രിച്ചുകഴിഞ്ഞതിനെ എന്തിനാണ് നമ്മൾ പേടിക്കുന്നത്? ജീവനുള്ളതിനെ മാത്രം പേടിച്ചാൽ പോരേ? ജീവനുള്ള എല്ലാത്തിനെയും എനിക്ക് പേടിയാണ്. കഴിഞ്ഞ 25 വർഷത്തിനിടയ്ക്ക് പത്തോ പതിനഞ്ചോ ദിവസമൊക്കെ പഴക്കംചെന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളെടുക്കാൻ പോയിട്ടുണ്ട്. ഏതു പാതിരാത്രിയിലും വിളിച്ചാൽ പോകും. ഇക്കാലത്തിനിടയ്ക്ക് ഒരു പ്രേതവും എന്നെ പേടിപ്പിച്ചിട്ടില്ല’-മാവേലിക്കരയിലെ വനിതയായ ഫോട്ടോഗ്രാഫർ ഷൈജ തമ്പി തന്റെ കാൽനൂറ്റാണ്ടോളമായുള്ള ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫിയുടെ കഥ പറയുമ്പോൾ ആരുമൊന്ന് സ്തംഭിച്ച് നിന്നുപോകും. കാരണം അത്രമാത്രം വിസ്മയമാണ് ഷൈജയുടെ ഫോട്ടോഗ്രാഫി ജീവിതം.

To advertise here,

ഒരു ദിവസത്തെ ഇടവേളയിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോയും പിറ്റേദിവസം അയാളുടെ മൃതദേഹത്തിന്റെ ഫോട്ടോയും ഷൈജ പകർത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തന്റെ സ്റ്റുഡിയോയിൽ വന്ന ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ ആയിരുന്നു ഷൈജയ്ക്ക് അങ്ങന എടുക്കേണ്ടി വന്നത്. തനിക്ക് പാസ്പോർട്ട് സൈസ് ഫോട്ടോ വേണമെന്ന് പറഞ്ഞായിരുന്നു അയാൾ സ്റ്റുഡിയോയിൽ എത്തിയത്. അപ്പോൾ തന്നെ എന്ത് ആവശ്യത്തിനാണ് എന്ന് ചോദിച്ചിരുന്നു. കാരണം നമുക്ക് അതിന്റെ ബാക്ഗ്രൗണ്ട് കളറൊക്കെ നോക്കണമല്ലോ. ചേച്ചിയുടെ ഇഷ്ടം പോലെ എടുത്തോ എന്നൊക്കെ പറഞ്ഞു. ഫോട്ടോയൊക്കെ എടുത്ത് ഭയങ്കര ഹാപ്പി ആയിട്ടാണ് പോയത്.

രാവിലെ ഞാൻ തിരിച്ച് സ്റ്റുഡിയോയിൽ ചെല്ലുമ്പോഴാണ് എനിക്ക് ഫോൺ വരുന്നത്. തൂങ്ങിമരിച്ച ഒരു വ്യക്തിയുടെ ഫോട്ടോ എടുക്കണം. ഞാൻ സാധാരണ പോവുന്നതല്ലേ, അങ്ങനെ ക്യാമറയുമായി ഇറങ്ങി. അവിടെ ചെന്നപ്പോൾ കാണുന്നത് കഴിഞ്ഞ ദിവസം എന്റെ സ്റ്റുഡിയോയിൽ വന്ന് എടുത്ത ഫോട്ടോയൊക്കെ മേശയുടെ മുകളിൽ അങ്ങനെ തന്നെ വെച്ച് ഈ വ്യക്തി തൂങ്ങിക്കിടക്കുന്നതാണ്.

ഒരു പക്ഷേ, തന്റെ മരണത്തിനുശേഷം ഫോട്ടോയ്ക്ക് പോലും ആരും അലഞ്ഞ് തിരിയാൻ പാടില്ല എന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും. ഞാൻ കുറെ നേരം ആ മൃതദേഹത്തിൽ നോക്കിനിന്നു. എന്നോട് എന്തൊക്കെയോ അയാൾ പറയുന്നത് പോലെയൊക്കെ തോന്നി. ഞാൻ ഇതിനു വേണ്ടിയിട്ടാണ് ഫോട്ടോ എടുത്തു വെച്ചത് എന്നൊക്കെയായിരിക്കും ചിലപ്പോൾ പറയുന്നത്. അദ്ദേഹം തൂങ്ങി നിൽക്കുന്നതായിട്ടേ തോന്നിയിരുന്നില്ല. അതിന്റെ ഒരുലക്ഷണവും ഇല്ലായിരുന്നു. എനിക്ക് തോന്നുന്നു നല്ല ഹാപ്പി ആയിട്ടാണ് അയാൾ മരിച്ചു കിടന്നത് എന്നാണ്.

അറപ്പിനെ മാറ്റിനിർത്തിയ വഴി

എട്ടും പത്തും ദിവസം കഴിഞ്ഞ മൃതദേഹങ്ങളൊക്കെ ഫോട്ടോയിലാക്കിയിട്ടുണ്ട് ഷൈജ. ചിലപ്പോൾ ആ മണം ദിവസങ്ങൾ നീണ്ട് നിൽക്കും. പക്ഷേ, ഇതാണ് തന്റെ ജോലിയെന്നും ഈ ജോലിയില്ലാതെ മുന്നോട്ട് പോകാനാവില്ലെന്നുമുള്ള തിരിച്ചറിവ് എല്ലാത്തിനോടും പൊരുത്തപ്പെടാൻ പഠിപ്പിച്ചു. മനസ്സിനെ പാകപ്പടുത്തി. കഴിഞ്ഞ ദിവസം ഒരു ഫോട്ടോ എടുക്കാൻ പോയതിന്റെ കഥ ഇങ്ങനെ. 100 മീറ്റർ അടുത്ത് ചെന്നപ്പോൾ തന്നെ മണം അടിക്കാൻ തുടങ്ങി. പോലീസുകാർ എനിക്ക് മൂന്ന് മാസ്‌ക് ഒരുമിച്ച് എടുത്തു തന്നു. രണ്ട് ഗ്ലൗസും തന്നു. സാധാരണ ഞാൻ ഇങ്ങനെയുള്ള വർക്കിന് പോകുമ്പോൾ പാന്റും ഷർട്ടുമാണ് ധരിക്കുക. പക്ഷേ, അന്ന് ഞാൻ രാവിലെ ചുരിദാർ ഇട്ടുകൊണ്ടാണ് പോയത്.

വീട്ടിലെ അടുക്കള ഭാഗത്ത് തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. കുറച്ച് സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൃതദേഹത്തിന് ഏഴെട്ട് ദിവസത്തെ പഴക്കം കാണും. തൊലിയൊക്കെ ഇളകിപ്പോരുന്ന തരത്തിലായിരുന്നു. പുഴുക്കളും വരാൻ തുടങ്ങിയിരുന്നു. അതിന്റെ ഇടയിൽ നിന്നാണ് ഫോട്ടോ എടുക്കേണ്ടത്. എങ്ങനെയൊക്കെയോ ആ ജോലി പൂർത്തിയാക്കി. അത് വല്ലാത്തൊരു ദിവസമായിരുന്നു.

ഫോട്ടോയൊക്കെ എടുത്തശേഷം ഇത് മൃതദേഹം താഴെ ഇറക്കണം. അതിനായി കയറിയവർ പോലും ഛർദിച്ച് പുറത്തേക്ക് വരുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അപ്പോഴൊക്കെ ഞാൻ കരുതിയത് നാളെ എനിക്കും ഒരുപക്ഷേ, ഈ അവസ്ഥ വന്നേക്കാമെന്നാണ്.അതിനെയൊക്കെ തരണം ചെയ്തു.

മഞ്ഞൾപ്പൊടിയും ഉപ്പുമിട്ട് തിളിപ്പിച്ച വെള്ളത്തിലെ കുളി

പഴക്കം ചെന്ന മൃതദേഹങ്ങളുടെ അടുത്ത് പോയി വരുമ്പോഴേക്കും ദേഹവും ക്യാമറയുമെല്ലാം മണക്കും. അണുക്കളുമുണ്ടാവും. അതിനെ മറികടക്കാനും ഷൈജയുടെ കയ്യിൽ മറുമരുന്നുണ്ട്. വീട്ടുകാരുടെ വലിയ പിന്തുണയും തനിക്ക് ലഭിക്കുന്നുവെന്ന് പറയുന്നു ഷൈജ. ക്യാമറയും അനുബന്ധ സാധനങ്ങളുമെല്ലാം സാനിറ്റൈസ് ചെയ്യും. പിന്നെ വീട്ടിൽ എല്ലാവർക്കും കാര്യങ്ങൾ അറിയാം. ഇൻക്വസ്റ്റ് ഉണ്ട് എന്ന് വിളിച്ചു പറയുമ്പോഴേ അവർ ഉപ്പും മഞ്ഞൾപ്പൊടിയുമിട്ട വെള്ളം തിളിപ്പിച്ച് പുറത്തെ കുളിമുറിയിൽ വെക്കും. അതെടുത്ത് കുളിച്ചതിനുശേഷമാണ് വീടിന് അകത്തേക്ക് കയറുക. തുണിയെല്ലാം അപ്പോഴെ മുക്കി മാറ്റിവെക്കും. ആദ്യമൊക്കെ മുക്കിന്റെ തുമ്പത്തൊക്കെ മണമിങ്ങനെ നിൽക്കുന്നത് പോലെ തോന്നുമായിരുന്നു. ഇപ്പോൾ പ്രശ്നമൊന്നുമില്ല.

അവിചാരിതമായിട്ടാണ് ഞാൻ ഈ രംഗത്തേക്ക് കടന്നുവന്നത്. ഫോട്ടോഗ്രാഫി തുടങ്ങിയ മൂന്നു നാല് മാസത്തിനുശേഷം എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് അപകടത്തിൽ മരിച്ചു. എന്റെ നാട്ടുകാരൻ തന്നെയാണ്. അവന്റെ വീട്ടുകാരാണ് ഫോട്ടോ എടുക്കാൻ വിളിച്ചത്. അതുവരെ ഇൻക്വസ്റ്റ് എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. അതുവരെ മരണത്തെയൊക്കെ എനിക്ക് പേടിയായിരുന്നു. പക്ഷേ അന്ന് ഫോട്ടോ എടുക്കാൻ പറഞ്ഞപ്പോൾ ഞാൻ ആ ജോലി ഏറ്റെടുത്തത് വഴിത്തിരിവാകുകയും ചെയ്തു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഇൻക്വസ്റ്റ്. അവിടെ ചെല്ലുമ്പോൾ മൃതദേഹം വരാന്തയിൽ വെച്ചിരിക്കുകയായിരുന്നു. അതിനൊപ്പം മറ്റ് മൂന്നെണ്ണം കൂടിയുണ്ടായിരുന്നു. ഞാൻ ഫോട്ടോ എടുക്കാൻ നോക്കുമ്പോൾ ആദ്യം എന്നെ പോലീസുകാർ സമ്മതിച്ചില്ല. ഒരു സ്ത്രീ ഇതെടുക്കാൻ പാടില്ല എന്നായിരുന്നു പോലീസ് നിലപാട്.

പെണ്ണുങ്ങളെ കൊണ്ട് ഇതൊന്നും സാധിക്കില്ലെന്നും ഫോട്ടോ എടുക്കാൻ പുരുഷൻമാരില്ലേ എന്നുമായിരുന്നു ചോദ്യം. അവിടെ ചെറിയ വാക്ക്തർക്കമൊക്കെ ഉണ്ടായി. ഒരു പുരുഷന്റെ നഗ്നശരീരമായിരുന്നു അത്. അതുകൊണ്ടാണ് എന്നെക്കൊണ്ട് എടുപ്പിക്കാൻ പോലീസ് മടിച്ചത്. പക്ഷേ, അവസാനം പോലീസുകാർക്ക് സമ്മതിക്കേണ്ടി വന്നു. അന്ന് ഞാൻ മാറിയിരുന്നുവെങ്കിൽ ഇന്നും പുറംതിരിഞ്ഞ് നിൽക്കേണ്ടി വരുമായിരുന്നു.

പേടിയെ പടിക്ക് പുറത്താക്കിയ കഥ

ജീവനുള്ളതിനെ മാത്രം പേടിച്ചാൽ മതിയെന്ന് പറയുന്നുണ്ട് ഷൈജ. മരിച്ചുകഴിഞ്ഞാൽ ആരും നമ്മളെ തേടി വരുന്നില്ലെന്ന കാര്യം മനസ്സിലാക്കിയാൽ പേടിയെ പടിക്ക് പുറത്താക്കാം. ഒരു പ്രേതവും ഇക്കാലമത്രയും എന്റെ കൂടെ വന്നിട്ടില്ലെന്നും ഷൈജ പറയുന്നു. ജോലിക്ക് അപ്പുറം ഒരു സേവനം എന്ന നിലയിലാണ് താൻ ഈ പ്രൊഫഷൻ തിരഞ്ഞെടുത്ത്. ആദ്യമൊക്കെ എനിക്ക് നല്ല പേടിയായിരുന്നു. പക്ഷേ, ആരെന്ന് അറിയാത്ത മൃതദേഹങ്ങളൊക്കെയാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്.

മറവ് ചെയ്യണമെങ്കിൽ ഫോട്ടോ നിർബന്ധമാണ്. പലപ്പോഴും പോലീസുകാർ തന്നെ പറയും നമ്മൾ അല്ലാതെ ആരാണ് ഇതൊക്കെ ചെയ്യുക എന്നത്. വളരെ ചെറിയ പ്രായമായിരുന്നു അന്നെനിക്ക്. ഞാൻ മാത്രമല്ല പോലീസുകാർ, പോസ്റ്റ്‌മോർട്ടം ഹാളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, അറ്റൻഡർമാർ എല്ലാവരും സമാന അവസ്ഥയിലൂടെ കടന്ന് പോവുന്നവരല്ലേ. അവരൊക്കെ എന്നെ പോലെ തന്നെ മനുഷ്യരാണല്ലോ. പിന്നെ എനിക്ക് മാത്രം എന്താണ് പ്രശ്നമെന്ന് ചിന്തിക്കും. എനിക്ക് വേണമെന്നുണ്ടെങ്കിൽ പറ്റില്ല എന്ന് പറയാം. പക്ഷേ അവർക്ക് പറ്റില്ല എന്ന് പറയാൻ പറ്റില്ല. അവർക്ക് അത് ചെയ്തേ പറ്റൂ. അപ്പോ പിന്നെ ഞാൻ എന്തിന് പേടിക്കണം? മരിച്ചതിനെ ഒന്നിനെയും നമ്മൾ പേടിക്കേണ്ട, ജീവനുള്ളതിനെ പേടിച്ചാൽ പോരെ. അതാണ് എന്റെ പോളിസി.

ഏറ്റവും ഭീകരം തീവണ്ടി തട്ടിയുള്ള മരണം

മറ്റുള്ള എല്ലാ മരണത്തിൽ നിന്നും ഭിന്നമാണ് തീവണ്ടി ഇടിച്ചുള്ള മരണം. ശരീരം ചിന്നിച്ചിതറിപ്പോയിട്ടുണ്ടാവും. തൂത്തുവാരിയൊക്കെ ആയിരിക്കും പലപ്പോഴും ഫോട്ടോ എടുക്കുന്നത്. ഞാൻ അപ്പോൾ ഇറച്ചിക്കടകളിൽ പോത്തിനെയും കാളയെയും ഒക്കെ വെട്ടിയിട്ട് കെട്ടി തൂക്കി ഇട്ടിരിക്കുന്നത് ഓർക്കും. നമ്മൽ ഇറച്ചി വാങ്ങാൻ പോവുമ്പോൾ ആ തൂക്കിയിട്ടതിൽ നിന്നാണ് മുറിച്ച് തൂക്കി തരുന്നത്. ആ മൃഗത്തിനും ജീവനുണ്ടായിരുന്നതാണ്. സമാനമല്ലേ മനുഷ്യന്റെയും ശരീരം. അങ്ങനെയൊക്കെ ഓർത്താണ് ഞാൻ ഇതിനെ ഓവർകം ചെയ്യുന്നത്.

കുഞ്ഞുങ്ങളുടെ മരണമാണ് എന്നെ വല്ലാതെ സങ്കടപ്പെടുത്തിക്കളയുക. അങ്ങനെയുള്ള ഇൻക്വസ്റ്റിന് പോകുമ്പോൾ സഹിക്കാൻ കഴിയില്ല. എന്റെ മകനെയൊക്കെ ഓർമ വരും. ചിലത് കൊലപാതകമായിരിക്കും. ചിലത് ആത്മഹത്യയായിരിക്കും. ഏഴും എട്ടും വയസ്സുള്ള കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്തത് കണ്ടിട്ടുണ്ട് . അത്തരം മരണത്തിന്റെ പുറകെയാണ് ഒരു ദിവസമെങ്കിൽ ഒന്നും വീട്ടിൽ പറയില്ല.ചിലപ്പോൾ എനിക്ക് തോന്നും ആ മൃതദേഹങ്ങൾ വന്ന് എന്നോട് എന്തൊക്കെയോ പറയുന്നുണ്ടെന്ന്.

ഒരിക്കൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ എടുക്കേണ്ടിവന്നു. ആത്മഹത്യ ആയിരുന്നു.കുറച്ചു ദിവസം കഴിഞ്ഞ് ഈ പെൺകുട്ടിയുടെ കൂട്ടുകാരിയെ വഴിയിൽ കണ്ടു. ഞാൻ വെറുതെ ഈ കുട്ടിയെ കുറിച്ച് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞ കാരണങ്ങൾ തന്നെയായിരുന്നു അന്ന് എന്നോട് ഉറക്കത്തിൽ വന്ന് ആ കുട്ടി പറഞ്ഞത് എന്നൊക്കെ തോന്നിപ്പോയിട്ടുണ്ട്.