
സെപ്തംബര്‍ 21നായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡന് ക്വാഡ് നേതാക്കളുടെ നാലാമത് വാര്‍ഷിക സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. ഡെലവേറിലെ വില്മിങ്ടണില് നടന്ന ഉച്ചകോടിയില്‍ ക്വാഡ് അംഗങ്ങളായ ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാന് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ട് പിരിഞ്ഞത്. ക്വാഡ് സംഘം അവരുടെ ശക്തിയും കൂട്ടായ്മയും വര്‍ധിപ്പിക്കുന്നതിനൊപ്പം ചൈനാവിരുദ്ധ ചേരിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കുന്നതിനും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടാണ് ഉച്ചകോടി അവസാനിച്ചത്. ക്വാഡ് ചേരിയുടെ നിലനില്‍പ്പിനും സുസ്ഥിരതയ്ക്കും ഇത്തരം തീരുമാനങ്ങളെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ക്വാഡ് വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
എന്താണ് ക്വാഡ്?
ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്, അമേരിക്ക എന്നിവര്‍ ചേരുന്ന ചതുര്‍രാഷ്ട്ര സഖ്യമാണ് ക്വാഡ്. 2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ദുരന്തം മഹാവിപത്ത് വിതച്ച കാലത്താണ് ആദ്യമായി ക്വാഡ് സംഘം രൂപീകരിച്ചത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒരു അനൗദ്യോഗിക സഖ്യമായിരുന്നു അത്. സുനാമി ദുരന്തം തകര്‍ത്ത രാജ്യങ്ങള്‍ക്കും മേഖലകള്‍ക്കും മാനുഷിക, സാമ്പത്തിക സഹായങ്ങള്‍ എത്തിക്കുന്നതായിരുന്നു ക്വാഡിന്റെ ലക്ഷ്യം. രൂപീകരിച്ച് മൂന്നാമത്തെ വര്‍ഷം, 2007ല്‍ ക്വാഡിന്റെ ആദ്യത്തെ ഉച്ചകോടി സംഘടിപ്പിച്ചു. ഇതോടെയാണ് ക്വാഡിന് ഔദ്യോഗിക പരിവേഷവും ലഭിച്ചത്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേ ആയിരുന്നു സഖ്യം ഔദ്യോഗികമാക്കാനുള്ള നീക്കത്തിന് തുടക്കം കുറിച്ചത്. അതോടെ നാല് രാഷ്ട്രങ്ങള്‍ ചേരുന്ന സഖ്യത്തിന് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ് എന്ന പേരും ലഭിച്ചു.
2007ല്‍ നടന്ന ഉച്ചകോടിയിലാണ് മാനുഷിക സഹായത്തിനപ്പുറം കൂടുതല്‍ കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കേണ്ടതുണ്ടെന്ന് ക്വാഡ് തീരുമാനിച്ചത്. സമുദ്ര മേഖലയിലടക്കമുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്തോ പസഫിക് മേഖലയെ സ്വതന്ത്രവും തുറസ്സായ മേഖലയുമാക്കി മാറ്റണമെന്ന് സംഘം അംഗീകരിച്ചു. ക്വാഡിന്റെ ഏകകണ്ഠമായ തീരുമാനമായിരുന്നു ഇത്. ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പുറമെ രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തല്‍, ആരോഗ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് ക്വാഡ് യോഗത്തില്‍ പ്രധാന ചര്‍ച്ചകളാവുന്നത്.
ക്വാഡ് ചൈന വിരുദ്ധസഖ്യമോ?
സഖ്യവും ആശയവുമെല്ലാം നവീനമായിരുന്നെങ്കിലും ചൈനാ വിരുദ്ധ സഖ്യമെന്ന നിലയില്‍ നിന്ന് മറ്റൊന്നും ചെയ്യാനില്ലെന്ന ദുഷ്പേര് ക്വാഡിന് നേരെ നിലനിന്നിരുന്നു. ഇന്തോ പസഫിക് മേഖലയില്‍ ഇടപെടേണ്ടതായിട്ടുള്ള വൈവിധ്യമാര്‍ന്ന തര്‍ക്കവിഷയങ്ങളും സാമൂഹിക പ്രശ്നങ്ങളുണ്ടായിരിക്കെ തന്നെ എല്ലായ്പ്പോഴും ചൈനയ്ക്കെതിരേ മാത്രം നിലകൊള്ളുന്നുവെന്നായിരുന്നു വിമര്‍ശനം. ചൈന ഉയര്‍ത്തുന്ന ഭീഷണികള്‍, ചൈനയുടെ വളര്‍ച്ചയില്‍ മറ്റ് രാജ്യങ്ങള്‍ക്കുള്ള പ്രശ്നസാധ്യതകള്‍ എന്നിവയായിരുന്നു ക്വാഡ് ചര്‍ച്ച ചെയ്തിരുന്നത്. ചൈനയുടെ നീക്കങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അംഗരാജ്യങ്ങള്‍ക്ക് ഉപദേശങ്ങളും ലഭിച്ചിരുന്നു. സ്വതന്ത്രമായും സുതാര്യവുമായി പ്രവര്‍ത്തിക്കുന്ന ഇന്തോ പസഫിക് സമുദ്രമേഖലയില്‍ ചൈന അതിക്രമിച്ചുകയറുകയും അന്താരാഷ്ട്ര നാവിക നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നുവെന്ന് പലകുറി ക്വാഡ് സഖ്യം വിലയിരുത്തുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയുടെ അമിത ഇടപെടലില്‍ ഈ രാഷ്ട്രങ്ങള്‍ക്ക് ഒരുപോലെ ആശങ്ക നിലനില്‍ക്കുമ്പോഴും ക്വാഡ് രാഷ്ട്രങ്ങള്‍ അത് പരിഹരിക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, ചൈനയുടെ അതിക്രമങ്ങളില്‍ ഒരേ വിമര്‍ശനമാണ് രാജ്യങ്ങള്‍ സ്വീകരിച്ചിരുന്നതെങ്കിലും ഓരോ രാജ്യങ്ങള്‍ക്കും വ്യത്യസ്തമായ സമീപനമായിരുന്നു ചൈനയോടുണ്ടായിരുന്നത്. അതിര്‍ത്തിയില്‍ ഒരു ലക്ഷത്തിലേറെ ചൈനീസ് സൈനികരെ വിന്യസിച്ചിരിക്കുന്നതിനാലും സുരക്ഷാഭീഷണി തലയ്ക്ക് മുകളില്‍ നിലനില്‍ക്കുന്നതിനാലും ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ വിമുഖത കാണിച്ചിരുന്നു. ഓസ്ട്രേലിയയും പൂര്‍ണമായും ചൈനാ വിരുദ്ധ നിലപാട് പ്രകടിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനിന്നു.
സമുദ്രമേഖലയില്‍ ചൈന നടത്തുന്ന കടന്നുകയറ്റത്തെ കുറിച്ച് ആദ്യകാലത്ത് ക്വാഡ് ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതൊഴിച്ചാല്‍ ഏതാണ്ട് നിര്‍ജീവാവസ്ഥയിലായിരുന്നു ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ 2017നു ശേഷം ക്വാഡ് സഖ്യം വീണ്ടും കൂടുകയും സമുദ്രാതിര്‍ത്തി തര്ക്കങ്ങള്ക്കപ്പുറത്തുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ഒപ്പം ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുമെന്ന് ക്വാഡ് പ്രഖ്യാപിച്ചു. ക്വാഡിന്റെ പുനരുജ്ജീവനം കൂടിയായിരുന്നു ഇത്.
ചതുര്‍രാഷ്ട്രങ്ങളുടെ സഖ്യമായിരുന്നെങ്കിലും സാധാരണ രാഷ്ട്രസഖ്യങ്ങളെ പോലെ സ്ഥിരമായ ഒരു സെക്രട്ടറിയേറ്റോ ഐക്യരാഷ്ട്രസഭയോ യൂറോപ്യന്‍ യൂണിയനോ ഒന്നും പോലെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന സ്ഥിരാംഗ സംവിധാനമോ ആസ്ഥാനമോ ഒന്നും ക്വാഡിനുണ്ടായിരുന്നില്ല. അംഗരാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന കരാറുകള്‍ വിപുലീകരിക്കുന്നതിലാണ് ഇവര്‍ ശ്രദ്ധയൂന്നിയത്. അമേരിക്ക നയിക്കുന്ന പാശ്ചാത്യരാജ്യങ്ങളുടെ സൈനികസഖ്യമായ നാറ്റോ പോലെ പ്രതിരോധസഹകരണം ഒരിക്കലും ക്വാഡിന്റെ അജണ്ടയിലേക്കും എത്തിയില്ലെങ്കിലും സംയുക്ത സൈനികാഭ്യാസങ്ങളോട് അനുകൂല മനോഭാവമായിരുന്നു ക്വാഡ് പുലര്‍ത്തിയത്. 2020ലാണ് ആദ്യമായി ക്വാഡിന്റെ നേതൃത്വത്തില്‍ മലബാര്‍ നാവിക അഭ്യാസം നടന്നത്. 2017ലെ പുനരുജ്ജീവനത്തിന് ശേഷം ക്വാഡ് നടത്തിയ ആദ്യത്തെ സംയുക്താഭ്യാസമായിരുന്നു അത്.
ക്വാഡിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍
സമുദ്രമേഖലയുടെ സുരക്ഷയാണ് ക്വാഡിന്റെ പ്രധാനലക്ഷ്യം. ഒപ്പം കാലാവസ്ഥാവ്യതിയാനം ചര്‍ച്ച ചെയ്യുകയും നിക്ഷേപത്തിന് അനുകൂല സാഹചര്യമൊരുക്കാനും സാങ്കേതിക മുന്നേറ്റങ്ങള്‍ ഊര്‍ജിതമാക്കാനും പ്രവര്‍ത്തിക്കുമെന്ന് ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 2019-21 കാലത്ത് കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാനും വാക്സിന് നയതന്ത്രത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനും ക്വാഡ് സംഘം ശ്രമിച്ചിരുന്നു. ഇതിനുപുറമേ മൂന്ന് രാജ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ക്വാഡ് പ്ലസ് എന്ന സഖ്യം രൂപീകരിച്ച് അംഗങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കാനും ക്വാഡ് ലക്ഷ്യമിടുന്നു. ദക്ഷിണ കൊറിയ, ന്യൂസീലാന്‍ഡ്, വിയറ്റ്നാം എന്നിവയാണ് ക്വാഡ് പ്ലസില്‍ അധികമായി വരുന്ന രാജ്യങ്ങള്‍.
2021ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ക്വാഡിന്റെ ഉദ്ദേശങ്ങളെ കുറിച്ചും ഭാവിയെ കുറിച്ചും നേതാക്കള്‍ നല്കിയ സംയുക്ത പ്രഖ്യാപനം സഖ്യത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിക്കുന്നതായിരുന്നു. സുനാമിക്കുശേഷം കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് ഗുരുതരമായി. പുതിയ സാങ്കേതികവിദ്യകള്‍ വിപ്ലവകരമായ മാറ്റത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മുന്പത്തേക്കാള് രൂക്ഷമായി. കോവിഡ് മഹാമാരി, ലോകത്തെ എല്ലാതരത്തിലും തകര്‍ത്തു. ഇത്തരം പ്രതിസന്ധികള്‍ നിലനില്‍ക്കെ തന്നെ ക്വാഡ് രാഷ്ട്രങ്ങള്‍ ഇന്തോ പസഫിക് മേഖലയിലെ സ്വാതന്ത്ര്യത്തിനും സുതാര്യതയ്ക്കും വേണ്ടി നിലപാടുകള്‍ സ്വീകരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളിലൂന്നിക്കൊണ്ട് തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ക്വാഡ് നടത്തുമെന്നായിരുന്നു സംയുക്തലേഖനം.
ചൈനയുടെ പ്രതികരണം
ദക്ഷിണചൈനാ കടലില്‍ ചൈന നടത്തുന്ന മത്സരത്തെയും പ്രകോപനങ്ങളെയും ക്വാഡ് പലകുറി അപലപിച്ചിട്ടുണ്ട്. ഇന്തോ പസഫിക് മേഖലയില്‍ ഒരുരാജ്യവും മറ്റുള്ളവര്‍ക്കുമേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കരുതെന്നും മത്സരങ്ങള്‍ ഉത്തരവാദിത്വബോധത്തോടെയായിരിക്കണമെന്നുമാണ് ചൈനയെ ഉന്നമിട്ട് ക്വാഡ് മുന്നറിയിപ്പ് നല്‍കിയത്.
ക്വാഡ് രാഷ്ട്രങ്ങളുടെ സഖ്യത്തോട് ചൈന വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. 2018ല്‍ ചൈനീസ് വിദേശകാര്യമന്ത്രി ക്വാഡ് സഖ്യത്തെ തലക്കെട്ടില്‍ ഇടം നേടാനുള്ള വിലകുറഞ്ഞ ഐഡിയ ആണെന്നായിരുന്നു വിശേഷിപ്പിച്ചത്. ക്വാഡ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചൈനയെ തന്ത്രപൂര്‍വം വളയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ക്വാഡ് എന്നും ചൈന ആരോപിച്ചു. സാങ്കല്പികശത്രുക്കളെ സൃഷ്ടിക്കുന്നത് യു.എസും ജപ്പാനും നിര്‍ത്തണമെന്നും തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ചൈനയും മുന്നറിയിപ്പ് നല്കി. ക്വാഡ് കൃത്രിമമായി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ആരോപിച്ചിരുന്നു.

സംഘര്‍ഷങ്ങള്‍ക്കിടയിലെ ഉച്ചകോടി
പശ്ചിമേഷ്യ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുങ്ങിനില്ക്കുന്ന കാലത്താണ് ഇക്കുറി ക്വാഡ് ഉച്ചകോടി നടന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ജനാധിപത്യ മൂല്യങ്ങളിലൂന്നി മുന്നോട്ടുപോവേണ്ടത് അനിവാര്യമാണെന്നാണ് ക്വാഡ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ക്വാഡ് ആര്‍ക്കും എതിരേ നില്ക്കുന്ന സഖ്യമല്ല. രാജ്യങ്ങളുടെ പരമാധികാരവും ഐക്യവും ബഹുമാനിച്ചുകൊണ്ട് അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ക്വാഡ് ആഹ്വാനം ചെയ്യുന്നത്. എല്ലാത്തരം തര്‍ക്കങ്ങളും സമാധാനപരമായി പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. സ്വതന്ത്രവും സമഗ്രവും അഭിവൃദ്ധിയും നിറഞ്ഞ ഇന്തോ പസഫിക് മേഖലയാണ് ക്വാഡിന്റെ പ്രതിബദ്ധത. സഹകരണം, പങ്കാളിത്തം എന്നിവയാണ് പ്രധാനലക്ഷ്യങ്ങള്‍. ഞങ്ങളുടെ സന്ദേശം വളരെ വ്യക്തമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു.
ചൈനയെ ഉന്നമിട്ട് ശക്തമായ പ്രസ്താവനയും ക്വാഡ് പുറത്തിറക്കി. പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കുന്നതും സമുദ്രമേഖലയിലെ സമാധാനം, സുരക്ഷ, സുരക്ഷ, സ്ഥിരത എന്നിവ നിലനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടണമെന്ന് ഞങ്ങള്‍ അടിവരയിട്ട് പറയുന്നു. അന്താരാഷ്ട്ര സമുദ്രനിയമങ്ങളെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ദക്ഷിണ ചൈനാ കടലിലെ സ്ഥിതിയെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണെന്ന് ക്വാഡ് പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറയുന്നു.
കാന്‍സര്‍ മൂണ്‍ഷോട്ട്, മൈത്രി, സ്കോളര്‍ഷിപ്പ്
നാലംഗ ക്വാഡ് നന്മയുടെ ശക്തിയാണെന്നാണ് യു.എസിലെ വില്മിങ്ടണില്നടന്ന ക്വാഡ് ഉച്ചകോടി പ്രഖ്യാപിച്ചത്. അംഗരാജ്യങ്ങള്‍ മുന്പത്തെക്കാള് യോജിപ്പിലായെന്നും ഉച്ചകോടിക്കുശേഷം ഇറക്കിയ സംയുക്തപ്രഖ്യാപനത്തില്‍ ക്വാഡ് പ്രസ്താവിച്ചു. ഇക്കുറി ഉച്ചകോടിയില്‍ ക്വാഡ് നടത്തിയ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്
- ഗര്‍ഭാശയഗള അര്‍ബുദം നേരിടുന്നതിനുള്ള 'ക്വാഡ് കാന്‍സര്‍ മൂണ്‍ഷോട്ട്'. ഈ അര്‍ബുദത്തിനിടയാക്കുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള കിറ്റുകളും പ്രതിരോധ വാക്സിനും ഇന്ത്യ നല്‍കും. ഇതിനായി 75 ലക്ഷം ഡോളര്‍ (62.61 കോടി രൂപ) ചെലവിടും.
- അര്‍ബുദം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സഹായിക്കുന്ന ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ നടപ്പാക്കുന്നതിനു താത്പര്യമുള്ള ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സാങ്കേതികസഹായ വാഗ്ദാനം.
- രാജ്യങ്ങളുടെ സമുദ്രമേഖലയുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനും മൈത്രി (മാരിടൈം ഇനീഷ്യേറ്റിവ് ഫോര്‍ ട്രെയിനിങ് ഇന്‍ ദ ഇന്തോ-പസഫിക്) പദ്ധതി. ആദ്യ മൈത്രി ശില്പശാല 2025-ല്‍ ഇന്ത്യയില്‍.
- ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയുറപ്പാക്കാന്‍ ക്വാഡ് രാഷ്ട്രങ്ങളുടെ തീരരക്ഷാസേനകള്‍ ചേര്‍ന്ന് ക്വാഡ് അറ്റ് സീ ഷിപ്പ് ഒബ്സര്‍വര്‍ മിഷന്. ആദ്യത്തേത് 2025-ല്‍.
- പ്രകൃതിദുരന്തങ്ങള്‍ അതിദ്രുതം കാര്യക്ഷമമായി നേരിടാന്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കാനുള്ള ക്വാഡ് ഇന്തോ-പസഫിക് ലോജിസ്റ്റിക്സ് നെറ്റ്വർക്ക്.
- പ്രാദേശികപങ്കാളികളുമായിച്ചേര്ന്ന് മികച്ച തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ ക്വാഡ് പോര്‍ട്സ് ഓഫ് ദ ഫ്യൂച്ചര്‍ പാര്‍ട്ണര്‍ഷിപ്പ്. ക്വാഡ് തുറമുഖ-ഗതാഗത സമ്മേളനം മുംബൈയില്‍ നടത്താന്‍ ആലോചന.
- 2,200-േലറെ വിദഗ്ധര്‍ക്ക് ക്വാഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫെലോഷിപ്പ്
- നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ക്വാഡ് ബയോ എക്സ്പ്ലോര്‍ ഇനീഷ്യേറ്റീവിന് ആലോചന.

ഇവയ്ക്ക് പുറമേ ഇന്തോ-പസഫിക് മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി അഞ്ചുലക്ഷം ഡോളറിന്റെ (4.17 കോടി രൂപ) 50 ക്വാഡ് സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കോളര്‍ഷിപ്പ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യാസര്‍ക്കാര്‍ സഹായധനം നല്കുന്ന സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ പ്രഖ്യാപനങ്ങളിലൂന്നി ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി നിലകൊള്ളുമെന്ന് നാലുരാജ്യങ്ങളും വ്യക്തമാക്കി. കിഴക്കും തെക്കും ചൈനാക്കടലുകളില് ചൈന ആധിപത്യത്തിനു ശ്രമിക്കുന്ന പശ്ചാത്തലത്തിലാണിത്. ഇന്തോ-പസഫിക് മേഖലയുടെ വികസനത്തിലൂന്നിയ വിവിധ ധാരണാപത്രങ്ങളും പദ്ധതികളും ഉച്ചകോടി പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: The 4th annual QUAD summit concluded with key decisions to strengthen the alliance and address regio
Published: 26 Sept 2024, 01:45 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented