
'നിങ്ങളുടെ നേതാവിനെ കാത്തിരിക്കുന്നത് കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന ചൗഷസ്‌ക്യുവിന്റെ ഗതിയായിരിക്കും'- രാഷ്ട്രീയത്തില്‍ ഇടയ്ക്കിടെ കേള്‍ക്കാറുള്ളതാണിത്. എന്തിനാണ് എപ്പോഴും ചൗഷസ്‌ക്യുവിന്റെ ഗതിയെ ഓര്‍മ്മിപ്പിക്കുന്നത്? കുറേക്കാലമായി ഇതു കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ആരായിരുന്നു ചൗഷസ്‌ക്യു, എന്തായിരുന്നു ചൗഷസ്‌ക്യുവിന് സംഭവിച്ചത്?
റുമാനിയയെ എന്ന യൂറോപ്യന്‍ രാജ്യത്തെ 24 വര്‍ഷം അടക്കിഭരിച്ച കമ്യൂണിസ്റ്റ് സര്‍വാധിപതിയായിരുന്നു ചൗഷസ്‌ക്യു. ഒടുവില്‍ സഹികെട്ട ജനം പാര്‍ട്ടി ഓഫീസ് വളഞ്ഞ് അദ്ദേഹത്തെയും ഭാര്യയെയും കല്ലെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ദിവസങ്ങള്‍ക്കകം വധശിക്ഷയും കിട്ടി. ഈ ക്രിസ്മസ് ദിനത്തില്‍ 35 വര്‍ഷമാവുന്നു ആ അന്ത്യത്തിന്.
ചൗഷസ്‌ക്യു പാര്‍ട്ടിയിലേക്ക്
ഒരു ദരിദ്രകുടുംബത്തില്‍ 1918-ലാണ് നിക്കോളെ ചൗഷസ്‌ക്യുവിന്റെ (Nicolae Ceausescu) ജനനം. സ്‌കൂള്‍ പഠനം കഴിഞ്ഞതോടെ ചൗഷസ്‌ക്യു ജോലി തേടി തലസ്ഥാനമായി ബുക്കാറെസ്റ്റിലെത്തി. അവിടെ ഒരു ചെരുപ്പുനിര്‍മ്മാണ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. അക്കാലം തൊട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് (പാര്‍ട്ടി ആ പേര് ഔദ്യോഗികമായി സ്വീകരിക്കുന്നത് പിന്നീടാണ്) അടുക്കുന്നത്. അക്കാലം സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ സര്‍വാധിപത്യവാഴ്ചയുടെ നാളുകളായിരുന്നു. അവരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കിഴക്കന്‍ യൂറോപ്പിലെ ഓരോ രാജ്യത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംഘടിപ്പിക്കപ്പെട്ടുവരികയായിരുന്നു. കൗമാരപ്രയത്തില്‍തന്നെ ചൗഷസ്‌ക്യു പാര്‍ട്ടി അംഗമായി. പാര്‍ട്ടിക്ക് നിരോധനമുണ്ടായിരുന്ന കാലമായിരുന്നു അത്. പലതവണ പോലീസിന്റെ പിടിയിലായ ചൗഷസ്ക്യു ജയിലിലും കിടന്നു. ജയിലില്‍ വെച്ച് പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാക്കളുമായുണ്ടായ സൗഹൃദം പില്‍ക്കാലത്തെ ചൗഷസ്ക്യുവിന്റെ വളര്‍ച്ചയ്ക്ക് തുണയായി. 26-ാം വയസ്സില്‍ ചൗഷസ്ക്യു പാര്‍ട്ടിയുടെ യുജനവിഭാഗത്തിന്റെ തലപ്പത്തെത്തി. പാര്‍ട്ടി വളരുന്നതിനൊപ്പം പാര്‍ട്ടിയില്‍ ചൗഷസ്‌ക്യുവും പടിപടിയായി ഉയര്‍ന്നുകൊണ്ടിരുന്നു.

പാര്‍ട്ടി ചൗഷസ്‌ക്യുവിലേക്ക്
സോവിയറ്റ് യൂണിയന് ദാസ്യവൃത്തി ചെയ്യുന്ന പണി ഇനിയും തുടരണോ എന്ന ചിന്ത കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ കുറേ നേതാക്കള്‍ക്കിടയില്‍ വളര്‍ന്നുവന്ന കാലമായിരുന്നു അത്. ചെക്ക് റിപ്പബ്ലിക്കിലും ഹംഗറിയിലും ഈ ചിന്ത വളര്‍ത്തിയവരെയെല്ലാം സോവിയറ്റ് സൈന്യമെത്തി ദാക്ഷിണ്യമില്ലാതെ അടിച്ചമര്‍ത്തുകയും ചെയ്തിരുന്നു. അതിനാല്‍ ചൗഷസ്ക്യു, റഷ്യയുടെ കീഴില്‍ നിന്ന് ഒറ്റയടിക്ക് ചാടാനല്ല, കൗശലത്തോടെ സമീപിക്കാനാണ് ശ്രമിച്ചത്. താന്‍ വളരെ ലിബറലാണെന്നും റുമാനിയയ്ക്ക് ഗുണകരമാവുന്ന സവിശേഷമായ മറ്റൊരു കമ്യൂണിസ്റ്റ് മാതൃകയാണ് ഉണ്ടാക്കാന്‍ പോവുന്നതെന്നും തോന്നലുണ്ടാക്കി. രാജ്യത്ത് നിക്ഷേപം വളരാന്‍ വലതുപക്ഷ- മുതലാളിത്ത രാജ്യങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കുന്നതില്‍ തെറ്റില്ല എന്ന ലൈനുമെടുത്തു. അങ്ങനെ സോവിയറ്റ് പിടി പൂര്‍ണമായും വിടാതെ, അമേരിക്കയുമായി കൂടുതല്‍ അടുക്കുന്ന ചൗഷസ്‌ക്യുവിനെയാണ് പിന്നീട് കണ്ടത്. 1969-ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണ്‍ റുമാനിയ സന്ദര്‍ശിക്കുകയും ചെയ്തു.
ജൂലായ് തീസിസ്
എഴുപതുകളുടെ ആരംഭത്തില്‍ ചൗഷസ്ക്യു ചൈനയിലും ഉത്തരകൊറിയയിലും സന്ദര്‍ശനം നടത്തി. തിരിച്ചുവന്ന ശേഷം അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കുന്ന ചൗഷസ്‌ക്യുവിനെയാണ് റുമാനിയ കാണുന്നത്. 1971 ജൂലായ് മാസത്തില്‍ അദ്ദേഹം പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. രാജ്യപുരോഗതിക്കായി, റുമാനിയന്‍ ദേശീയതയില്‍ അധിഷ്ഠിതമായ സവിശേഷ കമ്യൂണിസ്റ്റ് മാര്‍ഗങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. അത് ഫലത്തില്‍ പാര്‍ട്ടിക്കും രാജ്യത്തിനുംമേല്‍ തന്നെ പ്രതിഷ്ഠിക്കുന്നതിനുള്ള പദ്ധതിയായി. രാജ്യമാകെ 'ചൗഷസ്‌ക്യുവിസം' പ്രചരിപ്പിക്കപ്പെട്ടു. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ചൗഷസ്ക്യുവിന്റെ ഉദ്ധരണികള്‍ മഹദ് വചനങ്ങളായി നിരത്തിവെച്ചു. വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം ചൗഷസ്ക്യുവിന്റെ യശസ്സുയര്‍ത്താനുള്ള സംവിധാനങ്ങളായി മാറി. റുമാനിയ എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നാല്‍ ചൗഷസ്ക്യു എന്ന നിലയിലെത്തി. മാധ്യമങ്ങള്‍ക്ക് കര്‍ശനമായ സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തി. മുറയ്ക്കു നടന്നുവന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ ചൗഷസ്ക്യുവിന്റെ പേരു പറയുമ്പോള്‍ കയ്യടക്കാനുള്ളതായി. വീണ്ടും വീണ്ടും ചൗഷസ്ക്യു തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടേയിരുന്നു.
സെക്യൂരിറ്റേറ്റിന്റെ ചെയ്തികള്‍
എതിര്‍പ്പുകളോടും വിമര്‍ശനങ്ങളോടും ഒട്ടും സഹിഷ്ണുത പുലര്‍ത്താന്‍ ചൗഷസ്‌ക്യു തയ്യാറായില്ല. അക്കാര്യത്തില്‍ സ്റ്റാലിനിസത്തോടായിരുന്നു അദ്ദേഹത്തിന് അടുപ്പം. തന്നെ സംശയത്തോടെ കാണുന്നവരെയും തന്റെ ഭരണത്തെ വിമര്‍ശിക്കുന്നവരെയും ഭരണത്തെകുറിച്ച് പരാതികള്‍ പറയുന്നവരെയും ഒതുക്കാന്‍ സെക്യൂരിറ്റേറ്റ് എന്ന പേരില്‍ രഹസ്യപ്പോലീസിന് രൂപം കൊടുത്തിരുന്നു. രാജ്യമാകെ ഇവരുടെ 'സര്‍വെയിലന്‍സി'ലായി. ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നവരെ ജയലിടയ്ക്കുകയും ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തു. സാധനങ്ങളുടെ വില ഇങ്ങനെ പോയാല്‍ നമ്മളെങ്ങനെ ജീവിക്കുമെന്ന് നമ്മുടെ നാട്ടില്‍ നിത്യവും മാര്‍ക്കറ്റില്‍ വരുന്നവര്‍ പറയുന്നത് കേള്‍ക്കാറുണ്ട്. എന്നാല്‍, റുമാനിയയില്‍ ഇങ്ങനെ പറഞ്ഞവരുടെ വീട്ടില്‍ രാത്രി ഒരു പോലീസ് ജീപ്പെത്തും. പറഞ്ഞയാളെ പൊക്കും. പിന്നീടയാൾ പുറംലോകം കാണില്ല. ഭരണത്തിനെതിരേ വ്യാജപ്രചാരണം നടത്തുകയും അതൃപ്തി വളര്‍ത്തുകയും ചെയ്തു- അതാണ് അയാള്‍ ചെയ്ത കുറ്റം. ഇങ്ങനെ നിരവധി പേര്‍ ജയിലിലാവുകയോ അപ്രത്യക്ഷരാവുകയോ ചെയ്തു. ഇക്കഥകളൊക്കെ പിന്നീടാണ് പുറത്തുവന്നത്.
അനാഥക്കുഞ്ഞുങ്ങള്‍ പെരുകിയ രാജ്യം
കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ യൂറോപ്പാകെ വിദ്യാഭ്യാസ- ആരോഗ്യ- ശാസ്ത്ര മേഖലകളില്‍ നല്ല പുരോഗതി കൈവരിച്ചിരുന്നു. റുമാനിയയില്‍ ഇത് മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ചൗഷസ്ക്യുവും ശ്രദ്ധേയനായിരുന്നു. കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിലൊന്നായിരുന്നു റുമാനിയ. തന്റെ വികസനസ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇതൊരു വലിയ തടസ്സമാണെന്ന് ചൗഷസ്ക്യു മനസ്സിലാക്കി. പക്ഷേ, അതിനെ മറികടക്കാന്‍ ഒരു മണ്ടന്‍ തിയറിയാണ് അദ്ദേഹത്തിന്റെ പ്രിയങ്കരരായ ഇക്കണോമിസ്റ്റുകള്‍ പറഞ്ഞുകൊടുത്തത്. ജനസംഖ്യ നാലും അഞ്ചും ഇരട്ടിയായി ഉയരണം, അങ്ങനെ ജനിക്കുന്ന കുട്ടികള്‍ വലുതാവുമ്പോള്‍ ജോലിക്ക് പോവും, അവര്‍ ഉല്‍പ്പാദിപ്പിക്കും, ഉല്‍പ്പന്നങ്ങള്‍ കുന്നുകൂടും, അവ നമ്മള്‍ കയറ്റിയയക്കും, അപ്പോള്‍ വിദേശനാണ്യം രാജ്യത്ത് പെരുകും, അങ്ങനെ നമ്മള്‍ ധനിക രാജ്യമായി മാറും. ഈ സിദ്ധാന്തം വിശ്വസിച്ച് ചൗഷസ്ക്യു മുന്നോട്ടുപോയി. അഞ്ചും ആറും കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടു. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. ഗര്‍ഭഛിദ്രം നിരോധിക്കുകയും ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു. വിവാഹമോചനവും കടുപ്പമേറിയതാക്കി മാറ്റി. അതോടെ രാജ്യത്ത് കുഞ്ഞുങ്ങളുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരുന്നു. സ്ത്രീകള്‍ക്ക് ജോലിക്ക് പോവാന്‍ പറ്റാത്ത സ്ഥിതിയായി. ദമ്പതികളിലൊരാള്‍ മരണപ്പെടുമ്പോള്‍ പറക്കമുറ്റാത്ത നാലും അഞ്ചും കുഞ്ഞുങ്ങള്‍ അനാഥരാവുന്ന സ്ഥിതി വന്നു. ഓരോ ദിവസവും ഇങ്ങനെ അനാഥാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിപ്പിച്ചു. പക്ഷേ, അപ്പോഴും തന്റെ പദ്ധതികളുമായി ചൗഷസ്ക്യു മുന്നോട്ടുപോയി.

ഭാര്യയുടെ പങ്ക്
യൗവ്വനകാലത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെയാണ് ചൗഷസ്ക്യു എലേനയെ കണ്ടുമുട്ടുന്നത്. എലേനയും പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. ഇരുവരും വിവാഹിതരായി. ഭാര്യയോടുള്ള അമിതസ്‌നേഹം ചൗഷസ്ക്യുവിന്റെ പല ദുഷ്പ്രവൃത്തികള്‍ക്കും കാരണമായി. ചൗഷസ്ക്യു ഉന്നതസ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുയര്‍ന്നു കേറവെ അതിനൊത്ത മറ്റൊരു അധികാരകേന്ദ്രമായി എലേനയും വളര്‍ന്നുകൊണ്ടിരുന്നു. എന്താഗ്രഹിച്ചാലും അത് നേടിയെടുക്കും വിധം എലേന ഭരണത്തില്‍ സ്വാധീനമുറപ്പിച്ചു. ഒടുവില്‍ എലേനയെ സാംസ്‌കാരികമന്ത്രിയും ഉപപ്രധാനമന്ത്രിയുമാക്കി. അതോടെ തനിക്കുശേഷം ആരെന്ന കാര്യം പറയാതെ പറയുകയായിരുന്നു ചൗഷസ്ക്യു. മക്കളിലൊരാളെ യും രാഷ്ട്രീയരംഗത്ത് ഇറക്കുകയും ചെയ്തു.
ചൗഷസ്‌ക്യുവിന്റെയും ഭാര്യയുടെയും ജന്മദിനങ്ങള്‍ ദേശീയ ആഘോഷമായി സര്‍ക്കാര്‍ കൊണ്ടാടുന്നതുവരെ എത്തി വ്യക്ത്യാരാധന. സ്‌കൂളുകളിലും കോളേജുകളിലും അവരുടെ ചിത്രം പതിപ്പിച്ച പ്ലെക്കാർഡുകളുമായി ഘോഷയാത്രകള്‍ നടന്നു. ടെലിവിഷനും വാര്‍ത്താവിനിമയ മാര്‍ഗങ്ങളും അവരെ വാഴ്ത്തുമൊഴികള്‍ കൊണ്ടുമൂടി. ചൈനയിലും ഉത്തര കൊറിയയിലും നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഭരണാധിപന്റെ ഭാര്യ ആസ്വദിക്കുന്ന 'പവര്‍' എത്രയുണ്ടെന്ന് എലേന മനസ്സിലാക്കിയതെന്ന് പില്‍ക്കാലത്ത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അധികാരം കൊണ്ട് ഒരു നേതാവും ഭാര്യയും എന്തെല്ലാം കാണിക്കാമോ അതെല്ലാം ചൗഷസ്ക്യുവും ഭാര്യയും ചെയ്തുകൂട്ടുന്നത് ജനങ്ങള്‍ കണ്ടു, സഹിച്ചു.
പ്രൈമറി വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന എലേന പിന്നീട് രസതന്ത്രത്തില്‍ ഡോക്ടറേറ്റ് വരെ എടുക്കുന്നതും റുമാനിയക്കാര്‍ കണ്ടു. ശാസ്ത്രകാരി എന്ന നിലയില്‍ അക്കാദമികളില്‍ വിശിഷ്ട സ്ഥാനങ്ങളിലും ഇരിപ്പുറപ്പിച്ചു. ഇതെല്ലാം അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തി തരപ്പെടുത്തിയതാണെന്ന് ഉള്ളറക്കഥകള്‍ അറിയാവുന്നവര്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തി. കെമിസ്ട്രിയിലെ രാസനാമങ്ങള്‍ പോലും അവര്‍ക്ക് ശരിക്ക് വായിക്കനറിയുമാ ഞ്ഞിരുന്നില്ല. അവരത് തെറ്റായ ഉച്ചരിച്ചതിന്റെ കഥകളെല്ലാം പില്‍ക്കാലത്ത് റുമാനിയക്കാര്‍ പറഞ്ഞുചിരിക്കാന്‍ തുടങ്ങി.
എണ്ണയിലെ പ്രതീക്ഷ
എണ്ണ ഉല്‍പ്പാദനവും ശുദ്ധീകരണവും കൊണ്ട് വലിയ സാമ്പത്തിക രാജ്യത്തെ ചൗഷസ്‌ക്യു അഭിവൃദ്ധിയിലേക്ക് നയിച്ചു. ജനങ്ങളില്‍ നിന്ന് വലിയതോതില്‍ നികുതിപിരിച്ച് അദ്ദേഹം എണ്ണശുദ്ധീകരണശാലകള്‍ക്ക് വ്യാപകമായി പണമിറക്കി. പക്ഷേ, എണ്‍പതുകളില്‍ സ്ഥിതിഗതികള്‍ പ്രതികൂലമാവാന്‍ തുടങ്ങി. മുടക്കിയ പണവുമില്ല, ലാഭവുമില്ല, വ്യവസായവുമില്ല എന്ന സ്ഥിതിയായി. പണമെല്ലാം ഇങ്ങനെ വകമാറ്റിയതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി ജനങ്ങളെ പിഴിയേണ്ടിവന്നു. ജനങ്ങള്‍ക്ക് പണിയുമില്ല കൂലിയമില്ല എന്ന സ്ഥിതി. പെണ്ണുങ്ങള്‍ക്കാണെങ്കില്‍ പ്രസവമൊഴിഞ്ഞ നേരവുമില്ലാത്ത അവസ്ഥയായി. റേഷന്‍ വിഹിതം പോലും വെട്ടിക്കുറച്ചു. ഗതികെട്ട ജനം സര്‍ക്കാരിനെ ശപിക്കാന്‍ തുടങ്ങി. പക്ഷേ ചൗഷസ്‌ക്യുവും ഭാര്യയും വിദേശസന്ദര്‍ശനങ്ങള്‍ നടത്തിയും കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കിയും സ്വന്തം ജന്മദിനങ്ങള്‍ നാട്ടുകാരെക്കൊണ്ട് ആഘോഷിപ്പിച്ചും അധികാരം കൊണ്ടാടി. സഹികെട്ട തൊഴിലാളികള്‍ പണിമുടക്കിനിറങ്ങി. കമ്യൂണിസ്റ്റ് രാജ്യത്ത് തൊഴിലാളികള്‍ പണിമുടക്കിയാലുള്ള സ്ഥിതിയെന്തെന്ന് അതിന് നേതൃത്വം നല്‍കിയവരൊക്കെ അറിഞ്ഞു. നേതാക്കള്‍ കൂട്ടത്തോടെ ജയിലിലായി. ചിലരെ പിന്നെ പുറംലോകം കണ്ടതേയില്ല. ഇങ്ങനെയൊക്കെയയാിട്ടും 1989-ന്റെ അവസാനം പാര്‍ട്ടി സമ്മേളനത്തില്‍ ചൗഷസ്‌ക്യു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, അതിനുശേഷം കാര്യങ്ങള്‍ കൈവിട്ടുപോവുന്നതാണ് കണ്ടത്.
എല്ലാം അവസാനിച്ച ഡിസംബര്‍
ഒടുവില്‍ ജനരോഷം അണപൊട്ടുക തന്നെ ചെയ്തു. ഡിസംബര്‍ 17-ന് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. അവരെ നേരിടാന്‍ പട്ടാളവുമിറങ്ങി. വെടിവെപ്പ് നടന്നു. നിരവധി വിദ്യാര്‍ഥികള്‍ മരണപ്പെട്ടു. കാര്യങ്ങള്‍ പന്തിയല്ല എന്ന് ചൗഷസ്ക്യുവിന് മനസ്സിലായി. സോവിയറ്റ് പിടി അയഞ്ഞതോടെ അവര്‍ക്ക് സ്വാധീനമുണ്ടായിരുന്ന രാജ്യങ്ങളിലെല്ലാം ജനങ്ങള്‍ കമ്യൂണിസം ഉപേക്ഷിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ചെക്കോസ്ലാവാക്യ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളെല്ലാം അത് സംഭവിച്ചുതുടങ്ങിയിരുന്നു. ജര്‍മനിയെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കാന്‍, കമ്യൂണിസ്റ്റ് ഭരണകൂടം കെട്ടിപ്പൊക്കിയ കുപ്രസിദ്ധമായ മതില്‍ ജനങ്ങള്‍ തല്ലിപ്പൊളിച്ചിട്ട് അപ്പോഴേക്കും ഒരുമാസമേ അയിരുന്നുള്ളൂ. പക്ഷേ, എവിടെയൊക്കെ എന്തൊക്കെ സംഭവിച്ചാലും തന്റെ നാട്ടിലെ ജനങ്ങളും പാര്‍ട്ടിക്കാരും തന്റെ കൂടെയുണ്ടാവുമെന്ന് ചൗഷസ്ക്യു കരുതി. എല്ലാ മാസവും പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഓഫീസിന്റെ മട്ടുപ്പാവില്‍നിന്നുകൊണ്ട് പാര്‍ട്ടിക്കാരെ അഭിസംബോധന ചെയ്യുന്ന ഒരു പതിവ് അദ്ദേഹം നേരത്തെ തുടങ്ങിവെച്ചിരുന്നു. പ്രക്ഷോഭം പടര്‍ന്നേക്കുമോ എന്ന ഭീതിയില്‍ അദ്ദേഹം ആ അവസരം തന്നെ ഉപയോഗിക്കാന്‍ തീരുമിനിച്ചു.
ഡിസംബര്‍ 21-ന് പത്‌നീസമേതനായി കേന്ദ്രകമ്മിറ്റി ഓഫീസിലെത്തിയ ചൗഷസ്ക്യു മട്ടുപ്പാവില്‍ കയറി പ്രസംഗം തുടങ്ങി. പ്രസംഗം കേള്‍ക്കാന്‍ കേള്‍ക്കാന്‍ പാര്‍ട്ടി അണികളും തടിച്ചുകൂടി. രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ഊന്നിയൂന്നിപ്പറഞ്ഞു. എല്ലാം കേട്ടുകൊണ്ട് പാര്‍ട്ടി അണികളെ താഴെയും നിരന്നുനിന്നു. അല്‍പ്പനേരം കഴിഞ്ഞില്ല. കേള്‍വിക്കാരായ തടിച്ചുകൂടിയ പാര്‍ട്ടിക്കാരില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അവര്‍ കൂവാന്‍ തുടങ്ങി.

ശാന്തരാകൂ സഖാക്കളെ- അദ്ദേഹം അവരെ അനുനയിപ്പിച്ചു. നികുതി കുറയ്ക്കാം, റേഷന്‍ കൂട്ടാം എന്നൊക്കെ അദ്ദേഹം കൂട്ടത്തില്‍ വിളിച്ചുപറഞ്ഞു. അപ്പോഴേക്കും വിവരം പാര്‍ട്ടി ഓഫീസ് കോമ്പൗണ്ടിന് പുറത്തമെത്തിയിരുന്നു. സന്ദര്‍ഭം കിട്ടിയ ജനം പാര്‍ട്ടി ഓഫീസിലേക്ക് ഒഴുകി. തലസ്ഥാനത്ത് പ്രക്ഷോഭം പടര്‍ന്നു. പിറ്റേന്ന് ജനങ്ങളുമായി സംസാരിക്കാന്‍ ഒരു അവസരത്തിനു കൂടി ചൗഷസ്‌ക്യു ശ്രമിച്ചു. അതിനായി വന്ന അദ്ദേഹത്തെ പാര്‍ട്ടി ഓഫീസില്‍വെച്ച് ജനം കല്ലെറിയാന്‍ തുടങ്ങി. തുരുതുരെ കല്ലുകള്‍ വന്നുകൊണ്ടിരുന്നു. സൈന്യം ചൗഷസ്ക്യുവിനെയും ഭാര്യയെും ഒരുവിധം രക്ഷിച്ച് ഹെലികോപ്റ്ററില്‍ കയറ്റിവിട്ടു. എന്നാല്‍ ജനം അപ്പോഴേക്കും സൈനിക കേന്ദ്രങ്ങളും വളഞ്ഞു തുടങ്ങിയിരുന്നു. അതോടെ സൈന്യം ജനപക്ഷത്തേക്ക് മാറി. ചൗഷസ്ക്യുവിനെ കയറ്റിവിട്ട ഹെലികോപ്റ്റർ മറ്റൊരിടത്ത് ഇറക്കി. രണ്ടുപേരെയും തടവിലാക്കി. പിന്നെ പേരിനൊരു വിചാരണ മാത്രം. ഡിസംബര്‍ 25-ന് ക്രിസ്മസ് ദിനത്തില്‍ ഇരുവരെയും കൈകള്‍ പിന്നിലേക്ക് കെട്ടി, വെടിവെച്ചുകൊന്ന്, ശിക്ഷ നടപ്പാക്കി. കുറേനാളുകളില്‍ രാജ്യത്ത് അരക്ഷിതാവസ്ഥ നിലനിന്നെങ്കിലും പിന്നീട് പതുക്കെപ്പതുക്കെ ജനാധിപത്യത്തിലേക്ക് നീങ്ങി.
ഔദ്യോഗിക വിവരങ്ങളാണ് വിശ്വസിച്ചതെന്ന് ഇ.എം.എസ്.
റുമാനിയന്‍ പാര്‍ട്ടിയുടേയോ അതിന്റെ സര്‍വോന്നത നേതാവായിരുന്ന ചൗഷസക്യുവിന്റെയോ ചെയ്തികളില്‍ എന്തെങ്കിലും ദൗര്‍ബല്യങ്ങളുണ്ടായിരുന്നതായി ഞങ്ങള്‍ക്കന്ന് കാണാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ലോക കമ്യൂണിസ്റ്റ് നേതാക്കളോടൊപ്പം എന്ന പുസ്തകത്തില്‍ (ചിന്ത പബ്ലിക്കേഷന്‍സ്-1994) ഇ.എം.എസ്. എഴുതിയിട്ടുണ്ട്. 'റുമാനിയയുടെ കാര്യത്തില്‍ മാത്രമല്ല, എല്ലാ മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും കാര്യത്തില്‍ അവിടത്തെ സഖാക്കള്‍ പറയുന്നത് അപ്പടി വിശ്വസിക്കുക എന്ന തെറ്റായ സമീപനമാണ് പാര്‍ട്ടി എടുത്തിരുന്നതെന്ന് സി.പി.എം. 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര പ്രമേയത്തില്‍ എറ്റുപറഞ്ഞിട്ടുണ്ടെന്നും', ഇ.എം.എസ്. എടുത്തു പറയുന്നു.
റുമാനിയന്‍ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം സ്വീകരിച്ച് അവിടെയെത്തിയതിന്റെ അനുഭവം ഇ.എം.എസ്. ഈ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ചൗഷസ്ക്യു വ്യക്താരാധാന എന്ന തെറ്റായ പ്രവണത വളര്‍ത്തിയിരുന്നുവെന്നും പാര്‍ട്ടി സമ്മേളനത്തില്‍ താന്‍ അതിന് സാക്ഷിയായായതും ലേഖനത്തില്‍ പറയുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും അവിടെ നിന്ന് ലഭിച്ച ഔദ്യോഗികമായ വിവരങ്ങള്‍ മാത്രമാണ് പാര്‍ട്ടിയും അതിന്റെ ഭാഗമായി താനും പിന്തുണച്ചുപോന്നതെന്നും അദ്ദേഹം എഴുതി.
Key Points:
- Nicolae Ceausescu`s rise from poverty to becoming Romania`s communist dictator.
- His authoritarian rule, characterized by personality cult and secret police.
- Ceausescu`s disastrous economic policies leading to widespread poverty.
- The 1989 Romanian Revolution and Ceausescu`s execution.
- The lasting impact of his regime on Romania.
Content Highlights: Nicolae Ceausescu: Rise and Fall of a Romanian Dictator
Published: 25 Dec 2024, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented