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22 സീറ്റുനേടിയ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നാലു സീറ്റില്‍ ഒതുങ്ങി. ആന്ധ്രയില്‍നിന്നും തെലുഗുദേശം പാര്‍ട്ടി ഉള്‍പ്പെടുന്ന എന്‍.ഡി.എ. സഖ്യം 25-ല്‍ 21 സീറ്റുനേടി ശക്തിതെളിയിച്ചു. ഇതോടെഒന്നുമില്ലായ്മയില്‍ നിന്ന് അധികാരം വെട്ടിപിടിച്ച ചന്ദ്രബാബു നായിഡു എന്‍.ഡി.എ സഖ്യത്തില്‍ കിങ് മേക്കറായി. 

placeholder
ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) യോഗത്തില്‍ ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് നേതാക്കള്‍ക്കുമൊപ്പം | Photo : PTI 

കര്‍ഷക കുടുംബത്തില്‍ ജനനം

ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിലെ നരവാരിപ്പള്ളിയില്‍ 1950 ഏപ്രില്‍ 20-നാണ് എന്‍. ചന്ദ്രബാബു നായിഡു ജനിച്ചത്. പിതാവ് നാര ഖാര്‍ജുര നായിഡു ഒരു കൃഷിക്കാരനായിരുന്നു. മാതാവ് അമനമ്മ വീട്ടമ്മയും. ഗ്രാമത്തില്‍ സ്‌കൂളില്ലാതിരുന്നതിനാല്‍ ഒരു കിലോമീറ്റര്‍ ആകലെ ശേഷാപുരത്താണ് ചന്ദ്രബാബു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ചന്ദ്രഗിരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പത്താംക്ലാസ് വരെ പഠിച്ചു. ബുദ്ധിമാനും സ്ഥിരോത്സാഹിയുമായിരുന്ന ചന്ദ്രബാബു സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ മികച്ച നേതൃഗുണം കാണിച്ചിരുന്നതായാണ് ചന്ദ്രഗിരി സ്‌കൂളിലെ അദ്ദേഹത്തിന്റെ തെലുങ്ക് അധ്യാപകന്‍ എം.നാരയാണ ശാസ്ത്രി പില്‍കാലത്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 1972-ല്‍ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ആര്‍ട്‌സ് കോളേജില്‍നിന്ന് ബിദുരം നേടി. തുടര്‍ന്ന് ശ്രീ വെങ്കിടേശ്വര സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. 1974-ല്‍ പ്രൊഫ.ഡി.എല്‍. നാരായണയ്ക്ക് കീഴില്‍ സാമ്പത്തികശാസ്ത്രത്തില്‍ ഗവേഷണം ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാക്കിയില്ല. 

ശ്രീ വെങ്കിടേശ്വര സര്‍വകലാശാല വിദ്യാര്‍ഥിയായിരിക്കെയാണ് ചന്ദ്രബാബു നായിഡുവിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബിരുദാനന്തര ബിരുദ പഠനകാലത്ത് അദ്ദേഹം വിദ്യാര്‍ഥി നേതാവായി. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരുകയും അടിയന്തരവസ്ഥക്കാലത്ത്  യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകത്തിന്റെ പ്രസിഡന്റാകുകയും ചെയ്തു. ഇതിനിടെ അദ്ദേഹം സഞ്ജയ് ഗാന്ധിയുമായി ബന്ധം സ്ഥാപിച്ചു. 1978-ല്‍ യുവാക്കള്‍ക്കുള്ള 20 ശതമാനം ക്വാട്ടയില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് ടിക്കറ്റ് ലഭിച്ചു. പ്രൊഫസര്‍ എന്‍.ജി.രംഗയും ജി.രാംഗോപാല്‍ നായിഡുവും ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. കരിമ്പ് കൃഷിയില്‍നിന്നുള്ള വരുമാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബം മാറ്റിവെച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹം 300,000 രൂപ ചെലവഴിച്ചു. നായിഡു മുഖ്യമന്ത്രിയാകുമെന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചതിനാല്‍ കുടുംബം ചെലവ് കാര്യമാക്കിയില്ലെന്ന് അദ്ദേഹത്തിന്റെ മാതാവ് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ചന്ദ്രഗിരി നിയോജകമണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ച് അദ്ദേഹം ആദ്യമായി നിയമസഭാംഗമായി. 

തുടക്കത്തില്‍ ആന്ധ്രപ്രദേശ് ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ആന്ധ്രപ്രദേശ് കോണ്‍ഗ്രസിലെ യുവമുഖമായി കണക്കാക്കിയിരുന്ന റായിഡു താമസിയാതെ ടി. അഞ്ജയ്യയുടെ ജംബോ മന്ത്രിസഭയില്‍ മന്ത്രിയായി. ഇക്കാര്യത്തിലും പ്രൊഫസര്‍ രംഗയുടെ സഹായം റായിഡുവിനുണ്ടായിരുന്നു. 1980-നും 1983-നും ഇടയില്‍, അദ്ദേഹം സംസ്ഥാന സര്‍ക്കാരില്‍ ആര്‍ക്കൈവ്‌സ്, സിനിമാട്ടോഗ്രഫി, സാങ്കേതിക വിദ്യാഭ്യാസം, ചെറുകിട ജലസേചനം തുടങ്ങി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 28-ാം വയസ്സില്‍ നിയമസഭാംഗമായ നായിഡു അക്കാലത്ത് ആന്ധ്രപ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയായിരുന്നു. 30-ാം വയസ്സില്‍ മന്ത്രിയുമായി. സിനിമാ മന്ത്രിയായിരിക്കെ, നായിഡു തെലുങ്ക് സിനിമയിലെ ജനപ്രിയ ചലച്ചിത്രതാരം എന്‍.ടി.രാമറാവുവുമായി അടുത്തു. നന്ദമുരി കുടുംബത്തിന് ചന്ദ്രബാബു നായിഡുവില്‍ മതിപ്പു തോന്നി. അങ്ങനെ രണ്ടാമത്തെ മകളായ ഭുവനേശ്വരിയെ വിവാഹം കഴിച്ചുകൊടുക്കാനും എൻ.ടി. ആർ. തീരുമാനിച്ചു.  1981 സെപ്റ്റംബറിലായിരുന്നു വിവാഹം.

കോണ്‍ഗ്രസില്‍നിന്ന് തെലുങ്ക്ദേശം പാര്‍ട്ടിയിലേക്ക് 

ആന്ധ്രയുടെ തലവര മാറ്റുന്നതായിരുന്നു എന്‍.ടി.ആര്‍. എന്നറിയപ്പെടുന്ന എന്‍.ടി. രാമറാവുവിന്റെ രാഷ്ട്രീയ പ്രവേശനം. 1982-ലാണ് എന്‍.ടി.ആര്‍. തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) രൂപീകരിക്കുന്നത്. അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലെ പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ചയാണ് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പ്രചോദനമായത്. എന്‍.ടി.ആര്‍. പാര്‍ട്ടി രൂപീകരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ മരുമകനായിരുന്ന ചന്ദ്രബാബു നായിഡു കോണ്‍ഗ്രസില്‍തന്നെ തുടര്‍ന്നു. മാത്രമല്ല, 1983-ല്‍ നടന്ന ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാര്യാപിതാവിന്റെ പാര്‍ട്ടിക്കെതിരേ മത്സരിക്കാനും മടികാണിച്ചില്ല. എന്‍.ടി.ആര്‍. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും ചന്ദ്രഗിരി സീറ്റ് നിലനിര്‍ത്താന്‍ നായിഡുവിന് കഴിഞ്ഞില്ല. ചന്ദ്രഗിരി നിയമസഭാ മണ്ഡലത്തില്‍ ടി.ഡി.പി. സ്ഥാനാര്‍ത്ഥിയോട് നായിഡു പരാജയപ്പെട്ടു. പിന്നാലെ എന്‍.ടി.ആര്‍. തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേരാന്‍ നായിഡുവിനോട് ആവശ്യപ്പെട്ടു. താമസിയാതെ അദ്ദേഹം തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടക്കത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിലും പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലുമാണ് അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചത്. 1984 ഓഗസ്റ്റില്‍ എന്‍.ടി.ആര്‍. മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന നാദേന്ദല ഭാസ്‌കര റാവു കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരിനെ അടിമറിച്ച ഘട്ടത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചന്ദ്രബാബു നായിഡു സജീവമായ പങ്കുവഹിച്ചു. ഇതോടെ എന്‍.ടി.ആര്‍. അദ്ദേഹത്തെ വളരെയധികം ആശ്രയിക്കാന്‍ തുടങ്ങി. 1986-ല്‍ ടി.ഡി.പിയുടെ ജനറല്‍ സെക്രട്ടറിയായി എന്‍.ടി.ആര്‍. നായിഡുവിനെ നിയമിച്ചു. 

മുഖ്യമന്ത്രിസ്ഥാനം വീണ്ടെടുത്തതിന് ശേഷം 1985-ല്‍ എന്‍.ടി.ആര്‍. ഇടക്കാല വോട്ടെടുപ്പ് തിരഞ്ഞെടുത്തെങ്കിലും ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. പാര്‍ട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. 1989-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുപ്പം മണ്ഡലത്തില്‍ നിന്ന് നായിഡു ജനവിധി തേടി. 1983-ലെ തോല്‍വിയാണ് ചന്ദ്രഗിരി ഉപേക്ഷിച്ച് കുപ്പത്തേക്ക് മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ചന്ദ്രഗിരിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടും തോറ്റതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരു. ടി.ഡി.പി സ്ഥാനാര്‍ഥിയായി മത്സരിച്ച നായിഡു 5,000 വോട്ടുകള്‍ക്ക് വിജയിച്ചു. 181 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസാണ് അധികാരത്തിലെത്തിയത്. ടി.ഡി.പി പ്രതിപക്ഷത്തായപ്പോള്‍, രാമറാവു അദ്ദേഹത്തെ പാര്‍ട്ടി കോ-ഓര്‍ഡിനേറ്ററായി നിയമിച്ചു. ആ പദവിയില്‍ അദ്ദേഹം ശോഭിച്ചു. ഇത് പാര്‍ട്ടിയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വ്യാപകമായ അഭിനന്ദനം സമ്മാനിച്ചു. നിയമസഭയ്ക്കകത്തും പുറത്തും ഈ ഘട്ടത്തില്‍ അദ്ദേഹം വഹിച്ച പങ്ക് പാര്‍ട്ടിയുടെ തുടര്‍ന്നുള്ള വിജയത്തില്‍ നിര്‍ണായക ഘടകമായിരുന്നു. 1994-ലെ തിരഞ്ഞെടുപ്പില്‍ 294 സീറ്റുകളുള്ള അസംബ്ലിയില്‍ ഈ സഖ്യം 269 സീറ്റുകള്‍ നേടി. ടി.ഡി.പി. മാത്രം 226 നേടി. കുപ്പം മണ്ഡലത്തില്‍ നിന്ന് വിജയിച്ച നായിഡു എന്‍.ടി.ആര്‍. മന്ത്രിസഭയില്‍ ധനകാര്യ-റവന്യൂ മന്ത്രിയായി.

placeholder
എന്‍.ടി.ആറും ലക്ഷ്മി പാര്‍വതിയും |  ഫോട്ടോ : മാതഭൂമി ആര്‍ക്കൈവ്‌സ് 

എന്‍.ടി.ആറിനെ വീഴ്ത്തി മുഖ്യമന്ത്രിക്കസേരയിലേക്ക് 

1923-ല്‍ ഇരുപതാം വയസിലാണ് എന്‍.ടി.ആര്‍ അമ്മാവന്റെ മകളായ നന്ദമൂരി ബസവതാരകത്തെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ അവര്‍ക്ക് 12 മക്കള്‍ ഉണ്ടായിരുന്നു. 1985-ല്‍ അര്‍ബുദം ബാധിച്ച് ബസവതാരക അന്തരിച്ചു. 1993-ലാണ് എന്‍.ടി.ആര്‍. തെലുങ്ക് എഴുത്തുകാരി ലക്ഷ്മി ശിവപാര്‍വതിയെ വിവാഹം കഴിക്കുന്നത്. എന്‍.ടി.ആറിന്റെ അത്മകഥ എഴുതാനായി എത്തിയ ലക്ഷ്മി പാര്‍വതി പിന്നീട് അദ്ദേഹവുമായി അടുക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. ഇത് വിവാദമായതോടെയാണ് ഇരുവരും ഔദ്യോഗികമായി വിവാഹം കഴിച്ചത്. ഈ വിവാഹം കുടുബത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. താമസിയാതെ ലക്ഷ്മി പാര്‍വതി പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ തുടങ്ങി. രോഗിയായ എന്‍.ടി.ആറിനെ മുന്‍നിര്‍ത്തി ലക്ഷ്മി പാര്‍വതി ഭരണം നടത്തുന്നത് എന്ന് പരാതി ഉയര്‍ന്നു. ലക്ഷ്മി പാര്‍വതി രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ ഒരുവിഭാഗം ടി.ഡി.പി നേതാക്കള്‍ അതൃപ്തരായിരുന്നു. ഇത് പാര്‍ട്ടിയില്‍ എന്‍.ടി.ആറിനെതിരായ കലാപത്തിലേക്ക് നയിച്ചു. ഇതോടെ എന്‍.ടി.ആറിന്റെ മക്കളുടെയും പിന്തുണതോടെ നായിഡു അട്ടിമറി നടത്തി. ഭൂരിപക്ഷം നിയമസഭാംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കാന്‍ നായിഡുവിന് കഴിഞ്ഞു. പിന്നാലെ റാവുവിനെ മാറ്റി ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി. 1995 സെപ്റ്റംബര്‍ ഒന്നിന്, 45-ാം വയസ്സില്‍ അദ്ദേഹം ആന്ധ്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

അധികാരം നഷ്ടപ്പെട്ടതില്‍ എന്‍.ടി.ആര്‍. കടുത്ത നിരാശയിലായിരുന്നു. പാര്‍ട്ടിയിലേക്ക് താന്‍ കൈപിടിച്ചുകൊണ്ടുവന്ന മകളുടെ ഭര്‍ത്താവ് തന്നെ സ്ഥാനഭ്രഷ്ടനാക്കിയത് എന്‍.ടി.ആറിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. റോയിട്ടേഴ്സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നായിഡുവിനെതിരേ പ്രതികാരം ചെയ്യുമെന്ന് എന്‍.ടി.ആര്‍. പ്രതിജ്ഞയെടുത്തു. പക്ഷേ, 1996-ല്‍ എന്‍.ടി.ആര്‍. ഹൃദായാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. 72-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇതും വലിയ വിവാദങ്ങള്‍ക്ക് കാരണമായി. നായിഡുവിന്റെ അനുയായികള്‍ മരണത്തിന് കാരണം ലക്ഷ്മി പാര്‍വതിയാണെന്നാണ് ആരോപിച്ചത്. അമിതമായ ലൈംഗിക ഉത്തേജകമരുന്നകള്‍ എന്‍.ടി.ആറിന് നല്‍കിയെന്നായിരുന്നു ആരോപണം. എന്‍.ടി.ആറിന്റെ രാഷ്ട്രീയ പാരമ്പര്യത്തിനായി നായിഡുവിന്റെ അവകാശവാദം ഉയര്‍ത്തിയെങ്കിലും ലക്ഷ്മി പാര്‍വതി ഇതിനെ എതിര്‍ത്തു. പക്ഷേ പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പിന്തുണ അദ്ദേഹത്തിനായിരുന്നു. അതോടെ ലക്ഷ്മി പാര്‍വതി എന്‍.ടി.ആര്‍. തെലുങ്ക് ദേശം പാര്‍ട്ടി രൂപീകരിച്ചു. 1995- ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പിന്തുണയോടെ മത്സരിച്ച് വിജയിച്ചെങ്കിലും അവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിലവില്‍ അവര്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അംഗമാണ്.

placeholder
എന്‍ ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും |  Photo: ANI 

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ് 

1996 കാലഘട്ടത്തിലാണ് ചന്ദ്രബാബു നായിഡു ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടുന്നത്. 1996-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംയുക്ത മുന്നണിയുടെ കണ്‍വീനറായി നായിഡു തിരഞ്ഞെടുക്കപ്പെട്ടു. 1996-നും 98-നും ഇടയില്‍ എച്ച്.ഡി. ദേവഗൗഡ, ഐ.കെ.ഗുജ്‌റാള്‍ എന്നിവര്‍ നയിച്ച മന്ത്രിസഭയില്‍ ടി.ഡി.പിക്ക് മന്ത്രിമാരുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ചന്ദ്രബാബു നായിഡുവിന്റെ പ്രസക്തി വര്‍ധിക്കുന്നത് 1998 ലോക്‌സഭാ തിരഞ്ഞെടുപ്പോടെയാണ്. ആ തിരഞ്ഞെടുപ്പില്‍ ടി.ഡി.പിയും ബി.ജെ.പിയും ചേര്‍ന്ന് സഖ്യം രൂപീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡു നയിച്ച തെലുങ്ക് ദേശം പാര്‍ട്ടി 294 അംഗസഭയില്‍ 180 സീറ്റുകളുമായി ഭരണം പിടിച്ചു. ഒപ്പം സംസ്ഥാനത്തെ 42-ല്‍ 29 ലോക്‌സഭാ സീറ്റുകളും പാര്‍ട്ടി നേടി. സഖ്യകക്ഷിയായ ബി.ജെ.പി. ഏഴ് സീറ്റുകളിലും വിജയിച്ചു. ലോക്‌സഭയിലെ നാലാമത്തെ വലിയ പാര്‍ട്ടിയും ബി.ജെ.പിക്ക് പിന്നില്‍ എന്‍.ഡി.എയിലും രണ്ടാമത്തെ വലിയ പാര്‍ട്ടിയുമായിരുന്നു ടി.ഡി.പി. ഇതോടെ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ രൂപീകരണത്തിലും നായിഡു നിര്‍ണായക പങ്ക് വഹിച്ചു. വാജ്പേയിയുടെ വിശ്വസ്തനായിരുന്നു നായിഡു. സര്‍ക്കാരില്‍ ചേരാതിരുന്ന ടി.ഡി.പി. പുറത്തുനിന്നുള്ള പിന്തുണയാണ് നല്‍കിയത്. വാജ്പേയി തന്റെ പാര്‍ട്ടിക്ക് എട്ട് കാബിനറ്റ് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ടി.ഡി.പി. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കുകയും എന്‍.ഡി.എ. സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് നായിഡു അവകാശപ്പെട്ടു.

ഈ തിരഞ്ഞെടുപ്പ് നായിഡുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഒരു വഴിത്തിരിവായി. 1999 ഒക്ടോബര്‍ 11-ന് രണ്ടാമതും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ നായിഡു ഈ കാലയളവില്‍ വലിയ വികസനപ്രവര്‍ത്തനങ്ങളാണ് ആന്ധ്രയില്‍ നടപ്പിലാക്കിയത്. ഹൈദരാബാദ് നഗരത്തിന്റെ ഇന്ന് കാണുന്ന തരത്തിലുള്ള വളര്‍ച്ചയില്‍ നായിഡുവിന്റെ പങ്ക് ചെറുതല്ല. നിരവധി ആഗോള ഐടി കമ്പനികളെ അദ്ദേഹം ഹൈദരാബാദിലേക്ക് കൊണ്ടുവന്നു. സംസ്ഥാനത്ത് മൊത്തത്തില്‍ വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലത്ത് ഉണ്ടായത്. വിദേശ-സ്വദേശ മൂലനധം ആന്ധ്രയിലേക്ക് ഒഴുകി. ചന്ദ്രബാബു നായിഡു മോഡല്‍ എന്ന പദപ്രയോഗം പോലും അക്കാലത്ത് ഉണ്ടായി. പക്ഷേ, അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നുവെന്നും ഗ്രാമങ്ങളിലേക്ക് അത് എത്തിയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. 2003 ഒക്ടോബര്‍ ഒന്നിന് അദ്ദേഹത്തിനെതിരേ വധശ്രമമുണ്ടായി. തിരുപ്പതിക്ക് സമീപം പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് നടത്തിയ കുഴിബോംബ് സ്ഫോടനത്തില്‍ നിന്ന് നായിഡു അത്ഭുതകരമായി രക്ഷപ്പെട്ടുകയായിരുന്നു. 'ലോകബാങ്ക് ഏജന്റ്' എന്ന നിലയിലാണ് അദ്ദേഹത്തെ ആക്രമിച്ചതെന്നാണ് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് പിന്നീട് പറഞ്ഞത്. 

വധശ്രമത്തിന് തൊട്ടുപിന്നാലെ നായിഡു സംസ്ഥാനനിയമസഭ പിരിച്ചുവിട്ടു. 2004 ഏപ്രിലില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നു. ഇത്തവണ, പക്ഷേ ഭരണവിരുദ്ധവികാരം ടി.ഡി.പിക്ക് തിരിച്ചടിയായി. വൈദ്യുതി ചാര്‍ജ് വര്‍ധനവും കാര്‍ഷിക മേഖലയ്ക്ക് പിന്തുണ ലഭിക്കാത്തതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു. ഒപ്പം പുതുതായി രൂപീകരിച്ച കോണ്‍ഗ്രസ്-ടി.ആര്‍.എസ്. സഖ്യം തെലങ്കാന മേഖലയില്‍ വലിയ വെല്ലുവിളി ഉയര്‍ത്തി. ഇതോടെ സംസ്ഥാന തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും തെലുങ്കുദേശം പാര്‍ട്ടി പരാജയപ്പെട്ടു. നിയമസഭയില്‍ 47 സീറ്റുകള്‍ മാത്രമാണ് ടി.ഡി.പിക്ക് നേടാനായത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം. 42 പാര്‍ലമെന്റ് സീറ്റുകളില്‍ അഞ്ച് എണ്ണം മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. 2009-ലെ തിരഞ്ഞെടുപ്പില്‍ നടന്‍ ചിരഞ്ജീവി പ്രജാരാജ്യം പാര്‍ട്ടി രൂപീകരിക്കുകയും ത്രികോണ മത്സരമായി മാറുകയും ചെയ്തതോടെ നായിഡു വീണ്ടും പരാജയപ്പെട്ടു. ഇത്തവണ ടി.ആര്‍.എസുമായി സഖ്യമുണ്ടാക്കിയെങ്കിലും ടി.ഡി.പി. വീണ്ടും കോണ്‍ഗ്രസിനോട് പരാജയപ്പെട്ടു. നിയമസഭയില്‍ ടി.ഡി.പി. 92 സീറ്റുകള്‍ നേടിയപ്പോള്‍ 156 സീറ്റുകളുമായി നേരിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന് അധികാരത്തിലെത്തി. തന്റെ പാര്‍ട്ടിയുടെ പരാജയത്തിന് ചിരഞ്ജീവിയുടെ രാഷ്ട്രീയ രംഗപ്രവേശത്തെയാണ് നായിഡു കുറ്റപ്പെടുത്തിയത്. 

placeholder
ടിഡിപിയുടെ റാലിയില്‍ ചന്ദ്രബാബു നായിഡു | Photo: ANI

ആന്ധ്രയുടെ സി.ഇ.ഒ, ആധുനിക ഹൈദരാബാദിന്റെ ശില്പി

1995-ല്‍ അദ്യമായി മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു പില്‍ക്കാല ആന്ധ്രാ രാഷ്ട്രീയത്തില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരിക്കെ വലിയ വികസപ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ഹൈദരാബാദില്‍ നടത്തിയത്. അധുനിക ഹൈദരാബാദ് നഗരത്തിന്റെ ശില്പി എന്ന നിലയില്‍ നായിഡു അറിയപ്പെടാന്‍ തുടങ്ങി. ചന്ദ്രബാബു നായിഡു കെട്ടിപ്പെടുത്തതാണ് ഹൈദരാബാദിലെ സാങ്കേതികവിദ്യാ വ്യവസായം. മുഖ്യമന്ത്രിയായ ശേഷം സോഫ്റ്റ്വെയര്‍ വ്യവസായം ഹൈദരാബാദിലേക്ക് കൊണ്ടുവരാന്‍ നായിഡു പദ്ധതിയിട്ടു. ഇതിനായി ഉപേക്ഷിക്കപ്പെട്ട സര്‍ക്കാര്‍ കെട്ടിടം സോഫ്റ്റ്​വെയർ എഞ്ചിനീയര്‍മാരുടെ പരിശീലനകേന്ദ്രമാക്കി. ഈ ചെറിയ തുടക്കം ഹൈദരാബാദിലെ സോഫ്റ്റ്​വെയർ വ്യവസായത്തിന്റെ വലിയ വളര്‍ച്ചയ്ക്ക് കാരണമായി. പിന്നാലെ തൊഴിലവസരങ്ങളും വിദേശനിക്ഷേപവും നഗരത്തിലേക്ക് ഒഴുകി. സ്വകാര്യ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തോട് സാമ്യമുള്ള ഭരണശൈലി നായിഡുവിനെ 'സിഇഒ മുഖ്യമന്ത്രി' എന്ന വിശേഷണം നേടിക്കൊടുത്തു. ഹൈദരാബാദിലെ ഐടി വ്യവസായത്തിലെ വളര്‍ച്ചയിലെത്തിച്ച അദ്ദേഹത്തെ 'സൈബര്‍ മുഖ്യമന്ത്രി' എന്നും വിളിച്ചു.

2014-ലാണ് ആന്ധ്രപ്രദേശ് വിഭജിച്ച് ആന്ധ്രയും തെലങ്കാനയും രൂപത്കരിച്ചത്. ലോക്​സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടന്ന്. 175 അംഗ നിയമസഭയില്‍ 102 സീറ്റുകള്‍ നേടി ചന്ദ്രബാബു നായിഡു സംസ്ഥാന മുഖ്യമന്ത്രിയായി. സംസ്ഥാന വിഭജനത്തിന് ശേഷം ആന്ധ്രപ്രദേശിന്റെ ആദ്യത്തെ മുഖ്യമന്ത്രി. നായിഡു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിരുന്നു. 16 ലോക്​സഭാ  സീറ്റുകളിലും ടി.ഡി.പി. വിജയിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടി എന്‍.ഡി.എ. സര്‍ക്കാരില്‍ ചേരുകയും കേന്ദ്രമന്ത്രിസഭയില്‍ രണ്ട് വകുപ്പുകള്‍ വഹിക്കുകയും ചെയ്തു. സംസ്ഥാനത്ത് രണ്ട് കാബിനറ്റ് സ്ഥാനവും ബി.ജെ.പിക്ക് നല്‍കി. പുതിയ സംസ്ഥാനത്ത് നിരവധി വെല്ലുവിളികളാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ നായിഡു നേരിട്ടത്. വിഭജനത്തിലുണ്ടാക്കിയ ധാരണപ്രകാരം പത്തുവര്‍ഷത്തേക്ക് ഹൈദരാബാദാണ് തെലങ്കാനയുടേയും ആന്ധ്രയുടേയും തലസ്ഥാനം. ഹൈദരാബാദ് നഷ്ടപ്പെടുന്നതോടെ ആന്ധ്രപ്രദേശിന് തലസ്ഥാന നഗരമില്ലാതാകും. അതോടെ വിജയവാഡയ്ക്ക് സമീപം കൃഷ്ണ നദിയുടെ തെക്ക് ഭാഗത്ത് അമരാവതി എന്ന പേരില്‍ ഒരു പുതിയ തലസ്ഥാന നഗരത്തിന്റെ നിര്‍മാണം നായിഡു ആരംഭിച്ചു. ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നപദ്ധതിയായിരുന്നു 50,000 ഏക്കറിലെ അമരാവതി നഗരം. 

ഇതിനിടെ ആന്ധ്രയുടെ പ്രത്യേകപദവി വിഷയത്തില്‍ നായിഡു ബി.ജെ.പിയുമായി ഇടഞ്ഞു. 2018 മാര്‍ച്ചില്‍ ടി.ഡി.പി. തങ്ങളുടെ മന്ത്രിമാരെ മോദി സര്‍ക്കാരില്‍ നിന്ന് പിന്‍വലിച്ചു. ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുമായുള്ള സഖ്യം ടി.ഡി.പി. ഉപേക്ഷിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ ഭാഗമായെങ്കിലും ആ നീക്കം ഫലം കണ്ടില്ല. പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി അന്ധ്രയില്‍ അധികാരത്തിലെത്തി. വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തതും അഴിമതി ആരോപണങ്ങളും കാപ്പു സമുദായത്തിന് നല്‍കിയ സംവരണത്തിലെ പാളിച്ചകളും നായിഡുവിന് തിരിച്ചടിയായി. ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമേറ്റെടുത്തതിന് പിന്നാലെ അമരാവതി പദ്ധതി അനിശ്ചിതമായി നിലച്ചു. വിശാഖപട്ടണം എക്സിക്യൂട്ടീവ് തലസ്ഥാനവും അമരാവതി ലെജിസ്ലേറ്റീവ് തലസ്ഥാനവും കര്‍ന്നൂല്‍ ജുഡീഷ്യല്‍ തലസ്ഥാനമായും പ്രഖ്യാപിച്ചു. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നേടിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

placeholder
എന്‍. ചന്ദ്രബാബു നായിഡു ജനസേന പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസ് സന്ദര്‍ശനത്തിനിടെ പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണിനൊപ്പം | Photo: ANI

കിങ് മേക്കറായി മടക്കം

ചന്ദ്രബാബു നായിഡു 2021-ല്‍ നിയമസഭാംഗത്വം ഉപേക്ഷിച്ചു. കുടുംബത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങളാണ് അദ്ദേഹത്തെ കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രരിപ്പിച്ചത്. വീണ്ടും മുഖ്യമന്ത്രിയായ ശേഷമേ നിയമസഭയിലേക്ക് തിരിച്ചെത്തൂ എന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. 2023 സെപ്റ്റംബര്‍ 9-ന് ആന്ധ്ര പ്രദേശ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) നായിഡുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ വെളുപ്പിന് മൂന്നിനാണ് അവസാനിച്ചത്. നായിഡു പിന്നീട് ആശുപത്രിയിലേക്ക്. അവിടെനിന്ന് വീണ്ടും പൊലീസ് കസ്റ്റഡിയില്‍. പിന്നാലെ 371 കോടി രൂപയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയായിരിക്കെ, 2016-ല്‍ ആരംഭിച്ച നൈപുണ്യ വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിലായിരുന്നു അറസ്റ്റ്. ഏകദേശം രണ്ട് മാസത്തോളം അദ്ദേഹം രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. അറസ്റ്റിലായി 53 ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 31-ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. ജയിലില്‍നിന്ന് പുറത്തിറങ്ങി ഒരിക്കല്‍ പോലും തന്റെ അറസ്റ്റിനെച്ചൊല്ലി സഹതാപം നേടാന്‍ ശ്രമിച്ചിട്ടില്ല. പകരം, സര്‍ക്കാരിന്റെ കടം, ക്ഷേമനിധി വിതരണം, ജനങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം ജഗനെ പുതിയ വീര്യത്തോടെ ആക്രമിക്കുന്നത് തുടര്‍ന്നു. 

ആന്ധ്രപ്രദേശില്‍ ഒരേസമയം ലോക്​സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി നായിഡു ബി.ജെ.പിയുമായും പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കി. 2022-ന്റെ തുടക്കം മുതല്‍ ജനസേനാ പാര്‍ട്ടിയുമായി സഖ്യ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരുവേള ജയിലിലെത്തി പവന്‍ കല്യാണ്‍ നായിഡുവിനെ കാണാന്‍ ശ്രമം നടത്തിയിരുന്നു. തിരഞ്ഞെടുപ്പിനെ ജഗന്‍ ഒറ്റയ്ക്ക് നേരിട്ടപ്പോള്‍ ചന്ദ്രബാബു നായിഡു പവന്‍ കല്യാണിന്റെ പാര്‍ട്ടിക്ക് 21 സീറ്റുകള്‍ നല്‍കി. ബി.ജെ.പിക്ക് പത്തും. 25 ലോക്സഭാ സീറ്റില്‍ 17 ഇടത്ത് ടി.ഡി.പി. മത്സരിച്ചു. ആറിടത്ത് ബി.ജെ.പിയും രണ്ടിടത്ത് ജനസേനയും. ഇത്തവണ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടു യാത്രകളാണ് ആന്ധ്രാ രാഷ്ട്രീയം കണ്ടത്. സിദ്ധം എന്ന പേരില്‍ ജഗന്റെ ബസ് യാത്രയായിരുന്നു അതിലൊന്ന്. 74-ാം വയസ്സില്‍ തന്റെ ഭര്‍ത്താവിനെ ജയിലിലിട്ട ജഗനെതിരെ ഭുവനേശ്വരി കഴിഞ്ഞവര്‍ഷം പ്രചാരണയാത്രയുമായി രംഗത്തെത്തി. നിജം ഗെലവാലി (സത്യം വിജയിക്കണം) എന്ന പേരിലായിരുന്നു യാത്ര. അരനൂറ്റാണ്ടോളം നീണ്ട രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ആദ്യമായാണ് നായിഡുവിന്റെ ഭാര്യ ഭുവനേശ്വരി നായിഡു ചന്ദ്രബാബു നായിഡുവിനുവേണ്ടി പരസ്യമായി രംഗത്തിറങ്ങുന്നത്.

സംസ്ഥാന ഭരണവും ഭൂരിപക്ഷ ലോക്സഭാ സീറ്റുകളും നേടിയില്ലെങ്കില്‍ രാഷ്ട്രീയമായി ജീവിതത്തിന്റെ അവസാനമാവുമെന്ന തിരിച്ചറിവിലാണ് ചന്ദ്രബാബു നായിഡു പോരാട്ടത്തിന് ഇറങ്ങിയത്. ബി.ജെ.പിയെ സഖ്യത്തില്‍ എത്തിക്കുന്നതില്‍ വലിയ താത്പര്യമില്ലാതിരുന്ന ചന്ദ്രബാബു നായിഡുവിനെ പവന്‍ കല്യാണാണ് എന്‍.ഡി.എയില്‍ എത്തിച്ചത്. പിന്നാലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നീക്കമെന്ന നിലയില്‍ വിവിധ റാലികളെ അഭിസംബോധന ചെയ്ത നായിഡു ടിഡിപി, ജെഎസ്പി, ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെയും പിന്തുണച്ച് റോഡ് ഷോകളും പരിപാടികളും നടത്തി. ആന്ധ്രപ്രദേശില്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും ചന്ദ്രബാബു നായിഡുവിന്റെ തേരോട്ടമാണ് പിന്നീട് കണ്ടത്. ബി.ജെ.പി, ജനസേന പാര്‍ട്ടി, ടി.ഡി.പി. സഖ്യം തിരഞ്ഞെടുപ്പ് തൂത്തുവാരി. നിയമസഭ തിരഞ്ഞെടുപ്പില്‍ ടി.പി.പി. 135 സീറ്റിലും ജനസേന 21 സീറ്റിലും ബി.ജെ.പി. എട്ട് സീറ്റിലും വിജയിച്ചു. ഒപ്പം 16 ലോക്സഭാ സീറ്റുകളിലാണ് ടി.ഡി.പി വിജയിച്ചത്. ഇതോടെ നായിഡു വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായി. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി നിന്ന് സംസ്ഥാനത്തിന് പ്രത്യേക പദവിയും വികസന പ്രവര്‍ത്തനങ്ങളും നേടിയെടുക്കാന്‍ ഇനി നായിഡുവിന് സാധിക്കും. ആന്ധ്രയുടേയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ഗതിനിര്‍ണയിക്കുന്ന കിങ് മേക്കര്‍. അതാണ് നായിഡു.