കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പ്രത്യേക പദവി നൽകാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 371-ൽ പ്രത്യേക വകുപ്പ് കൂട്ടിച്ചേർക്കാൻ പോകുന്നതായി റിപ്പോർട്ട്. ഒരു കേന്ദ്രഭരണ പ്രദേശത്തിന് ആകമാനം നിയമനിർമാണ അധികാരമുള്ള, എന്നാൽ നിയമസഭയല്ലാത്ത, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക സമിതിയെ കൊണ്ടുവരാനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ലഡാക്കിന് നിയമസഭയുൾപ്പെടുന്ന- കൂടുതൽ ജനാധിപത്യ സ്വഭാവമുള്ള പദവി ആവശ്യപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങൾ ശമിപ്പിക്കുന്നതിന് വേണ്ടിയുള്ള നീക്കമാണ് ഇതെന്നും വ്യഖ്യാനമുണ്ട്.
അനുഛേദം 370 റദ്ദാക്കിയ 2019 ഓഗസ്റ്റിലെ ജമ്മു കശ്മീർ പുനഃസംഘടനയെത്തുടർന്ന് ലഡാക്കിനെ ജമ്മു കശ്മീരിൽനിന്ന് വേർപെടുത്തി പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയിരുന്നു. ജമ്മു കശ്മീരിൽനിന്ന് ലഡാക്കിനെ വേർപ്പെടുത്തിയതിനെ ലഡാക്കുകാർ ആദ്യം സ്വാഗതം ചെയ്തിരുന്നു. ജമ്മു കശ്മീരിന് സ്വന്തമായി നിയമസഭ അനുവദിച്ചപ്പോൾ ലഡാക്കിന് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശ പദവിയാണ് ലഭിച്ചത്. ഇതോടെ, ഉദ്യോഗസ്ഥ ഭരണത്തിനെതിരെ അതൃപ്തി ഉയർന്നുതുടങ്ങി.
മുൻപ് ജമ്മു കശ്മീർ നിയമസഭയിൽ ലഡാക്കിൽനിന്നുള്ള നാല് ജനപ്രതിനിധികൾ ഉണ്ടായിരുന്നെങ്കിൽ, 2019-ന് ശേഷം മേഖലയുടെ ഭരണം ഐഎഎസ് ഉദ്യോഗസ്ഥരുടെയും ബ്യൂറോക്രാറ്റുകളുടെയും കൈകളിലായി. ഇത് പ്രാദേശിക ജനവിഭാഗങ്ങളിൽ അതൃപ്തി വളർത്തി. കൂടാതെ, ജമ്മു കശ്മീരിലെ ഡൊമിസൈൽ (സ്ഥിരതാമസ) നിയമങ്ങളിൽ വന്ന മാറ്റങ്ങൾ ലഡാക്കിലെ ഭൂമി, തൊഴിൽ അവസരങ്ങൾ, ജനസംഖ്യാപരമായ സമവാക്യങ്ങൾ, സാംസ്‌കാരിക സ്വത്വം എന്നിവയിൽ വലിയ ആശങ്കകൾ ഉണ്ടാക്കി. ലേ, കാർഗിൽ എന്നീ ജില്ലകളിൽ നിലവിലുള്ള ഹിൽ കൗൺസിലുകളുടെ അധികാരങ്ങൾ പരിമിതമായതിനാൽ, പൂർണ്ണ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ സംരക്ഷണം, ഭരണത്തിൽ നേരിട്ടുള്ള ജനാധിപത്യ നിയന്ത്രണം എന്നിവ ആവശ്യപ്പെട്ട് ലേ അപെക്‌സ് ബോഡിയുടെയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസിന്റെയും (KDA) നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ ശക്തമായി.
ഇത് കൈവിട്ട് പോകുന്ന തരത്തിലേക്ക് വളർന്നതോടെയാണ് കേന്ദ്രം ചർച്ചകൾക്ക് തയ്യാറായത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് നിർണായകമായൊരു കേന്ദ്രഭരണ പ്രദേശത്ത് കൂടുതൽ അതൃപ്തി വളർത്താൻ കേന്ദ്രവും താത്പര്യപ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഭരണഘടനയുടെ അനുഛേദം 371- ൽ ഭേദഗതി വരുത്തി 371 കെ എന്നൊരു ഉപവകുപ്പ് കൂട്ടിച്ചേർക്കാനുള്ള നീക്കം നടക്കുന്നത്. ഇതുപ്രകാരം കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനായി ജനങ്ങളാൽ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ഒരു കേന്ദ്രഭരണ തല ഭരണസമിതി രൂപീകരിക്കുമെന്നാണ് കേന്ദ്രം പ്രതിഷേധക്കാർക്ക് മുന്നിൽ വെച്ചിരിക്കുന്ന വാഗ്ദാനം.
ഭൂമി, സംസ്‌കാരം, ഭാഷ, വനം, പരിസ്ഥിതി, പ്രകൃതിവിഭവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഈ സമിതിക്ക് നിയമനിർമ്മാണ അധികാരം ഉണ്ടായിരിക്കുമെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ കരട് കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഈ നിർദ്ദിഷ്ട ഭരണസമിതിക്ക് എക്‌സിക്യൂട്ടീവ് അധികാരം, ബജറ്റ് വിഹിതം, ആസൂത്രണം, പോലീസ്, ക്രമസമാധാന പാലനം എന്നിവയിൽ എത്രത്തോളം നിയന്ത്രണമുണ്ടാകും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. കൃത്യമായ അധികാരങ്ങൾ രേഖപ്പെടുത്തിയ കരട് ലഭിക്കാതെ കേന്ദ്രത്തിന്റെ ഓഫർ അപൂർണ്ണമാണെന്നാണ് ലഡാക്കിലെ പ്രതിനിധികളുടെ നിലപാട്.
ഭരണഘടനയുടെ 21-ാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 'താൽക്കാലികവും മാറ്റങ്ങൾക്ക് വിധേയവും പ്രത്യേകവുമായ വ്യവസ്ഥകൾക്ക്' കീഴിലാണ് ആർട്ടിക്കിൾ 371 മുതൽ 371ജെ വരെയുള്ള വകുപ്പുകൾ നിലനിൽക്കുന്നത്. ഇതിനൊപ്പമാണ് 371 കെ എന്നൊരു വകുപ്പുകൂടി വരുന്നത്. 371-ാം അനുഛേദത്തിന്റെ അടിസ്ഥാനത്തിൽ അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചില ഭരണക്രമം നിലനിൽക്കുന്നുണ്ട്.
എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി കണക്കാക്കുന്നതിന് പകരം ഓരോ പ്രദേശത്തിന്റെയും ചരിത്രപരവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വ്യതിയാനങ്ങളെ അംഗീകരിക്കുന്ന അസിമെട്രിക് ഫെഡറലിസത്തിന്റെ ഭാഗമായാണ് ഈ അനുഛേദം ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേവല സമത്വത്തിന് (Formal Equality) പകരം വസ്തുതാപരമായ സമത്വം (Substantive Equality) ഉറപ്പാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
371 വകുപ്പ് കൊണ്ടുവരാനുള്ള ചരിത്രപരവും സാമ്പത്തികവുമായ കാരണങ്ങൾ
ഇന്ത്യൻ ഭരണഘടനയിൽ തുടക്കത്തിൽ ആർട്ടിക്കിൾ 371 വിഭാവനം ചെയ്തതും പിന്നീട് നിരന്തരമായ ഭേദഗതികളിലൂടെ അത് വിപുലീകരിച്ചതും കൃത്യമായ ചില ചരിത്രപരവും സാമൂഹിക-സാമ്പത്തികവുമായ ഭരണഘടനാ ആവശ്യകതകൾ കാരണമാണ്.
സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണ സമയത്തും 1956-ലെ സംസ്ഥാന പുനഃസംഘടന വേളയിലും, വെവ്വേറെ ഭരണപ്രദേശങ്ങളായിരുന്ന പല നാട്ടുരാജ്യങ്ങളും പ്രവിശ്യകളും ഒരേ സംസ്ഥാനത്തിന് കീഴിലേക്ക് ലയിപ്പിക്കപ്പെട്ടു. ഇത് സംസ്ഥാനങ്ങൾക്കുള്ളിൽ തന്നെ കടുത്ത സാമ്പത്തിക സന്തുലിതാവസ്ഥയില്ലായ്മയ്ക്ക് വഴിതെളിച്ചു. ഉദാഹരണത്തിന്, വികസിതമായ മുംബൈ നഗരത്തോടൊപ്പം ചേർക്കപ്പെട്ട വികസനപരമായി പിന്നാക്കം നിന്ന വിദർഭ, മറാഠ്‌വാഡ മേഖലകൾക്ക് നീതിയുക്തമായ ഫണ്ട് വിഹിതം ലഭിക്കില്ലെന്ന ആശങ്ക ഉയർന്നു. ഇത്തരം ഉപപ്രാദേശിക പിന്നാക്കാവസ്ഥ പരിഹരിച്ച് സാമ്പത്തിക നീതി ഉറപ്പാക്കുക എന്നത് ആർട്ടിക്കിൾ 371 കൊണ്ടുവരാനുള്ള പ്രാഥമിക കാരണങ്ങളിൽ ഒന്നായിരുന്നു.
മറ്റൊരു പ്രധാന കാരണം വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിലെ സാംസ്കാരിക സ്വത്വ ഭയങ്ങളും ഭൂരിപക്ഷ അധിനിവേശത്തോടുള്ള ആശങ്കകളുമായിരുന്നു. ആദിവാസി മേഖലകളിലെ പരമ്പരാഗത ജനാധിപത്യ സ്ഥാപനങ്ങളും, ആചാരപരമായ സിവിൽ-ക്രിമിനൽ നിയമങ്ങളും ഭൂമിയുടെ മേലുള്ള ഗോത്രവിഭാഗങ്ങളുടെ കൂട്ടായ ഉടമസ്ഥാവകാശവും കേന്ദ്ര ഗവൺമെന്റിന്റെ ഏകീകൃത നിയമനിർമ്മാണങ്ങൾ വഴി നഷ്ടപ്പെടുമോ എന്ന് നാഗാ, മിസോ തുടങ്ങിയ വിഭാഗങ്ങൾ ഭയപ്പെട്ടിരുന്നു. ഇത്തരം സാംസ്കാരിക ഭയങ്ങളെ ഇല്ലാതാക്കി, അവരെ സായുധ പോരാട്ടങ്ങളിൽനിന്നും വിഘടനവാദ ചിന്തകളിൽനിന്നും പിന്തിരിപ്പിച്ച് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗമാക്കാൻ ഭരണഘടനാപരമായ സംരക്ഷണം അത്യാവശ്യമായിരുന്നു.
കൂടാതെ, സിക്കിം പോലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള തന്ത്രപ്രധാനമായ പ്രദേശങ്ങൾ ഇന്ത്യൻ യൂണിയന്റെ ഭാഗമായപ്പോൾ, അവരുടെ അതുവരെ നിലനിന്നിരുന്ന ഭരണവ്യവസ്ഥകളെയും ജനങ്ങളുടെ സവിശേഷമായ പ്രാതിനിധ്യ അവകാശങ്ങളെയും തടസ്സമില്ലാതെ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി പ്രത്യേക ഭരണഘടനാ സംവിധാനങ്ങൾ വേണ്ടിവന്നതും ആർട്ടിക്കിൾ 371-ന്റെ വിപുലീകരണത്തിന് കാരണമായി ഇതുപ്രകാരം ഇതുവരെ ഈ അനുഛേദപ്രകാരമുള്ള വ്യവസ്ഥകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങൾ താഴെപ്പറയുന്നവയാണ്.
ആർട്ടിക്കിൾ 371: മഹാരാഷ്ട്ര, ഗുജറാത്ത് (വിദർഭ, മറാഠ്‌വാഡ, സൗരാഷ്ട്ര, കച്ച് മേഖലകൾക്കായി പ്രത്യേക വികസന ബോർഡുകൾ).
- ആർട്ടിക്കിൾ 371എ: നാഗാലാന്റ് (നാഗാ ആചാരങ്ങൾ, സാമൂഹിക നിയമങ്ങൾ, ഭൂമിയുടെ ഉടമസ്ഥത എന്നിവയിൽ സംസ്ഥാന നിയമസഭയുടെ അംഗീകാരമില്ലാതെ പാർലമെന്റ് നിയമങ്ങൾ ബാധകമല്ല).
- ആർട്ടിക്കിൾ 371ബി & 371സി: അസം, മണിപ്പൂർ (ആദിവാസി-മലയോര മേഖലകൾക്കായി പ്രത്യേക നിയമസഭാ കമ്മിറ്റികൾ).
- ആർട്ടിക്കിൾ 371ഡി & 371ഇ: ആന്ധ്രാപ്രദേശ്, തെലങ്കാന (പൊതു തൊഴിലിലും വിദ്യാഭ്യാസത്തിലും പ്രാദേശിക അവസരങ്ങൾ ഉറപ്പാക്കൽ).
- ആർട്ടിക്കിൾ 371എഫ്: സിക്കിം (സിക്കിമിന്റെ പ്രത്യേക ലയന വ്യവസ്ഥകളും പ്രാതിനിധ്യവും).
- ആർട്ടിക്കിൾ 371ജി: മിസോറാം (മിസോ ആചാര നിയമങ്ങളും ഭൂമിയുടെ അവകാശവും).
- ആർട്ടിക്കിൾ 371എച്ച്: അരുണാചൽ പ്രദേശ് (ക്രമസമാധാന പാലനത്തിൽ ഗവർണർക്കുള്ള പ്രത്യേക ചുമതല).
- ആർട്ടിക്കിൾ 371ഐ: ഗോവ (നിയമസഭാ അംഗസംഖ്യ സംബന്ധിച്ച വ്യവസ്ഥ).
- ആർട്ടിക്കിൾ 371ജെ: കർണാടക (കല്യാണ-കർണാടക/ഹൈദരാബാദ്-കർണാടക മേഖലയ്ക്കുള്ള വികസന ബോർഡും തൊഴിൽ-വിദ്യാഭ്യാസ സംവരണവും)
ഇവയൊക്കെ പ്രത്യേക പ്രദേശങ്ങളിൽ മാത്രമാണ് ബാധകമാകുക. ഇതൊന്നുമല്ലാത്ത പുതിയ വ്യവസ്ഥയാണ് 371 കെ-യിലൂടെ കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്നത്. ഒരു സംസ്ഥാനത്തിനല്ലാതെ, ആദ്യമായി ഒരു കേന്ദ്രഭരണ പ്രദേശത്തിന് മുഴുവനുമായി ആർട്ടിക്കിൾ 371 പ്രകാരം പ്രത്യേക പദവി നൽകാൻ ശ്രമിക്കുന്നു എന്നതാണ് ആർട്ടിക്കിൾ 371 കെ-യുടെ സവിശേഷത. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രം കരടുപോലും പുറത്തിറക്കിയിട്ടില്ലാത്തതിനാൽ ഇതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. നിർദേശം എത്രത്തോളം ലഡാക്കികൾക്ക് സ്വീകാര്യമാകുമെന്നത് വരുംദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.
Content Highlights: Ladakh may receive special status under article 371, addressing local discontent and governance issues following its separation from Jammu and Kashmir in 2019.
Published: 11 Sept 2026, 04:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented