
ഏറെ സങ്കീർണമായ രാഷ്ട്രീയ നീക്കങ്ങളാണ് ദക്ഷിണ കോക്കസസിൽനിന്ന് വരുന്നത്. ഇന്ത്യയുടെ എതിർപക്ഷത്ത് നിന്നിരുന്ന അസർബൈജാൻ എന്ന രാജ്യം ഇപ്പോൾ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളിലാണെന്നാണ് പുതിയ വാർത്ത. കിർഗിസ്താനിലെ ബിഷ്‌കെകിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (SCO) അനുബന്ധമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയെവും ഉഭയകക്ഷി ചർച്ച നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ശീതയുദ്ധത്തിന്റെ മഞ്ഞിന് കനം കുറഞ്ഞുതുടങ്ങിയെന്ന സൂചനകൾ വന്നുതുടങ്ങിയത്.
അസർബൈജാന്റെ കൂട്ടുകക്ഷികളായ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവരും പങ്കെടുത്ത ചർച്ചാവേദിയിലാണ് ഈ സുപ്രധാന കൂടിക്കാഴ്ച നടന്നത് എന്നതാണ് ശ്രദ്ധേയം. ഈ മാറ്റം വളരെ പെട്ടെന്ന് ഉണ്ടായതല്ല. മറിച്ച് മേഖലയിൽ ഇന്ത്യ നടത്തിയ ശ്രദ്ധാപൂർവമായ ഇടപെടലുകലുടെ ഫലമാണെന്നു പറയാം. പരമ്പരാഗതമായി തുർക്കിയുടെയും റഷ്യയുടെയുമൊക്കെ നിരന്തര ഇടപെടലുണ്ടായിരുന്ന മേഖലയിലാണ് ഇന്ത്യയുടെ രംഗപ്രവേശം സ്ഥിതിഗതികളെ മാറ്റിമറിച്ചത്.
ഇന്ത്യയുടെ താത്പര്യങ്ങൾക്ക് നേരെ എതിരെ നിന്നിരുന്ന ഒരു രാജ്യം കളംമാറ്റി ചവിട്ടുന്നതിന് പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട്. ഇന്ത്യ നടപ്പാക്കിയ 'ഓപ്പറേഷൻ സിന്ദൂർ' നടപടിയെ ശക്തമായി അപലപിക്കുകയും പാകിസ്താന് പരസ്യ പിന്തുണ നൽകുകയും ചെയ്ത രാജ്യമാണ് അസർബൈജാൻ. പാകിസ്താൻ എംബസിക്ക് കാശ്മീർ ദിനാചരണം നടത്താൻ അനുമതി നൽകിയതും ജമ്മു കാശ്മീരിന്റെ പുനഃസംഘടനയെ എതിർത്തതും ഖലിസ്താൻ അനുകൂലികളുടെ സമ്മേളനത്തിന് അനുമതി നൽകിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുൻപ് വഷളാക്കിയിരുന്നു. എന്നാൽ, ചില നിർണായക കാരണങ്ങളാൽ ഇന്ത്യയുമായുള്ള മനോഭാവം മാറ്റാൻ അസർബൈജാൻ നിർബന്ധിതരായിരിക്കുകയാണ്.
അസർബൈജാന്റെ ചരിത്രപരമായ എതിരാളിയായ അർമേനിയയുമായി ഇന്ത്യ വളർത്തിയെടുത്ത ശക്തമായ പ്രതിരോധ പങ്കാളിത്തമാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്ന്. ഇത് ബാക്കുവിൽ വലിയ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും, സാമ്പത്തിക യാഥാർത്ഥ്യങ്ങളും ട്രാൻസിറ്റ് ഇടനാഴികളുടെ തന്ത്രപ്രധാനമായ പ്രാധാന്യവും മുൻനിർത്തി ഇന്ത്യയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ അസർബൈജാൻ സജീവമായി ശ്രമിക്കുന്നുണ്ട്.
ഇന്ത്യ-അസർബൈജാൻ ബന്ധത്തിലെ തർക്കവിഷയങ്ങളും പ്രതിസന്ധികളും
തങ്ങളുടെ വിദേശനയം തുർക്കിയുമായും പാകിസ്താനുമായും കൂട്ടിച്ചേർത്തുകൊണ്ട് അസർബൈജാൻ രൂപീകരിച്ച 'ത്രീ ബ്രദേഴ്സ്' കൂട്ടായ്മയാണ് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ പ്രധാന പ്രതിസന്ധി സൃഷ്ടിച്ചത്. ഈ ത്രിരാഷ്ട്ര സഖ്യം ആശയപരമായ ഐക്യത്തിനപ്പുറം സംയുക്ത സൈനിക അഭ്യാസങ്ങളിലേക്കും ആയുധ നിർമ്മാണത്തിലേക്കും അന്താരാഷ്ട്ര വേദികളിലെ പരസ്പര പിന്തുണയിലേക്കും വളരുകയുണ്ടായി. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (OIC) ഉൾപ്പെടെയുള്ള ആഗോള വേദികളിൽ കാശ്മീർ വിഷയത്തിൽ പാകിസ്താന്റെ നിലപാടുകളെ അസർബൈജാൻ നിരന്തരം പിന്തുണയ്ക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള വെല്ലുവിളിയായാണ് ന്യൂഡൽഹി വീക്ഷിക്കുന്നത്.
ഇന്ത്യയുടെ അതിർത്തി കടന്നുള്ള ഭീകരവിരുദ്ധ നീക്കമായ 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ പാകിസ്താന് അസർബൈജാൻ നൽകിയ നയതന്ത്രപരവും സാങ്കേതികവുമായ പിന്തുണ നയതന്ത്രബന്ധത്തെ കടുത്ത മരവിപ്പിലേക്ക് തള്ളിവിട്ടു. ഇതേത്തുടർന്ന് ഇന്ത്യയിൽ അസർബൈജാനി ഉൽപ്പന്നങ്ങൾക്കും ടൂറിസത്തിനുമെതിരെ കടുത്ത ജനകീയ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഉയർന്നു. ഇതിന്റെ അനന്തരഫലമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി റൂർക്കി എന്നിവ അസർബൈജാനി, തുർക്കിഷ് സർവ്വകലാശാലകളുമായുള്ള ധാരണാപത്രങ്ങൾ റദ്ദാക്കുകയും തുർക്കിഷ് ഏവിയേഷൻ കമ്പനിയായ ചെലെബിയുടെ സുരക്ഷാ അനുമതി കേന്ദ്ര സർക്കാർ പിൻവലിക്കുകയും ചെയ്തു.
അതിനിടെ അസർബൈജാന്റെ എതിരാളിയായ അർമേനിയയുമായി ചെറിയതോതിൽ മാത്രമുണ്ടായിരുന്ന ബന്ധം ആയുധക്കച്ചവടത്തിലേക്ക് കടക്കുന്ന തരത്തിലേക്ക് വളർന്നു. നഗോർണോ-കരാബാഖ് യുദ്ധത്തിനു ശേഷം അർമേനിയയും ഇന്ത്യയും തമ്മിൽ അതിവേഗം വളർന്ന പ്രതിരോധ സഹകരണമാണ് അസർബൈജാന് നിലവിൽ വലിയ തലവേദനയായി മാറിയിരിക്കുന്നത്. റഷ്യയിൽനിന്നുള്ള ആയുധവിതരണം തടസ്സപ്പെട്ടതോടെ, തങ്ങളുടെ സൈനികശേഷി പുനഃസ്ഥാപിക്കുന്നതിനായി അർമേനിയ ഇന്ത്യയെ ഒരു പ്രധാന ആയുധ വിതരണക്കാരനായി സ്വീകരിക്കുകയായിരുന്നു.
ഇന്ത്യ കൈമാറുന്ന പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ആകാശ് ഉപരിതല-വ്യോമ മിസൈൽ സംവിധാനങ്ങൾ, എ.ടി.എ.ജി.എസ് 155എംഎം പീരങ്കികൾ, സെൻ ടെക്‌നോളജീസിന്റെ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ദക്ഷിണ കോക്കസസ് മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ അർമേനിയയ്ക്ക് അനുകൂലമായി മാറ്റുന്നുവെന്ന് ബാക്കു കരുതുന്നു. ഈ ആയുധവിതരണം ഇറാൻ വഴി രൂപപ്പെടുത്തിയ തന്ത്രപ്രധാന പാതയിലൂടെയാണ് നടക്കുന്നതെന്നത് അസർബൈജാന്റെ ആശങ്ക വർദ്ധിപ്പിക്കുന്നു.
അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് ഇന്ത്യയും ഫ്രാൻസും അർമേനിയയ്ക്ക് ആയുധങ്ങൾ നൽകുന്നതിനെതിരെ പരസ്യമായി രംഗത്തുവരികയും ഇത് മേഖലയിൽ 'തീയിൽ എണ്ണ ഒഴിക്കുന്നതിന് തുല്യമാണെന്നും' പുതിയൊരു യുദ്ധത്തിന് വഴിവെക്കുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇന്ത്യൻ നിർമ്മിത ആയുധങ്ങളുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്തുകൊണ്ട് അസർബൈജാൻ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെങ്കിലും, അർമേനിയൻ വ്യോമപ്രതിരോധം ശക്തിപ്പെടുത്താൻ ആകാശ് മിസൈലുകൾക്ക് സാധിക്കുന്നത് അസർബൈജാന്റെ ഡ്രോൺ മേധാവിത്വത്തിന് കടുത്ത ഭീഷണിയാണ്.
ഇതോടെ അവർ കളം മാറ്റിച്ചവിട്ടിത്തുടങ്ങി. പരസ്യമായ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും ഇന്ത്യയുമായി നയതന്ത്ര ശത്രുത തുടരാൻ അസർബൈജാൻ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഭൗമ-സാമ്പത്തിക വശങ്ങളും വ്യാപാര ആവശ്യകതകളും മുൻനിർത്തി ഇന്ത്യയുമായി കൂടുതൽ അടുക്കാനും ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും ബാക്കു സജീവമായി ശ്രമിക്കുന്നുണ്ട്. ഉഭയകക്ഷി പ്രതിസന്ധികൾ നിലനിൽക്കെത്തന്നെ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ അസർബൈജാൻ തയ്യാറായത് ഇതിന്റെ ഭാഗമായാണ്.
ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ബാക്കുവിനെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം കടുത്ത സാമ്പത്തിക ആശ്രിതത്വമാണ്. അസർബൈജാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യ. പൂർണ്ണമായ വ്യാപാര ഉപരോധം ഇന്ത്യ ഏർപ്പെടുത്തിയാൽ അവരുടെ ഹൈഡ്രോകാർബൺ അധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകും.
കൂടാതെ, അസർബൈജാനിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ വലിയൊരു പങ്ക് ഇന്ത്യക്കാരാണ്. സമീപകാലത്തുണ്ടായ വിനോദസഞ്ചാരികളുടെ കുറവ് അവരുടെ പ്രാദേശിക സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. സാമ്പത്തിക താല്പര്യങ്ങൾക്ക് പുറമേ, അന്താരാഷ്ട്ര ട്രാൻസിറ്റ് ശൃംഖലയായ ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ (INSTC) വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ത്യയുടെ സഹകരണം അനിവാര്യമാണ്.
റഷ്യയ്ക്കും മധ്യേഷ്യയ്ക്കും ഇന്ത്യൻ വിപണിയിലേക്കുള്ള പ്രധാന ഗതാഗത കവാടമായി മാറാൻ പദ്ധതിയിടുന്ന ബാക്കുവിന്, ഇന്ത്യ ഈ പദ്ധതിയിൽനിന്ന് പിന്മാറിയാൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടാകും. കൂടാതെ, ബഹുരാഷ്ട്ര വേദികളിൽ ഇന്ത്യ സ്വീകരിക്കുന്ന കടുത്ത നിലപാടുകളും അസർബൈജാന് തിരിച്ചടിയാകുന്നുണ്ട്.
ഷാങ്ഹായ് സഹകരണ സംഘടനയിൽ (SCO) അസർബൈജാന്റെ പൂർണ്ണ അംഗത്വ അപേക്ഷ ഇന്ത്യ വിറ്റോ അധികാരം ഉപയോഗിച്ച് തടയുകയുണ്ടായി. ബ്രിക്‌സ് (BRICS) കൂട്ടായ്മയിൽ അംഗത്വം നേടാനുള്ള അസർബൈജാന്റെ അപേക്ഷയിലും ഇന്ത്യ തങ്ങളുടെ വീറ്റോ സ്വാധീനം ഉപയോഗിക്കുമെന്ന ഭയം ബാക്കുവിനുണ്ട്. ഇതിനുപുറമേ, ഇന്ത്യ-ഗ്രീസ്-അർമേനിയ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിക്കുന്ന പുതിയ നയതന്ത്ര അച്ചുതണ്ട് തങ്ങളുടെ ഭൗമ-രാഷ്ട്രീയ സ്വാധീനത്തെ പ്രതിരോധിക്കുമെന്ന ആശങ്കയും അസർബൈജാനെ ഇന്ത്യയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ പ്രേരിപ്പിക്കുന്നു. ഇത് മാത്രമല്ല, ഇന്ത്യയിൽനിന്ന് അർമേനിയ പ്രളയ് മിസൈൽ വാങ്ങാൻ പോകുന്നു എന്ന വാർത്തകളും ബ്രഹ്‌മോസ് മിസൈൽ ചർച്ചകൾ നടക്കുന്നുവെന്ന വാർത്തകളും അവരെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്.
അതിനാൽ ബന്ധങ്ങളിലെ മരവിപ്പ് മാറ്റുന്നതിനായി ഇരു രാജ്യങ്ങളും വിദേശകാര്യ ഓഫീസുകളുടെ ആറാം വട്ട കൂടിയാലോചനകൾ ബാക്കുവിൽവച്ച് സംഘടിപ്പിച്ചു. 2022-ന് ശേഷം ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ച നടക്കുന്നത്. ഈ ചർച്ചകളിൽ വ്യാപാരം, സാങ്കേതികവിദ്യ, ഔഷധ നിർമ്മാണം, ഊർജ്ജം, ടൂറിസം, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം വിപുലീകരിക്കാൻ തീരുമാനമായി. പരസ്പരമുള്ള തർക്കങ്ങൾ പരിഹരിച്ച് നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ അസർബൈജാൻ ഔദ്യോഗിക തലത്തിൽ പരിശ്രമിക്കുന്നുണ്ടെന്ന് ഇത് തെളിയിക്കുന്നു. എങ്കിലും, മുൻകാലങ്ങളിലെ അസർബൈജാന്റെ പ്രതികൂല നിലപാടുകൾ കണക്കിലെടുത്ത് ഇന്ത്യ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്.
ഇന്ത്യയും അസർബൈജാനും തമ്മിലുള്ള ബന്ധം വൈകാരികമായ വിയോജിപ്പുകളിൽനിന്ന് പ്രായോഗികമായ ഭൗമ-രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലേക്ക് ചുവടുമാറ്റുകയാണ്. പുതിയ വ്യാപാര പാതകൾ, എണ്ണ വ്യാപാരം, ബഹുരാഷ്ട്ര കൂട്ടായ്മകളിലെ അംഗത്വം എന്നിവയിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമായി തിരിച്ചറിയുന്ന അസർബൈജാൻ, ന്യൂഡൽഹിയുമായി ഒരു നയതന്ത്ര സമവായത്തിലെത്താൻ ആഗ്രഹിക്കുന്നു എന്നതാണ് യാഥാർഥ്യം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അർമേനിയയുമായുള്ള ബന്ധം തകരാതെ തന്നെ അസർബൈജാനുമായുള്ള വ്യാപാര-ട്രാൻസിറ്റ് സാധ്യതകൾ നിലനിർത്തുന്ന 'ഡി-ഹൈഫനേഷൻ' നയതന്ത്രമാണ് ഭാവിയിൽ സ്വീകാര്യമായി തീരുന്നത്. രണ്ട് അയൽരാജ്യങ്ങൾ തമ്മിൽ വലിയ തർക്കങ്ങളോ ശത്രുതയോ നിലനിൽക്കുമ്പോൾ, മൂന്നാമതൊരു രാജ്യം ആ രണ്ട് രാജ്യങ്ങളുമായും വെവ്വേറെ സ്വതന്ത്രമായ നയതന്ത്ര ബന്ധം പുലർത്തുന്നതിനെയാണ് 'ഡി-ഹൈഫനേഷൻ' എന്ന് വിളിക്കുന്നത്. ഒരു രാജ്യവുമായുള്ള ബന്ധത്തെ മറ്റൊരു രാജ്യത്തിന്റെ കണ്ണടയിലൂടെ കാണാതെ, ഓരോ രാജ്യത്തെയും അവരുടെ പ്രാധാന്യത്തിനനുസരിച്ച് വേറെവേറെ കാണുന്ന രീതിയാണിത്.
ഇന്ത്യ- ഇസ്രയേൽ, ഇന്ത്യ- പലസ്തീൻ ബന്ധം ഇതിന് ഉദാഹരണമാണ്. അമേരിക്കയുടെ ഇന്ത്യയുമായും പാകിസ്താനുമായുള്ള ബന്ധവും ഇത്തരത്തിൽ വിശേഷിപ്പിക്കാറുണ്ട്. പറയുമ്പോൾ ലളിതമാണെന്ന് തോന്നാമെങ്കിലും ഈ നയം ഇരുതല മൂർച്ചയുള്ള വാളാണ്. എപ്പോൾ വേണമെങ്കിലും അത് തിരിച്ചടിയുണ്ടാക്കാം. എന്നാൽ, മേഖലയിൽ ഇന്ത്യ നിർണായക ശക്തിയാകുന്നു എന്നതാണ് ഇത് തെളിയിക്കുന്നത്. രണ്ടുപേർക്കും ഇന്ത്യയെ വേണം, എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് വലിയ നയതന്ത്ര ബാധ്യതകൾ ഉണ്ടാക്കാനുള്ള താത്പര്യവുമില്ല.
പാകിസ്താനുമായി അമേരിക്ക ഭീകരവാദത്തിനെതിരായ നീക്കമെന്ന പേരിൽ സഹകരിക്കുമ്പോൾതന്നെ ഇന്ത്യയുമായി പ്രതിരോധ രംഗത്തടക്കം സഹകരിക്കാനും മടിക്കുന്നില്ല. ഇതേ തന്ത്രം പയറ്റുന്നതാകും ഇന്ത്യയ്കും നന്നാകുക. മേഖലയിൽ ഇന്ത്യ സ്വാധീനശക്തിയാകുന്നു എന്നതാണ് ഇത്തരം ചലനങ്ങൾ തെളിയിക്കുന്നത്.
Content Highlights: India and Azerbaijan are reshaping their diplomatic relations, moving from past tensions to potential cooperation in trade, energy, and regional stability.
Published: 11 Sept 2026, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented