2011 മേയ് 2, പാകിസ്താൻ പ്രാദേശിക സമയം പുലർച്ചെ 12.30.. ആബട്ടബാദ് ഉറങ്ങുകയായിരുന്നു. പെട്ടന്നാണ് കൊടുംനിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അമേരിക്കയുടെ നാല് സൈനിക ഹെലികോപ്ടറുകൾ പറന്നിറങ്ങിയത്. പുറത്തിറങ്ങിയ സൈനികർക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. പത്ത് വർഷം അമേരിക്കയുടെ ഉറക്കം കെടുത്തിയ അൽ ഖ്വയ്ദ തലവൻ ഉസാമ ബിൻ ലാദനെ വധിക്കുക. കൂറ്റൻമതിൽക്കെട്ടും മുകളിൽ മുള്ളുകമ്പികളും കൊണ്ട് തീർത്ത സുരക്ഷ നിമിഷനേരം കൊണ്ടാണ് അവർ ഭേദിച്ചത്. മൂന്ന് നിലകെട്ടിടത്തിലേക്ക് സംഘം ഇരച്ചുകയറി. മിനുട്ടുകൾക്കുള്ളിൽ അവർ അയാളെ കണ്ടെത്തി. ഏകദേശം ഒൻപത് മിനിറ്റിനുള്ളിൽ കൊടുംഭീകരൻ ലാദൻ കൊല്ലപ്പെട്ടു. പാകിസ്താനെ പോലും അറിയിക്കാതെ അതീവരഹസ്യമായിരുന്നു അമേരിക്കയുടെ ആ സൈനികദൗത്യം. വെറും 40 മിനിറ്റ് മാത്രം നീണ്ടുനിന്ന 'ഓപ്പറേഷൻ നെപ്റ്റ്യൂൺ സ്പിയർ' എന്ന സൈനിക ദൗത്യത്തോടെ ആഗോളഭീകരവാദ ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ ഒരു അധ്യായത്തിനാണ് തിരശ്ശീല വീണത്.

To advertise here,

ആ 40 മിനുട്ടിൽ സംഭവിച്ചത്

അമേരിക്കയെ പിടിച്ചുകുലുക്കിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് കൃത്യം പത്ത് വർഷം തികയുമ്പോഴാണ് ലാദനെ തിരഞ്ഞ് അമേരിക്കൻ സൈന്യം പാകിസ്താനിലേക്കെത്തിയത്. തോറബോറയിൽ അമേരിക്ക നടത്തിയ സൈനികനടപടി പോലെ ഇത് പരാജയപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നു അന്ന് അമേരിക്കൻ ഭരണകൂടത്തിന്. എന്നാൽ സൈന്യത്തിന്റെ നിരീക്ഷണം കിറുകൃത്യമായിരുന്നു. എവിടെയും പിഴച്ചില്ല. നേവി സീൽ ടീം സിക്‌സ് എന്ന അമേരിക്കൻ സേനാവിഭാഗത്തിലെ സൈനികരാണ് ലാദനെ വധിക്കാനുള്ള ദൗത്യം പൂർത്തീകരിച്ചത്.

അമേരിക്കൻ സൈനികർ ഹെലികോപ്റ്ററിൽ കെട്ടിടസമുച്ചയത്തിലേക്ക് ഇറങ്ങുന്നതിനിടെ ഒരു ഹെലികോപ്റ്റർ സാങ്കേതിക തകരാർ കാരണം തകർന്നു വീണിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ സമീപവാസികളോട് വിളക്കണച്ച് വാതിലടച്ച് കിടക്കാനാണ് കോപ്റ്ററിൽ നിന്നിറങ്ങിയ സൈനികർ ആവശ്യപ്പെട്ടത്. അധികം വൈകാതെ തന്നെ ലാദൻ ഒളിവിൽ കഴിഞ്ഞ കെട്ടിടത്തിൽ നിന്ന് വെടിയൊച്ചകളും സ്‌ഫോടനശബ്ദങ്ങളും കേട്ടു. കെട്ടിടത്തിനുള്ളിലേക്ക് കടന്ന സൈന്യത്തിന് നേരെ പ്രതിരോധം ഉയർന്നിരുന്നു. എന്നിരുന്നാലും വെറും 40 മിനിറ്റിൽ യു.എസ്. സൈന്യം ലാദനെ വധിച്ചു. ലാദന്റെ മകൻ ഖാലിദും രണ്ട് സഹായികളും രണ്ട് സ്ത്രീകളും ദൗത്യത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെടുമ്പോൾ ലാദന്റെ വസ്ത്രത്തിൽ 500 യൂറോയും രണ്ട് ടെലിഫോൺ നമ്പറുകളും തുന്നിച്ചേർത്ത നിലയിലായിരുന്നു. സംഭവസ്ഥലത്തുനിന്ന് കമ്പ്യൂട്ടറുകൾ, 10 ഹാർഡ് ഡിസ്‌കുകൾ, നൂറോളം ഫ്‌ലാഷ് ഡ്രൈവുകൾ തുടങ്ങിയവ അമേരിക്കൻ രഹസ്യാനേഷണ സംഘം കണ്ടെടുത്തു.

ലാദന്റെ മൂന്നു ഭാര്യമാരും സംഭവസമയത്ത് അവിടെയുണ്ടായിരുന്നു. അമേരിക്കൻ സൈനിക നടപടി കഴിഞ്ഞതിന് പിന്നാലെ പാകിസ്താൻ സൈനികരെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

മൃതദേഹങ്ങൾ കടലിൽ മറവ് ചെയ്തു

കൊല്ലപ്പെട്ട ബിൻ ലാദന്റെയും മകന്റെയും മൃതദേഹങ്ങൾ കടലിൽ മറവുചെയ്തുവെന്നാണ് അമേരിക്ക അറിയിച്ചത്. ഇസ്ലാമിക ആചാരം പ്രകാരം വ്യക്തി മരണപ്പെട്ട് 24 മണിക്കൂറിനകം സംസ്‌കാരം നടത്തണം എന്നതിനാലാണ് ഇപ്രകാരം ചെയ്തതെന്ന് അമേരിക്ക പിന്നീട് വിശദീകരിച്ചു. കരയിൽ ലാദനായി ഒരു ശവകുടീരം ഉണ്ടാക്കിയാൽ പിൽക്കാലത്ത് അത് ഭീകരവാദികളുടെയും തീവ്രവാദികളുടെയും കേന്ദ്രമായി മാറിയേക്കാം എന്ന ഭീതിയും അമേരിക്കൻ ഭരണകൂടത്തിനുണ്ടായിരുന്നു. മൃതദേഹം കടലിൽ മറവ് ചെയ്‌തെന്ന് പറയുമ്പോഴും അമേരിക്കയുടെ കസ്റ്റഡിയിൽ തന്നെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും അക്കാലത്ത് പുറത്തുവന്നിരുന്നു.

കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്ന ലാദന്റെ ഇടതു കണ്ണിനു മുകളിലാണ് വെടിയേറ്റത്. ശേഷം കൊല്ലപ്പെട്ട വ്യക്തി ലാദൻ തന്നെയാണോ എന്ന് ഉറപ്പാക്കാൻ നേരത്തെ തന്നെ ശേഖരിച്ചുവെച്ചിരുന്ന ബിൻ ലാദന്റെ ബന്ധുക്കളുടെ ഡി.എൻ.എ. സാമ്പിളുകളുമായി അദ്ദേഹത്തിന്റെ ഭൗതികശരീരത്തിൽ നിന്നുള്ള ഡി.എൻ.എ. ഒത്തുനോക്കി. ഈ ഡി.എൻ.എ. സാമ്പിളുകൾ യു.എസ്. സാങ്കേതിക വിദഗ്ദ്ധ സംഘത്തിനും സി.ഐ.എ.യ്ക്കും കൈമാറുകയും അവർ അത് വിശദമായ നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്തു. സാമ്പിളുകൾ കൃത്യമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പരിശോധനയിൽ വ്യക്തമായതോടെയാണ് കൊല്ലപ്പെട്ടത് ഉസാമ ബിൻ ലാദൻ തന്നെയാണെന്ന് അമേരിക്ക സ്ഥിരീകരിച്ചത്.

ലാദൻ വധം തത്സമയം കണ്ട് ഒബാമ

ആബട്ടാബാദിൽ ബിൻ ലാദൻ വെടിയേറ്റുമരിക്കുന്നതിന്റെ തത്സമയ വിവരണം അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിൽ ഇരുന്നു കണ്ടിരുന്നു. ലാദന്റെ ഒളിത്താവളത്തിലേക്ക് 79 കമാൻഡോകളുമായി നാല് ഹെലികോപ്റ്ററുകൾ പുറപ്പെട്ടതു മുതൽ ദൗത്യം പൂർത്തിയാകുന്നതു വരെയുള്ള തത്സമയ വിവരങ്ങൾ ഒബാമയും അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാക്കളും വൈറ്റ്ഹൗസിലെ പ്രത്യേക മുറിയിലിരുന്ന് നിരീക്ഷിക്കുകയായിരുന്നു.

ദൗത്യത്തിന്റെ ഓരോ നിമിഷത്തെയും വിവരങ്ങൾ സി.ഐ.എ. (CIA) ഡയറക്ടർ ലിയോൺ പനേറ്റ വീഡിയോ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട് ഒബാമയെയും സംഘത്തെയും തത്സമയം അറിയിച്ചുകൊണ്ടിരുന്നു. ദൗത്യം നടക്കുന്ന സമയത്ത് മുറിയിൽ കനത്ത നിശബ്ദതയായിരുന്നു. പ്രസിഡന്റ് ഒബാമ ഭാവഭേദമൊന്നുമില്ലാതെ ദൃശ്യങ്ങൾ നിരീക്ഷിച്ചപ്പോൾ വൈസ് പ്രസിഡന്റ് ജോ ബൈഡൻ കൈയിൽ ജപമാലമണികൾ ഉരുട്ടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഉസാമ ബിൻ ലാദന് യു.എസ്. നൽകിയിരുന്ന രഹസ്യ കോഡ് നാമം 'ജെറോനിമോ' എന്നായിരുന്നു. സൈന്യം കെട്ടിടത്തിൽ കടന്ന് 'ജെറോനിമോ കൊല്ലപ്പെട്ടു' എന്ന് സന്ദേശം നൽകിയതോടെ 'നമ്മൾ അയാളെ പിടിച്ചു' എന്ന് ബരാക് ഒബാമ പ്രഖ്യാപിക്കുകയായിരുന്നു.

തോറാബോറ: പരാജയപ്പെട്ട ആദ്യ ദൗത്യം

സെപ്തംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം ബിൻ ലാദനെ കണ്ടെത്താനായി അമേരിക്ക നടത്തിയ ഏറ്റവും വലിയ സൈനിക നടപടി അഫ്ഗാനിലെ തോറബോറയിലേതായിരുന്നു. വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് പിന്നാലെ ലാദനെ കണ്ടെത്താനായി ഒക്ടോബറിൽ തന്നെ അമേരിക്ക അഫ്ഗാനിൽ സൈനിക നടപടി ആരംഭിച്ചിരുന്നു. അന്നത്തെ താലിബാൻ ഭരണകൂടത്തെ തുടച്ചുനീക്കുകയും അൽഖ്വയ്ദയെ ഇല്ലാതാക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അന്ന് അഫ്ഗാൻ നോർത്ത് അലയൻസിന്റെ സഹായത്തോടെ അഫ്ഗാനിലെ പല മേഖലകളിൽ നിന്നും താലിബാനെ പുറത്താക്കാൻ അമേരിക്കയ്ക്ക് സാധിച്ചു. യു.എസ് സേനയുടെ ശക്തമായ ആക്രമണത്തെത്തുടർന്ന് കാബൂളിൽ നിന്നും ജലാലാബാദിൽ നിന്നും പിന്തിരിഞ്ഞ താലിബാൻ-അൽ-ഖ്വയ്ദ ഭീകരർ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ അതിദുർഘടമായ തോറബോറ ഗുഹകളിൽ അഭയം പ്രാപിച്ചു. ഇവരിൽ ഉസാമ ബിൻ ലാദനുമുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.

ബിൻ ലാദനെ ജീവനോടെയോ അല്ലാതെയോ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് 2001 ഡിസംബറിൽ തോറബോറ യുദ്ധം നടക്കുന്നത്. കനത്ത വ്യോമാക്രമണങ്ങളും സ്‌ഫോടനങ്ങളും നടത്തി നൂറുകണക്കിന് അൽഖ്വയ്ദ ഭീകരരെ അമേരിക്കൻ സൈന്യം വധിച്ചു. തോറബോറ സൈനികമായി പിടിച്ചടക്കാൻ അമേരിക്കൻ സൈന്യത്തിന് കഴിഞ്ഞെങ്കിലും യുദ്ധത്തിന്റെ അവസാനത്തോടെ ലാദനും കൂട്ടരും പാകിസ്താനിലേക്ക് രക്ഷപ്പെട്ടു. ദുർഘടമായ മലമ്പാതകളിലൂടെ അഫ്ഗാൻ പ്രാദേശികസേനയുടെ സുരക്ഷ മറികടന്നാണ് ലാദനും കൂട്ടരും രക്ഷപ്പെട്ടത്. തോറബോറയിൽ ലാദനില്ലെന്ന് സ്ഥിരീകരിച്ചതോടെ ഈ സൈനിക നീക്കം അമേരിക്ക അവസാനിപ്പിക്കുകയും ചെയ്തു.

ചോർത്തിയ ഫോൺകോൾ, ലാദൻവേട്ടയ്ക്ക് അന്ത്യം

തോറ ബോറയിൽ നിന്ന് രക്ഷപ്പെട്ട ബിൻലാദൻ പാകിസ്താനിലേക്ക് കടന്നുവെന്നുമാത്രമാണ് അമേരിക്കയ്ക്ക് വിവരമുണ്ടായിരുന്നത്. എന്നാൽ എവിടെയായിരുന്നു എന്നതിനെക്കുറിച്ച് വർഷങ്ങളോളം വ്യക്തമായ ചിത്രമുണ്ടായിരുന്നില്ല. അതിർത്തിയിലെ മലനിരകൾ, പാകിസ്താന്റെ ഗോത്രമേഖലകൾ, അതിർത്തി പ്രദേശങ്ങളിലെ ഒളിത്താവളങ്ങൾ ലാദന് വേണ്ടി അമേരിക്ക വ്യാപകമായ തിരച്ചിൽ നടത്തി. അതൊന്നും ഫലം കണ്ടില്ല. ഒരു സൂചന പോലും ലഭിച്ചില്ല. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്ന രഹസ്യ ശൃംഖലയിലൂടെ ലാദൻ കാണാമറയത്തുതന്നെ തുടർന്നു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ബിൻ ലാദനെ കണ്ടെത്താൻ ഏറ്റവും വലിയ തടസ്സം അയാളുടെ ആശയവിനിമയ രീതിയായിരുന്നു. ലാദൻ നേരിട്ട് ടെലിഫോൺ ഉപയോഗിച്ചില്ല. ഇന്റർനെറ്റിലൂടെയും നേരിട്ട് ആശയവിനിമയം നടത്തിയില്ല. പകരം സന്ദേശങ്ങൾ എത്തിക്കാനും കൊണ്ടുപോകാനും വിശ്വസ്തരായ സന്ദേശവാഹകരെയാണ് ഉപയോഗിച്ചത്. അത്തരമൊരു സന്ദേശവാഹകനിലൂടെയായിരുന്നു ലാദനിലേക്ക് അമേരിക്കയ്ക്ക് വഴിതെളിഞ്ഞത്.

ഉസാമ ബിൻ ലാദന്റെ ഏറ്റവും വിശ്വസ്തനായ സന്ദേശവാഹകനായിരുന്ന അബു അഹമ്മദ് അൽ കുവൈത്തി നടത്തിയ ഒരൊറ്റ ഫോൺ കോളാണ് അമേരിക്കയുടെ വേട്ടയിൽ നിർണ്ണായക വഴിത്തിരിവായത്. ഒരു പഴയ സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തിലാണ് ലാദനെ കുറിച്ചുള്ള പരാമർശമുണ്ടായിരുന്നത്. 'ഇത്രയും നാൾ എവിടെയായിരുന്നു? ' എന്ന്‌സുഹൃത്ത് ഫോണിൽ ചോദിച്ചപ്പോൾ 'പഴയ ആളുടെ കൂടെത്തന്നെയാണ്, ദൈവത്തിന് സ്തുതി' എന്ന് കുവൈത്തി മറുപടി നൽകി. ഈ ഫോൺ കോൾ ചോർത്തിയ സി.ഐ.എ. കുവൈത്തിയുടെ നീക്കങ്ങൾ കൃത്യമായി പിന്തുടർന്നു.

കുവൈത്തിയെ നിരീക്ഷിച്ച് സി.ഐ.എ. ഉദ്യോഗസ്ഥർ എത്തിച്ചേർന്നത് പാകിസ്താനിലെ ആബോട്ടാബാദിലുള്ള അതീവ സുരക്ഷിതമായ ഒരു കെട്ടിടസമുച്ചയത്തിലാണ്. ജനവാസമേഖലയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. ആബട്ടാബാദിലെ പാക് സൈനിക അക്കാദമിയുടെ 800 അടി മാത്രം അകലെയായിരുന്നു ഈ കെട്ടിടം. ഒളികേന്ദ്രത്തിന്റെ വലിപ്പവും സങ്കീർണമായ ഘടനയും തങ്ങളെ അമ്പരിപ്പിച്ചുവെന്ന് സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. 3000 ചതുരശ്ര അടി വിസ്തൃതിയിലാണ് വളപ്പ്. 14 അടി ഉയരത്തിലുള്ള മതിൽ. അകത്ത് എന്താണ് നടക്കുന്നതെന്ന് പോലും പുറത്തുള്ളവർക്കറിയില്ല. മതിലിന് മുകളിൽ ചുരുൾ കമ്പിവേലികളും നിരീക്ഷണ ക്യാമറകളും. കാവലുള്ള രണ്ട് ഗേറ്റുകളാണുണ്ടായിരുന്നത്. വീട്ടിൽ ഫോൺ കണക്ഷനോ ഇന്റർനെറ്റോ ഇല്ലെങ്കിലും ആഡംബരങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ലെന്ന് അമേരിക്കൻ സേനാവൃത്തങ്ങൾ പിന്നീട് അറിയിച്ചിട്ടുണ്ട്. കെട്ടിടത്തിൽ ആരെങ്കിലും താമസിക്കുന്നുണ്ടോയെന്ന് പോലും നാട്ടുകാരറിഞ്ഞിരുന്നില്ല. ചില ജോലിക്കാരും കാവൽക്കാരും മാത്രം ഇടയ്ക്ക് പുറത്തിറങ്ങുമെന്നാണ് സമീപവാസികൾ പറഞ്ഞത്. പുറത്തുള്ളവർക്ക് യാതൊരു കാരണവശാലും അകത്തേക്ക് പ്രവേശനമില്ലായിരുന്നു. അവശിഷ്ടങ്ങളും മാലിന്യങ്ങളും പോലും പുറത്തിടാതെ കെട്ടിടത്തിനുള്ളിൽ തന്നെ കത്തിച്ചു കളയുകയായിരുന്നു പതിവ്.

സംശയാസ്ബദമായ ഈ കോമ്പൗണ്ട് നിരീക്ഷിക്കാനായി സി.ഐ.എ. സമീപത്ത് ഒരു രഹസ്യ കേന്ദ്രം സ്ഥാപിച്ചു. ഉപഗ്രഹ ചിത്രങ്ങളിലൂടെയും നിരീക്ഷണത്തിലൂടെയും കെട്ടിടത്തിന്റെ മുറ്റത്ത് പുറത്തിറങ്ങാതെ സ്ഥിരമായി നടക്കുന്ന ഉയരമുള്ള ഒരു വ്യക്തിയെ സി.ഐ.എ. കണ്ടെത്തി. ഇയാൾക്ക് 'ദ് വാക്കർ' എന്ന് അവർ കോഡ് നാമം നൽകി. ഈ വിവരങ്ങളും നിരീക്ഷണങ്ങളും വിശകലനം ചെയ്ത സി.ഐ.എ. ഉദ്യോഗസ്ഥർ, പുറംലോകവുമായി ബന്ധപ്പെടാതെ അവിടെ ഒളിവിൽ കഴിയുന്ന ആ ഉയരക്കാരൻ ഉസാമ ബിൻ ലാദൻ തന്നെയാണെന്ന് ഉറപ്പിക്കുകയും തുടർന്ന് ദൗത്യത്തിന് അനുമതി നൽകാനായി പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്യുകയായിരുന്നു. ലോകം തിരയുന്ന തീവ്രവാദിയെ കീഴടക്കാനുള്ള ഉത്തരവിൽ പ്രസിഡന്റ് ഒബാമ ഒപ്പുവെച്ചതോടെ ലാദൻ വേട്ട ആരംഭിക്കുകയായിരുന്നു. പിന്നീടുണ്ടായത് ചരിത്രം.

ചോദ്യമുനയിൽ പാകിസ്താൻ

പാകിസ്താൻ അറിയാതെയാണ് പത്ത് വർഷം ലാദൻ പാകിസ്താനിൽ കഴിഞ്ഞതെന്ന വാദം ലോകരാഷ്ട്രങ്ങൾക്കിടയിൽ സംശയം ജനിപ്പിച്ചു. പാക് സൈനിക അക്കാദമിക്കടുത്തായിരുന്നു ലാദന്റെ ഒളിസങ്കേതമെന്നത് സംശയം രൂക്ഷമാക്കി. സൈന്യത്തിന്റെ കർശന പരിശോധന നടക്കുന്ന മേഖലായായിട്ടും ഒരിക്കൽ പോലും ലാദനെ കുറിച്ച് പാകിസ്താന് സൂചന ലഭിച്ചിട്ടില്ലേ എന്നായിരുന്നു ചോദ്യം. എന്നാൽ തങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലെന്ന് പാകിസ്താൻ ആവർത്തിക്കുകയായിരുന്നു. പാകിസ്താനാണ് ലാദന് ഒളിതാവളമൊരുക്കിയതെന്ന് വിവിധ കോണുകളിൽ നിന്ന് ആരോപണമുയരുമ്പോൾ ഉത്തരംമുട്ടിയിരിക്കുകയായിരുന്നു പാകിസ്താൻ. അമേരിക്ക നേരിട്ട് പാകിസ്താനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചില്ലെങ്കിലും പാകിസ്താന്റെ പങ്കിൽ ശക്തമായ സംശയം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. പാകിസ്താൻ സൈന്യത്തിലെയും രഹസ്യാന്വേഷണ ഏജൻസിയായ ISI-യിലെയും ഒത്താശയോടെയാണ് ലാദൻ പാകിസ്താനിൽ കഴിഞ്ഞതെന്ന സംശയം അമേരിക്ക പ്രകടിപ്പിച്ചിരുന്നു.

എന്തായാലും ലാദന്റെ വധത്തിന് ശേഷം അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര-സൈനിക ബന്ധങ്ങളിൽ പരിഹരിക്കപ്പെട്ടിട്ടില്ലാത്ത വിള്ളലാണുണ്ടായത്. അമേരിക്കൻ സൈന്യം പാകിസ്താന്റെ മണ്ണിൽ കടന്ന് നടത്തിയ 'ഓപ്പറേഷൻ നെപ്ട്യൂൺ സ്പിയർ' ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസ്യത പൂർണ്ണമായും തകർത്തു. ലാദന് താവളമൊരുക്കിയതാണ് അമേരിക്കയെ ചൊടിപ്പിച്ചതെങ്കിൽ തങ്ങളുടെ അനുവാദമില്ലാതെ, മുൻകൂട്ടി അറിയിക്കാതെ അമേരിക്കൻ കമാൻഡോകൾ പാകിസ്താൻ അതിർത്തിക്കുള്ളിൽ കയറി സൈനിക നടപടി നടത്തിയത് തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് പാകിസ്താൻ കണക്കാക്കിയത്. ഇത് നയതന്ത്രബന്ധം തകരുന്നിലേക്ക് എത്തിക്കുന്നതിനൊപ്പം സാമ്പത്തിക-സൈനിക ബന്ധങ്ങൾ വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്കാണ് നീങ്ങിയത്. അമേരിക്കയുമായുള്ള ബന്ധം തകർന്നതോടെ പാകിസ്താൻ തങ്ങളുടെ സഖ്യകക്ഷിയായ ചൈനയുമായി കൂടുതൽ അടുത്തു. പിന്നീടുള്ള വർഷങ്ങളിൽ പാകിസ്താൻ-അമേരിക്ക ബന്ധം മെച്ചപ്പെട്ടെങ്കിലും പഴയതുപോലെയുള്ള ഒരു പൂർണ്ണമായ സഖ്യകക്ഷിയായി പാകിസ്താനെ കാണാൻ അമേരിക്ക പിന്നീട് തയ്യാറായിട്ടില്ല.

ശേഷം അൽഖ്വയ്ദയ്ക്ക് എന്ത് സംഭവിച്ചു?

2011ൽ ഉസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിന് ശേഷം അൽ-ഖ്വയ്ദയുടെ കേന്ദ്ര നേതൃത്വം അങ്ങേയറ്റം ദുർബലപ്പെടുകയായിരുന്നു. ആഗോള ഭീകരവാദ രംഗത്ത് അവർക്കുണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെട്ടു. എന്നാൽ സംഘടന പൂർണ്ണമായി ഇല്ലാതായില്ലെങ്കിലും സ്വഭാവത്തിലും പ്രവർത്തന രീതിയിലും വലിയ മാറ്റങ്ങളുണ്ടായി. ബിൻ ലാദന്റെ മരണശേഷം അദ്ദേഹത്തിന്റെ വലംകൈ ആയിരുന്ന അയ്മൻ അൽ സവാഹിരി അൽ-ഖ്വയ്ദയുടെ തലവനായി ചുമതലയേറ്റു. എന്നാൽ ലാദനെപ്പോലെ സംഘടനയെ ഒന്നിപ്പിച്ചു നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2022 ജൂലൈയിൽ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വെച്ച് അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ സവാഹിരിയും കൊല്ലപ്പെട്ടു. ഇത് അൽ-ഖ്വയ്ദയുടെ നേതൃത്വത്തിനേറ്റ പ്രഹരമായിരുന്നു. അൽഖ്വയ്ദയുടെ തളർച്ചയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന പുതിയ തീവ്രവാദസംഘടന വളർന്നത്. ക്രൂരതയുടെയും ആഗോള ഭീകരാക്രമണങ്ങളുടെയും കാര്യത്തിൽ ഐസിസ് അൽ-ഖ്വയ്ദയെ മറികടന്ന് മുന്നിലെത്തി.

2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതോടെ അൽ-ഖ്വയ്ദയ്ക്ക് വീണ്ടും സുരക്ഷിത താവളങ്ങൾ ലഭിച്ചതായി യുണൈറ്റഡ് നേഷൻസ് റിപ്പോർട്ടുകളുണ്ട്. എങ്കിലും പണ്ടത്തെപ്പോലെ അമേരിക്കയിലോ യൂറോപ്പിലോ വലിയ തോതിലുള്ള വലിയ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനുള്ള ശേഷി നിലവിൽ അൽ-ഖ്വയ്ദയ്ക്ക് ഇല്ലെന്നാണ് അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നത്.