അമേരിക്കയും അവിടുത്തെ പ്രസിഡന്റും എടുക്കുന്ന ഓരോ തീരുമാനവും ലോക രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമാണ്. അതുകൊണ്ട് തന്നെ യുഎസിലെ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ലോകം ഉറ്റുനോക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധിയുടെ അവസാന രണ്ട് വർഷത്തേക്ക് യുഎസ് കോൺഗ്രസ് ആര് നിയന്ത്രിക്കണമെന്ന് നിർണയിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് നവംബർ 3-ന് നടക്കും. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ വിലക്കയറ്റം ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിനും അദ്ദേഹത്തിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ ട്രംപിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടില്ലെങ്കിലും പുതിയ നിയമനിർമാണങ്ങൾ നടത്തുന്നതിനും പദ്ധതികൾ പാസാക്കുന്നതിനും അദ്ദേഹത്തിന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും.

To advertise here,

എന്താണ് ഇടക്കാല തിരഞ്ഞെടുപ്പ്

നമ്മുടെ പാർലമെന്റ് പോലെ തന്നെ യുഎസിലെ പാർലമെന്റായ കോൺഗ്രസിന് രണ്ട് സഭകളാണ് ഉള്ളത്. 435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയും 100 അംഗങ്ങളുള്ള സെനറ്റും ചേർന്നതാണ് യുഎസ് കോൺഗ്രസ്. ഇതിൽ ജനപ്രതിനിധി സഭയ്ക്ക് രണ്ട് വർഷത്തെ കാലപരിധിയാണ് ഉള്ളത്. സെനറ്റ് അംഗങ്ങളുടെ കാലപരിധി ആറ് വർഷമാണെങ്കിലും ഇവരെ ഒരുമിച്ചല്ല തിരഞ്ഞെടുക്കുന്നത്. 100 അംഗങ്ങളുള്ള സെനറ്റിലെ മൂന്നിൽ ഒരു ഭാഗത്തെ ഓരോ രണ്ട് വർഷം കൂടുമ്പോഴും തിരഞ്ഞെടുക്കും. അതുകൊണ്ട് തന്നെ ഇടക്കാല തിരഞ്ഞെടുപ്പ് 435 അംഗ ജനപ്രതിനിധി സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് മത്സരം നടക്കുക.

നാലു വർഷം കൂടുമ്പോൾ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയിലെ കൃത്യം രണ്ട് വർഷം തികയുമ്പോഴാണ് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുക. യുഎസിൽ 50 സംസ്ഥാനങ്ങളുണ്ട്. ഇവിടുത്തെ ജനസംഖ്യ അനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിശ്ചിത എണ്ണം ജനപ്രതിനിധികളുണ്ടാകും. സെനറ്റ് അംഗങ്ങൾ ഒരു സംസ്ഥാനത്ത് രണ്ടുപേർ വീതമായിരിക്കും.

നിലവിലെ സ്ഥിതി

യുഎസ് കോൺഗ്രസിലെ രണ്ട് സഭകളിലും നിലവിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമാണ് ഉള്ളത്. 435 അംഗ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് ഭൂരിപക്ഷം നിലനിർത്തുന്നത്. സ്വതന്ത്ര അംഗം അടക്കം 219 പ്രതിനിധികളാണ് റിപ്പബ്ലിക്കൻസിനുള്ളത്. 219 സീറ്റുകളാണ് ഡെമോക്രാറ്റുകൾക്കുള്ളത്. രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.

സെനറ്റിലാകട്ടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 സീറ്റുകളും ഡെമോക്രാറ്റിക് പാർട്ടിക്ക് 45 സീറ്റുകളും ആണ് ഉള്ളത്. രണ്ട് സീറ്റുകളിൽ സ്വതന്ത്രരാണ്.

ഡെമോക്രാറ്റുകൾ പ്രതിനിധി സഭയുടെ നിയന്ത്രണം നേടുമെന്നാണ് സമീപകാല സർവേകളെല്ലാം പ്രവചിക്കുന്നത്. എന്നാൽ സെനറ്റ് പ്രവചനാതീതമാണ്. ട്രംപിന്റെ ജനപ്രീതി അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും അഭിപ്രായ സർവേകൾ പറയുന്നു. അതേസമയം ഡെമോക്രാറ്റുകൾ ഇരുസഭകളിലും ഭൂരിപക്ഷം നേടിയാൽ വാഷിംഗ്ടണിലെ അധികാര സമവാക്യങ്ങളെ മാറ്റിമറിക്കാൻ കഴിഞ്ഞേക്കുമെങ്കിലും ട്രംപിന് വീറ്റോ അധികാരവും വിപുലമായ എക്സിക്യൂട്ടീവ് അധികാരവും നിലനിൽക്കും. എന്നാൽ ട്രംപിന് കോൺഗ്രസിലൂടെ ഏതെങ്കിലും നിയമങ്ങൾ പാസാക്കിയെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളും ഉണ്ടായേക്കും. സുപ്രീം കോടതി ജഡ്ജിമാരുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെയും നിയമനങ്ങൾ ശരിവെക്കുന്നതിൽ സെനറ്റിലെ ഭൂരിപക്ഷം അത്യാവശ്യമാണ്.

റിപ്പബ്ലിക്കൻ പാർട്ടിയാണ് ഇരുസഭകളിലും ഭൂരിപക്ഷം നേടുന്നതെങ്കിൽ ഇക്കാലയളവിൽ താൻ നടത്തിയ കാര്യങ്ങൾക്ക് അമേരിക്കൻ ജനത അംഗീകാരം നൽകിയതായി ട്രംപ് പ്രഖ്യാപിക്കും. ഇറാൻ യുദ്ധം, കുടിയേറ്റക്കാർക്കെതിരായ നീക്കങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് ട്രംപ് കടക്കും.

തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങൾ

ഇടക്കാല തിരഞ്ഞെടുപ്പിൽ യുഎസിൽ ഏറ്റവുംകൂടുതൽ ചർച്ചയായത് ജീവിതച്ചെലവ് സംബന്ധിച്ചാണ്. ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ഇറാനിൽ സൈനികാക്രമണം നടത്തിയതിനുശേഷം യുഎസിൽ പെട്രോൾ വില കുത്തനെ ഉയർന്നിരുന്നു. ഇത് അവശ്യ സാധനങ്ങളുടെ വിലയിലും വൻ വർധനവുണ്ടാക്കി. വീട്ടുവാടക, ആരോഗ്യ മേഖലയിലെ ചെലവുകൾ എന്നിവ വോട്ടർമാരുടെ പ്രധാന വേവലാതികളാണ്.

യു.എസ്.-മെക്സിക്കോ അതിർത്തി സുരക്ഷ, അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ നടപടികൾ, കുടിയേറ്റക്കാരുടെ അവകാശങ്ങൾ എന്നിവ തിരഞ്ഞെടുപ്പിലെ ഏറ്റവും ചൂടേറിയ ചർച്ചകളിൽ ഒന്നാണ്. എഐ, ഡാറ്റാ സെന്ററുകൾ, ക്രിപ്റ്റോകറൻസി, ഗർഭച്ഛിദ്രം, യുദ്ധം തുടങ്ങിയവയും പ്രധാന പ്രചാരണ വിഷയങ്ങളാണ്.

2028 ലെ തിരഞ്ഞെടുപ്പ്

സാധാരണമായി, ഇടക്കാല തിരഞ്ഞെടുപ്പുകളിൽ നിലവിലുള്ള പ്രസിഡന്റിന്റെ പാർട്ടിക്ക് കോൺഗ്രസിൽ സീറ്റുകൾ നഷ്ടപ്പെടാറുണ്ട്. ട്രംപിന്റെ ആദ്യ കാലയളവിലെ 2018-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രതിനിധി സഭയിൽ ആകെ 39 സീറ്റുകൾ നഷ്ടപ്പെട്ടിരുന്നുവെങ്കിലും, സെനറ്റിൽ അവർക്ക് രണ്ട് സീറ്റുകളുടെ നേട്ടം ഉണ്ടാക്കാനായിരുന്നു. ഇത്തവണ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് സീറ്റ് നഷ്ടപ്പെടാൻ സാധ്യത ഉണ്ടെങ്കിലും സെനറ്റിലെ മത്സരം നിർണായകമാണ്.

ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന്റെ പേര് ബാലറ്റിൽ ഉണ്ടാകില്ലെങ്കിലും ഇതുവരെയുള്ള ഭരണവിലയിരുത്തലായി ഇതിനെ ചിത്രീകരിക്കപ്പെടും. 2028-ലെ തിരഞ്ഞെടുപ്പിലേക്കുള്ള ഒരു മുന്നൊരുക്കംകൂടിയായിരിക്കും ഇത്. ട്രംപിന് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല. ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം, 2028-ലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ആര് വരും എന്നതിനെക്കുറിച്ചും, ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്ന് ആര് മത്സരിക്കും എന്നതിനെക്കുറിച്ചുമുള്ള ഒരു വ്യക്തത വരും.