ന്യൂഡൽഹി: ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കുടുംബമാണ് മരണവിവരം പങ്കുവെച്ചത്. സംസ്‌കാരം ലോധി റോഡ് ശ്മാശനത്തിൽ നടക്കും. എഴുത്തുകാരി, എഡ്യുക്കേഷനിസ്റ്റ്, ഹെറിറ്റേജ് കൺസർവേഷനിസ്റ്റ് തുടങ്ങിയ മേഖലകലിൽ പ്രവർത്തിക്കുന്ന ഗുർമീത് റായ് ആണ് ഭാര്യ. നിതിൻ, ആവണി, പുർവൈ എന്നിവരാണ് മക്കൾ.

To advertise here,

ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ പിതാവ്, ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ് എന്ന വിശേഷണങ്ങളുള്ള ഫോട്ടോഗ്രാഫറാണ് രഘു റായ്. ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലന്റെ മൃതദേഹത്തിന്റെ ചിത്രം രഘു റായിയുടെ ക്യാമറ കണ്ണുകളിലൂടെയാണ് ലോകം കണ്ടത്. ഇന്ധിരാഗന്ധി മുതലുള്ള ഇന്ത്യയുടെ ഭരണാധികാരികളുടെ അത്യപൂർവമായ ചിത്രങ്ങളുടെ ശേഖരം രഘു റായുടെ പക്കലുണ്ട്. മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറെന്ന പേരും അദ്ദേഹത്തിനുണ്ട്. മദറിനെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പുതന്നെ 'സെയ്ന്റ് മദർ' എന്ന പേരിൽ പുസ്തകം രഘുറായി പുറത്തിറക്കിയിരുന്നു.

പഞ്ചാബിലെ ജംഗിൽ ആണ് രഘു റായ് ജനിച്ചത്. ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ് ഈ സ്ഥലം. രഘുനാഥ് റായ് ചൗധരി എന്നാണ് മുഴുവൻ പേര്. 1962ൽ ഫോട്ടോഗ്രാഫി പ്രൊഫഷനായി എടുത്തു. സ്റ്റേറ്റ്‌സ്മാനിലാണ് ആദ്യം ജോലി ചെയ്തത്. 18ലധികം പുസ്തകങ്ങൾ രചിച്ചു. ടൈം, ലൈഫ്, ജിയോ, ന്യൂയോർക്ക് ടൈംസ്, സൺഡെ ടൈംസ്, ന്യൂസ് വീക്ക്, ദി ഇൻഡിപ്പെൻഡന്റ്, ന്യൂയോർക്കർ എന്നിവയിലുൾപ്പെടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭോപ്പാൽ വാതക ദുരന്തം കവർ ചെയ്തു. ഇതെക്കുറിച്ച് പിന്നീട് പുസ്തകവും ഡോക്യുമെന്ററിയും തയ്യാറാക്കി. പുസ്തകത്തിന്റെ പേര്: 'എക്‌സ്‌പോഷർ, എ കോർപറേറ്റ് ക്രൈം.' ലോക പ്രസ് ഫോട്ടോ ജൂറിയായി മൂന്നു തവണയും യുനെസ്‌കോയുടെ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിന്റെ ജൂറിയായി രണ്ടു തവണയും പ്രവർത്തിച്ചു. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫർ എസ്. പോൾ ആണ് സഹോദരൻ. ലോകപ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ അന്താരാഷ്ട്രസഹകരണ കൂട്ടായ്മയായ മാഗ്നം ഫോട്ടോസിലെ അംഗം കൂടിയാണ് രഘു റായ്.