ങ്ങളുടെ താൽപര്യങ്ങൾക്കൊപ്പം നിൽക്കാത്ത ഭരണകൂടങ്ങളെ അട്ടിമറിക്കാൻ അമേരിക്ക നടത്തുന്ന ഓപ്പറേഷനുകളെക്കുറിച്ചുള്ള വാർത്തകൾക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. വെനസ്വേലയിലെ പ്രസിഡന്റ് നിക്കൊലാസ് മഡൂറോയെയും പത്‌നിയെയും കാരക്കാസിൽനിന്നു തട്ടിക്കൊണ്ടു പോയി അമേരിക്കയിൽ തടവിലാക്കിയതും ക്യൂബൻ, ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളും പരസ്യമായാണ്. (മുൻ പ്രസിഡന്റ് അഹമ്മദി നെജാദിനെ ഇറാനിൽ വാഴിക്കാൻ നേരത്തേ നടത്തിയ ശ്രമം പരാജയപ്പെട്ടെന്നാണ് പുതിയ റിപ്പോർട്ട്). എന്നാൽ, രഹസ്യമായി ചെയ്യുന്ന നിരവധി ഓപ്പറേഷനുകളുമുണ്ട്. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ സമീപകാല സംഭവങ്ങൾ ഉദാഹരണം.

To advertise here,

പക്ഷേ, ഇവയെ എല്ലാം കവച്ചുവെക്കുന്നതാണ് പാകിസ്താനിൽ മുൻ പ്രസിഡന്റ് ഇമ്രാൻ ഖാനെ അട്ടിമറിച്ച സംഭവം. അന്വേഷണാത്മക പത്രപ്രവർത്തന പോർട്ടലായ ഡ്രോപ്സൈറ്റ് പുറത്തുവിട്ട രേഖ (സൈഫർ 1-0678) വ്യക്തമാക്കുന്നത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള സിഐഎ ഗൂഢാലോചനയ്ക്ക് പാക് സൈന്യം കൂട്ടുനിന്നു എന്നാണ്. റാവൽപിണ്ടിയിലിരുന്ന് രാജ്യം ഭരിക്കുന്ന പട്ടാളമേധാവികൾ എത്ര ലജ്ജാകരമായാണ് പാകിസ്താനെ വിറ്റ് പണമുണ്ടാക്കുന്നതെന്ന്‌ രേഖ വെളിപ്പെടുത്തുന്നു.

ജനാധിപത്യം മാത്രമല്ല, രാജ്യത്തിന്റെ ഭൂമിശാസ്ത്രം പോലും കച്ചവടമാക്കാൻ ഈ പട്ടാളത്തിനു മടിയില്ല. ഡ്രോപ്പ് സൈറ്റ് പരിശോധിച്ച രഹസ്യ പാക് സൈനികരേഖകൾ പ്രകാരം ചൈനയ്ക്ക് സ്ഥിരം സൈനികത്താവളം പണിയാൻ ബലൂചിസ്താനിലെ ആഴക്കടൽ തുറമുഖമായ ഗ്വാദർ വിട്ടുകൊടുക്കാമെന്ന് ഓഫർ വെച്ചു. പ്രത്യുപകാരമായി ഇന്ത്യയുടേതിന് കിടപിടിക്കുന്ന രീതിയിൽ പാക് സൈന്യത്തെയും ഇന്റലിജൻസിനെയും ആധുനികീകരിക്കുകയും ഇന്ത്യയ്ക്കു സമാനമായി രണ്ടാം ആണവാക്രമണ ശേഷി ഉണ്ടാക്കി കൊടുക്കുകയും വേണം എന്നതായിരുന്നു പ്രധാന ആവശ്യം. തിരിച്ചെന്തുകിട്ടും എന്ന കാര്യത്തിൽ ട്രംപിനെക്കാൾ കണക്കുനോക്കുന്ന ചൈനയ്ക്ക് അപകടം മണത്തു. ആഴ്ചയോടാഴ്ച തരപ്പെടുത്തുന്ന വായ്പയിൽ തട്ടിമുട്ടി പുലരുന്ന പാകിസ്താന് ഇതെല്ലാം ചുമ്മാതെടുത്തു കൊടുക്കാൻ പറ്റില്ലല്ലോ. അന്താരാഷ്ട്ര രംഗത്തെ മാനക്കേട് ബോണസും!

നിർലജ്ജമായ ഒത്തുകളി

തുടക്കം മുതൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണയിട്ടു പറഞ്ഞതാണ്, തന്നെ അധികാരത്തിൽനിന്നു പുറത്താക്കാൻ വിദേശശക്തികളുടെ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന്. സ്വതന്ത്രമായ വിദേശനയം പിന്തുടർന്നതും റഷ്യയും ചൈനയുമായി ബന്ധം പുലർത്തുന്നതുമാണ് തന്നെ പുറത്താക്കാൻ പാകിസ്താനിലെ രാഷ്ട്രീയപാർട്ടികളുമൊത്ത് അമേരിക്ക ഗൂഢാലോചന നടത്തുന്നതിനു കാരണമെന്ന് ഇമ്രാൻ വെളിപ്പെടുത്തിയിരുന്നു. അത് ശരിയാണെന്ന് രേഖ വ്യക്തമാക്കുന്നു. യുക്രൈൻ യുദ്ധമാരംഭിച്ച ദിവസം ഇമ്രാൻ മോസ്‌കോയിലെത്തി പ്രസിഡന്റ് പുതിനെ സന്ദർശിച്ചതും അഫ്ഗാനിസ്താനെ ആക്രമിക്കാൻ പാകിസ്താനിലെ താവളങ്ങളെ ഉപയോഗിക്കാൻ അനുമതി നൽകാത്തതും ജോ ബൈഡൻ സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.

തുടർന്ന് അമേരിക്കയിലെ അന്നത്തെ പാക് അംബാസഡർ ആസാദ് മജീദ് ഖാനും യുഎസ് നയതന്ത്രജ്ഞൻ ഡൊണാൾഡ് ലൂവും തമ്മിൽ 2022 മാർച്ച് ഏഴിന് നടന്ന സംഭാഷണത്തിന്റെ രേഖയാണ് പുറത്തുവന്നത്. ലൂ നൽകിയ സന്ദേശം വ്യക്തമായിരുന്നു: പാകിസ്ഥാൻ സൈനികനേതൃത്വം ഖാനെ 'ജനാധിപത്യ' രീതിയിൽ പുറത്താക്കണം. കൂടിക്കാഴ്ചയുടെ പിറ്റേന്ന് പ്രതിപക്ഷസഖ്യം (അതുവരെ ബദ്ധവൈരികളായിരുന്ന ഭൂട്ടോമാരുടെ പിപിപിയും ഷെരീഫുമാരുടെ മുസ്ലീംലീഗും ഒരുമിച്ചു) അവിശ്വാസപ്രമേയം പാസാക്കിയെടുത്തു.

രസകരമായ കാര്യം, 2021 ജൂലൈയിൽതന്നെ പാക് പട്ടാളം പ്രധാനമന്ത്രി ഇമ്രാനെ അറിയിക്കാതെ ഇസ്ലാമാബാദിലെ മുൻ സിഐഎ മേധാവിയെ അമേരിക്കയിൽ തങ്ങളുടെ ലോബിയിസ്റ്റായി നിയമിച്ചിരുന്നു. സ്വന്തം പ്രധാനമന്ത്രിക്കെതിരായ നിലപാടുള്ള വിദേശസർക്കാരിനെ പ്രീണിപ്പിച്ചുകൊണ്ട് സമാന്തര വിദേശനയം നടത്തിയ ജനറൽമാർക്ക് 2022 ഏപ്രിലിൽ ഖാൻ പുറത്താക്കപ്പെട്ടതിനു ശേഷം 'പ്രതിഫലം' കിട്ടി: സൈന്യത്തിന്റെ പിന്തുണയുള്ള പുതിയ സർക്കാർ യുക്രൈനിലേക്ക് ആയുധവിതരണം ആരംഭിച്ചു, ഐഎംഎഫ് വായ്പകൾ കിട്ടിത്തുടങ്ങി. അതുപോലെ അമേരിക്കയെ സന്തോഷിപ്പിക്കാൻ ഇമ്രാന്റെ കാലത്ത് വളരെ മെച്ചപ്പെട്ടിരുന്ന ചൈനയുമായുള്ള ബന്ധം തണുപ്പിക്കുകയും സീപെക് ഇടനാഴി പ്രവർത്തനം മന്ദഗതിയിലാക്കുകയും ചെയ്തു. പാകിസ്താന്റെ ജനാധിപത്യം വിറ്റ് പട്ടാളം വീണ്ടും അമേരിക്കയുടെ നല്ല കുട്ടിയായി. ഈ ഗൂഢാലോചന വിളിച്ചു പറഞ്ഞ ഇമ്രാൻ ഖാനെ കൊളോണിയൽ കാലത്തെ ഔദ്യോഗികരഹസ്യ നിയമപ്രകാരം ജയിലിലാക്കി. ഇപ്പോഴും അദ്ദേഹം അഡിയാല ജയിലിലാണ്, ഭാര്യയോടൊപ്പം. അദ്ദേഹത്തിന്റെ പാർട്ടി നിരോധിക്കപ്പെട്ടു.

രണ്ടാം ആണവാക്രമണശേഷിക്ക് എന്തും കൊടുക്കും

രണ്ടാം ആണവാക്രമണശേഷി (സെക്കൻഡ് സ്ട്രൈക്ക്) എന്നാൽ ആദ്യം ശത്രുരാജ്യം ആണവായുധം പ്രയോഗിക്കുകയും തുടർന്ന് വലിയ നാശനഷ്ടമുണ്ടാവുകയും ചെയ്താൽ കടലിൽനിന്ന്‌ ആണവായുധം പ്രയോഗിച്ച് തിരിച്ചടിക്കാനുള്ള കഴിവ്. ഐഎൻഎസ് അരിഹന്ത് പോലുള്ള ആണവ അന്തർവാഹിനികളുപയോഗിച്ച് ഇന്ത്യയ്ക്ക് അതു ചെയ്യാനാവും. രണ്ട് ദശാബ്ദത്തിലേറെ ശ്രമിച്ചിട്ടും ഇത് സ്വന്തമായി വികസിപ്പിക്കാനാകാത്ത പാകിസ്താൻ ചൈനയോട് ആവശ്യപ്പെട്ടത് അറബിക്കടലിൽ സ്ഥിരം സൈനികതാവളത്തിനു പകരം ഇന്ത്യയുമായുള്ള ആണവയുദ്ധത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സാങ്കേതികവിദ്യയാണ്. കടം കയറി നിൽക്കക്കള്ളിയില്ലാതെ വരുമ്പോൾ വീട്ടുപാത്രങ്ങൾ വിൽക്കുന്നവരുണ്ട്. അതിനെക്കാൾ ദയനീയമാണ് ഈ പാക് ഓഫർ!

പക്ഷേ, ചൈന വഴങ്ങിയില്ല. ദക്ഷിണേഷ്യയിൽ ആണവവ്യാപനം നടത്തുന്നത് അന്താരാഷ്ട്രതലത്തിൽ ശിക്ഷകൾ ക്ഷണിച്ചു വരുത്തുമെന്ന് ആണവ നിർവ്യാപനക്കരാറിൽ അംഗമായ ചൈനക്കറിയാം. മാത്രവുമല്ല, ഗ്വാദർ തുറമുഖം മുഖേന ഉണ്ടാവുന്ന ലാഭത്തേക്കാൾ വളരെ അധികമായിരിക്കും ശിക്ഷാനടപടികൾ കാരണം ഉണ്ടാവുന്ന നഷ്ടം. നിരന്തരമായ ബലൂച് ആക്രമണങ്ങൾ കാരണം ഗ്വാദറിലും ബലൂച് പ്രവിശ്യയിലും ചൈന മുടക്കിയ കോടികൾ മുങ്ങുന്ന സാഹചര്യമാണ് നിലവിൽ. ഇമ്രാൻ സർക്കാരിനെ നീക്കം ചെയ്ത് അമേരിക്കയുടെ ഗുഡ് ബുക്കിൽ കയറിയ ശേഷമായിരുന്നു പാകിസ്താൻ ചൈനയ്ക്ക് സ്ഥിരം സൈനികത്താവളം വാഗ്ദാനം ചെയ്തത്!

പക്ഷേ, അപ്പോഴേക്കും പാകിസ്താൻ കളി മാറ്റി. ചൈനയിൽനിന്ന്‌ ആണവായുധങ്ങൾ വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ, അമേരിക്കൻ സംരക്ഷണം വാങ്ങാം എന്നായി. പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും മുമ്പേ, മുനീർ ഫീൽഡ് മാർഷലാകുന്നതിനു മുമ്പേ, പാക് സൈന്യം ട്രംപുമായി ബന്ധമുള്ള സംവിധാനങ്ങളിൽ നിക്ഷേപം നടത്തിക്കൊണ്ടിരുന്നു. പ്രത്യേകിച്ച് ട്രംപ് കുടുബത്തിനും പശ്ചിമേഷ്യ ചർച്ചകളിൽ പ്രസിഡന്റിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിന്റെ മകനും ഓഹരിയുള്ള വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന ക്രിപ്റ്റോ കമ്പനിയിൽ. ഈ കമ്പനിയുടെ സാമ്പത്തികഘടന നേരത്തേ തന്നെ സംശയത്തിന്റെ നിഴലിലാണ്. ഇസ്ലാമാബാദിൽ ഒപ്പിടൽ ചടങ്ങിനു വന്ന അമേരിക്കൻ സംഘത്തെ ജനറൽ മുനീർ നേരിട്ടാണ് സ്വീകരിച്ചത്.

പാകിസ്താൻ രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ പാക് സൈന്യം ആസൂത്രണം ചെയ്തതാണ് പഹൽഗാം ആക്രമണമെന്ന ആരോപണത്തിന് ബലം നൽകുന്നതാണ് ഈ ഇടപാട്. ഇന്ത്യ തിരിച്ചടിക്കുമെന്നും അപ്പോൾ സമാധാനമുണ്ടാക്കാൻ അമേരിക്ക മധ്യസ്ഥത വഹിക്കുമെന്നും ഉള്ള പ്രതീക്ഷയിലായിരുന്നു ക്രിപ്ടോ ഇടപാടത്രെ. വെടിനിർത്തലിനുശേഷം മുനീറിന് വൈറ്റ് ഹൗസിൽ ഉച്ചവിരുന്നൊരുക്കിയ ട്രംപ് അയാളെ 'പ്രിയപ്പെട്ട ഫീൽഡ് മാർഷൽ' എന്ന് വിളിച്ചു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഭയപരവശനായ മുനീർ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രി മറിയം നവാസിന്റെ ബങ്കറിലൊളിച്ചെന്നാണ് സാമൂഹികമാധ്യമങ്ങളിലെ കഥ!

ട്രംപിന്റെ പ്രീതി പണം മുടക്കി നേടിയെടുത്ത പാക് പട്ടാളം ഒരിക്കൽ കൂടി തങ്ങളുടെ വിശ്വാസ്യതയില്ലായ്മ തെളിയിച്ചത് കഴിഞ്ഞ മാസമാണ്. പാകിസ്താൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരും ഇറാൻ പ്രതിനിധികളുമായുള്ള നേരിട്ടുള്ള സമാധാനചർച്ചകൾക്ക് പാകിസ്താൻ ആതിഥേയരായി. അതേസമയം ഇറാന്റെ നിരവധി സൈനിക വിമാനങ്ങൾ ചർച്ചാവേദിയിൽനിന്ന്‌ ഒരുപാട് അകലെയല്ലാത്ത നൂർ ഖാൻ വ്യോമത്താവളത്തിലുണ്ടായിരുന്നുവെന്ന് സിബിഎസ് പറയുന്നു. പാകിസ്താൻ ആരോപണം നിഷേധിച്ചു. നല്ല വിലക്കാരെ കിട്ടിയാൽ പാകിസ്താൻ സൈന്യം രാജ്യത്തിന്റെ ഭൂമിയും ജലവും ധാതുസമ്പത്തുക്കളും മാത്രമല്ല, പരമാധികാരവും വിൽക്കുമെന്ന് നിരീക്ഷകർ പറയുന്നു.

ഇത് പട്ടാളമല്ല, വ്യവസായ സാമ്രാജ്യം

പാകിസ്ഥാനിൽ ജനാധിപത്യമുണ്ടെന്ന് ഔദ്യോഗികമായി പറയുമ്പോഴും യഥാർത്ഥഭരണം റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ്. അവർ രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തി വരുതിക്കാക്കുന്നു, തിരഞ്ഞെടുപ്പുകളിൽ ഇടപെടുന്നു. ഇപ്പോഴത്തെ പധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആണെങ്കിലും യഥാർത്ഥ അധികാരം പട്ടാളമേധാവി മുനീറിന്റെ കൈയിലാണ്. വിദേശനയം, സുരക്ഷ, സാമ്പത്തിക തീരുമാനങ്ങൾ എല്ലാം പട്ടാളം നോക്കിക്കോളും. ഷെരീഫ് ഒപ്പിട്ടാൽ മതി. പറ്റുമെങ്കിൽ അന്താരാഷ്ട്ര വേദികളിൽ പോയി രാജ്യത്തെ മാനം കെടുത്താനുള്ള സ്വാതന്ത്ര്യമുണ്ട്!

പാകിസ്താൻ സൈന്യം ശരിക്കും ഒരു പട്ടാളമല്ല എന്നാണ് വിമർശകർ പറയുന്നത്. അവർ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ, വാണിജ്യ സാമ്രാജ്യത്തിന്റെ ഉടമകളാണ്. ഫൗജി ഫൗണ്ടേഷൻ, ആർമി വെൽഫെയർ ട്രസ്റ്റ്, വിവിധ ഫൗണ്ടേഷനുകൾ എന്നിവയിലൂടെ സിമന്റ്, രാസവളം, ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, പെട്രോൾ പമ്പുകൾ, പഞ്ചസാര മില്ലുകൾ തുടങ്ങി സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും അവർക്കാണ് ആധിപത്യം. പണമുണ്ടാക്കുന്നതിൽ മുൻപന്തിയിലാണ് സൈനികമേധാവികൾ. സർവീസിലിരിക്കുമ്പോൾ തന്നെ വിവിധ മാർഗങ്ങളിലൂടെ സമ്പത്ത് വാരിക്കൂട്ടുന്ന അവരിൽ ബഹുഭൂരിഭാഗവും വിരമിക്കലിനു ശേഷം ലണ്ടൻ, ദൂബായ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ കുടിയേറുന്നു. ഇപ്പോഴത്തെ സൈനികമേധാവി അസിം മുനീർ അമേരിക്കയിൽ കുടിയേറുമെന്നു അഭ്യൂഹമുണ്ട്.

പ്രൊഫഷണലിസത്തിന്റെ കാര്യത്തിലും പാക് സൈന്യത്തിന്റെ റെക്കോഡ് ദയനീയമാണ്. 1947-നു ശേഷം നാല് വലിയ യുദ്ധങ്ങളിൽ ഇന്ത്യയോട് തോറ്റു. 1971-ലെ യുദ്ധത്തിൽ രാജ്യത്തിന്റെ പകുതി ഭൂപ്രദേശം നഷ്ടമായി. ഭീകരവാദത്തെ രാജ്യനയമായി സ്വീകരിച്ച പാകിസ്താനിപ്പോൾ അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുകയാണ്. ആഭ്യന്തരയുദ്ധത്തിന്റെ അവസ്ഥയാണ് രാജ്യത്ത്. തെഹ്‌റീകെ താലിബാൻ (ടിടിപി), ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) എന്നിവയുടെ നിരന്തരാക്രമണങ്ങളിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് പാക് പട്ടാളം. മനുഷ്യത്വരഹിതമായ അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും രാഷ്ട്രീയ ഇടപെടലുകളും നിറഞ്ഞതാണ് അവരുടെ ചരിത്രം. അത് രാജ്യത്തിന്റെ ഭാവിക്കുമേൽ കരിനിഴലായി തുടരുന്നു.