അയാളിലെ കുറ്റാന്വേഷകന് ഉണര്ന്നു . പതിയെ എണീറ്റ് മുറിയിലെ ലൈറ്റ് തെളിച്ച് ശുചിമുറിയിലേയ്ക്ക് നടന്നു

പതിറ്റാണ്ടുകൾക്ക് മുൻപ് മലയോര ഗ്രാമത്തിൽ വനംവകുപ്പിലെ ഔട്ട് പോസ്റ്റിൽ അരങ്ങേറിയ വിചിത്രസംഭവമാണ്. അതിന്റെ കുരുക്ക് വിജയകരമായി അഴിച്ചതും പദപ്രശ്‌നം പൂരിപ്പിച്ചതും ബുദ്ധിമാനായ ഫോറസ്റ്റ് ഗാർഡും! സ്ഥലത്തിന്റേയോ ആളുകളുടേയോ പേരിന് ഇവിടെ പ്രസക്തിയില്ല. കഥ ഉരുത്തിരിയുന്ന ഔട്ട്‌പോസ്റ്റിൽ ചെറുപ്പക്കാരനായ ഫോറസ്റ്ററാണ് മേധാവി. (ഇന്ന് വനംവകുപ്പിൽ ഫോറസ്റ്റർ തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനമില്ല) കൂടെ പ്രായം ചെന്ന രണ്ട് ഫോറസ്റ്റ് ഗാർഡുമാരും. പുഴയുടെ കരയിലാണ് ഔട്ട് പോസ്റ്റ്. ആഴ്ചാവസാനവും ഔട്ട് പോസ്റ്റിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോഴും മടങ്ങിയെത്തുമ്പോഴും റോഡരികിലെ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ വിവരം രേഖപ്പെടുത്തിയിട്ടാണ് സ്റ്റാഫുകൾ പോകുക. അതാണ് ശരിക്കും രേഖാമൂലമുള്ള ഹാജർ രേഖപ്പെടുത്തലും. ഔട്ട് പോസ്റ്റിൽ സൂക്ഷിക്കുന്ന 'മൂവ്‌മെന്റ് രജിസ്റ്റർ' (Movement Register) എന്ന പുസ്തകത്തിൽ ദിനസരി ഡ്യൂട്ടി രേഖപ്പെടുത്തുക പതിവാണെങ്കിലും അത് അവരുടെ തന്നെ നിയന്ത്രണത്തിലുള്ളതാണല്ലോ. അതിൽ വേണമെങ്കിൽ തിരുത്തലുകൾ വരുത്താനാകും എന്ന് സാരം. ഈ പശ്ചാത്തലത്തിൽ വേണം ഇനി പറയുന്ന സംഭവങ്ങൾ കൂട്ടി വായിക്കേണ്ടത് .
കഥാനായകനായ നമ്മുടെ ഫോറസ്റ്റർ എപ്പോഴും ഗഹനമായ ചിന്തയിൽ കഴിഞ്ഞിരുന്നയാളാണ്. പ്രത്യേകിച്ച് 'വരായ്ക' (കിമ്പളം) ഒന്നുമില്ലാത്ത ഓ പി ആയതിനാലും അവിടേയ്ക്ക് നിയമനത്തിനായി അതിർത്തിചെക്ക്‌പോസ്റ്റുകളിലെ പോലെ തള്ളിച്ചയൊന്നും ഇല്ല. അതിനാൽ ആ സാത്വികൻ ദീർഘനാളുകളായി അവിടെത്തന്നെയാണ് ജോലി ചെയ്തിരുന്നത്. ആകെയുള്ള മെച്ചമെന്നത് വലിയ കേസ്സും പുക്കാറും ഒന്നും വരാറില്ല. അതുകൊണ്ട് തന്നെ നമ്മുടെ ഏമ്മാന് മലയാളം-ആംഗലേയം എന്നീ ഭാഷകളിലെ സാഹിത്യകൃതികൾ തുടർച്ചയായി വായിച്ച് തള്ളാൻ ധാരാളം സമയം കിട്ടി. ആകാശവാണിയിലെ പ്രഭാഷണങ്ങളും ധാരാളം കേൾക്കും. ആണ്ടിലും സംക്രാന്തിക്കും പരിശോധനക്കായി ഓപിയിലെത്തുന്ന റെയ്ഞ്ച് ഓഫീസറന്മാരുമൊക്കെയായി ലോകകാര്യങ്ങളെക്കുറിച്ച് അവഗാഹത്തോടെ സംസാരിക്കും. ലോകവിവരങ്ങൾ പങ്കുവയ്ക്കുന്നതും അമ്പരപ്പോടും ആരാധനയോടും കൂടിയാണ് കൂടെയുള്ളവർ കണ്ടിരുന്നത്. ബുദ്ധിജീവി പരിവേഷം ആ ഫോറസ്റ്റ് സ്റ്റേഷനിലും റെയ്ഞ്ചിലുമൊക്കെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഓപിയിൽ ഉണ്ടായിരുന്ന രണ്ട് ഫോറസ്റ്റ് ഗാർഡുമാരാകട്ടെ (ഇന്നത്തെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ) കാലത്ത് ഫീൽഡിൽ പോയി മടങ്ങിയതിന് ശേഷം പരദൂഷണങ്ങളിൽ വ്യാപരിക്കും. അല്ലാത്ത ദിവസങ്ങളിൽ അവർ തമ്മിൽ അഡ്ജസ്റ്റ് ചെയ്തും സ്റ്റേഷനിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തലുകൾ വരുത്താതെയും സ്വന്തം വീടുകളിലേയ്ക്ക് പോകും എന്നാൽ തനിക്ക് ന്യായമായും അവകാശപ്പെട്ട അവധികൾ മാത്രം എടുക്കുകയും അവയൊക്കെ യഥാവിധി രേഖപ്പെടുത്തകയും ചെയ്തിരുന്ന നമ്മുടെ ഫോറസ്റ്റർ അതിലൊന്നും ഇടപെടുക പതിവില്ല. അതൊക്കെ അവരുടെ ഇഷ്ടം എന്ന രീതിയിൽ കാണാൻ അദ്ദേഹത്തിന്റെ ഹൃദയ വിശാലത അനുവദിച്ചിരുന്നു. എന്നിരുന്നാലും അവർ അത്തരത്തിൽ 'ഫ്രഞ്ച് ലീവുകൾ' (French Leaves) കഴിഞ്ഞ് തിരികെ എത്തുമ്പോൾ ആ കാലയളവിൽ ഔദ്യോഗികമായി ഏതെങ്കിലും ഓഫീസുകളിലോ ചടങ്ങുകളിലോ സംബന്ധിക്കുക ഉണ്ടായോ എന്ന് തിരക്കും. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ നിർബന്ധമായും അത് ലീവായി മാർക്ക് ചെയ്യണമെന്ന് ശഠിക്കും. കാരണം മായ്ക്കാനാകാത്ത തെളിവാകുമല്ലോ അത് അവശേഷിപ്പിച്ച് പോരുന്നത്. അതിനാൽ കൂട്ട് സ്റ്റാഫുകൾക്ക് വലിയ പരിഭവമില്ലായിരുന്നു. ഭക്ഷണം പാകം ചെയ്യാനും മറ്റുമായി വനംവകുപ്പിലെ പ്രായം ചെന്ന ദിവസക്കൂലി വാച്ചറുണ്ടായിരുന്നു. പ്രാതലിനും ഉച്ചയൂണിനും മാത്രം ഫോറസ്റ്റർ സ്റ്റാഫുകളോടെ കൂടെയിരിക്കും. ഭക്ഷണം കഴിയുന്ന മാത്രയിൽത്തന്നെ പാത്രം സ്വയം കഴുകി വച്ച് തന്റെ മുറിയിലേയ്ക്ക് മടങ്ങും. രാത്രിയിൽ ലഹരിയിലുള്ള ഗാർഡുമാരുമായി അദ്ദേഹം കൂട്ടുചേരാറും ഇല്ല.
രാവിലെയും വൈകുന്നേരങ്ങളിലും ഫോറസ്റ്റർ പതിവായി കുളിക്കാനായി നദിയുടെ ഓരത്തായുള്ള കടവിലേയ്ക്ക് പോകും. എത്ര തണുപ്പിലും മഞ്ഞിലും അത് മുടക്കാറില്ല, ആരുടെയും സഹായവും തേടാറില്ല.
വർഷത്തിൽ ഇടവപ്പാതിയിലൊഴികെ ഏഴെട്ട് മാസങ്ങളോളമെങ്കിലും പുഴയുടെ ആഭാഗത്ത് വെള്ളം നന്നെ കുറവായിരിക്കും. മുട്ടൊപ്പമേ പലപ്പോഴും വെള്ളം കാണൂ. ആസമയത്തൊക്കെ പത്തെഴുപത് മീറ്ററോളം നദി മുറിച്ചു കടന്നാണ് അവരുടെ വാച്ചർ ആൾത്താമസമുള്ള അക്കരെയെത്തി പലവ്യജ്ഞനങ്ങളും മറ്റ് അനുസാരികളും വാങ്ങി വന്നിരുന്നത്. പുഴത്തട്ടിൽ തെളിഞ്ഞ് നിൽക്കുന്ന വഴുക്കലില്ലാത്ത പാറകളിൽ കാലുകൾ സൂക്ഷിച്ച് വച്ച് നടന്നാൽ ധരിച്ചിരിക്കുന്ന വസ്ത്രം അൽപ്പവും നനയാതെ അക്കരെയിക്കരെ കടക്കാനാകും. അപൂർവ്വമായി വീട്ടിൽ പോകുന്ന അവസരങ്ങളിൽ ഓപിയിലെ സ്റ്റാഫുകളും നദി മുറിച്ചുകടന്ന് അക്കരെ പോയാണ് ബസ്സിൽക്കയറുന്നത്.
കാരണം ഓപി സ്ഥിതി ചെയ്യുന്ന കരയിലേയ്ക്ക് കാലത്തും വൈകിട്ടും ഓരോ ബസ്സ് മാത്രമേ അന്ന് സർവ്വീസ് നടത്തുമായിരുന്നുള്ളൂ. രാവിലെ വീട്ടിൽ നിന്നെത്തുന്നവർ പലപ്പോഴും എട്ടരയോടെ അക്കരെ നിന്ന് പുറപ്പെടുന്ന ബസ്സുപിടിച്ചാണ് സ്റ്റേഷനിൽ എത്തി ജനറൽ ഡയറിയിൽ കയറിക്കൂടുക. പിന്നെ സാവധാനം ഓ പിയിലേയ്ക്ക് പോകാവുന്നതേ ഉള്ളൂ. (ജനറൽ ഡയറി കൃത്യം എട്ട് മണിക്ക് തന്നെ ഓപ്പൺ ചെയ്യണമെന്നും അന്നന്നത്തെ എൻട്രികൾ കൈയ്യോടെ റെയ്ഞ്ചിലേയ്ക്ക് അയക്കണം എന്നുമാണ് ചട്ടമെന്ന് മുൻപ് സൂചിപ്പിച്ചതാണല്ലോ. പക്ഷെ അല്പം താമസിച്ച് എത്തിയാലും അതിൽ കയറിക്കൂടി ഏതെങ്കിലും സ്ഥലത്ത് വനപരിശോധനയ്ക്കായി പോകുന്നുവെന്ന് രേഖപ്പെടുത്തിക്കഴിഞ്ഞാൽ ലീവ് വെറുതെ കളയണ്ട എന്നൊരു മെച്ചമുണ്ട്. മിക്കവരും 'അങ്ങ് പൊയ്‌ക്കോട്ടെ' എന്ന് കരുതി അതൊക്കെ കണ്ണടച്ച് വിടുന്നതുമാണ്.) നമ്മുടെ ഫോറസ്റ്റ് ഗാർഡുമാർ രാത്രികളിൽ പതിവായി ലഹരിയുടെ പിടിയിൽ അകപ്പെട്ടിരുന്നത് കൊണ്ടുതന്നെ അവരുടെ കലാപരിപാടികൾക്ക് ഭംഗം വരാതിരിക്കാൻ പാവം വാച്ചർ വീട്ടിലേയ്ക്ക് പോകുന്നതിന് മുമ്പ് അവർക്കുള്ള ആഹാരം പാത്രങ്ങളിൽ പകർന്ന് മുറിയ്ക്കുള്ളിൽ കൊണ്ടുചെന്ന് അടച്ചുവയ്ക്കും. അവരിൽ ഒരാൾ ആഹാരശേഷം ചൂടുവെള്ളമേ കുടിക്കൂ എന്ന് കടുത്ത നിഷ്‌കർഷയുണ്ട്. അതിനാൽ ഫ്‌ളാസ്‌കിൽ ചൂടുവെള്ളവും മൊന്തയിൽ സാധാരണ തിളപ്പിച്ചാറ്റിയ വെള്ളവും കരുതി വയ്ക്കാനും അയാൾ ശ്രദ്ധിച്ചിരുന്നു.
'സേവ' കഴിഞ്ഞ് എപ്പോഴെങ്കിലും ആഹാരം വാരിവലിച്ച് കഴിച്ചതിന് ശേഷം എച്ചിൽപ്പാത്രങ്ങൾ പോലും പിറ്റേന്ന് രാവിലെ എത്തുന്ന പാവം വാച്ചർക്ക് കഴുകാനായി യാതൊരു ദയയും ഇല്ലാതെ മുറിക്ക് പുറത്തായി കൂട്ടിയിടുകയായിരുന്നു അവരുടെ പതിവ്. അത്തരം പ്രവൃത്തികളുമായി പൊരുത്തപ്പെടാനാകാഞ്ഞിട്ടും സഹനത്തിന്റെ പ്രതീകമായ ആ ഫോറസ്റ്റർ അവിടെ തുടർന്നുവന്നു. അങ്ങനെയിരിക്കെ രണ്ട് ഫോറസ്റ്റ് ഗാർഡുമാരിൽ ഒരാൾ വീട്ടിലേയ്ക്ക് പോയപ്പോൾ അവിടെ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഏതോ ചാവാലിപ്പട്ടി ബൈക്കിന് വട്ടം ചാടി. ഇടിയുടെ ആഘാതത്തിൽ ഫോറസ്റ്റ് ഗാർഡ് തലയും കുത്തി വീണു! ആ വീഴ്ചയിൽ അയാളുടെ വലത് കൈയ്യിലെ അസ്ഥി പൊട്ടി. പക്ഷെ സംഭവം നടന്നത് ജോലി സ്ഥലത്തിന് അടുത്തായിരുന്നു. കേവലം പട്ടിയുടെ ഇടിയുടെ ആഘാതത്തിൽ ഘനഗംഭീരനായ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ശരീരത്തിന് കേടുപാടുകൾ സംഭവിച്ചുഎന്ന് പുറംലോകം അറിഞ്ഞാൽ നാണക്കേടാകുമോയെന്ന് അവർ ശങ്കിച്ചു. അതിനാൽ ഫോറസ്റ്ററുടേയും സ്റ്റേഷനിലെ ഡെപ്യൂട്ടിയുടേയും അനുമതിയോടെ, നടന്നത് കാടിറങ്ങിയെത്തിയ പന്നിയുടെ പതിയിരുന്നുള്ള ആക്രമണമാണെന്ന് വരുത്തിത്തീർത്തു. തുടർചികിത്സയ്ക്കും വിശ്രമത്തിനുമായി മേപ്പടിയാൻ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് അനുവദനീയമായ നീണ്ട അവധിയിൽ പ്രവേശിച്ചു. (സർക്കാർ അനുവദിച്ചിട്ടുള്ള ചെലവ് കാശ് പ്രശ്‌നങ്ങളില്ലാതെ വസൂലാക്കുന്നതിനും അംഗീകൃത വന്യജീവിയുടെ ആക്രമണം എന്നുതന്നെ രേഖകളിൽ കിടക്കുന്നത് നല്ലതാണല്ലോ.) പിന്നീട് ഒരു ഫോറസ്റ്റ് ഗാർഡും ഫോറസ്റ്ററുമായി ഔട്ട്‌പോസ്റ്റിലെ ശിഷ്ടകാലം മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്നു. ആ റേഞ്ചിലെ സ്റ്റാഫുകളിലെ എണ്ണത്തിലുള്ള കുറവ് കാരണവും താന്താങ്ങളിൽ ഒരുവനാണല്ലോ അപകടം പറ്റി നീണ്ട അവധിയിൽ ആയത് എന്നതിനാലും അവിടേയ്ക്ക് പകരം ആരേയും ഉടനടി പോസ്റ്റ്‌ചെയ്തതുമില്ല. തുടർന്ന് തന്റെ സഹമുറിയനും കൂട്ടുസ്റ്റാഫുമായ ഉദ്യോഗസ്ഥൻ അവധിയിലായപ്പോൾ ഒറ്റയ്ക്കായിപ്പോയ ഫോറസ്റ്റ് ഗാർഡിന് ഡ്യൂട്ടിയിൽ നിന്നും മുങ്ങി വീട്ടിലേയ്ക്ക് പോകുന്നതിൽ തടസ്സങ്ങൾ നേരിടാൻ തുടങ്ങി. നാളിത്രയും അനുഭവിച്ചുപോന്ന സുഖസൗകര്യങ്ങൾ ഇല്ലാതായതിനാൽ അയാൾ അസ്വസ്ഥനായിരുന്നു. അവിടെ എത്തിയിട്ട് മൂന്ന് വർഷം കഴിയാറായതിനാൽ അയാൾ അസോസിയേഷൻ
നേതാക്കന്മാരെ ബന്ധപ്പെട്ട് അധികം വൈകാതെ വീടിനടുത്തേയ്ക്ക് ട്രാൻസ്ഫർ തരപ്പെടുത്തി. അതിന് ശേഷമാണ് എന്റെ സുഹൃത്തായ രാജീവ് (പേര് സാങ്കല്പികം) എന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം കിട്ടി അവിടെ എത്തുന്നത്. വലിയ പദപ്രശ്‌നം പൂരിപ്പിക്കാനുള്ള നിയോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നു. രാജീവ് അവിടത്തേയ്ക്ക് പോസ്റ്റിങ്ങ് കിട്ടിയതിനെത്തുടർന്ന് രാവിലെതന്നെ അക്കരെയെത്തി. അവിടെ നിന്നുള്ള ആദ്യബസ്സിൽത്തന്നെ ഫോറസ്റ്റ് സ്റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ചർ മുമ്പാകെ ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്തു. അദ്ദേഹം സൗഹാർദ്ദത്തോട് കൂടി രാജീവിനെ സ്വീകരിച്ചു. ഓപിയിലെ കാര്യങ്ങൾ ചുരുക്കി വിവരിച്ചുകൊടുത്തു.
ഓപിയിലെത്തിയ പാടെ അവിടെക്കണ്ട വാച്ചറോട് ഫോറസ്റ്റർ സാറിനെപ്പറ്റി തിരക്കി. അദ്ദേഹം പതിവുപോലെ അടുത്തുള്ള പുഴയിൽ നീരാട്ടിനായി പോയിരിക്കുകയാണെന്നാണ് കക്ഷി മറുപടി പറഞ്ഞത്. അതോടെ ശുചിമുറി എവിടെയാണെന്ന് തിരക്കി. തിരക്കിട്ട് അവിടേയ്ക്ക്
കയറി. ശേഷം കൈയ്യിലെ ബാഗിൽ കരുതിയിരുന്ന കളസമൊക്കെ വാരിയണിഞ്ഞ് പുറത്ത് വന്നു. അപ്പോൾ നീരാട്ട് കഴിഞ്ഞെത്തിയ ഫോറസ്റ്റർ നാമജപത്തിലാണെന്നാണ് അറിഞ്ഞത്. അതും കഴിഞ്ഞ് ചെല്ലുമ്പോൾ അദ്ദേഹം ഗഹനമായ എന്തോ വായനയ്ക്കുള്ള ഒരുക്കത്തിലായിരുന്നു! തെല്ല് നേരം കാത്തുനിന്നതിന് ശേഷമാണ് കക്ഷി എന്റെ സുഹൃത്തിനോട് സംസാരിക്കാൻ പോലും തയ്യാറായത്. എന്നിരുന്നാലും അത്രമേൽ സാത്വികനായ ഒരാളാണ് തന്റെ മേലുദ്യോഗസ്ഥനെന്ന് ആലോചിച്ചപ്പോൾ തെല്ല് അഹങ്കാരമൊക്കെ തനിക്കും തോന്നിയെന്നാണ് രാജീവ് എന്നോട് പറഞ്ഞത്. പക്ഷെ നാൾപോകെ പുകൾപെറ്റ ആ ഫോറസ്റ്ററിന്റെ പെരുമാറ്റത്തിൽ വല്ലാത്ത കൃത്രിമത്വമാണ് രാജീവിന് തോന്നിത്തുടങ്ങിയത്. അത്രമേൽ കൃത്യനിഷ്ഠയോടെ ഒരു മനുഷ്യന് ജീവിത കാലം മുഴുവനും ജീവിക്കാൻ പറ്റുമോ എന്നതായിരുന്നു അയാളുടെ ന്യായമായ സംശയം. പക്ഷെ
ഫോറസ്റ്ററെപ്പറ്റി അത്തരത്തിൽ ചന്തിക്കുന്നത് പോലും അപരാധമായിട്ടാണ് വാച്ചറോടുള്ള നുറുങ്ങ് സംഭാഷണങ്ങളിൽ നിന്നും വ്യക്തമായത്. ദിവസങ്ങൾ കഴിയുന്തോറും സംശയമുനയുടെ കുത്തുവാലുകൾ ഉയർത്തിയ കരിന്തേളുകൾ രാജീവിന്റെ മനസ്സിൽ അസ്വസ്ഥതയോടെ അങ്ങുമിങ്ങും പാഞ്ഞു നടന്നു! അങ്ങനെയിരിക്കെ ഒരു തിങ്കളാഴ്ച അവിടത്തെ തോട്ടം മുറിക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നടത്താനായി ഡി എഫ് ഓയും റെയ്ഞ്ച് ഓഫീസറും കൂടി എത്തുന്നത്. അതിരാവിലെ തന്നെ ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്നുമെത്തിയ ഫോറസ്റ്ററും അവരോടൊത്ത് ഫീൽഡ് പരിശോധനയ്ക്കായി ഉണ്ടായിരുന്നു. പകൽ മൊത്തം അവരോടൊപ്പം അലഞ്ഞുതിരിഞ്ഞതിന്റേയും വെയില് കൊണ്ടതിന്റേയും ക്ഷീണം മാറ്റാനായി അല്പം അകത്താക്കിയിട്ട് കിടന്നുറങ്ങുകയായിരുന്നു രാജീവ്. രാത്രിയെപ്പോഴോ സ്വപ്നം ഞെട്ടിയുണർന്നപ്പോൾ വല്ലാത്ത മൂത്ര ശങ്കയും ഒപ്പം ദാഹവും! എന്നിട്ടും എണീക്കണമോ വേണ്ടയോ എന്നാലോചിച്ച് കിടക്കുമ്പോൾ മുന്നിലെ വാതിൽ പതിയെ അടയുന്നത് പോലെ ശബ്ദം! പിന്നീട് പതിഞ്ഞ കാൽപ്പെരുമാറ്റം ഫോറസ്റ്ററുടെ മുറിയിലേയ്ക്ക് കടക്കുന്നത് പോലെ. തുടർന്ന് ആ വാതിലും ശബ്ദമുണ്ടാക്കാതെ ചേർന്നടയുന്നു! ആകാംക്ഷ സഹിക്കാൻ വയ്യ. തലയ്ക്കൽ സൂക്ഷിച്ചിരുന്ന പെൻടോർച്ചെടുത്ത് മേശമേലെ വച്ചിരുന്ന വാച്ചിലേക്ക് അടിച്ചു. സമയം വെളുപ്പിന് മൂന്നരയോട് അടുക്കുന്നു! ഇതാരാണ് ഈ അസമയത്ത് വാതിലടയ്ക്കുന്നത്? ഫോറസ്റ്റർ ഇത്ര നേരത്തെ ഉണർന്നോ? വീണ്ടും കാതോർത്ത് കുറെ നേരം അതേ കിടപ്പ് കിടന്നെങ്കിലും തുടർശബ്ദങ്ങൾ ഒന്നും കേട്ടതുമില്ല. എന്നിട്ടും അയാളിലെ കുറ്റാന്വേഷകൻ ഉണർന്നു. പതിയെ എണീറ്റ് മുറിയിലെ ലൈറ്റ് തെളിച്ച് ശുചിമുറിയിലേയ്ക്ക് നടന്നു. തിരികെ വന്ന് വെള്ളം എടുത്ത് കുടിച്ചപ്പോഴും ഫോറസ്റ്ററുടെ മുറിയിൽ അനക്കമൊന്നുമില്ല. എന്നാൽ 'പുറംവാതിലിടുത്ത് നിലത്തായി കുറച്ച് വെള്ളത്തുളളികൾ!
നനഞ്ഞ തുണിയിൽ നിന്ന് ഇറ്റുവീണത് പോലെ! Trail Consciounsess' എന്ന് രഹസ്യവിവര ശേഖരണ ശാസ്ത്രത്തിൽ പറയുന്നതുപോലെ അപസർപ്പകബുദ്ധിയോടെ അയാൾ നോക്കുമ്പോൾ വരിവച്ച് പോകുന്ന ആ തുള്ളികൾ ചെന്ന് നിൽക്കുന്നത് ഫോറസ്റ്ററുടെ മുറിയുടെ വാതിലിനുമുന്നിലും!' അയാൾ പുറംവാതിൽ തുറന്ന് പുറത്തേയ്ക്ക് നോക്കി. നല്ല പാൽ പോലത്തെ നിലാവ്. ആറ്റിന്റെ ഓളങ്ങളെ തഴുകി വീശുന്ന കാറ്റിന് നല്ല തണുപ്പും. ആ പാതിരാത്രി ഫോറസ്റ്റർ ആറ്റുകടവിലേയ്‌ക്കെങ്ങാനും പോയിരുന്നോ? അപകടകാരികളായ വന്യമൃഗങ്ങൾ ഒന്നും ഇല്ലാത്ത സ്ഥലമാണെങ്കിലും അതിനുള്ള സാധ്യത കുറവാണ്.
ഒരു വേള തന്നെപ്പോലെ മൂത്രശങ്കയോ പ്രകൃതിയുടെ വിളിയോ ഉണ്ടായതിനാലായിരിക്കും അദ്ദേഹം എണീറ്റിട്ടുണ്ടാകുക എന്ന നിഗമനത്തിൽ എത്തിച്ചേർന്നു. പാതി മുറിഞ്ഞ ഉറക്കം പൂർത്തിയാക്കാനുള്ള വ്യഗ്രതയോടെ അയാൾ സ്വന്തം മുറിയിലേയ്ക്ക് പോയി. പിറ്റേന്ന് പ്രാതലിനായി ഇരിക്കുമ്പോൾ ഫോറസ്റ്ററോട് അതിരാവിലെ എണീറ്റതിനെപ്പറ്റി ചോദിച്ചപ്പോൾ പാടെ നിരാകരിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാത്രി
പത്തുമണിയോടെ കിടന്നാൽ എന്തൊക്കെ സംഭവിച്ചാലും അഞ്ച് മണിയോടെ അല്ലാതെ താനുണരുക പതിവില്ലെന്ന് അദ്ദേഹം കട്ടായം പറഞ്ഞു. ശരിക്കും ആ നിഷേധമാണ് ഒരു വഴിത്തിരിവായതും! അതോടെ ജന്മനാ ദോഷൈകദൃക്കായ തന്റെയുള്ളിൽ കരിന്തേളുകൾ വീണ്ടും കുത്തിനോവിക്കാൻ തുടങ്ങിയത് അയാളറിഞ്ഞു. പല ദിവസങ്ങളിലും രാത്രി വൈകുവോളം ഉറങ്ങാതെ അസ്വാഭാവികമായ പദചലനങ്ങൾക്കായി കാതോർത്ത് കിടന്നെങ്കിലും
അതൊക്കെ വൃഥാവിലായത് തന്നെ മിച്ചം! എന്നിരുന്നാലും തനിക്കന്ന് തോന്നിയത് വെറും കിനാവായിരുന്നില്ലെന്നും സമാരാധ്യനായ തന്റെ ഫോറസ്റ്റർ മനഃപൂർവ്വം എന്തോ ഒളിക്കാൻ ശ്രമിക്കുന്നതായും സംശയം ബലപ്പെട്ടു. അനന്തരം ആ ഫോറസ്റ്ററുടെ പിന്നാമ്പുറക്കഥകൾ അന്വേഷിച്ച് മണിച്ചിത്രത്താഴ് സിനിമമയിലെ മോഹൻലാലിനെ പോലെ അലയുകയായിരുന്നു രാജീവ്. സിനിമയിൽ ലാലിന്റെ സണ്ണി, നടനായ സുധീഷിനേയും കൂട്ടിയായിരുന്നെങ്കിൽ ഇവിടെ രാജീവ് എന്ന ഫോറസ്റ്റ് ഗാർഡ് തീർത്തും ഏകനായിരുന്നു എന്നൊരു വ്യത്യാസം മാത്രം! തുടർന്നുള്ള പല ദിവസങ്ങളിലും പതിവുതെറ്റിച്ച് അയാൾ അതിരാവിലെ ഉറക്കമെണീക്കും. പാതിരാത്രികളിൽ മൂത്രശങ്ക സഹിയാതെയെന്നോണം ഉണർന്ന് വെള്ളം കുടിച്ച് വീണ്ടും കിടക്കും.
നീരാട്ടിനായി ഫോറസ്റ്റർ പോകുന്ന കുളിക്കടവിലേയ്ക്ക് തന്നെ കക്ഷിയും പോകാൻ തുടങ്ങി. അവിടങ്ങളിൽ കാണുന്ന ഓരോ ആൾക്കാരേയും നിരീക്ഷിച്ചുപോന്നു.
അവരുടെ പ്രവൃത്തിയും സ്വഭാവങ്ങളും ചോദിച്ച് മനസ്സിലാക്കി. എന്നിട്ടും അസ്വാഭാവികമായി ഒന്നുംകാണാൻ കഴിഞ്ഞില്ല. തുടർന്ന് പുഴയുടെ അക്കരയിലേയ്ക്കും കൂടി പുള്ളി അന്വേഷണം വ്യാപിച്ചു! ( ഫോറസ്റ്ററെ ചൂഴ്ന്നുനിൽക്കുന്ന ദുരൂഹത നീക്കാനായി ഉറക്കമിളച്ച രാത്രികളിൽ വല്ലതുമിരുന്ന് ആത്മാർത്ഥമായി രണ്ടക്ഷരം പഠിച്ചിരുന്നെങ്കിൽ റെയ്ഞ്ച് ഓഫീസറായി അയാൾക്ക് ഉറപ്പായും നിയമനം കിട്ടുമായിരുന്നു എന്നാണ് രാജീവ് പറഞ്ഞത് ) അങ്ങനെയിരിക്കെ ഇടവപ്പാതിക്കാലത്ത് ശനിയാഴ്ച വീട്ടിലേയ്ക്ക് പോയിട്ട് തിരികെ വരികയായിരുന്നു. തിങ്കളാഴ്ച കാലത്ത് എട്ട് മണിക്ക് ജി ഡി ഓപ്പണിംഗിന് മുന്നേ സ്റ്റേഷനിൽ ഇരുചക്രവാഹനത്തിൽ രാജീവ് എത്തി. അപ്പോൾ കാണുന്നത് ആകെ ആളും ബഹളവും! ജി ഡിയിൽ കയറി ഹാജർ രേഖപ്പെടുത്തിയിട്ട് വേണം ഓപിയിലേയ്ക്ക് പോകുവാൻ. അവരുടെ ഓപിയിലെ സ്ഥിരം സഹായിയായ വാച്ചർ സ്റ്റേഷനിൽ നില്പുണ്ട്. കൂടിനിൽക്കുന്ന എല്ലാപേരുടേയും മുഖത്ത് വലിയ ആശങ്കയുടെ ഭാവം. എന്തോ കാര്യമായി സംഭവിച്ചിരിക്കുന്നു! അതെ, ഓപിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്ററെ കാണ്മാനില്ല!
(അവസാനിക്കുന്നില്ല)
Content Highlights: A strange incident unfolds at a remote forest department outpost in a hill village., A meticulous yet mysterious forester and an observant young forest guard are the central characters., Unexplained nocturnal activities and wet footprints spark a deep investigation., The forester mysteriously goes missing during the monsoon season, leaving behind an unsolved puzzle.
Published: 10 Aug 2026, 12:24 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented