ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള കഫർ ഹനാഗിദ് എന്ന ഗ്രാമം. ആയിരത്തിൽ താഴെയാണ് ജനസംഖ്യ. എല്ലാവരും 1940-കളുടെ അവസാനം ബൾഗേറിയയിൽനിന്ന് കുടിയേറിയ ജൂതർ. ഉച്ചഭാഷിണിയിൽനിന്ന് മുഴങ്ങുന്ന ഇസ്രായേലി പോപ്പ് ഗാനങ്ങൾ കേട്ട് ഒരു ചെറിയ ഓഡിറ്റോറിയത്തിൽ അവരിൽ കുറെപ്പേർ കാത്തിരിക്കുന്നത് ഒരു രാഷ്ട്രീയ വിശദീകരണ യോഗത്തിനാണ്.

To advertise here,

സന്ധ്യയായി. അവരുടെ ഇടയിലൂടെ കറുത്ത പോളോ ടീഷർട്ട് ധരിച്ച, അല്പം കുടവയറുള്ള, ക്ഷീണം തളംകെട്ടിയ മുഖമുള്ള ആ അറുപത്താറുകാരൻ വേദിയിലേക്ക് കയറി. സദസ്സിനെ നോക്കി ചിരിച്ചു; അപ്പോഴും മുഖത്ത് പ്രസാദമില്ല. ത്രസിപ്പിക്കുന്ന വാഗ്ദാനങ്ങളുമില്ല. "ഇതാ നിന്റെ ശത്രു" എന്ന് പറഞ്ഞ് വോട്ടർമാരെ ആവേശം കൊള്ളിക്കുന്നതുമില്ല. ഇതാണ് ഗാഡി ഐസൻകോട്ട്- അടുത്ത ഇസ്രയേൽ പ്രധാനമന്ത്രിയെന്ന് അഭിപ്രായ സർവേകളിൽ 45 ശതമാനം വോട്ടർമാർ പിന്തുണ അറിയിച്ച, മുൻ ഇസ്രയേൽ പ്രതിരോധ സേനാ മേധാവി.

ഇടറിയ ഇംഗ്ലീഷും അലങ്കാരങ്ങളില്ലാത്ത ഹീബ്രുവും അദ്ദേഹത്തിന്റെ തളർന്ന ശബ്ദത്തിലൂടെ ആളുകൾ കേട്ടിരുന്നു. സദസ്സിലെ ചോദ്യങ്ങൾക്ക് ബുള്ളറ്റ് പോയിന്റുകളിലായിരുന്നു മറുപടി. ടെലിവിഷൻ ക്യാമറകളുടെ മുന്നിൽ ഊർജസ്വലനായി, കടിച്ചുകീറാൻ വരുന്ന മാധ്യമപ്രവർത്തകരോട് ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി പറയുന്ന, സായിപ്പിന് മനസ്സിലാകുന്ന ഇംഗ്ലീഷിലും ജൂത യാഥാസ്ഥിതികർക്ക് മനസ്സിലാകുന്ന കവിത തുളുമ്പുന്ന ഹീബ്രുവിലും തിളങ്ങുന്ന, വാഗ്ധോരണികൊണ്ട് ആരെയും മയക്കുന്ന തന്ത്രജ്ഞനായ നെതന്യാഹുവിന്റെ നേർവിപരീതമാണ് ഗാഡി ഐസൻകോട്ട്. തിരഞ്ഞെടുപ്പിനു മുമ്പുള്ള ഇസ്രയേലിന്റെ രാഷ്ട്രീയ ചിത്രം മനസ്സിലാക്കാൻ ഈ രണ്ടുപേരുടെയും ശരീരഭാഷ മാത്രം ശ്രദ്ധിച്ചാൽ മതി. അവസാനിക്കാത്ത യുദ്ധക്കൊതിയിൽ അഭിരമിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണ് ഒരാൾ; യുദ്ധത്തിന്റെ മുറിവുകളാൽ തളർന്ന ഒരു സൈനികനാണ് മറ്റൊരാൾ.

പുതിയ അഭിപ്രായ സർവേകളിൽ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി അസ്വസ്ഥരാണ്. പല സർവേകളിലും നെതന്യാഹുവിനേക്കാൾ കൃത്യമായ ലീഡ് നേടുകയാണ് ഐസൻകോട്ട് രൂപീകരിച്ച യഷാർ പാർട്ടി. സമ്പന്നമായ യൂറോപ്യൻ ജൂത അഷ്കെനാസി കുടുംബത്തിൽ ജനിച്ച് അമേരിക്കയിൽ വളർന്ന നെതന്യാഹു സ്വയം അടയാളപ്പെടുത്തിയത് ഇസ്രയേലിലെ അറബ്-ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് കുടിയേറിയ പാർശ്വവത്കരിക്കപ്പെട്ട സെഫാർഡിക്/മിസ്രാഹി ജൂതരുടെ സംരക്ഷകനായാണ്. എന്നാൽ, ഈ പ്രതിച്ഛായയാണ് ഐസൻകോട്ട് തകിടംമറിക്കുന്നത്.

മൊറോക്കൻ ജൂത കുടിയേറ്റക്കാരുടെ മകനായി ജനിച്ച ഐസൻകോട്ട് ഒരു യഥാർഥ സെഫാർഡിക് ജൂതനാണ്. കഷ്ടപ്പെട്ട് വളർന്ന് ഒരു സാധാരണ സൈനികനായി തുടങ്ങിയ മനുഷ്യൻ. നെതന്യാഹുവുമായുള്ള പോരാട്ടത്തിൽ ജയിച്ചാൽ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്ന ആദ്യത്തെ സെഫാർഡിക്/മിസ്രാഹി ജൂതൻ. ഇസ്രായേൽ ജനസംഖ്യയുടെ 45 ശതമാനം വരുന്ന ഈ സമൂഹത്തിൽ ഐസൻകോട്ട് അറിയപ്പെടുന്നത് 'ഡിയാലിന' എന്നാണ്; മൊറോക്കൻ അറബിയിൽ 'നമ്മളിലൊരാൾ'.

തിരഞ്ഞെടുപ്പ് ഗവേഷകനായ താൽ എലോവിറ്റ്സ് നിരീക്ഷിക്കുന്നതുപോലെ: "ഇസ്രയേലിലെ ബഹുഭൂരിപക്ഷംവരുന്ന മധ്യവർഗം ഇപ്പോൾ ആഗ്രഹിക്കുന്നത് അല്പം ശാന്തതയാണ്. അവർക്ക് വേണ്ടത് ഉത്തരവാദിത്വമുള്ള, നാടകീയതകൾ ഇല്ലാത്ത ഒരു 'ബോറിങ്' നേതാവിനെയാണ്."

ഐസൻകോട്ടിന്റെ ഈ തളർന്ന, വിരസമായ രീതികൾക്കു പിന്നിൽ ഒരു വേദനയുടെ കഥയുണ്ട്. 2023 ഒക്ടോബർ ഏഴിന് തന്റെ വീട്ടിലിരുന്ന് തെക്കൻ ഇസ്രായേലിൽനിന്നുള്ള ഹമാസ് ആക്രമണത്തിന്റെ ആദ്യ വാർത്ത കേട്ടപ്പോൾത്തന്നെ തന്റെ ഇരുപത്തിയഞ്ചുകാരനായ ഇളയ മകൻ ഗാൽ മെയറെ അദ്ദേഹം തട്ടിയുണർത്തി: "ഗാൽ, എഴുന്നേൽക്കൂ... ഇത് യുദ്ധമാണ്." ടെൽ അവീവ് സർവകലാശാലയിൽ ബയോഇൻഫോമാറ്റിക്സ് വിദ്യാർഥിയായിരുന്ന, ഭാവിയിൽ മികച്ചൊരു ശാസ്ത്രജ്ഞനോ ഡോക്ടറോ ആകാൻ കൊതിച്ചിരുന്ന ഗാലിനെ സ്വന്തം കാറിലിരുത്തി അവന്റെ അപ്പാർട്ട്മെന്റിൽ കൊണ്ടുപോയി യൂണിഫോമും ആയുധങ്ങളും എടുത്ത് റിസർവ് സൈനിക ക്യാമ്പിൽ കൊണ്ടുവിട്ടത് ഈ അച്ഛനാണ്.

നാലുദിവസത്തിനുശേഷം, ഒക്ടോബർ 11-ന്, നെതന്യാഹു ഐസൻകോട്ടിനെ അടിയന്തര വാർ കാബിനറ്റിലേക്ക് ക്ഷണിച്ചു. രാഷ്ട്രീയമായി എതിരാളിയായിരുന്നിട്ടും രാജ്യംനേരിട്ട അടിയന്തരാവസ്ഥയിൽ ഐസൻകോട്ട് ആ ക്ഷണം സ്വീകരിച്ചു. അന്ന് വൈകുന്നേരം അഞ്ചുമണിക്ക് ചേർന്ന നിർണായക യോഗത്തിൽ, തെക്കൻ അതിർത്തിയിലെ മുറിവുണങ്ങുംമുമ്പ് ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ വൻ വ്യോമാക്രമണം നടത്തി രണ്ടാം മുന്നണി തുറക്കാൻ നെതന്യാഹു ഒരുങ്ങിനിൽക്കുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 'അരുത്' എന്ന് മുന്നറിയിപ്പ് നൽകിയിട്ടും വിമാനങ്ങൾ പറന്നുയരാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ, സൈനിക ഇന്റലിജൻസ് റിപ്പോർട്ടുകൾ നിരത്തി ആ എടുത്തുചാട്ടം ഒരു വിനാശകരമായ പ്രാദേശിക യുദ്ധത്തിലേക്ക് രാജ്യത്തെ തള്ളിവിടുമെന്ന് വാദിച്ച് ആ ആക്രമണം റദ്ദാക്കിച്ചത് ഐസൻകോട്ടിന്റെ ഇടപെടലായിരുന്നു.

എന്നാൽ, ആ യുദ്ധം ഐസൻകോട്ടിന്റെ വ്യക്തിജീവിതത്തെ മാറ്റിമറിക്കാൻ അധികസമയം വേണ്ടിവന്നില്ല. 2023 ഡിസംബർ ആദ്യവാരം, ഗാസ അതിർത്തിയിലെ ഒരു സൈനിക ക്യാമ്പിൽ ഐസൻകോട്ട് നിൽക്കുമ്പോൾ ഒരു മുതിർന്ന സൈനികൻ വന്ന് അദ്ദേഹത്തെ മാറ്റിനിർത്തി പറഞ്ഞു: "ഗാലിന് സാരമായി പരിക്കേറ്റിരിക്കുന്നു." നാല് പതിറ്റാണ്ട് സൈന്യത്തിൽ സേവനമനുഷ്ഠിച്ച ആ മുൻ മേധാവിക്ക് കാര്യം മനസ്സിലാക്കാൻ കൂടുതൽ വിശദീകരണങ്ങൾ ആവശ്യമില്ലായിരുന്നു: "എന്റെ മകൻ കൊല്ലപ്പെട്ടു, അല്ലേ?" എന്ന് അദ്ദേഹം തിരിച്ചുചോദിച്ചു.

വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിനു സമീപം, ഹമാസ് ബന്ദികളാക്കി വധിച്ച രണ്ട് ഇസ്രായേലി പൗരന്മാരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള സൈനിക നീക്കത്തിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിലാണ് ഗാൽ മരിച്ചത്. അടുത്ത ദിവസം ഐസൻകോട്ടിന്റെ സഹോദരീപുത്രൻ പത്തൊൻപതുകാരനായ മാവോർ കോഹൻ ഐസൻകോട്ടും മാസങ്ങൾക്ക് ശേഷം മറ്റൊരു മരുമകനായ യോഗേവ് പാസിയും ഗാസയിലെ യുദ്ധമുഖത്ത് കൊല്ലപ്പെട്ടു. ഹെർസ്‌ലിയയിലെ സൈനിക ശ്മശാനത്തിൽ ദേശീയ പതാക പുതപ്പിച്ച മകന്റെ ജീവനറ്റ ശരീരത്തിനുമുന്നിൽനിന്ന് ആ മുൻ സൈനിക മേധാവി വിതുമ്പിക്കരഞ്ഞു.

സാധാരണ ഇസ്രായേലി കുടുംബങ്ങളിലെ മക്കൾ യുദ്ധമുഖത്ത് മരിക്കുമ്പോൾ തെരുവുകളിൽ ഉയർന്നുകേൾക്കുന്ന ഒരു ചോദ്യമുണ്ട്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്ത മകൻ യായ്ര് നെതന്യാഹു എവിടെയാണ്? യുദ്ധകാലമത്രയും അമേരിക്കയിലെ ഫ്ലോറിഡയിലുള്ള മിയാമി ബീച്ചിലെ ഒരു ആഡംബര വസതിയിൽ സുരക്ഷിതനായി കഴിയുകയായിരുന്നു യായ്ര്. അവിടെയിരുന്ന് പ്രതിപക്ഷത്തെ അധിക്ഷേപിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ പടച്ചുവിടുകയായിരുന്നു അയാൾ.

ഒരു ചാനൽ അഭിമുഖത്തിൽ അവതാരകൻ യായ്ര് നെതന്യാഹുവിന്റെ ചിത്രം ഐസൻകോട്ടിനുനേരെ ഉയർത്തിക്കാട്ടിയപ്പോൾ അദ്ദേഹം നൽകിയ മറുപടി ഹ്രസ്വമായിരുന്നു: "അയാൾക്ക് രാജ്യസ്നേഹമുണ്ടായിരുന്നെങ്കിൽ ഈ മണ്ണിലുണ്ടാകുമായിരുന്നു." സാധാരണക്കാരുടെ കണ്ണീരിനേക്കാൾ സ്വന്തം കസേരയെയും മക്കളെയും മാത്രം സംരക്ഷിക്കുന്ന നെതന്യാഹുവിന്റെ സ്വാർഥതയും സ്വന്തം രക്തം യുദ്ധമുഖത്ത് നഷ്ടപ്പെട്ട ഒരു ജനറലിന്റെ വേദനയും തമ്മിലുള്ള ഈ അന്തരം വോട്ടർമാർക്കിടയിൽ ഒരു വികാരമായി ഉയർന്നു.

അധികാരം നഷ്ടപ്പെടുമെന്ന ഭീതി നെതന്യാഹുവിനെ എത്രത്തോളം അസ്വസ്ഥനാക്കി എന്നതിന്റെ തെളിവായിരുന്നു 2026 ജൂലൈയിൽ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് ക്യാംപെയ്ൻ ഔദ്യോഗികമായി പുറത്തുവിട്ട ഒരു എഐ വീഡിയോ. ഒരു പച്ചപ്പുൽത്തകിടിയിലൂടെ ഗാഡി ഐസൻകോട്ട് കൈകൾ വിരിച്ച് ഒരു ചെറുപ്പക്കാരനുനേരെ ഓടിവരുന്നതാണ് ദൃശ്യം. ആ ചെറുപ്പക്കാരന്റെ രൂപം ഗാസയിൽ കൊല്ലപ്പെട്ട ഐസൻകോട്ടിന്റെ മകൻ ഗാലിനോട് സാമ്യമുള്ളതായിരുന്നു. എന്നാൽ വീഡിയോയിൽ, ആ ചെറുപ്പക്കാരനെ പാടെ അവഗണിച്ച് ഐസൻകോട്ട് ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നത് ഇസ്രായേലിലെ യുണൈറ്റഡ് അറബ് ലിസ്റ്റ് (റാം) പാർട്ടി നേതാവ് മൻസൂർ അബ്ബാസിനെയാണ്! ഐസൻകോട്ട് അധികാരത്തിനുവേണ്ടി അറബ് പാർട്ടികളുടെ പിന്തുണ തേടുന്നു എന്ന് ആക്ഷേപിക്കാനായിരുന്നു ഈ പ്രചാരണം.

ഈ വീഡിയോ ഇസ്രായേലിൽ വലിയ നടുക്കമുണ്ടാക്കി. ഇത് വെറുമൊരു സാങ്കല്പിക കഥാപാത്രമാണെന്ന് പറഞ്ഞ് കൈകഴുകാൻ ലികുഡ് പാർട്ടി ശ്രമിച്ചെങ്കിലും ജനങ്ങളുടെ മനസ്സിൽ വീണ കറ മായ്ക്കാൻ അവർക്കായില്ല.

ഹമാസ്-ഇസ്രായേൽ യുദ്ധം ഫലസ്തീനികളെ മാത്രമല്ല, ഇസ്രായേലി ജൂതരുടെ ജീവിതവും അടിമുടി താറുമാറാക്കി. ഉറങ്ങാൻ കിടക്കുമ്പോഴും പാതിരാത്രി ഞെട്ടിയുണരുമ്പോഴും രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നതിനുമുമ്പും ഓരോ ഇസ്രയേലിയും ആദ്യം പരതുന്നത് തലയണയ്ക്കരികിലെ മൊബൈൽ ഫോണിലേക്കാണ്. ഇറാന്റെ മിസൈൽ ആക്രമണമുണ്ടായോ? വീണ്ടും സൈനിക റിസർവ് വിളിവന്നോ? 1948-ൽ രാജ്യം നിലവിൽവന്നതുമുതൽ എത്രയോ അടിയന്തരാവസ്ഥകൾ! അതാദ്യം അനുഭവിച്ചവർക്ക് ഇപ്പോൾ പേരക്കുട്ടികളായിരിക്കുന്നു; അവരും അതേ സംഘർഷത്തിലൂടെ ഇന്നും ജീവിക്കുന്നു. എന്നാൽ, ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത് ഭരണകൂടത്തിന്റെ നിരന്തരമായ അടിയന്തരാവസ്ഥകളല്ല, മറിച്ച് കുറച്ചു മണിക്കൂറുകളെങ്കിലും സർക്കാരിനെക്കുറിച്ച് ഓർക്കാതെ സമാധാനമായി ജീവിക്കാനുള്ള അവകാശമാണ്.

ഒക്ടോബർ ഏഴിന്റെ വൻ സുരക്ഷാപരാജയത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ നെതന്യാഹു കണ്ടെത്തിയ ന്യായം വിചിത്രമായിരുന്നു: "സൈനിക മേധാവികൾ എന്നെ പുലർച്ചെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തിയില്ല. എന്നെ ഉണർത്തിയിരുന്നെങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു!" ഈ ഒളിച്ചുകളിക്ക് ഐസൻകോട്ട് നൽകിയ മറുപടി കേവലം നാല് വാക്കുകളിലായിരുന്നു: "ആരാണ് ആരെ ഉണർത്താൻ പരാജയപ്പെട്ടത്?"

ഹമാസ് ഇസ്രയേലിന് കാര്യമായ ഭീഷണിയല്ലെന്ന് നെതന്യാഹുവും സംഘവും വെച്ചുപുലർത്തിയ വിശ്വാസമാണ് ഒക്ടോബർ ഏഴിന് തകർന്നടിഞ്ഞത്. എന്നിട്ടും ഒരു സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണ കമ്മീഷനെപ്പോലും വെക്കാൻ നെതന്യാഹു വിസമ്മതിച്ചു. യുദ്ധം നീട്ടിക്കൊണ്ടുപോയാൽ മാത്രമേ തന്റെ മേലുള്ള അഴിമതിക്കേസുകളിൽനിന്നും ജനരോഷത്തിൽനിന്നും രക്ഷപ്പെടാനാകൂ എന്ന് നെതന്യാഹു കണക്കുകൂട്ടി. ഇതിനെല്ലാം ഉപരിയായി, ബന്ദികളെ ജീവനോടെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ മനഃപൂർവം അട്ടിമറിക്കപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് 2024 ജൂണിൽ ഐസൻകോട്ട് വാർ കാബിനറ്റിൽനിന്ന് പടിയിറങ്ങിയത്. അതോടെ, തകർന്നുനുറുങ്ങിയ ഒരു ജനതയുടെ ദുഃഖത്തിന്റെ നേർപ്രതീകമായി ഐസൻകോട്ട് മാറി.

2022-ൽ മാത്രം ഇസ്രായേൽ പാർലമെന്റായ നെസ്സറ്റിൽ എത്തിയ ഐസൻകോട്ട് രാഷ്ട്രീയത്തിൽ ഇപ്പോഴും ഒരു പുതുമുഖമാണ്. 2025-ൽ അദ്ദേഹം സ്ഥാപിച്ച പാർട്ടിയുടെ പേരുതന്നെ 'യഷാർ' (Yashar) എന്നാണ്—ഹീബ്രുവിൽ അതിനർത്ഥം 'നേരായത്', 'സത്യസന്ധമായത്', 'നീതിപൂർവ്വകമായത്' എന്നൊക്കെയാണ്.

എന്നാൽ, ഐസൻകോട്ടിനെ മനസ്സിലാക്കേണ്ടത് ഒരു വെറും സമാധാനകാംക്ഷിയായല്ല. അദ്ദേഹം ഒരു തികഞ്ഞ സയണിസ്റ്റും കർക്കശക്കാരനായ സൈനികനുമാണ്. 2006-ലെ ലെബനൻ യുദ്ധകാലത്ത്, ശത്രുകേന്ദ്രങ്ങൾക്കൊപ്പം സാധാരണജനങ്ങൾക്കുനേരെയും ആക്രമണമാകാം എന്ന് വാദിച്ചയാളാണ്. ഫലസ്തീൻ രാഷ്ട്രവാദത്തിന് എതിരുമാണ്. സൈന്യമില്ലാത്ത സ്വയംഭരണ പദവി മാത്രമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

എങ്കിൽപ്പിന്നെ നെതന്യാഹുവും ഐസൻകോട്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്നു ചോദിച്ചാൽ, വ്യത്യാസമുണ്ട്. നെതന്യാഹു തന്റെ ഭരണം നിലനിർത്താൻ ആശ്രയിക്കുന്നത് ഇറ്റാമർ ബെൻ-ഗ്വിർ, ബെസാലെൽ സ്മോട്രിച്ച് തുടങ്ങിയ കടുത്ത വംശീയവാദികളായ മന്ത്രിമാരെയാണ്. വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കുനേരെ ജൂത കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങളെയും കൊള്ളിവെപ്പുകളെയും "ജൂത ഭീകരത" എന്ന് വിശേഷിപ്പിക്കാൻ ഐസൻകോട്ട് മടിക്കുന്നില്ല. ഇത്തരക്കാരെ നിലയ്ക്കുനിർത്തുമെന്ന് അദ്ദേഹം തുറന്നുപറയുന്നു.

ഇസ്രയേലിനെ അയൽരാജ്യങ്ങൾ ഭയക്കുന്ന ഒരു 'സൂപ്പർ-സ്പാർട്ട' (Super-Sparta) ആക്കി മാറ്റണമെന്ന നെതന്യാഹുവിന്റെ അന്ധമായ യുദ്ധവെറിയെ ഐസൻകോട്ട് നിശിതമായി വിമർശിക്കുന്നു. ഇസ്രയേൽ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടരുതെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വാദിക്കുന്നു.

മൂന്ന് വർഷമായി സാധാരണക്കാരുടെ മക്കൾ യുദ്ധത്തിൽ മരിച്ചുവീഴുമ്പോൾ, നെതന്യാഹുവിന്റെ സഖ്യകക്ഷികളായ തീവ്ര ഓർത്തഡോക്സ് ജൂതന്മാർക്ക് നിർബന്ധിത സൈനിക സേവനത്തിൽനിന്ന് നൽകിയിരുന്ന ഇളവുകൾ റദ്ദാക്കുമെന്നും എല്ലാവർക്കും ബാധകമായ 'സാർവത്രിക ദേശീയ സേവന നിയമം' കൊണ്ടുവരുമെന്നും ഐസൻകോട്ട് വാദിക്കുന്നു. കൂടാതെ, ഒക്ടോബർ ഏഴിനേക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു.

ഒക്ടോബർ 27-ന് ഇസ്രയേൽ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ അത് കേവലം രണ്ടു രാഷ്ട്രീയവ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ല. യുദ്ധക്കെടുതികളിൽനിന്ന്, ഭരണകൂടത്തിന്റെ അനാസ്ഥയിൽനിന്ന് തങ്ങൾക്ക് എന്നെങ്കിലും മോചനമുണ്ടാകുമോ എന്ന് കാത്തിരിക്കുന്ന ഒരു ജനതയുടെ അവസാനത്തെ പ്രതീക്ഷയായാണ് ഈ തിരഞ്ഞെടുപ്പിനെ വോട്ടർമാർ കാണുന്നത്. ഐസൻകോട്ട് നൽകുന്ന ഈ പ്രതീക്ഷ ഇസ്രയേലിന്റെയും പശ്ചിമേഷ്യയുടെയും മാത്രമല്ല, ലോകരാഷ്ട്രീയത്തിന്റെതന്നെ ഗതി മാറ്റിയെഴുതിയേക്കാം.