'ഇവിടെ എന്തോ പ്രേതബാധ ഉണ്ടെന്നായിരുന്നു എല്ലാവരുടേയും വിശ്വാസം. ഞങ്ങൾ ഇത് വാങ്ങിയതിന് ശേഷമാണ് അവിടെയും ഇവിടെയുമൊക്കെ എന്തൊക്കെയോ ജപിച്ച് കെട്ടിയിരിക്കുന്നത് കണ്ടതുപോലും! അല്ലെങ്കിൽ അപ്പോഴാണ് ശ്രദ്ധിച്ചതെന്നും പറയാം. അച്ചായന് ആ വക പേയിലും ഭൂതത്തിലും ഒന്നും വിശ്വാസമില്ലാത്തതിനാൽ അപ്പോൾത്തന്നെ നമ്മൾ അതൊക്കെ അറുത്ത് കളയുകയായിരുന്നു. ശരിക്കും അതും കഴിഞ്ഞാണ് വെള്ള വലിക്കാനും മരപ്പണിക്കുമായി പെയിന്ററന്മാരും ആശാരിമാരും എത്തിയത് തന്നെ.'

To advertise here,

ഇപ്പോൾ എന്നോട് അനുഭവങ്ങൾ പങ്ക് വച്ചത് തോമസ് ആണ്. ഞാൻ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ വൈൽഡ് ലൈഫ് വാർഡനായി ജോലി നോക്കുന്ന സമയമാണ്. ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്നു കല്ലുവരമ്പ് സെക്ഷനിൽപ്പെട്ട കാട്ടിനകത്തുള്ള ആ ബംഗ്ലാവ്. നിയമാനുസൃത പട്ടയം ഉള്ള ആ സ്ഥലമെങ്ങനെ കൊടുംകാട്ടിനകത്ത് വന്നു എന്നത് തീർത്തും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു. അത് മാത്രമല്ല, വേറേയും തോട്ടങ്ങൾ മറ്റ് പല പ്രശസ്തർക്കും അവിടെ ഉണ്ടുതാനും. സൈലന്റ് വാലി നാഷണൽ പാർക്കിനുള്ളിൽ മുക്കാലിയിൽനിന്ന് സൈരന്ധ്രിക്ക് പോകുമ്പോൾ കാണുന്ന വലിയ എസ്റ്റേറ്റ് പോലെയോ വയനാടുള്ള അനേകം തോട്ടങ്ങൾ പോലെയോ ഒക്കെയുള്ള ഒന്ന്.

അവർ അത് വാങ്ങിയ സമയത്ത് ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് അവിടെ മാനേജരായി ജോലി നോക്കുകയായിരുന്ന തോമസ് പറഞ്ഞത്. തത്സമയം എന്നോടൊപ്പം റെയ്ഞ്ച് ഓഫീസറായ സുധീറും ഫോറസ്റ്ററന്മാരായ സന്തോഷും ബിനുവും ഒക്കെ ഉണ്ടായിരുന്നു എന്നാണ് ഓർമ. 'പണിക്കിടയിലാണ് എന്തൊക്കെയോ ചില ദുസ്സൂചനകൾ കണ്ട് തുടങ്ങിയത്. കാട്ടിലുള്ള മൃഗങ്ങൾക്ക് എപ്പൊ വേണേലും ഇങ്ങോട്ട് കയറിവരാനായി ഒരു തടസ്സവും ഉണ്ടായിരുന്നില്ല. കാട്ടുപോത്തുകളേയും മ്‌ളാവുകളേയും ഒക്കെ വൈകുന്നേരങ്ങളിൽ ഇവിടെ മുറ്റത്ത് തന്നെ കാണാറുള്ളതുമാണ്. അവർ ഇരപിടിയന്മാരിൽനിന്നു രക്ഷതേടി വരുന്നതാകാം. അതുകൊണ്ട് തന്നെ എന്നും രാത്രി നമ്മൾ മുറ്റത്ത് ആഴി കൂട്ടുമായിരുന്നു.'

'പണിക്കാരിൽ പലരും ഇറയത്തും ഹാളിലും ഒക്കെയാണ് കിടന്നിരുന്നത്. നല്ല തണുപ്പുള്ള ഒരു ദിവസം രാത്രി ഞാനും അച്ചായനും കൂടി രണ്ട് മൂന്നെണ്ണം അടിച്ചിട്ട് മുറ്റത്ത് കൂട്ടിയ തീയ്ക്കരികിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന് ലേശം വൈകിപ്പോയി. അച്ചായൻ അകത്തേയ്ക്ക് പോയെങ്കിലും ഞാൻ പിന്നെയും ഓരോന്ന് ആലോചിച്ച് അവിടെ തീ കാഞ്ഞിരുന്നു. മൊബൈൽ ഫോണിന് ഇവിടെ തീരെ റെയ്ഞ്ച് കിട്ടില്ലല്ലോ. സത്യത്തിൽ ഇരുന്ന ഇരിപ്പിൽ എപ്പോഴോ ഞാൻ മയങ്ങിപ്പോയിരിക്കണം.' അന്ന് നടന്ന സംഭവം അയാൾ വീണ്ടും പറഞ്ഞ് തുടങ്ങി.

'എന്തോ ദുസ്വപ്നം കണ്ടത് പോലെ ഞാൻ ഞെട്ടി ഉണരുകയായിരുന്നു. അതോ ഇനി വല്ല ഒച്ചയും കേട്ടിരുന്നോ എന്നറിയാൻ വയ്യ. ഇല്ല, അങ്ങനെ വലിയ ഒച്ച എന്തെങ്കിലും ആയിരുന്നെങ്കിൽ നിശ്ചയമായും ഇറയത്ത് തന്നെ കിടന്നിരുന്ന പണിക്കാരിൽ ആരെങ്കിലുമൊക്കെ ഉണരുമായിരുന്നു. ഞാൻ നോക്കുമ്പോൾ നമ്മുടെ മെയിൻ മേസ്തിരി പതിയെ പുറത്തേയ്ക്ക് ഇറങ്ങി വരികയാണ്. അപ്പോഴും എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എന്നതാണ് സത്യം. തീയുടെ വെളിച്ചത്തിൽ അയാൾ നടന്ന് പുറത്തേയ്ക്ക് ഇറങ്ങി വരുന്നത് ഞാൻ വ്യക്തമായി കണ്ടതാണ്. രാത്രി മൂത്രമൊഴിക്കാനോ മറ്റോ ആകും പുറത്തിറങ്ങിയതെന്നാണ് ഞാൻ കരുതിയത്. അതുകൊണ്ട് തന്നെ 'മുറ്റത്തിന്റെ അരികിൽത്തന്നെ നിന്നാൽ മതി. ദൂരേയ്ക്ക് പോണ്ട. വല്ല പന്നിയോ പാമ്പോ ഒക്കെ കാണും.' എന്ന് ആരോടെന്നില്ലാതെ പറഞ്ഞിട്ട് ഞാൻ വീണ്ടും കണ്ണുകളച്ചിരുന്നു.'

'എന്നാൽ മൂത്രമൊഴിക്കുന്ന ശബ്ദമൊന്നും കേട്ടില്ല. ആ പറഞ്ഞതിന് അയാൾ മറുപടി ഒന്നും പറഞ്ഞതുമില്ല. ലേശം കഴിഞ്ഞപ്പോൾ കരിയിലകൾ ഞെരിയുന്നതും ചെറിയ അടിക്കാടുകൾ ഒടിയുന്ന ശബ്ദവുമാണ് കേട്ടത്! ആദ്യമത് അവഗണിച്ചെങ്കിലും പിന്നെ ആലോചിച്ചപ്പോൾ എന്തോ അസ്വാഭാവികതയാണ് തോന്നിയത്. സൺഡേ ചെയറിലിരുന്ന് തന്നെ ഞാനൊന്ന് തിരിഞ്ഞ് നോക്കി. അയാളെ മുറ്റത്ത് കാണാനില്ല! ഉള്ളിലാളിയ അന്ധാളിപ്പോടെ വീണ്ടും നോക്കിയപ്പോൾ മുറ്റവും കഴിഞ്ഞ് താഴേയ്ക്കിറങ്ങി പൊന്തക്കാടുകൾ വകഞ്ഞ് വെട്ടവും വെളിച്ചവുമില്ലാതെ കാട്ടിനകത്തേയ്ക്ക് അയാൾ നടക്കുകയാണ്!'

'സത്യത്തിൽ എനിക്കാദ്യം എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസ്സിലായില്ല. വെറുതെ അയാളെ നോക്കി തെല്ലിട ഇരുന്ന് പോയിരിക്കണം. അടിക്കാടുകൾ ഞെരിച്ച് താഴേയ്ക്ക് ഇറങ്ങിപ്പോകുന്ന അയാളുടെ പിൻഭാഗം ജ്വലിച്ചുകൊണ്ടിരുന്ന തീമുട്ടികളിൽ നിന്നുള്ള പ്രകാശത്തിൽ എനിക്കപ്പോഴും കാണാമായിരുന്നു എന്നതാണ് വാസ്തവം. അല്പനേരം കഴിഞ്ഞപ്പോൾ അയാൾ കാഴ്ചയിൽനിന്ന് മറയുകയും ചെയ്തു. ശരിക്കും അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചുകിട്ടിയതെന്ന് തോന്നുന്നു.' 

'കസേരയിൽ നിന്ന് പിടഞ്ഞെണീറ്റ ഞാൻ അയാളുടെ പേര് പറഞ്ഞ് ''ഏയ്.. മേശിരീ..നിൽക്ക്...നിൽക്ക്..'' എന്ന് ഉച്ചത്തിൽ അലറി വിളിച്ചു. പക്ഷേ അപ്പോൾ അയാളുടെ പിന്നാലെ കാട്ടിലേയ്ക്ക് ഓടാൻ എനിക്കെന്തോ ധൈര്യം തോന്നിയില്ല. പകരം ഉറക്കെ വിളിച്ചുകൊണ്ട് ഞാൻ ബംഗ്‌ളാവിലേയ്ക്ക് ഓടിക്കയറി.' ഇത് പറയുമ്പോൾ തോമസിന്റെ ശ്വാസഗതിയിൽ വന്നിരിക്കുന്ന ചെറിയ വ്യത്യാസം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 'അവിടെ കിടന്നവരെ തട്ടിയെണീപ്പിച്ച് വല്ലവിധേനയും ഞാൻ കണ്ട കാഴ്ച അവരോട് പറഞ്ഞു. അൽപം ഫിറ്റായിരുന്ന ഞാൻ പിച്ചും പേയും പറയുന്നതാണോയെന്നാണ് സ്വാഭാവികമായും അവർ ആദ്യം സംശയിച്ചത്. എന്നാൽ, എന്റെ വെപ്രാളം കണ്ടിട്ടാവണം അവരിൽ ചിലർ ടോർച്ചെടുത്ത് മേസ്തിരി കിടന്ന പായിലേയ്ക്ക് നോക്കി. അപ്പോൾ അവിടം ശുദ്ധശൂന്യമായിരുന്നു!'

'പിന്നെയാണ് എല്ലാവരും കൂടി അട്ടഹാസങ്ങളുമായി കയ്യിൽക്കിട്ടിയ ടോർച്ചുകളും വടികളും തീവിറകിന്റെ കഷണങ്ങളുമായി പുറത്തേയ്ക്ക് ഓടിയത്. അവരെ പിന്തുടർന്ന ഞാൻ അയാൾ നടന്ന് പോയ വഴി കാണിച്ചുകൊടുത്തു. അതുവഴി ആളുകൾ ഓടിയെത്തുമ്പോഴും ആ കൂരിരുട്ടത്തും അയാൾ മുന്നോട്ട് തന്നെ നടക്കുകയായിരുന്നു എന്നതാണ് എല്ലാവരേയും ഞെട്ടിച്ചു കളഞ്ഞത്! തീർത്തും സ്വപ്നടകനെപ്പോലെ സഞ്ചരിച്ചിരുന്ന അയാൾ ദുർഘടമായ ആ കാട്ടുപാതയിലൂടെ എങ്ങനെയാണ് നിർവിഘ്‌നം സഞ്ചരിച്ചിരുന്നത് എന്നത് വലിയ ഒരു ചോദ്യച്ചിഹ്നമായി അവശേഷിച്ചു. ആരോ മുന്നേ നടന്ന് വഴി കാട്ടുകയായിരുന്നുവെന്നും അയാളെ പിൻതുടർന്ന് പോയതിനാലാണ് തപ്പിത്തടഞ്ഞ് വീഴാത്തതെന്നുമാണ് അയാൾ മറുപടി പറഞ്ഞത്. ആ മായാരൂപിയെ അയാൾ പിന്തുടർന്നത് എന്തുദ്ദേശിച്ചാണ്? ഏതോ ഒരാൾ (അതോ അവളോ?) വച്ചുനീട്ടിയ തടുക്കാനാകാത്ത പ്രലോഭനം എന്തായിരുന്നുവെന്ന് വെളിപ്പെടുത്താൻ എന്തായാലും ആ മേസ്തിരി തയ്യാറായില്ല എന്നതാണ് സത്യം.'

'പിന്നെ അതും കഴിഞ്ഞ് ബംഗ്ലാവിൽ ഓരോരോ ചെറിയ ചെറിയ കാര്യങ്ങൾ പലതും പ്രതീക്ഷിക്കാതെ സംഭവിച്ച് തുടങ്ങിയപ്പോൾ അച്ചായൻ അവസാനം കോട്ടയത്തുനിന്നും ഇടവകയച്ചനെ തന്നെ കൂട്ടിക്കൊണ്ടുവന്ന് അത്യാവശ്യം വെഞ്ചരിപ്പും പൂജകളും നടത്തി. അതിനൊക്കെ വല്ല ഫലമുണ്ടോ എന്നൊന്നും പറയാൻ എനിക്കറിയില്ല. എന്തായാലും അതിന് ശേഷം അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നത് സത്യമാണ്. ഒരു പക്ഷേ അതൊക്കെ ഓരോരുത്തരുടെ വിശ്വാസമാകാം. അല്ലേ സാർ...?' ഞങ്ങളിലാരും തന്നെ അതിന് മറുപടിയായി എന്തെങ്കിലും പറയുകയോ അയാളോട് സംശയങ്ങൾ ചോദിക്കുകയോ ചെയ്തിരുന്നില്ലെന്നത് ഞാനോർക്കുന്നു.

'എന്താണ് ശരിക്കും പറ്റിയതെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും അവർ മറുപടി പറഞ്ഞില്ലത്രേ.' റാന്നി വനം ഡിവിഷനിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷന് അടുത്തുവച്ചാണ് സംഭവം നടന്നതെന്നാണ് അന്നവിടെ ഡ്രൈവറായിരുന്ന അനിൽകുമാർ എന്നോടും സുഹൃത്ത് പ്രകാശിനോടുമായി ആ യാത്രയിൽ വച്ച് പറഞ്ഞത്. ഒരു ഇടവപ്പാതിക്കാലത്ത് വനത്തിൽ തൈനടീലിന്റെ പണിക്ക് പോയിട്ട് തിരികെ വീട്ടിലെത്തിയ ശേഷം ആറ്റിൽപ്പോയി തുണി കഴുകുകയായിരുന്നു സുമതി എന്ന സ്ത്രീ. നെഞ്ചൊപ്പം വെള്ളമുള്ള ആ പുഴയിൽ മഴക്കാലത്ത് ഇറങ്ങുന്നത് അപകടമാണ്. തന്നെയുമല്ല തനിക്ക് നീന്തൽ അത്ര വശമില്ലാതതതിനാൽത്തന്നെ പിള്ളേരെപ്പോലും അതിൽ ഇറങ്ങി മുങ്ങിക്കുളിക്കാൻ ഒരിക്കലും അനുവദിക്കുകയില്ലായിരുന്നു എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. ഒന്ന് രണ്ട് മരണം അവിടെ അത്തരത്തിൽ സംഭവിച്ചിട്ടും ഉണ്ട്. എന്തായാലും കാലവർഷം ആരംഭിച്ച് കഴിഞ്ഞിരുന്ന ജൂൺ മാസത്തിലെ പ്രസ്തുത ദിവസം വൈകുന്നേരം സമയം ഏറെയായിട്ടും ഭാര്യയെ കാണാത്തതിനാലാണ് അവരുടെ ഭർത്താവ് കുഞ്ഞുങ്ങളെ അങ്ങോട്ട് പറഞ്ഞുവിട്ടത്. കുട്ടികൾ രണ്ടുപേരും വിജനമായ കുളിക്കടവിലെത്തുമ്പോൾ അവിടെ ആരേയും കാണുന്നുണ്ടായിരുന്നില്ല. അലക്കിയ തുണിത്തരങ്ങളെല്ലാം ഒരു പഴയ അലൂമിനിയം ബക്കറ്റിൽ സുരക്ഷിതമായി ഇരിപ്പുണ്ടുതാനും. അരികെയായി സോപ്പും തോർത്തും. ഭയന്നുപോയ മക്കൾ ഉടനെ വീട്ടിലെത്തി അച്ഛനെ വിവരം അറിയിച്ചതോടെ ആൾക്കാരെ കൂട്ടിയെത്തിയ അയാൾ അന്വേഷണം തുടങ്ങുകയായിരുന്നു. നേരം വൈകി വരുന്നതിനാൽ അവർക്കൊക്കെ വലിയ വെപ്രാളവുമായി.

എന്തായാലും അപ്പോഴും ഏതാണ്ട് അരയ്ക്ക്‌മേൽ വെള്ളമുള്ള ആറ്റിലേയ്ക്ക് സുമതി ഇറങ്ങാനുള്ള സാധ്യത കുറവാണ്. പേടിക്കുന്നത് പോലെ കിഴക്കൻ മലയിൽ ഉരുൾപൊട്ടലോ മലവെള്ളപ്പാച്ചിലോ ഒന്നും സംഭവിച്ചിട്ടുമില്ല. എന്നിരുന്നാലും പുഴയ്ക്ക് താഴേയ്ക്ക് കൂടി അവർ അന്വേഷണം വ്യാപിപ്പിച്ചു. ഒരു മണിക്കൂറെങ്കിലും നീണ്ട അന്വേഷണത്തിനിടെ മഴച്ചാറ്റൽ വീണ്ടും തുടങ്ങിയപ്പോഴാണ് പുഴയ്ക്കക്കരെ കാട്ടിനരികെ നിന്ന് കൈയ്യും കലാശവും കാട്ടി ഉച്ചത്തിൽ കാറുന്ന ഒരു സ്ത്രീ രൂപം ആരുടേയോ ശ്രദ്ധയിൽപ്പെടുന്നത്! കുറേപ്പേർ ഉടനടി വഞ്ചിയിറക്കി അക്കരെയെത്തിയപ്പോൾ സംഗതി സുമതി തന്നെയാണ്. പക്ഷെ എങ്ങനെയാണ് അക്കരെയെത്തിയതെന്ന് അവർക്ക് തീരെ ഓർമ ഉണ്ടായിരുന്നില്ല. ആരോ തന്നെ വിളിക്കുന്നത് പോലെയോ മറ്റോ തോന്നിയെന്നും അങ്ങനെ താൻ പോയതാകാം എന്നുമാണ് അവർ പറഞ്ഞത്. വസ്ത്രങ്ങളും മറ്റും നനഞ്ഞിരുന്നതിനാൽ അവർ നെഞ്ചൊപ്പം വെള്ളം പൊങ്ങിയ ആ പുഴ കടന്നുതന്നെയാണ് എത്തിയതെന്ന് ഉറപ്പായിരുന്നു. പക്ഷേ എന്തിനാണ് പോയതെന്നതിനും എന്താണണ് പ്രലോഭനമെന്നും അവർ തന്നെ മറുപടി പറഞ്ഞല്ലേ പറ്റൂ!

ഇത്തരത്തിൽ ഓരോ കഥകൾ കാട്ടിനുള്ളിൽ വഴി പിണങ്ങിപ്പോകുന്നവരെപ്പറ്റി പൊടിപ്പും തൊങ്ങലുകളും ചേർത്ത് ഓരോയിടത്തും പ്രചരിക്കുന്നുണ്ട്. യാഥാർത്ഥ്യം ആകണമെന്നില്ല. അല്ലെങ്കിൽ കുത്സിതബുദ്ധികൾ ചെറിയ എന്തെങ്കിലും സംഭവത്തിൽ വലിയ കൂട്ടിച്ചേർക്കലുകളോടെ പടച്ച് വിടുന്നതും ആകാം. 'കണ്ണ് കെട്ടികൊണ്ട് പോകുന്നത് മാതിരി' വഴിയിലെ വിഘ്‌നങ്ങൾ ഒഴിവാക്കി ആളുകളെ സുരക്ഷിതമായി കാട്ടിനുള്ളിലേയ്ക്ക് ആകർഷിച്ച് കൊണ്ടുപോകുന്ന മായിക രൂപങ്ങളെ പറ്റി പലരും പറഞ്ഞ് ഞാനും കേട്ടിട്ടുണ്ട്. അട്ടപ്പാടിയിലെ ഒരു കഞ്ചാവ് റെയ്ഡിനിടെ അത്തരത്തിൽ ഒരു ഓഫീസർക്ക് സംഭവിച്ചു എന്നത് എനിക്ക് അറിവുള്ളതുമാണ്. കാട് സ്ഥിരപരിചയം ഉള്ളവർക്ക് പോലും വഴിതെറ്റുന്ന സംഭവങ്ങൾ അസാധാരണമല്ല. സമുദ്രം പോലെ തന്നെ അതിവിശാലമായി പരന്ന് കിടക്കുന്ന വനാന്തരങ്ങളിൽ 'ലാന്റ്മാർക്കുകൾ' (Landmarks) ഉണ്ടെങ്കിൽക്കുടി പല കാരണങ്ങളാൽ ഒറ്റയ്ക്കും തറ്റയ്ക്കും പോകുന്നവർക്ക് വഴി തെറ്റാറുള്ളതാകാം അതിന് കാരണം. അന്നൊന്നും ജിപിഎസ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഇല്ലായിരുന്നല്ലോ. ഒരുവേള കാട്ടിനുള്ളിൽ അനുഭവപ്പെടുന്ന ഏകാന്തതയും അത് വഴിമരുന്നിടുന്ന മാനസികാഘാതവും ആകാം അത്തരത്തിൽ സംഭവിക്കുന്ന വഴിപിഴയ്ക്കലിന്റെ പിന്നിൽ. ഇത്തരത്തിൽ കേവലയുക്തിക്ക് നിരക്കാത്ത ഏതെങ്കിലും മാനസികാവസ്ഥയ്ക്ക് അടിപ്പെട്ട് സ്വപ്നാടനത്തിലെന്നപോലെ മനുഷ്യർ പുറപ്പെട്ട് പോകുന്ന സംഭവങ്ങളും വിരളമല്ലതന്നെ. അതിനൊക്കെ കൃത്യവും ശാസ്ത്രീയമായതുമായ വിശദീകരണങ്ങൾ നൽകാൻ ഞാനാളല്ലതാനും!

ഇനി പറയുന്നത് കുറച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തന്നെ കഥയാണ്. ഇത് പറ്റിയ അവസരം വരുമ്പോൾ പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു. രണ്ടായിരത്തിന്റെ തുടക്കത്തിൽ തേക്കടിയിൽ നടത്തിയ ഒരു ട്രക്കിംഗിനിടയിൽ സംഭവിച്ചതാണത്. വനംവകുപ്പിൽ നിന്ന് അടുത്തൂൺ പറ്റിപ്പിരിഞ്ഞ പ്രേംകുമാർ എന്ന ഡെപ്യൂട്ടി കൺസർവ്വേറ്ററാണ് എന്നോട് മുൻപ് അതെക്കുറിച്ച് പറഞ്ഞത്. പിന്നെ അതിലുൾപ്പെട്ട രണ്ട് ഉദ്യോഗസ്ഥരോട് ഞാനും ഫോണിൽ വിളിച്ച് അതിന് സ്ഥിരീകരണം വാങ്ങുകയും ചെയ്തിരുന്നു. ഇവിടെ സ്ഥലത്തിന്റെ വിശദാംശങ്ങളും നടന്ന സംഭവങ്ങളും ഒഴിവാക്കാനാകാത്തതിനാൽ ആൾക്കാരെ പെട്ടെന്ന് തിരിച്ചറിയാൻ സാധ്യതയുണ്ടെന്നത് സത്യമാണ്. എന്നിരുന്നാലും എന്നെപ്പോലെ അടുത്തൂൺ പറ്റിപ്പിരിഞ്ഞ ഡെപ്യൂട്ടി കൺസർവ്വേറ്ററായ പ്രേംകുമാറിന്റേത് ഒഴികെ ബാക്കിയുള്ള ഉദ്യോഗസ്ഥന്മാരുടെ പേരുവിവരം തത്ക്കാലം ഞാൻ റിസർവ്വിൽ വയ്ക്കുന്നു.

വനംവകുപ്പിലെ ഇന്നത്തെ ഏറെ പ്രശസ്തനായ ഒരു സീനിയർ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കുറെ യുവതുർക്കികൾ ചേർന്ന് നടത്തിയ മുന്ന് ദിവസം നീണ്ടുനിൽക്കുന്ന ഒരു പട്രോളിങ്ങ് അല്ലെങ്കിൽ 'ട്രക്കിംഗ് എക്‌സ്‌പെഡിഷൻ' (Trekking expedition) ആയിരുന്നു അതെന്ന് പറയാം. സർവ്വസന്നാഹങ്ങളുമായാണ് ആ സംഘം തേക്കടിയിൽ നിന്ന് ജലസംഭരണിയിലൂടെ യാത്ര ചെയ്ത് 'താന്നിക്കുടി' എന്ന സ്ഥലത്ത് എത്തിയതും അവിടെ നിന്നും കാൽനടയാത്ര ആരംഭിച്ചതും. അവരുടെ ലക്ഷ്യം നാല് ദിവസത്തോളം നീണ്ട് നിൽക്കുന്ന ട്രക്കിംഗിൽ പെരിയാറിന്റെ പ്രഭവസ്ഥാനമായ 'ചൊക്കംപെട്ടിയിൽ' എത്തുക എന്നതായിരുന്നു. വനയാത്രയിൽ സംഘത്തെ നയിക്കാനും അവർക്ക് ആഹാരം പാചകം ചെയ്യാനും ഒക്കെയായി പരിചയസമ്പന്നരായ വാച്ചറന്മാരും കൂടെയുണ്ട്.

പതിനൊന്ന് റെയ്ഞ്ച് ഓഫീസറന്മാരും സീനിയറായ ആ ഐഎഫ്എസ് ഉദ്യോഗസ്ഥനും അടക്കം മുപ്പത്തിരണ്ട് പേരായിരുന്നു ആ സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് അന്ന് പെരിയാർ റെയ്ഞ്ച് ഓഫീസറും ട്രക്കിങ്ങിന്റെ മുഖ്യസംഘാടകനും ആയിരുന്ന പ്രേംകുമാർ പറഞ്ഞത്. ആ നീണ്ട മഹായനത്തിന്റെ ആദ്യപാദത്തിൽ ഏതാണ്ട് ഒൻപത് കിലോമീറ്ററോളം നടന്ന് അവർ 'മൂലവയ്ക' എന്ന സ്ഥലത്തെത്തി അവിടത്തെ മണൽപ്പരപ്പിൽ തമ്പടിക്കുന്നു. ഇതിനിടയിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടെ. കാലത്ത് എട്ടരയോടെ കഞ്ഞിയും പയറും അച്ചാറും പപ്പടവും ഉണക്കമീനും ഒക്കെ ചേർത്ത് 'ഒരു പിടി' പിടിച്ചുകഴിഞ്ഞാൽപ്പിന്നെ കാര്യമായുള്ള ആഹാരം വൈകിട്ട് ആറുമണിക്ക് ശേഷം എവിടെയെങ്കിലും തമ്പടിച്ചതിന് ശേഷമാണ്. അത് ചോറും കറികളും മീനും ഒക്കെ കൂട്ടിയുള്ള വിശാലമായ ഭക്ഷണമായിരിക്കും. ഉച്ചയ്ക്ക് ഇടയ്ക്ക് എവിടെയെങ്കിലും വിശ്രമിക്കുമ്പോൾ കൈയ്യിൽക്കരുതുന്ന ബിസ്‌കറ്റും നേന്ത്രപ്പഴവും ഇന്തപ്പഴവും പിന്നെ പുഴയിൽ നിന്നെടുക്കുന്ന തണുത്തുറഞ്ഞ തെളിനീരും ഒക്കെത്തന്നെയാണ് പശി കെടുത്താനായി ഉപയോഗിക്കുന്നത്. പ്രാഥമിക സൗകര്യങ്ങൾ മാത്രം ലഭ്യമാകുന്ന കാടിനകത്ത് യാത്രയ്ക്കിടയിൽ വിശന്ന് വലഞ്ഞിരിക്കുമ്പോൾ കിട്ടുന്ന ഭക്ഷണത്തിന്റെ രുചി എത്രമാത്രമാണെന്ന് അത് അനുഭവിച്ചവർക്കേ പറയാൻ പറ്റൂ.

കാട്ടാനകളും കരടി തുടങ്ങിയ അപകടകാരികളായ മൃഗങ്ങളും നിറഞ്ഞ കാടായതിനാൽ എപ്പോഴും സംഘം ചേർന്നാണ് നമ്മൾ സഞ്ചരിക്കാറുള്ളത്. അതാണ് സുരക്ഷിതവും. കാടിനുള്ളിൽ രാജവെമ്പാലയും മൂർഖനും ഉൾപ്പടെയുള്ള വിഷപ്പാമ്പുകൾ ധാരാളം ഉണ്ടെങ്കിലും വനപാലകരെ അവയൊന്നും തന്നെ അത്തരം യാത്രകൾക്കിടയിൽ ആരേയും ഉപദ്രവിച്ചതായി കേൾവിയില്ല. കാടിനുള്ളിൽ എപ്പോഴും ഭയക്കേണ്ടത് കാട്ടാനകളെ തന്നെയാണ് എന്നാണ് എന്റെ പക്ഷം. അതെന്തായാലും അന്ന് എട്ടൊൻപത് കിലോമീറ്ററോളം സഞ്ചരിച്ച് മൂലവയ്കയിലെത്തിയ അവർ പെരിയാറിന്റെ ഓരത്തായി ചെറിയ മണൽപ്പരപ്പിൽ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് ടെന്റ് നാട്ടി നിലത്ത് വിരിച്ച ഷീറ്റുകളിൽ കൂടെക്കരുതിയ സ്ലീപ്പിങ് ബാഗുകളിൽ ചുരുണ്ട് കൂടി. പിറ്റേന്ന് അവിടെ നിന്നും 'മുക്കാറ്' എന്ന സ്ഥലത്തേയ്ക്കുള്ള യാത്രയക്കിടയിലാണ് അത് സംഭവിച്ചത്!

ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിച്ചോട്ടെ. വനാന്തർഭാഗങ്ങളിലൂടെ തെളിച്ചിട്ടുള്ള ട്രക്കിംഗ് റൂട്ടുകളിലൂടെയാണ് ഉദ്യോഗസ്ഥന്മാരും സാധാരണയായി സഞ്ചരിക്കുക പതിവ്. ഒന്നരയോ രണ്ട് മീറ്ററോ വീതിയുള്ള അത്തരം നടപ്പാതകൾ സാധാരണയായി വലിയ കയറ്റങ്ങളും കുത്തിറക്കങ്ങളും ഒഴിവാക്കിയാണ് നിർമ്മിക്കുന്നത്. എന്നാൽ സ്ഥിരമായി ആൾസഞ്ചാരമില്ലാത്ത കൊടുംങ്കാട്ടിനുള്ളിലെ ദുർഘടപ്രദേശങ്ങളിലെല്ലാം അത്തരം പാതകൾ ഉണ്ടാകണമെന്നില്ല. അവിടെയൊക്കെ പലപ്പോഴും തമിഴ് വംശജരായ 'തെള്ളിക്കാർ' അനധികൃതമായി തെളിച്ച നടവഴിയിലൂടെയാണ് ഉദ്യോഗസ്ഥരും സഞ്ചരിക്കുക എന്നത് ഒരു യാഥാർത്ഥ്യവും. (വെള്ളപ്പൈൻ ഇനത്തിൽപ്പെട്ട വൃക്ഷങ്ങളുടെ കാണ്ഡത്തിൽ വെട്ടിയുണ്ടാക്കുന്ന മുറിവുകളിലൂടെ ഊറിവരുന്ന സ്രവം ഉറഞ്ഞ് കട്ടിപിടിച്ചുണ്ടാകുന്ന 'തെള്ളി' എന്ന് പറയുന്ന കുന്തിരിക്കത്തിനായും കറുകമരത്തിന്റെ പട്ടയ്ക്കായും കാട്ട് ഏലക്കായ്ക്കായും ആളുകൾ മുൻപ് രഹസ്യമായി കാടുകയറുക തേക്കടിയിൽ പതിവായിരുന്നു. കാട്ടിലൂടെ അവർ നടന്നുണ്ടാകുന്ന വഴിയാണ് ഇവിടെ വിവക്ഷ.)

അന്ന് മദ്ധ്യാഹ്നത്തിന് ശേഷം സഞ്ചരിച്ചുകൊണ്ടിരുന്ന സംഘത്തിലെ അവസാനത്തെ മൂന്ന് പേർക്കാണ് ആ അക്കിടി പിണഞ്ഞത്. പണ്ട് ഒരുമിച്ച് പഠിച്ച കോളേജിലെ ഓരോരോ കാര്യങ്ങൾ സംസാരിച്ച് നടക്കുകയായിരുന്ന ആ സുഹൃത്തുക്കൾ കൂടെയുള്ളവർ 'ചന്ദ്രൻകുത്തെന്ന' ഓമനപ്പേരിലറിയപ്പെടുന്ന ഇടതുവശത്ത് കുത്തനെയുള്ള കയറ്റം കയറിമറിഞ്ഞ് 'പൂശിനിക്കായ് കുച്ചിൽ' (മത്തങ്ങക്കൃഷിയ്ക്ക് കാവൽ കിടക്കാൻ കെട്ടിയ ഷെഡ്ഡിന്റെ തമിഴ്‌പേര്) എന്ന നിരപ്പിലേയ്ക്കിറങ്ങിയത് അറിയാതെ നേരെ മുന്നോട്ട് നടന്നുകൊണ്ടേയിരുന്നു!

അവസാനം വൈകിട്ട് ആറരയോടുകൂടി എല്ലാപേരും 'മുക്കാറ്' (പെരിയാറിന്റെ നാല് കൈവഴികൾ ഒത്തുചേരുന്ന മുക്ക്) എന്ന സ്ഥലത്തെത്തിയപ്പോഴാണ് ആ മൂവർ സംഘത്തിന്റെ തിരോധാനം ശ്രദ്ധിക്കപ്പെടുന്നത്! കുറച്ചുനേരം കൂടി കാത്തിരുന്നിട്ടും വിവരമൊന്നും ഇല്ലാത്തതിനാൽ വാച്ചറന്മാർ കാട് പരതുകയും കൂകി നോക്കുകയും ഒക്കെ ചെയ്തു. കിം ഫലം! അപ്പോഴേയ്ക്കും സൂര്യരശ്മികൾ ക്ഷയിച്ച് കാടിന് മേൽ ഇരുട്ടിന്റെ കമ്പളം പരന്ന് തുടങ്ങി. ആ കാടിനി രാത്രിഞ്ചരന്മാരുടെ ഭൂമികയാണ്. ഇരുകാലികൾക്ക് അവിടെ അപ്രമാദിത്വം നഷ്ടമാകുന്നത് സ്വാഭാവികവും!

മറുവശത്ത് കാര്യങ്ങളൊക്കെ പറഞ്ഞും ചിരിച്ചും ഏറ്റവും പിറകിലായി നടന്ന ആ സുഹൃത്തുക്കളും താന്താങ്ങൾ സംഘത്തിൽനിന്നു വഴിമാറിപ്പോയി എന്നറിഞ്ഞത് ലേശം വൈകിയായിരുന്നു. അപ്പോഴേയ്ക്കും അവർ സംഘത്തിൽ നിന്നകന്ന് ഒരു മണിക്കൂറെങ്കിലും സഞ്ചരിച്ചിരിക്കണം. പെട്ടെന്നുണ്ടായ ആധിയിൽ തിരികെ ഓടിയും സഹായത്തിനായി കൂക്കി വിളിച്ചും അവർ അലഞ്ഞു. കാരണം തങ്ങളെ അന്വേഷിച്ച് ആരെങ്കിലും വരുമെന്ന് അവർക്കറിയാമായിരുന്നു. അവസാനം ഇനിയും ഉറക്കെ കൂകി വിളിക്കാൻ വറ്റിയ തൊണ്ടയിൽ ശബ്ദം ബാക്കിയില്ലാതായപ്പോൾ നിറുത്തി!

നേരം ഇരുട്ടിയതനുസരിച്ച് കാട്ടാനകളുടെ പേടിപ്പെടുത്തുന്ന മണം കാറ്റിലൂടെ പടർന്നെത്തിയപ്പോൾ അവർ അപകടം മണത്തു. അതെ, ചുറ്റിനുമുള്ള കാടിന് ജീവൻ വയ്ക്കുകയാണ്! അതുകൊണ്ടുതന്നെ അടുത്തുകണ്ട ഒരു കുന്നിൻചരിവിലെ ഓലിയിൽനിന്ന് കയ്യിലിരുന്ന കുപ്പിയിലും പാത്രത്തിലുമൊക്കെ വെള്ളം ശേഖരിച്ചു. സമയം കളയാതെ തിരികെ ആ കയറ്റം അള്ളിപ്പിടിച്ച് കയറി പുല്ല് നിറഞ്ഞ ഒരു വെളിമ്പ്രദേശം കണ്ടെത്തി. കാട്ടാനകളുടെ സാന്നിധ്യം ഏറെയുള്ള കാടായതിനാൽ തുറസ്സിലിരുന്നാൽ ഏതെങ്കിലും മൃഗങ്ങൾ ആക്രമിക്കാൻ വന്നാൽപ്പോലും കണ്ടെത്താമെന്നുള്ള ഒരു സാധ്യതയാണ് അവരപ്പോൾ മുന്നിൽക്കണ്ടത്! അല്ലാതെ സമീപത്തായി പാറക്കൂട്ടങ്ങൾ ഒന്നും കണ്ടതുമില്ല.

പിന്നെ മൂവരും ചേർന്ന് തങ്ങളെക്കൊണ്ട് ആകുന്ന വിധത്തിൽ വേഗത്തിൽ സമീപത്തെ കാട്ടിൽനിന്നു ഉണങ്ങിയതും അല്ലാത്തതുമായ കാട്ടുമരങ്ങളുടെ കുറെ ശിഖരങ്ങളും ഇലയും ഒക്കെ ശേഖരിച്ചു. മുഴുവൻ രാത്രിക്ക് അത് മതിയാകില്ലെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും കുറേശ്ശെയായി അതൊക്കെ കൂട്ടി കത്തിക്കാനുള്ള ശ്രമമായി പിന്നെ. അക്കൂട്ടത്തിൽ രണ്ട് പേർക്ക് കലശലായ പുകവലി ശീലം ഉണ്ടായിരുന്നതിനാൽ അതിനായി കരുതിയിരുന്ന ലൈറ്റർ അവർക്ക് തുണയാവുകയും ചെയ്തു. സാധാരണയായി വൈകിട്ട് ക്യാമ്പുകളിൽ എത്തുമ്പോൾ മാത്രമാണ് രഹസ്യമായിട്ടാണെങ്കിലും പുക വലിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നുവെന്നതിനാൽ ആ പുകവലിക്കാരുടെ അടക്കി നിറുത്തിയിരുന്ന ആർത്തിയും അപ്പോൾ പുറത്ത് ചാടിക്കാണണം. എന്നാൽ അത്രമേൽ ഉണങ്ങാത്ത വിറകിൽ എളുപ്പത്തിൽ തീ പടർന്ന് പിടിപ്പിക്കാൻ അവർ എന്ത് ചെപ്പടി വിദ്യയാണ് പ്രയോഗിച്ചതെന്ന ന്യായമായ സംശയം എനിക്കുണ്ടായി. അത്തരത്തിൽ എന്തെങ്കിലും 'ഇൻഫ്‌ളേമബിൾ ലിക്വിഡ്' (Inflammable liquid) അവരുടെ കൈവശം ഉണ്ടായിരുന്നോ എന്ന് പ്രേംകുമാറിനോട് ആവർത്തിച്ച് ചോദിച്ചെങ്കിലും അഭിപ്രായം പറയാതെ അദ്ദേഹം തഞ്ചത്തിൽ 'പൂഴിക്കടകൻ' വെട്ടി ഒഴിഞ്ഞു കളയുകയായിരുന്നുവോ എന്നെനിക്ക് സംശയമുണ്ട്. ഇനി അങ്ങനെയെന്തെങ്കിലും ഉണ്ടായിരുന്നെങ്കിലും അതുമുഴുവൻ ആ തീക്കുണ്ഠത്തിൽ ഹവിസ്സായി അവരന്ന് അർപ്പിച്ചിരിക്കണം!

എന്തായാലും തീയുടെ പ്രകാശത്തിൽ വട്ടം കൂടിയിരുന്നും ഇടയ്ക്കിടെ ആരെങ്കിലും ഉറക്കെ കൂവിയും അക്ഷമരായി അവർ കാത്തിരുന്നു. ആനച്ചൂര് വല്ലാതെ അടിച്ചപ്പോഴൊക്കെ അവർ ഗണപതിക്ക് നേർച്ചകൾ നേർന്ന് കൊണ്ടിരുന്നു എന്നതാണ് വാസ്തവം. അപ്പോഴേയ്ക്കും മറുവശത്ത് വാച്ചറന്മാരും കുറെ സ്റ്റാഫുകളും രണ്ട് സംഘങ്ങളായി പിരിഞ്ഞ് അവർ വഴിതെറ്റി പോയിരിക്കാൻ സാധ്യതയുള്ള രണ്ട് വഴികൾ കേന്ദ്രീകരിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. അവർ പ്രധാനമായി നേരിട്ട ഒരു പ്രശ്‌നം രാത്രിയിൽ കാട്ടിൽ കുടുങ്ങിപ്പോയവരെ കണ്ടെത്തുവാനായി സംഘത്തിലുള്ളവർ കൂകിയപ്പോഴൊക്കെ തിരികെ കൂകിയത് ഇണകളെ തേടിയിറങ്ങിയ മുള്ളൻപന്നികളായിരുന്നു എന്നതാണ്! ആദ്യം അക്കിടി മനസ്സിലായില്ലെങ്കിലും സംഘാംഗങ്ങൾ ജാഗരൂകരായി.

അനന്തമായി നീണ്ട ആകാംക്ഷയ്ക്ക് അറുതിവരുത്തിക്കൊണ്ട് വരണ്ടുപൊട്ടാറായ മൂന്ന് സ്വനപേടകങ്ങളിൽ നിന്ന് ചിലമ്പിച്ച മറുകൂക്കുകൾ അകലെ നിന്നും കേട്ടുതുടങ്ങി! നടന്നടുക്കുന്തോറും മുനിഞ്ഞ് കത്തുന്ന തീവിറകുകളുടെ അരണ്ട പ്രകാശവും അന്തരീക്ഷത്തിൽ തെളിഞ്ഞു. രാത്രി രണ്ടരയോടെ എല്ലാപേരും ഒരുമിച്ച് തമ്പിൽ നിന്നും അവരെ അന്വേഷിച്ചിറങ്ങിയ അടുത്തകൂട്ടർ വരുന്ന ദിശയിലേയ്ക്ക് കൂക്കിവിളിച്ചുകൊണ്ട് തീപ്പന്തങ്ങളുമായി സഞ്ചാരം തുടർന്നു.

ഏതാണ്ട് നാലഞ്ച് കിലോമീറ്റർ അകലെ ചെമ്പകവല്ലിക്കടുത്ത് തമ്പടിച്ചിരിക്കുന്ന പ്രേംകുമാറിന്റെ സംഘത്തിന് അവർ പറഞ്ഞേൽപിച്ചിരുന്നത് മാതിരി ആ പാതിരാത്രിയിൽ അകലെ നിന്ന് നിറതോക്കുകൾ പലവട്ടം പൊട്ടുന്ന ഒച്ചകേട്ടപ്പോൾ കാര്യം മനസ്സിലായി! എങ്കിലും അപ്പാടെ അവശരായി രാവിലെ ആറരയോട് കൂടി നടന്നെത്തിയ ആ മൂന്ന് ഉദ്യോഗസ്ഥന്മാരോടും ക്ഷമിക്കാൻ കൂട്ടത്തിലെ ആരും തയ്യാറായിരുന്നില്ല. അന്വേഷിച്ച് ചെന്ന സന്നദ്ധ സംഘാംഗങ്ങൾക്ക് പാരിതോഷികം നൽകാനായി മൂവരും ചേർന്ന് പിഴയൊടുക്കിയത് കൊണ്ടും പ്രശ്‌നങ്ങൾ തീർന്നില്ല. കുളിക്കാനോ മുഷിഞ്ഞ വസ്ത്രങ്ങൾ മാറാനോ പോലും അവസരം നൽകാതെ അവരേയും കൂട്ടി വീണ്ടും പതിനഞ്ച് കിലോമീറ്ററോളം അകലെയുള്ള 'വസുദേവനല്ലൂരിൽ' കാത്തുകിടക്കുന്ന കേരള വനംവകുപ്പിന്റെ ജീപ്പുകൾക്കടുത്തേയ്ക്ക് ഇടവേളയില്ലാത്ത നടത്തമായിരുന്നു സംഘമൊന്നാകെ!

പട്രോളിങ്ങിന് പോകുന്ന വനപാലകർക്ക് സുഗമമായി സഞ്ചരിക്കാനായി ഉദ്ദേശിക്കുന്ന ട്രക്ക്പാത്ത് അവർക്ക് അള്ളിപ്പിടിച്ച് മാത്രം കയറാൻ കഴിയുന്ന വിധത്തിൽ കിഴുക്കാംതൂക്കായും ഷോർട്ട് കട്ടായും നിർമ്മിച്ച് 'മാതൃക കാട്ടിയ' ചന്ദ്രനെന്ന വാച്ചറെ ബഹുമാനാർത്ഥം ആ സ്ഥലത്തിന് 'ചന്ദ്രൻകുത്ത്' എന്ന പേര് നൽകിയതുപോലെ ആ മൂവർ സംഘം കൊടുങ്കാട്ടിനുള്ളിൽ വഴിതെറ്റി അലഞ്ഞയിടം അവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ കൂട്ടിവിളക്കി 'NSS മുക്ക്' എന്നാണത്രേ ഇന്നറിയപ്പെടുന്നത്!

(അവസാനിച്ചു)