കരണ്ടിക്കൊക്കൻ മണലൂതി (Spoon-billed Sand Piper) യുടെ ഓമനപ്പേരാണ്‌ സ്പൂണി. ഈ അപൂർവപക്ഷി വംശനാശം വന്നുകൊണ്ടിരിക്കുകയാണ് എന്ന് പഠനങ്ങൾ പറയുന്നു. ആകെ അഞ്ഞൂറിൽത്താഴെ പക്ഷികളേ ഇപ്പോൾ ശേഷിച്ചിട്ടുള്ളൂ. റഷ്യയുടെ വടക്കുഭാഗത്ത് കൂടുകൂട്ടുന്ന സ്പൂണി മഞ്ഞുമാസങ്ങളായാൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ പറക്കും. അത്തരത്തിലൊരു പക്ഷി കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമബംഗാളിലെ പാത്തിബുനിയ കടൽത്തീരത്തെത്തി. ആ അപൂർവപക്ഷിയെത്തേടിയുള്ള യാത്രയുടെ കുറിപ്പും പക്ഷിയുടെ ചിത്രവുമിതാ

To advertise here,

പുലർച്ചെ അഞ്ചുമണിക്ക് സുബ്ര പാകിറ ഞാൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയുടെ കതകിൽ മുട്ടിവിളിച്ചു പറഞ്ഞു:

‘‘സർ, നമുക്ക് പുലരുന്നതിനുമുൻപേ കടൽത്തീരത്തെത്തണം.’’ ഹിന്ദിയും ഇംഗ്ലീഷും കലർന്ന ഭാഷയിലായിരുന്നു അയാൾ പറഞ്ഞത്. തലേന്നുരാത്രി നല്ലപോലെ ഉറക്കം കിട്ടിയിരുന്നില്ല. കോളേജ് കാലത്ത് വായിച്ച കാഫ്കയുടെ രൂപാന്തരത്വം (metamorphosis) എന്ന നോവെല്ല ഉറങ്ങാൻകിടക്കുന്നതിനുമുൻപേ ഒന്നുകൂടി വായിച്ചിരുന്നു. ഉറക്കത്തിനിടെ സ്വയം ഒരു ഭീകരപ്രാണിയായി മാറിയ കഥാപാത്രം സംസയുടെ അസ്വസ്ഥത എന്റെ മനസ്സിലും അശാന്തി നിറച്ചതിനാൽ പതിവിലും വൈകിയാണ് ഉറങ്ങിയത്. എങ്കിലും സ്പൂണിയെ ഒരുനോക്കുകാണാനുള്ള ഉത്‌കടമായ അഭിവാഞ്ഛയിൽ ഉറക്കക്കുറവിന്റെ ക്ഷീണമൊക്കെ തത്‌ക്ഷണം മനസ്സിനെവിട്ടുപോയി. കൊൽക്കത്തയിൽനിന്ന് ഏതാണ്ട് നൂറ് കിലോമീറ്റർ അകലെയുള്ള പാത്തിബുനിയ കടൽത്തീരത്താണ് സ്പൂണി വിരുന്നുവന്നത്. ബംഗാൾ ഉൾക്കടലിന്റെ പാത്തിബുനിയ തീരം ദേശാടനപ്പക്ഷികളുടെ പറുദീസയാണ്. ഏതാണ്ട് എട്ടു വർഷത്തിനുശേഷം ബംഗാൾ സന്ദർശിക്കാൻ എത്തിയ സ്പൂണിയെ ദർശിക്കാനും ചിത്രം പകർത്താനും ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്ന് ഒട്ടേറെ പക്ഷിസ്നേഹികളും ഫോട്ടോഗ്രാഫർമാരും ദിവസവും അവിടെ വന്നുപോകുന്നുണ്ട്.

യാത്രയ്ക്ക് തയ്യാറായി സുബ്ര പുറത്തുനിൽപ്പുണ്ടായിരുന്നു. ബാഗിൽ ക്യാമറയും ബൈനോകുലറും കുടിവെള്ളവും ഉണ്ടെന്ന്‌ ഉറപ്പുവരുത്തി.

‘‘നമുക്ക് ചെളിയിലൂടെ നടക്കേണ്ടതാണ്. പാന്റ്‌സ് മാറ്റി ഇത് ധരിക്കണം’

മുട്ടിനുമീതെമാത്രം ഇറക്കമുള്ള ഒരു ട്രൗസർ നീട്ടിക്കൊണ്ട് സുബ്ര പറഞ്ഞു. ഞാൻ ഉടുത്തിരുന്ന പാൻറ്‌സ് മാറ്റി ട്രൗസർ ധരിച്ചു. പാത്തിബുനിയയിൽവന്ന് സ്പൂണിയെ കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോൾ അർപൻ സാഹ എന്ന ബംഗാളി പക്ഷിനിരീക്ഷകനാണ്‌ സുബ്രയെ എനിക്ക് സഹായിയായി ഏർപ്പാടാക്കിത്തന്നത്.

‘ഒരു കൊച്ചു പക്ഷിയെപ്പോലും കാണിച്ചുതരാൻ സുബ്രയ്ക്ക് അസാധാരണമായ നൈപുണ്യമുണ്ട്. നമുക്കു കാണാൻകഴിയാത്ത പക്ഷികളെ സുബ്ര കാണും; നമുക്ക് കേൾക്കാൻ കഴിയാത്ത പക്ഷികളുടെ ശബ്ദങ്ങൾ സുബ്ര കേൾക്കും’

അർപൻ സുബ്രയെ പരിചയപ്പെടുത്തിയത് ഓർത്തു. പാത്തിബുനിയയിൽ എത്തുന്ന പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫർമാരും നൽകുന്ന പരിമിതമായ തുകകൊണ്ടാണ് സുബ്ര ജീവിതം മുന്നോട്ടുനീക്കുന്നത്. ദേശാടനപ്പക്ഷികൾ നേരത്തേതന്നെ അവയുടെ ജന്മസ്ഥലങ്ങളിലേക്ക് തിരികെപ്പോകരുതേ എന്നാണ് സുബ്രയുടെ പ്രാർഥന. ദേശാടനപ്പക്ഷികൾ തിരികെപ്പോയാൽ പക്ഷിനിരീക്ഷകർ പാത്തിബുനിയയിലേക്കു വരാതെയാകും. അതോടെ സുബ്രയുടെ ജീവിതം വഴിമുട്ടും.

ഹോട്ടലിനുപുറത്ത് ഞങ്ങൾക്കു പോകാനുള്ള ഓട്ടോറിക്ഷ കാത്തുകിടപ്പുണ്ടായിരുന്നു.

‘‘കടൽത്തീരത്തേക്ക് ഏതാണ്ട് പത്തുകിലോമീറ്റർ സഞ്ചരിക്കണം’’ -സുബ്ര ഓർമ്മിപ്പിച്ചു.

ഓട്ടോറിക്ഷയുടെ പിന്നിൽ രണ്ടുനിര സീറ്റുണ്ട്. വലിയസീറ്റിന്‌ അഭിമുഖമായി ഒരു നിര ചെറിയ സീറ്റ്. ടാറിട്ട റോഡ് പിന്നിട്ട് ഓട്ടോറിക്ഷ കുണ്ടും കുഴിയും നിറഞ്ഞ ഒരു ചെമ്മൺ പാതയിലേക്കുകടന്നു. ഓട്ടോയുടെ കുലുക്കം കൂടിക്കൊണ്ടിരുന്നപ്പോൾ സുബ്ര എന്നെ പിന്നിലെ വലിയ സീറ്റിൽനിന്ന് വീതികുറഞ്ഞ മുൻസീറ്റിലേക്കുമാറ്റി. അതോടെ ഓട്ടോയുടെ കുലുക്കത്തിന്റെ ആഘാതം കുറഞ്ഞതായിത്തോന്നി. ചെമ്മൺ പാത പിന്നിട്ട് ഓട്ടോ ഒരു കോൺക്രീറ്റ് റോഡിലേക്കു പ്രവേശിച്ചു. പാതയുടെ ഇരുവശവും അടുത്തടുത്തായി ചെറിയ വീടുകൾ. മഴ നനയാതിരിക്കാൻ താർപ്പായകൊണ്ട് മേൽക്കൂരയിട്ട ഒട്ടേറെ വീടുകൾ. അങ്ങിങ്ങായി വെള്ളക്കെട്ടുകൾ. വെള്ളക്കെട്ടിൽ കുളിക്കുന്ന മനുഷ്യർ. അവർക്ക് ഒപ്പം കുളിക്കുന്ന നായകളും താറാവുകളും.

‘‘സർ, ഇനിയങ്ങോട്ട് ഓട്ടോ പോകില്ല. ഇറങ്ങിനടക്കണം’’ -സുബ്ര പറഞ്ഞു.

ഞങ്ങൾ ഓട്ടോയിൽനിന്നിറങ്ങി ഇടുങ്ങിയ ചെമ്മൺപാതയിലൂടെ നടന്നുതുടങ്ങി. ഏതാണ്ട് ഒരു കിലോമീറ്റർ നടന്നു.

‘‘അതാ ബംഗാൾ ഉൾക്കടൽ’’ സുബ്ര ദൂരത്തേക്കു വിരൽചൂണ്ടിക്കൊണ്ട് പറഞ്ഞു.

ഇഷ്ടിക പതിച്ച ചെരിവിലൂടെ ഞങ്ങൾ കടൽതീരത്തേക്കിറങ്ങി. എന്റെ ചെരിപ്പുകൾ സുബ്ര ബാഗിൽ കെട്ടിവെച്ചുതന്നു. വേലിയിറക്കമായതിനാൽ കടൽ അരക്കിലോമീറ്ററോളം ഉൾവലിഞ്ഞിരിക്കുന്നു. അതിനിടെ കൊൽക്കത്തയിൽനിന്ന് ഒരു അധ്യാപികയും ഒരു ഫോട്ടോഗ്രാഫറും മറ്റൊരു സഹായിയോടൊപ്പം സ്പൂണിയെത്തേടി കടൽതീരത്തെത്തിയിരുന്നു. കടൽ പിൻവാങ്ങിയപ്പോൾ പ്രത്യക്ഷമായ വിശാലമായ ചെളിത്തിട്ടയാണ് മുന്നിൽ. ഒരു ചെളിപ്പാടംപോലെ തോന്നും. ഞാൻ ബാഗിൽനിന്ന് ക്യാമറ പുറത്തെടുത്തു സെറ്റ്ചെയ്തുപിടിച്ചു. ഇനി ചെളിത്തിട്ടയിലൂടെ നടന്ന് സ്പൂണി എന്ന കൊച്ചുപക്ഷിയെ കണ്ടുപിടിക്കണം.

ഒട്ടേറെ ദേശാടനപ്പക്ഷികൾ ചെളിത്തിട്ടയിലൂടെനടന്ന് ഇരതേടുന്നുണ്ടായിരുന്നു. ചെറിയമണൽക്കോഴികൾ പതുക്കെ നടന്നാണ് ഇരതേടുന്നത്. എന്നാൽ, വരവാലൻഗോഡ്വിറ്റും(Bar-tailed Godwit) ചെമ്പൻ നോട്ടും (Red Knot) കൊക്കുകൾ ചെളിയിൽ ആഴ്ത്തി ധൃതിയിൽ ഇര തേടിക്കൊണ്ടിരുന്നു. സാഹസികമായിട്ടാണ് ചെളിയിലൂടെ നടക്കുന്നത്. ചിലപ്പോൾ കാൽമുട്ടുവരെ ചെളിയിൽ ആഴ്ന്നുപോകും. ചെളിയിൽനിന്ന് കാൽ വലിച്ചെടുക്കാൻ സുബ്ര കൈതന്നുസഹായിക്കും. ചെളിയിൽ പൂണ്ടുകിടക്കുന്ന കക്കത്തോടുകളിൽ ഉരസിയുണ്ടായ കാൽവിരലുകളിലെ പോറലുകളിൽനിന്ന് നീറ്റൽ അരിച്ചുകയറുന്നുണ്ട്. മൂന്നു കിലോമീറ്ററോളം ചെളിത്തിട്ട അരിച്ചുപെറുക്കിനോക്കിയിട്ടും സ്പൂണിയെമാത്രം കണ്ടില്ല. കലശലായ വിശപ്പുംദാഹവും തോന്നിത്തുടങ്ങിയിരുന്നു. അതിനെക്കാളേറെ നിരാശയും. ഇത്രയേറെ ദൂരം യാത്രചെയ്തുവന്നിട്ട് സ്പൂണിയെ കാണാതെ തിരികെപ്പോകുന്നത് ഓർത്തപ്പോൾ മനസ്സ് തണുത്തുറയുന്നതുപോലെ തോന്നി.

കുറച്ചുകഴിഞ്ഞപ്പോൾ വേലിയേറ്റം തുടങ്ങി. തിരകൾ മന്ദംമന്ദം ചെളിത്തിട്ടയിലേക്ക് കയറിവന്നുകൊണ്ടിരുന്നു. ഞങ്ങൾ ചെളിത്തിട്ടയിലൂടെ തീരത്തേക്ക് തിരികെ നടന്നു. ക്ഷീണിതരായി തീരത്തെത്തി. പിന്നാലെ തിരകളും. ജലപടം ചെളിപ്പരപ്പിനെ പൂർണമായി മൂടി. നേരത്തേ ചെളിത്തിട്ടയിൽ ഇരതേടിയ അനേകം പക്ഷികളും തീരമണഞ്ഞു. വെയിലിനു ചൂട് കൂടിവരുകയാണ്. ബാഗിൽ കരുതിയ വെള്ളം കുടിച്ചു ദാഹമകറ്റി. സുബ്ര ബാഗിൽനിന്ന് ബ്രെഡും മുട്ടയും പുറത്തെടുത്തു. ഞങ്ങൾ കടൽത്തീരത്തെ മണലിലിരുന്ന് പ്രാതൽ കഴിക്കുന്നതിനിടെ ഞാൻ സ്പൂണിയെകാണാത്തതിന്റെ മനഃപ്രയാസം സുബ്രയോട് പറഞ്ഞു. കടൽക്കാറ്റിന്റെ തഴുകലിൽ ദേഹം കുളിർക്കുന്നുണ്ടെങ്കിലും മനസ്സ് വിമൂകമായിരുന്നു.

‘‘വിഷമിക്കേണ്ട സർ. നമുക്ക് പരിശ്രമിക്കാം. ഞാനല്ലേ പറയുന്നത്’’

-സുബ്ര എന്നെ ആശ്വസിപ്പിച്ചു. കടലോരം നിറയെ പക്ഷികളാണ്. ഏതാണ്ട് നൂറുമീറ്റർ നീളത്തിൽ മണലിൽ പലയിനം പക്ഷികൾ കൂട്ടമായിരുന്നു വിശ്രമിക്കുന്നു. ചില പക്ഷികൾ തൂവൽ മിനുക്കുന്നു; മറ്റു ചില പക്ഷികൾ പൂഴിയിൽ ഇരിക്കുന്നുണ്ട്. ഇനിയും ചില പക്ഷികൾ വെയിൽചൂടിൽനിന്ന് രക്ഷപ്പെടാനായി ഒറ്റക്കാലിൽ നിൽക്കുന്നുണ്ടായിരുന്നു; ഏതാനും പക്ഷികൾ കണ്ണടച്ചു മയങ്ങി നിൽക്കുന്നുണ്ട്. ഈ നൂറുകണക്കിന് പക്ഷികൾക്കിടയിൽനിന്ന് ‌സ്പൂണിയെ എങ്ങനെ കണ്ടെത്തും? എനിക്ക് ശുഭപ്രതീക്ഷയേ ഉണ്ടായിരുന്നില്ല. ഞങ്ങൾ ബൈനോക്കുലറിലൂടെ നോക്കി. വൈക്കോൽക്കൂനയിൽ സൂചി തിരയുന്നപോലെ. അല്പം കഴിഞ്ഞപ്പോൾ സുബ്ര ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:

‘‘അതാ സ്പൂണി’’.

ഞാൻ സന്തോഷംകൊണ്ട് മതിമറന്നു. സുബ്ര വിരൽചൂണ്ടിയ ഭാഗത്തേക്ക് സശ്രദ്ധം നോക്കിയെങ്കിലും എനിക്ക് സ്പൂണിയെ കാണാൻ കഴിഞ്ഞില്ല. സുബ്ര തന്റെ ബാഗിൽനിന്ന് ഒരു ലേസർ ടോർച്ചു പുറത്തെടുത്തു. ലേസർ പ്രകാശം പതിക്കുന്നതിന്റെ തൊട്ടുമീതെ നോക്കാൻപറഞ്ഞു. അതെ. ഞാൻ സ്വപ്നം കണ്ട സ്പൂണി മണൽക്കോഴികൾക്കിടയിലായി പൂഴിയിൽ പതുങ്ങിരിയിരിക്കുന്നു. മനസ്സിലാകെ ആഹ്ളാദത്തിന്റെ തിരയിളക്കം. ഞാൻ ക്യാമറ ഫോക്കസ് ചെയ്തു തുടങ്ങിയതേയുള്ളൂ. പെട്ടെന്ന് എവിടെ നിന്നോ ഒരു കാക്ക പക്ഷിക്കൂട്ടത്തെ ലക്ഷ്യമാക്കി പറന്നുവന്നു. പക്ഷികൾ ഒന്നൊഴിയാതെ തീരത്തുനിന്ന് കൂട്ടമായി പറന്നുപോയി. ഒപ്പം സ്പൂണിയും. ഞാൻ ഒരു ശിലപോലെ നിശ്ചലനായി നിന്നുപോയി. പക്ഷേ, കാക്ക മാറിപ്പറന്നു പോയപ്പോൾ പക്ഷികൾ വീണ്ടും തീരത്തു പറന്നിറങ്ങി.

ഞാനും സുബ്രയും വീണ്ടും സ്പൂണിയെ തിരയാൻ തുടങ്ങി. ഏറെ താമസിയാതെ കണ്ടെത്തി. ഇത്തവണയും സുബ്ര തന്നെയാണ് പക്ഷിക്കൂട്ടത്തിന്റെ നടുവിലായി സ്പൂണിയെ തിരിച്ചറിഞ്ഞത്. ഞാൻ തുടർച്ചയായി ക്ലിക്ക് ചെയ്തുകൊണ്ടിരുന്നു. സ്പൂണി പൂഴിയിൽ ഇരിക്കുന്നു; നടക്കുന്നു; ഓടുന്നു ; അങ്ങനെ ഏതാണ്ട് അരമണിക്കൂറുകൊണ്ട് നൂറിലേറെ ചിത്രങ്ങൾ പകർത്തി. പക്ഷേ, നാലോ അഞ്ചോ ചിത്രങ്ങൾമാത്രമാണ് തെളിഞ്ഞുകിട്ടിയത്. ഒരുപക്ഷേ, വരുന്ന ഒരു വ്യാഴവട്ടക്കാലത്തിനുള്ളിൽ ഭൂമുഖത്തുനിന്ന് മണ്മറഞ്ഞു പോയേക്കാൻ സാധ്യതയുള്ള ഒരു പക്ഷിയെ കാണാനും ചിത്രങ്ങൾ പകർത്താനും കഴിഞ്ഞത് ദീർഘനാളായി മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു സ്വപ്നത്തിന്റെ സാക്ഷാത്‌കാരമായി. ഒപ്പം കേരളത്തിൽ അപൂർവമായിമാത്രം സന്ദർശനത്തിനെത്തിയിരുന്ന ചെങ്കഴുത്തൻ മണലൂതിയുടെയും (Red-necked Stint)ചെമ്പൻ നോട്ടിന്റെയും പ്രത്യുത്പാദന വേഷം ധരിച്ച വരവാലൻഗോഡ്വിറ്റിന്റെയും ഡൻലിന്റെയും (Dunlin) ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞതും അസുലഭ അനുഭവമായി.

വംശനാശത്തിന്റെ വക്കിൽ എത്തിനിൽക്കുന്ന പക്ഷിയാണ് കരണ്ടിക്കൊക്കൻ മണലൂതി (Spoon-billed Sandpiper). ഈ പക്ഷിക്ക് പക്ഷിസ്നേഹികൾ നൽകിയ ഓമനപ്പേരാണ് സ്പൂണി(Spoony). റഷ്യയുടെ വടക്കുഭാഗത്ത് കൂടുകൂട്ടുന്ന ഒരു കൊച്ചുപക്ഷി. കൊക്കിന്റെ അറ്റം ചട്ടുകംപോലെ പരന്നതിനാൽ ഇതിനെ തിരിച്ചറിയുക എളുപ്പമാണ്. പക്ഷേ, വശങ്ങളിൽനിന്നു നോക്കുമ്പോൾ ഈ ചട്ടുകക്കൊക്ക് ദൃശ്യമാകില്ല. അതിനാൽ മറ്റു പക്ഷികൾക്കിടയിൽനിന്ന് ഇതിനെ കണ്ടെത്തുക ശ്രമകരമാണ്. കൊക്ക് വശങ്ങളിലേക്ക് ചലിപ്പിച്ചാണ് ആഹാരം തേടുക. റഷ്യയിൽ മഞ്ഞു വീണുതുടങ്ങുന്നതോടെ സ്പൂണി ആയിരക്കണക്കിനു കിലോമീറ്റർ താണ്ടി ഏഷ്യയുടെ തെക്കുഭാഗങ്ങളിലേക്ക് ദേശാടനംനടത്തും. ഇന്ത്യയുടെ സമീപ രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാൻമാർ മുതലായ രാജ്യങ്ങളിൽ ഇത് ദേശാടകരായി എത്താറുണ്ട്. ഇന്ത്യയിൽ വളരെ അപൂർവമായിട്ടേ ഈ പക്ഷിയെ കണ്ടിട്ടുള്ളൂ. കേരളത്തിൽ ഒരുതവണ ഈപക്ഷിയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1991-ൽ കടലുണ്ടിയിൽ ഈ പക്ഷിയെ നമശിവായവും പി.കെ. ഉത്തമനും നിരീക്ഷിച്ചതായി പ്രശസ്ത പക്ഷിനിരീക്ഷകനായ ഇന്ദുചൂഡനും മറ്റുചില പക്ഷിനിരീക്ഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. ആവാസനാശവും വേട്ടയും മലിനീകരണവും കാലാവസ്ഥാവ്യതിയാനവും ഈ പക്ഷിയുടെ വംശക്ഷയത്തിനു കാരണമായി. വർഷംതോറും ഈ പക്ഷിയുടെ എണ്ണം അപകടകരമായി കുറഞ്ഞുവരുകയാണ്. ഇപ്പോൾ ആകെ അഞ്ഞൂറിൽത്താഴെ പക്ഷികളേ ജീവിച്ചിരിപ്പുള്ളൂ എന്നാണ് നിഗമനം. അതിനാൽ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണസമിതി (IUCN) ഇതിനെ ഗുരുതരമായ വംശനാശം നേരിടുന്ന പക്ഷികളുടെ (CriticallyEndangered) ചെമ്പട്ടികയിൽ ഉൾപ്പെടുത്തി.

പാത്തിബുനിയയിൽ കണ്ടെത്തിയ പക്ഷിയുടെ വലതുകാലിൽ 2K എന്നെഴുതിയ ഒരു ടാഗും ഇടതുകാലിൽ ഒരുലോഹവളയവും ഘടിപ്പിച്ചിട്ടുണ്ട്. സ്പൂണിയുടെ സഞ്ചാരം പഠിക്കാനായി 2025-ൽ ഈ പക്ഷി കുഞ്ഞായിരുന്നപ്പോൾ റഷ്യയിൽവെച്ചാണ് കാലുകളിൽ അടയാളവളയങ്ങളിട്ട്‌ വിട്ടത്. ഏതാണ്ട് പതിന്നാലു രാജ്യങ്ങൾക്കുമീതെക്കൂടി 8000 കിലോമീറ്റർ സഞ്ചരിച്ചാണ് കൊച്ചു സ്പൂണി പശ്ചിമബംഗാളിലെ പാത്തിബുനിയയിൽ എത്തിയത്. ഈ പക്ഷിയെ വംശനാശത്തിൽനിന്ന് രക്ഷിക്കാൻ വിവിധ പദ്ധതികൾക്ക് രൂപംനൽകിയിട്ടുണ്ടെങ്കിലും ആസന്ന ഭാവിയിൽ സ്പൂണി ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായേക്കാം എന്നാണ് ചില പക്ഷി ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്‌.