കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാരുടെ വേദന, അത് ഒരുപക്ഷേ മനുഷ്യരിലും മൃഗങ്ങളിലുമൊക്കെ സമാനമായിരിക്കാം. തന്റെ കുഞ്ഞിന്റെ മൃതദേഹവും വഹിച്ച് യു.എസിന്റെ തീരത്തുകൂടി ഒരു അമ്മത്തിമിംഗിലം നീന്തുന്നതിന്റെ ദൃശ്യം പുറത്തെത്തുമ്പോള്‍ ഇങ്ങനെ കരുതാതിരിക്കുന്നത് എങ്ങനെയാണ്?. ഓര്‍ക അഥവ കൊലയാളി തിമിംഗില വിഭാഗത്തില്‍ ഉള്‍പ്പെട്ട തലാക്വ (Tahlequah) എന്ന് പേരുകാരിയായ തിമിംഗിലമാണ് കുഞ്ഞിന്റെ മൃതദേഹവും വഹിച്ച് സിയാറ്റില്‍ തീരത്തുകൂടി നീന്തുന്നത്. ഇത് തലാക്വ ജന്മം നല്‍കിയ നാലാമത്തെ കുഞ്ഞാണ്. മുന്‍പ് ജന്മം നല്‍കിയ മൂന്നുകുഞ്ഞുങ്ങളില്‍ രണ്ട് ആണ്‍തിമിംഗിലങ്ങളാണ് ജീവനോടെയുള്ളത്. 2018-ല്‍ ജനിച്ച പെണ്‍തിമിംഗിലക്കുഞ്ഞും മരണത്തിന് കീഴടങ്ങിയിരുന്നു. 

To advertise here,

ആരാണ് തലാക്വ അഥവാ ജെ. 35

വടക്കുകിഴക്കന്‍ പസഫിക് സമുദ്രത്തില്‍ കാണപ്പെടുന്ന എന്‍ഡേഞ്ചേഡ് വിഭാഗത്തില്‍പ്പെട്ട സതേണ്‍ റസിഡന്റ് ഓര്‍ക(സതേണ്‍ റെസിഡന്റ് കില്ലര്‍ വെയില്‍സ്)യാണ് തലാക്വ. വാഷിങ്ടണ്‍, ബ്രിട്ടീഷ് കൊളംബിയ, കാലിഫോര്‍ണിയ, അലാസ്‌ക എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ആണ്‍ സതേണ്‍ റസിഡന്റ് ഓര്‍ക്കകള്‍ക്ക് ഏകദേശം 9,000 കിലോയോളവും പെണ്‍ ഓര്‍ക്കകള്‍ക്ക് 7250 കിലോയോളവും ഭാരമുണ്ടാകാറുണ്ട്. കറുത്ത ശരീരത്തില്‍ വെള്ള നിറത്തിലും ചാരനിറത്തിലുമുള്ള വലിപ്പമുള്ള പുള്ളികള്‍കാണാം.

ചിനൂക് സാല്‍മണ്‍ മത്സ്യങ്ങളെയാണ് സതേണ്‍ റസിഡന്റ് ഓര്‍ക്കകള്‍ പ്രധാനമായും ഭക്ഷണമാക്കുന്നത്. പെണ്‍ സതേണ്‍ റസിഡന്റ്ഓര്‍ക്കകളെക്കാള്‍ ആയുസ്സ് താരതമ്യേന കുറവാണ് ആണ്‍ ഓര്‍ക്കകള്‍ക്ക്. പെണ്‍ സതേണ്‍ റസിഡന്റ് തിമിംഗിലങ്ങള്‍ക്ക് അന്‍പതു മുതല്‍ അറുപതു കൊല്ലംവരെ ആയുര്‍ദൈര്‍ഘ്യമുള്ളപ്പോള്‍, ആണ്‍ഓര്‍ക്കകള്‍ക്ക് ശരാശരി ആയുസ്സ് മുപ്പതുവയസ്സാണ്. നവജാത ഓര്‍ക്കകളില്‍ പകുതിയും ഒരുവയസ്സ് പൂര്‍ത്തിയാകുന്നതിന് മുന്‍പേ തന്നെ മരണത്തിന് കീഴടങ്ങാറുണ്ട്.  തലാക്വയുടെ കുഞ്ഞ് മരിച്ചതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

placeholder
Photo: AP

മലിനീകരണം, ഭക്ഷ്യദൗര്‍ലഭ്യം, വേട്ട തുടങ്ങിയവയാണ് സതേണ്‍ റസിഡന്റ് ഓര്‍ക്കകളെ വംശനാശഭീഷണിയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍. ജെ. 35 എന്ന പേരുകൂടിയുള്ള തലാക്വയ്ക്ക് 25 വയസ്സാണ് പ്രായം. ജെ. 61 എന്നായിരുന്നു തലാക്വയുടെ പുതിയപെണ്‍കുഞ്ഞിന് പേര് നല്‍കിയിരുന്നത്. വംശനാശഭീഷണി നേരിടുന്നതുകൊണ്ടുതന്നെ ഇവയെ ഗവേഷകര്‍ നിരീക്ഷിക്കുക പതിവാണ്. ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് മരിച്ച കുഞ്ഞിനെയും വഹിച്ച് തലാക്വ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. യു.എസിലെ സെന്റര്‍ ഫോര്‍ വെയില്‍ റിസര്‍ച്ചാണ് തലാക്വയുടെ യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

തലാക്വ പരിചയസമ്പന്നയായ അമ്മയാണ്. ആദ്യത്തെ ബുദ്ധിമുട്ടേറിയ ദിവസങ്ങള്‍ക്കപ്പുറം ജെ-61-ന്റെ ജീവനെ പിടിച്ചുനിര്‍ത്താന്‍ അവള്‍ക്ക് കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്, സെന്റര്‍ ഫോര്‍ വെയില്‍ റിസര്‍ച്ച് പ്രസ്താവനയില്‍ പറയുന്നു. ഇത് ആദ്യമായല്ല, തലാക്വയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടമാകുന്നത്. ഏഴുകൊല്ലം മുന്‍പ് 2018-ല്‍ തന്റെ കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടപ്പോളും അതിന്റെ ജഡവുമായി തലാക്വ നീന്തിയിരുന്നു, സേലിഷ് സീയിലൂടെ. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു. ഒന്നും രണ്ടുമല്ല, പതിനേഴു ദിവസമാണ് തലാക്വ അന്ന് ആ കുഞ്ഞിന്റെ മൃതദേഹവുമായി നീന്തിയത്. 

ആ കുഞ്ഞിന്റെ മരണം

നേരത്തെ പറഞ്ഞതുപോലെ വംശനാശഭീഷണി നേരിടുന്നവയായതിനാല്‍ ജെ 61-ന്റെ ജനനത്തെ പരിസ്ഥിതിപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ആയിരുന്നു കണ്ടത്. ആദ്യദിവസങ്ങളിലെ ബുദ്ധിമുട്ടുകളെ അതിജീവിച്ച് കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ തലാക്വയ്ക്ക് കഴിയുമെന്നും ഗവേഷകര്‍ കരുതി. തലാക്വയ്ക്ക് ജനിച്ച പെണ്‍കുഞ്ഞ്, ഭാവിയില്‍ വംശവര്‍ധനയ്ക്ക് സഹായകമാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചിരുന്നു.  എന്നാല്‍ ഡിസംബര്‍ അവസാന ആഴ്ചയിലൊരു ദിവസം ഏറെ ദുഃഖകരമായ ഒരു ദൃശ്യം, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍.ഒ.എ.എ.)ന്റെ ഗവേഷകരുടെ കണ്ണില്‍ പതിഞ്ഞു, തലാക്വ അവളുടെ കുഞ്ഞിന്റെ മൃതദേഹം തലയില്‍വഹിച്ച് നീന്തുന്നു. കുഞ്ഞിന്റെ മൃതദേഹം മുങ്ങിപ്പോകുമ്പോള്‍, തലാക്വ ഒന്ന് മുങ്ങിനിവരും. കുഞ്ഞിന്റെ മൃതദേഹവുമായി വീണ്ടും ഉയര്‍ന്നുവരും. 

തലാക്വയുടെ ഈ പെരുമാറ്റം ദുഃഖപ്രകടനമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മനുഷ്യര്‍ക്കും ഇവയ്ക്കും ഒരേ പോലുള്ള ന്യൂറോ ട്രാന്‍സ്മിറ്ററുകളാണ് ഉള്ളതെന്നും ഈ വാദത്തെ സാധൂകരിക്കാന്‍ വിദഗ്ധര്‍ കൂട്ടുപിടിക്കുന്നുണ്ട്. ജെ 61-ന്റെ മരണത്തോടെ ഔദ്യോഗികമായി രേഖപ്പെടുത്തിയതില്‍, ഇത് രണ്ടാമത്തെ പെണ്‍കുഞ്ഞിനെയാണ് തലാക്വയ്ക്ക് നഷ്ടമാകുന്നത്. ഇതുവരെ നാലു കുഞ്ഞുങ്ങള്‍ക്കാണ് തലാക്വ ജന്മം നല്‍കിയിട്ടുള്ളത്.

പെണ്‍കുഞ്ഞുങ്ങളെ നഷ്ടമായെങ്കിലും ആണ്‍കുഞ്ഞുങ്ങള്‍ രണ്ടും ജീവനോടെയുണ്ട്. ആദ്യത്തെ ആണ്‍ തിമിംഗിലക്കുഞ്ഞ് ജനിച്ചത് 2011-ലും മറ്റൊരാള്‍ ജനിച്ചത് 2020-ലുമാണ്. ഈ രണ്ട് ആണ്‍ തിമിംഗിലങ്ങളും ആരോഗ്യവാന്മാരുമാണ്. മരിച്ച തിമിംഗില കുഞ്ഞിന് ഏകദേശം 135 കിലോയോളം ഭാരംവരും. ഇതിനെ തലയില്‍വെച്ച്, അതിന്റെ ഫിന്നില്‍ കടിച്ചുപിടിച്ചാണ് തലാക്വ നീന്തുന്നത്. ഭക്ഷണം കഴിക്കാനും ഇതിന് കഴിയില്ല. മറ്റ് ഓര്‍ക തിമിംഗിലങ്ങളും തലാക്വയ്ക്ക് ഒപ്പമുണ്ടെന്നും അവളുടെ സഹോദരി തിമിംഗിലം എല്ലായ്‌പ്പോഴും തലാക്വയുടെ സമീപത്തുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 

2017-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, 2008-നും 2014-നും ഇടയിലുണ്ടായ എഴുപതു ശതമാനം സതേണ്‍ റെസിഡന്റ് ഓര്‍ക്ക ഗര്‍ഭങ്ങളും പരാജയമായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ മൂന്നിലൊന്നും ഗര്‍ഭകാലത്തിന്റെ അവസാനഘട്ടത്തിലോ അല്ലെങ്കില്‍ പ്രസവത്തിന് തൊട്ടുശേഷമോ ആയിരുന്നു. തലാക്വയുടെ കുഞ്ഞ് കഷ്ടിച്ച് ഒരാഴ്ചയാകാം ജീവനോടെ ഉണ്ടായിരുന്നതെന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍.ഒ.എ.എ.) പറയുന്നത്. കുഞ്ഞിന് ജീവനുണ്ടായിരുന്ന സമയത്തും തലാക്വ, അതിനെ തള്ളിനീക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കുഞ്ഞിന് എന്തോ പോരായ്മയുള്ളതായി കാഴ്ചയില്‍ തന്നെ വ്യക്തിമായിരുന്നെന്നും നിഗമനങ്ങളുണ്ട്. ഡിസംബര്‍ 23-ാം തീയതി വരെ ജെ-61-ന് ജീവനുണ്ടായിരുന്നു എന്നാണ് സൂചന. തുടര്‍ന്ന് ഡിസംബര്‍ 31-ന് ഗവേഷകര്‍ വീണ്ടും നിരീക്ഷണം ആരംഭിച്ചപ്പോള്‍ ജെ-61 അവരുടെ കണ്ണില്‍ ആദ്യംപെട്ടിരുന്നില്ല. അതേസമയം, തലാക്വ എന്തോ തള്ളിനീക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പിന്നീടാണ് അത് ജെ 61 ആയിരുന്നുവെന്ന കാര്യം ഗവേഷകര്‍ക്ക് മനസ്സിലാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വംശനാശഭീഷണി 

വേട്ടയെയും മറ്റും തുടര്‍ന്ന് 1960-കളോടെയാണ് സതേണ്‍ റസിഡന്റ് ഓര്‍ക്കകള്‍ വംശനാശഭീഷണിയുടെ പിടിയിലാകുന്നത്. തുടര്‍ന്ന് മൂന്നുപതിറ്റാണ്ടിനിപ്പുറം 1990-കളില്‍ ഇവയുടെ എണ്ണം 95 ആയി. ഈയടുത്ത് സെന്റര്‍ ഫോര്‍ വെയില്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ ഇവയുടെ എണ്ണം വീണ്ടും കുറഞ്ഞ് 73-ലേക്ക് എത്തിയതായി കണ്ടെത്തിക്കഴിഞ്ഞു. അതില്‍തന്നെ വെറും 23 എണ്ണം മാത്രമാണ് പെണ്‍തിമിംഗിലങ്ങള്‍. തലാക്വയ്ക്ക് നഷ്ടമായതും പെണ്‍കുഞ്ഞുങ്ങളെയാണ്. അവയ്ക്ക് ജീവന്‍ നഷ്ടമാകാതിരുന്നെങ്കില്‍ ഓര്‍ക്കകളുടെ വംശവര്‍ധനയ്ക്ക് സഹായകമാകുമായിരുന്നു. വ്യാവസായിക മാലിന്യങ്ങളും മറ്റ് വിഷവസ്തുക്കളും സതേണ്‍ റസിഡന്റ് ഓര്‍ക്കകളുടെ ഭക്ഷ്യസ്രോതസ്സിനെയാണ് ഇല്ലാതാക്കുന്നത്. അതും ഇവയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു. മാത്രമല്ല, ബോട്ടുകളില്‍നിന്നും കപ്പലുകളില്‍നിന്നുമുള്ള ശബ്ദവും തിമിംഗിലങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തെയും അവരുടെ സഞ്ചാരത്തെയും ബാധിക്കുന്നു.