യുദ്ധമുഖത്തേക്ക് പോകുന്നവരെയെല്ലാം പൊതുവേ ധീരരായാണ് ലോകം കണക്കാക്കുന്നത്. ശത്രുക്കളെ കൊന്നൊടുക്കുകയും മാതൃരാജ്യത്തിനുവേണ്ടി ജീവൻ ബലിനൽകുകയും ചെയ്യുന്ന സൈനികരെ എത്ര വാഴ്ത്തിയാലും മതിയാവില്ല. യുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചുവരുന്നവരുടെ ധൈര്യത്തിന്റെയും സാഹസികതയുടേയും കഥകളാണ് പിന്നീടുള്ള തലമുറയ്ക്കും സൈന്യത്തിൽ ചേരാൻ മിക്കപ്പോഴും പ്രചോദനമാകാറുള്ളത്. അത്തരത്തിൽ, റഷ്യൻ ആക്രമണത്തെത്തുടർന്ന് യുക്രൈൻ യുദ്ധമുഖത്ത് ഏകദേശം 500 ദിവസത്തോളം കുടുങ്ങിക്കിടന്ന കോസ്ടിയാന്റിൻ വ്‌ളസെൻകോ എന്ന സൈനികന്റെ അവിശ്വസനീയമായ അതിജീവന കഥയാണ് ഇപ്പോൾ തരംഗമാകുന്നത്.

To advertise here,

ശത്രുഡ്രോണുകളുടെ തുടർച്ചയായ ഭീഷണിക്കിടയിലും, യുദ്ധമുഖത്തുനിന്നും ഡോൺ ഉപയോഗിച്ച് അവിശ്വസനീയമായ രീതിയിൽ രക്ഷപ്പെടുത്തിയ ഈ യുക്രേനിയൻ സൈനികന്റെ അതിജീവന പോരാട്ടം യുദ്ധഭൂമിയിലെ ധീരതയുടെ പുതിയ മുഖമായി മാറിയിരിക്കുകയാണ്. ബോംബാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം, രക്ഷപ്പെടാൻ മറ്റു മാർഗങ്ങളില്ലാതെ ഒടുവിൽ സ്വന്തം കാൽ സ്വയം മുറിച്ചുമാറ്റാൻ പോലും നിർബന്ധിതനായി. ശത്രുക്കളുടെ ഡ്രോൺ ആക്രമണം കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായ 'കിൽ സോണിലാണ്' അദ്ദേഹം മാസങ്ങളോളം ഒരു കുഴിയിൽ ഒളിച്ചു കഴിഞ്ഞത്. ഒടുവിൽ ഒക്ടോബർ നാലിന് യുക്രൈൻ സേന ആറ് പ്രൊപ്പല്ലറുകളുള്ള ഒരു വലിയ ഡ്രോൺ ഉപയോഗിച്ച് അദ്ദേഹത്തെ ആകാശമാർഗം വിജയകരമായി സുരക്ഷിത സ്ഥാനത്തേക്ക് എയർലിഫ്റ്റ് ചെയ്ത് എത്തിക്കുകയായിരുന്നു.

ജീവനോടെ തിരികെ എത്തുമെന്ന അദ്ദേഹത്തിന്റെ തളരാത്ത നിശ്ചയദാർഢ്യമാണ് സുനിശ്ചിതമായിരുന്ന മരണത്തിന്റെ വായിൽനിന്നും അദ്ദേഹത്തെ രക്ഷിച്ചത്. എന്നാൽ, ജീവിക്കാനുള്ള സാധ്യത നിലനിർത്താൻ അദ്ദേഹത്തിന് തികച്ചും വേദനാജനകവും കഠിനവുമായ തീരുമാനങ്ങളാണ് എടുക്കേണ്ടി വന്നത്, സ്വന്തം കാൽ സ്വയം മുറിച്ചുമാറ്റുക. വ്‌ളസെൻകോയുടെ നിശ്ചയദാർഢ്യം യുദ്ധകാവ്യങ്ങളിൽ മാത്രം കേട്ടുകേൾവിയുള്ള ഒന്നായിരുന്നെങ്കിൽ, അദ്ദേഹത്തെ സ്വന്തം രാജ്യം രക്ഷപ്പെടുത്തിയ രീതിയും അതിനോട് കിടപിടിക്കുന്നത് തന്നെയായിരുന്നു. യുദ്ധ ചരിത്രത്തിൽ തന്നെ ആദ്യമായി നടപ്പിലാക്കിയതെന്ന് സൈനിക ഉദ്യോഗസ്ഥർ വിശേഷിപ്പിച്ച സാഹസികമായ ദൗത്യത്തിലൂടെ, യുക്രൈൻ സേന ഒരു ഹെവി-ലിഫ്റ്റ് ഡ്രോൺ ഉപയോഗിച്ചാണ് അദ്ദേഹത്തെ  രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്തെത്തിച്ചത്.

തകർക്കപ്പെട്ട ഒരു സ്‌കൂൾ കെട്ടിടത്തിന്റെ ബോയിലറിന് താഴെയുള്ള ചെറിയ കുഴിയിൽ മാസങ്ങളോളം അഭയം പ്രാപിച്ച 49-കാരനായ സൈനികനെ ഒടുവിൽ സുരക്ഷിതമായി പുറത്തെത്തിച്ചതിന്റെ കഥ റോയിട്ടേഴ്‌സാണ് പുറത്തുവിട്ടത്. നടന്നുകൊണ്ടിരിക്കുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഒരു യുക്രേനിയൻ സൈനികൻ മുന്നണിയിൽ ചെലവഴിച്ച ഏറ്റവും ദൈർഘ്യമേറിയ സേവനകാലയളവുകളിലൊന്നാണ് വ്‌ളസെൻകോയുടേത്. യുദ്ധമുഖത്ത് 491 ദിവസങ്ങളും, സ്‌കൂൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ എട്ട് മാസത്തോളവും കഴിഞ്ഞുകൂടിയ വ്‌ളസെൻകോയുടെ കഠിനമായ ജീവിതപരീക്ഷണത്തിന് ഒക്ടോബർ നാലിനാണ് വിരാമമായത്.

തീർത്തും വിസ്മയിപ്പിക്കുന്ന രീതിയിലാണ് യുക്രേനിയൻ സൈന്യം ഈ രക്ഷാപ്രവർത്തനം നടത്തിയത്, ആറ് പ്രൊപ്പല്ലറുകളുള്ള വലിയൊരു ഡ്രോൺ ഉപയോഗിച്ച് അദ്ദേഹത്തെ ഹാർനെസിൽ ബന്ധിച്ച് 15 കിലോമീറ്ററോളം ദൂരത്തേക്ക് പറത്തിക്കൊണ്ടുപോയാണ് സുരക്ഷിതസ്ഥാനത്തെത്തിച്ചത്.

അഞ്ചാം വർഷത്തിലേക്ക് കടന്ന റഷ്യക്കെതിരായ യുദ്ധത്തിൽ, ഒരു സൈനികനെ ഡ്രോൺ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ആദ്യ സംഭവമാണിതെന്ന് യുക്രേനിയൻ കമാൻഡർമാർ വ്യക്തമാക്കി. ഡ്രോണുകളുടെ നിരന്തര സാന്നിധ്യം കാരണം ചെറിയൊരു ചലനം പോലും ജീവന് ഭീഷണിയാകുന്ന തരത്തിൽ ആ പ്രദേശം ഏറ്റവും അപകടകരമായ മേഖലയായി മാറിയിരുന്നു. സൈനികർക്ക് ഒളിച്ചിരിക്കാൻ പോലും അവിടെ ഇടങ്ങളുണ്ടായിരുന്നില്ല.

ശത്രുവിന്റെ നേരിട്ടുള്ള ആക്രമണത്തിന് സാധ്യതയുള്ള യുദ്ധഭൂമിയിലെ ഇത്തരം അപകടകരമായ പ്രദേശങ്ങൾ 'കിൽ സോണുകൾ' (Kill Zones) എന്നാണ് അറിയപ്പെടുന്നത്. സ്വയം കാൽ മുറിച്ചുമാറ്റിയതിനെ തുടർന്ന് മാസങ്ങളോളം നീണ്ട കഠിനമായ വേദനയ്ക്കും പ്രതീക്ഷകളെല്ലാം അവസാനിച്ച അവസ്ഥയ്ക്കും ശേഷമാണ്, ഡ്രോൺ വഴിയുള്ള ഈ രക്ഷാപ്രവർത്തനം ആ സൈനികന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ, വിസ്മയിപ്പിക്കുന്ന ഒരവസരം കൂടി നൽകിയത്. 'ഞാൻ എന്നെത്തന്നെ അടക്കം ചെയ്തു കഴിഞ്ഞിരുന്നു.' ഖാർക്കീവ് (Kharkiv) നഗരത്തിലെ ആശുപത്രി കിടക്കയിൽ നിന്ന് വ്‌ളസെൻകോ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 'ഇനി യാതൊരു പ്രതീക്ഷയും ബാക്കിയില്ലെന്ന് എനിക്കറിയാമായിരുന്നു.' ബാൻഡേജ് കെട്ടിയ തന്റെ രണ്ട് കാലുകളിലേക്കും നോക്കിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

സൈനികന്റെ വിവരണം യുക്രേനിയൻ സൈന്യവും അദ്ദേഹത്തെ രക്ഷിച്ച ഡ്രോണിൽ ഘടിപ്പിച്ച ക്യാമറയിലെ വീഡിയോ ദൃശ്യങ്ങളും ശരിവെക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഓർമകളിലെ എല്ലാ കാര്യങ്ങളും സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കി. ഖാർക്കീവ് മേഖലയിൽ പ്രവർത്തിക്കുന്ന യുക്രൈന്റെ 30-ാമത് മെക്കനൈസ്ഡ് ബ്രിഗേഡിലെ അംഗമാണ് വ്‌ളസെൻകോ. കഴിഞ്ഞ വർഷം മേയിൽ, 'ബാസ്‌കി' (Basky) എന്ന കോൾ സൈനിൽ അറിയപ്പെട്ടിരുന്ന മറ്റൊരു സൈനികനൊപ്പം ചേരാനാണ് അദ്ദേഹത്തെ മുന്നണിയിലെ ഒരു കേന്ദ്രത്തിലേക്ക് നിയോഗിച്ചത്. ഡ്രോണുകൾ വഴി എത്തിച്ചുനൽകുന്ന സാമഗ്രികളെ മാത്രം ആശ്രയിച്ച്, ഇടുങ്ങിയ ഒരു കുഴിയിലാണ് (dugout) അവർ രണ്ടുപേരും കഴിഞ്ഞിരുന്നത്.

എന്നാൽ, 2025-ൽ തങ്ങൾക്ക് പകരം ചുമതലയേൽക്കാൻ അയച്ച രണ്ട് സൈനികർ വഴിമധ്യേ കൊല്ലപ്പെട്ടത്, തിരികെ മടങ്ങാമെന്ന ഇവരുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ അയച്ച മറ്റ് രണ്ട് സൈനികർക്കും ജീവൻ നഷ്ടമായി. 'ഇത് ജീവിതത്തിലെ നിർണായകമായ ഒരു വഴിത്തിരിവാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്.' വ്‌ളസെൻകോ ഓർത്തെടുത്തു. 'ഇനി ആർക്കും ഇവിടെ നിന്ന് പുറത്തുകടക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി.' മുന്നണിയിൽ 10 മാസത്തോളം അവർ ഒരുമിച്ച് ചെലവഴിച്ചു. ഫെബ്രുവരി പകുതിയോടെ അവർ നിലയുറപ്പിച്ചിരുന്ന കുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് അവിടം ഉപേക്ഷിക്കാൻ വ്‌ളസെൻകോയും ബാസ്‌കിയും നിർബന്ധിതരായി.

തുടർന്നാണ് തകർക്കപ്പെട്ട ഒരു സ്‌കൂൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ അവർ അഭയം തേടിയത്. എന്നാൽ, ആ ആശ്വാസം അധികകാലം നീണ്ടുനിന്നില്ല. സഹപ്രവർത്തകർ ഡ്രോൺ വഴി അയച്ച ഉണങ്ങിയ വസ്ത്രങ്ങളും ഭക്ഷണവും അടങ്ങിയ പാക്കറ്റ് ശേഖരിക്കാൻ പുറത്തുവന്നപ്പോൾ ഒരു റഷ്യൻ നിരീക്ഷണ ഡ്രോൺ അവരെ കണ്ടെത്തി. പിന്നീട് മറ്റൊരു റഷ്യൻ ഡ്രോൺ ആ സ്ഥലത്ത് ആക്രമണം നടത്തുകയും ചെയ്തു. ആ ആക്രമണത്തിൽ, തന്റെ 50-ാം ജന്മദിനത്തിൽ ബാസ്‌കി കൊല്ലുപ്പെട്ടു. വ്‌ളസെൻകോയുടെ ഇടതുകാൽ തകരുകയും വലതുകാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇഴഞ്ഞുനീങ്ങാൻ പോലും ബുദ്ധിമുട്ടിയ വ്‌ളസെൻകോ, സ്‌കൂൾ കെട്ടിടത്തിൽ ചൂട് നിലനിർത്താനായി പണ്ട് ഉപയോഗിച്ചിരുന്ന ബോയിലറിന് താഴെയുള്ള ഒരു കുഴിയിലേക്ക് എങ്ങനെയോ നുഴഞ്ഞുകയറി.

മൂന്നുമാസത്തിനുശേഷം, വ്‌ളസെൻകോയുടെ തന്നെ വാക്കുകളിൽ പറയുകയാണെങ്കിൽ, അദ്ദേഹത്തിന്റെ ഇടതുകാൽ പതിയെ 'ചീഞ്ഞുതുടങ്ങി'. വ്‌ളസെൻകോയുടെ വലതുകാലിന്റെ കീഴ്ഭാഗത്തിനും കടുത്ത പരിക്കേറ്റിരുന്നു; അസ്ഥി തൊലിപ്പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലായതോടെ, ബാക്കിയുള്ള കാലും മുറിച്ചുമാറ്റുകയല്ലാതെ അദ്ദേഹത്തിന് മുന്നിൽ മറ്റ് വഴികളൊന്നുമില്ലായിരുന്നു. 'എനിക്ക് അത് മുറിച്ചുമാറ്റേണ്ടി വന്നു, കാരണം അത് എന്റെ പുറകിൽ വലിഞ്ഞിഴയുകയായിരുന്നു. കാൽ വലിഞ്ഞിഴയുന്തോറും അസ്ഥി കൂടുതൽ പുറത്തേക്ക് തള്ളി വന്നുകൊണ്ടിരുന്നു. എനിക്ക് അവ രണ്ടു മുറിച്ച് മാറ്റേണ്ടിവന്നു. അങ്ങനെ എന്റെ രണ്ട് കാലുകളും ഇല്ലാതായി.' ആ നിമിഷത്തെക്കുറിച്ച് വ്‌ളസെൻകോ ഓർത്തെടുത്തു.

വ്‌ളസെൻകോ ഈ കഠിനമായ വേദനയിലൂടെയും സമാനതകളില്ലാത്ത സാഹചര്യത്തിലൂടെയും കടന്നുപോകുമ്പോൾ, അദ്ദേഹത്തിന്റെ കമാൻഡർമാർ 92-ാമത് അസാൾട്ട് ബ്രിഗേഡുമായും മറ്റ് യൂണിറ്റുകളുമായും ചേർന്ന് വ്‌ളസെൻകോയെ അവിടെ നിന്ന് പുറത്തെത്തിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയായിരുന്നു. റഷ്യൻ ഡ്രോണുകളിൽ നിന്നുള്ള ഭീഷണി കാരണം പിക്കപ്പ് ട്രക്കുകളും കവചിത വാഹനങ്ങളും (armoured vehicles) ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം അസാധ്യമാണെന്ന് സൈന്യം വിലയിരുത്തിയതായി ദൗത്യത്തിന്റെ സൂത്രധാരനായ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. രക്ഷപ്പെടാനുള്ള സാധ്യതകൾ മങ്ങിക്കൊണ്ടിരുന്നപ്പോഴാണ് 'ഗുർസുഫ് ഡിഫൻസ്' (Gurzuf Defence) എന്ന പ്രാദേശിക നിർമാതാക്കൾ വികസിപ്പിക്കുന്ന പുതിയ ഹെവി-ലിഫ്റ്റ് ഡ്രോണിനെക്കുറിച്ച് ഉദ്യോഗസ്ഥർ അറിയുന്നത്.

ഒരു വലിയ പ്രാണിയെപ്പോലെ തോന്നിക്കുന്ന ഈ ആളില്ലാ വിമാനത്തിന് (UAV) ആറ് വെർട്ടിക്കൽ റോട്ടറുകളും കറുത്ത നിറത്തിലുള്ള അസ്ഥികൂടം പോലുള്ള ഫ്രെയിമുമാണുള്ളത്. 90 കിലോഗ്രാം വരെയുള്ള ഭാരം 25 കിലോമീറ്റർ ദൂരത്തേക്ക് വഹിക്കാൻ ഇതിന് കഴിയും. യുദ്ധമുഖത്ത് ഒരു വർഷത്തിലേറെ കഴിഞ്ഞതിനെ തുടർന്ന് ഏകദേശം 70 കിലോഗ്രാം ഭാരം മാത്രമുണ്ടായിരുന്ന വ്‌ളസെൻകോയെ, മുന്നണിക്ക് പിന്നിലെ 15 കിലോമീറ്റർ അകലെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് ഈ ഡ്രോൺ ഉപയോഗിച്ച് എത്തിക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. ദൗത്യം ഏറെ അപകടകരമായിരുന്നു. വലിപ്പം കൂടിയ യുക്രേനിയൻ ഡ്രോണുകളെ, റഷ്യയുടെ ചെറിയ എഫ്.പി.വി. (First-Person-View) ഡ്രോണുകൾ ആക്രമിക്കുന്നത് പതിവായിരുന്നു.

രക്ഷാദൗത്യത്തിന് തലേദിവസം, പതിവ് സാമഗ്രികൾക്കൊപ്പം വ്‌ളസെൻകോയ്ക്ക് ഒരു ഹാർനെസും (Harness) നിർദ്ദേശ വീഡിയോകൾ അടങ്ങിയ ഒരു മൊബൈൽ ഫോണും ഡ്രോൺ വഴി അവർ കൊടുത്തയച്ചു. അപായസാധ്യതകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നെങ്കിലും, അതിജീവനത്തിനുള്ള ഏറ്റവും മികച്ച അവസരമിതാണെന്ന് വ്‌ളസെൻകോയ്ക്ക് അറിയമായിരുന്നു. തൊട്ടടുത്ത ദിവസം, ഒക്ടോബർ നാലിന്, ആറ് റോട്ടറുകളുള്ള ആ ഭീമൻ ഡ്രോൺ എത്തിച്ചേർന്നു. ഡ്രോണിന് താഴെയുള്ള വിഞ്ചിൽ നിന്ന് തൂങ്ങിക്കിടന്ന കാരബിനറുമായി (Carabiner) വ്‌ളസെൻകോ സ്വയം ബന്ധിപ്പിച്ചു. തുടർന്ന് ഡ്രോൺ അദ്ദേഹത്തെ 230 അടിയിലേക്ക് ഉയർത്തി. റഷ്യൻ ആക്രമണ ഡ്രോണുകളുടെ ശ്രദ്ധ തിരിക്കാനായി, ആറ് റോട്ടറുകളുള്ള ചെറിയ മൂന്ന് ഡ്രോണുകൾ ഈ ഹെവി-ലിഫ്റ്റ് ഡ്രോണിനെ അനുഗമിച്ചു.

അതേസമയം, ആർട്ടിലറി യൂണിറ്റുകളുടെയും വലിയ ഫിക്‌സഡ്-വിങ് ഡ്രോണുകളുടെയും പിന്തുണയോടെ യുക്രൈനിന്റെ നാല് എഫ്.പി.വി. ഡ്രോൺ സംഘങ്ങൾ, റഷ്യൻ ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ രണ്ട് മണിക്കൂറോളം ആക്രമണം നടത്തി ശത്രുക്കളുടെ ആക്രമണം തടഞ്ഞു. ഏവരും ശ്വാസമടക്കിപ്പിടിച്ച് അക്ഷമരായി കാത്തിരുന്ന 15 മിനിറ്റിന് ശേഷം ഡ്രോൺ ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്തു. വ്‌ളസെൻകോ സുരക്ഷിതസ്ഥാനത്ത്, നിലത്തിറങ്ങി. സുരക്ഷാ കാരണങ്ങളാൽ ഈ സ്ഥലം എവിടെയാണെന്ന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. അനുഭവിച്ച കഷ്ടപ്പാടുകൾക്കിടയിലും, സുരക്ഷിത സ്ഥാനത്തേക്കുള്ള ആ യാത്ര സമ്മാനിച്ച ഭയങ്ങളെക്കുറിച്ച് പിന്നീട് വ്‌ളസെൻകോ തമാശകൾ പറഞ്ഞു. 'കാട്ടിലെവിടെയെങ്കിലും വീഴുന്നതിനെക്കുറിച്ച് എനിക്ക് പേടിയുണ്ടായിരുന്നില്ല. എന്നാൽ വെള്ളത്തിൽ വീഴുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു, കാരണം എനിക്ക് നീന്താൻ അറിയില്ല.' അദ്ദേഹം പുഞ്ചിരിയോടെ റോയിട്ടേഴ്‌സിനോട് പറഞ്ഞു.