
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ നാലു ദിവസത്തെ ഇന്ത്യാ സന്ദർശനം അവസാനിക്കുകയാണ്. അവസാന ദിവസം അദ്ദേഹം ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ചതുർരാഷ്ട്ര സുരക്ഷാസംഘത്തിലെ (ക്വാഡ്) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തു. റൂബിയോ വാഷിംഗ്ടണിലേക്കു മടങ്ങുമ്പോൾ മുഴങ്ങുന്ന ചോദ്യമിതാണ്: പ്രസിഡന്റ് ഡൊണാൾഡ് ഒന്നരവർഷത്തെ 'ഭഗീരഥ പ്രയത്‌നം' കൊണ്ട് കുളമാക്കിയ അമേരിക്ക- ഇന്ത്യ ബന്ധം മെച്ചപ്പെടുത്താൻ റൂബിയോയുടെ സന്ദർശനത്തിനായോ, അതോ ശ്രമം വൈകിപ്പോയോ?
തന്ത്രപ്രാധാന്യമുള്ള പങ്കാളിയായിട്ടും ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി നടപടികൾ അമേരിക്ക എടുത്തത് രാജ്യം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഗ്രീൻ കാർഡ് വേണ്ടവർ യു.എസ്സിനു പുറത്തുനിന്നു വേണം അപേക്ഷിക്കേണ്ടതെന്ന നിബന്ധനയാണ് ഏറ്റവും ഒടുവിലത്തേത്. ആയിരക്കണക്കിന് ഇന്ത്യക്കാരെ വിഷമിപ്പിക്കുന്ന പ്രഖ്യാപനം. ട്രംപ് അധികാരമേറ്റ ശേഷം അതിവേഗം ഇന്ത്യയുമായുള്ള ബന്ധങ്ങൾ വഷളാവുകയായിരുന്നു. ഇന്ത്യയുടെ കയറ്റുമതിക്ക് പിഴത്തീരുവ, റഷ്യൻ എണ്ണ വാങ്ങുന്നത് തടയാൻ സമ്മർദ്ദം, ഇറാൻ യുദ്ധത്തിന് സമാധാനമുണ്ടാക്കാൻ ഇന്ത്യയെ ഒഴിവാക്കി പാകിസ്താനെ പ്രതിഷ്ഠിച്ചത്... പലതവണ ഇറാൻ ആവശ്യപ്പെട്ടിരുന്നു, ഇന്ത്യ മധ്യസ്ഥത വഹിക്കാൻ. പക്ഷേ, അമേരിക്കയ്ക്ക് ഒപ്പം നിൽക്കുന്നവരെയല്ല, പെട്ടിയെടുപ്പുകാരെയാണ് പഥ്യം! ഇതിനൊക്കെ പുറമേ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളിൽ ആരോപിക്കപ്പെടുന്ന ഡീപ് സ്റ്റേറ്റ് കണക്ഷൻ. സിഐഎ ബന്ധമുള്ള അമേരിക്കൻ പൗരൻ മാത്യു വാൻ ഡൈക്കിന്റെ അറസ്റ്റ് ഓർമിക്കുമല്ലോ.
മെയ് 23-ന് കൊൽക്കത്തയിൽ വന്നിറങ്ങിയ റൂബിയോയെ സ്വീകരിക്കാൻ ഇന്ത്യ ഒരു അഡീഷണൽ സെക്രട്ടറിയെ മാത്രം അയച്ചതിൽ ഇതിലൊക്കെയുള്ള അസംതൃപ്തി പ്രകടമാണ്. ഈ പ്രതികരണം അമേരിക്ക പ്രതീക്ഷിച്ചിട്ടുമുണ്ടാവണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി ചർച്ച നടത്തിയ റൂബിയോ കാഴ്ചകൾ കണ്ടും പടംപിടിച്ചും നാലുദിവസം ഇന്ത്യ ചുറ്റി. കൊൽക്കത്തയിൽ മിഷനറീസ് ഓഫ് ചാരിറ്റീസ്, ഡൽഹിയിൽ അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷം, ആഗ്രയിൽ ഭാര്യയുമൊത്ത് താജ് മഹലിൽ, ജയ്പുരിൽ അംബർ കോട്ട... ഇന്ത്യൻ ഭരണകൂടത്തെ സ്‌നേഹിച്ചു വശത്താക്കാനുള്ള തന്ത്രം. ഇന്ത്യയുമായുള്ള ബന്ധം പുതുക്കിപ്പണിയാനുള്ള അമേരിക്കൻ നീക്കം അവർ പെട്ടിരിക്കുന്ന പ്രതിസന്ധികളുടെ കൂടി പ്രതിഫലനമാണ് എന്നു പറയാം.
ക്വാഡ് വിദേശമന്ത്രിമാരുടെ യോഗത്തിലെ പ്രഖ്യാപനങ്ങൾ വെച്ചുനോക്കിയാൽ റൂബിയോയുടെ സന്ദർശനം ഏറെക്കുറെ വിജയമായിരുന്നുവെന്ന് കാണാം. യോഗം ഇൻഡോ പസിഫിക് മേഖല സ്വതന്ത്രമായി നിലനിർത്തൽ, സമുദ്രയാത്രാ സ്വാതന്ത്ര്യം എന്നിവയോടുള്ള പ്രതിബദ്ധത ആവർത്തിച്ചു. ഇൻഡോ പസിഫിക്കിൽ സമുദ്രമേഖലാ നിരീക്ഷണത്തിനുള്ള സംരംഭവും നിർണായക ധാതുവിഭവങ്ങൾക്കുള്ള സംവിധാനവും ഊർജസുരക്ഷാ സംരംഭവും മന്ത്രിമാർ പ്രഖ്യാപിച്ചു.
രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയാണ് ക്വാഡ് രാഷ്ട്രത്തലവൻമാരുടെ യോഗം. അവസാനയോഗം നടന്നത് അമേരിക്കയിലാണ്- ഡെലവേറിലെ വിൽക്കിൻസണിൽ. അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ തന്റെ പ്രസിഡൻസിയുടെ അവസാനം നടക്കുന്ന ഉച്ചകോടി സ്വന്തം നാട്ടിൽ നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചു, തുടർന്ന് ഇന്ത്യയിൽ നടത്തേണ്ടിയിരുന്ന പരിപാടി യുഎസിന് നൽകിയതാണ്. പകരം അടുത്ത ഉച്ചകോടി ഇന്ത്യയിൽ നടത്താമെന്നായിരുന്നു ധാരണ. പക്ഷേ, ട്രംപ് അധികാരമേറ്റതോടെ അത് മുടങ്ങി. തീരുവയാക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തലിന്റെ ക്രെഡിറ്റു ട്രംപിനു കൊടുക്കാൻ ഇന്ത്യ വിസമ്മതിച്ചത്, പാകിസ്താനുമായി അടുപ്പം കൂടിയത്... ചുരുക്കത്തിൽ, ക്വാഡ് ഉച്ചകോടിയെ ട്രംപ് അവഗണിച്ചു. നടപ്പുവർഷം ഓസ്‌ട്രേലിയയാണ് ക്വാഡ് അധ്യക്ഷൻ. ഈ വർഷം ട്രംപ് പങ്കെടുക്കുമോയെന്ന കാര്യം കണ്ടറിയണം.
ട്രംപിന് ഫുൾ ക്രെഡിറ്റ്!
ഉറ്റസുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ അതിവേഗത്തിൽ അകറ്റിയ അമേരിക്ക ഇന്ന് അന്താരാഷ്ട്രരംഗത്ത് ഏറെക്കുറെ ഒറ്റപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് അന്താരാഷ്ട്ര ലിബറൽ ലോകക്രമത്തിന്റെ കൂറ് അപ്പാടെ സ്വന്തമായിരുന്ന രാജ്യത്തിനു മുന്നിൽ ഇന്നുള്ളത് വല്ലാതെ അസ്വസ്ഥമായ സൗഹൃദങ്ങളും തകരാറിലായ സഖ്യങ്ങളും സ്വമേധയാ തുലച്ചുകളഞ്ഞ അഭ്യുദയകാംക്ഷികളും നിറഞ്ഞ ലോകമാണ്. ഒരേസമയം യൂറോപ്പ്, കനഡ, ഓസ്‌ട്രേലിയ എന്നീ 'സഹോദരങ്ങളും' തന്ത്രപ്രാധാന്യമുള്ള പങ്കാളി ഇന്ത്യയും അകലാൻ നിർബന്ധിതമായി. ഒന്നും ബാഹ്യസമ്മർദ്ദമോ സാഹചര്യങ്ങളോ കൊണ്ടായിരുന്നില്ല. അമ്പരപ്പിക്കുന്ന ഈ ഒറ്റപ്പെടലിൽ അമേരിക്കയെ കൊണ്ടെത്തിച്ചതിന്റെ പൂർണമായ ക്രെഡിറ്റ് ട്രംപിന് മാത്രം അവകാശപ്പെട്ടതാണ്!
അമേരിക്കയുടെ അയൽരാജ്യവും സാംസ്‌കാരികമായി നോക്കിയാൽ ഇരട്ടസഹോദരരനുമായ കനഡയെ സഖ്യകക്ഷിയായല്ല, വാല്യക്കാരനായാണ് ട്രംപ് കണ്ടത്. അധികത്തീരുവകൾ, അപമാനിക്കൽ, ഭീഷണികൾ... ആ രാജ്യത്തെ അമേരിക്കയുടെ അമ്പത്തൊന്നാം സംസ്ഥാനമാക്കും എന്നുവരെ അദ്ദേഹം പറഞ്ഞുകളഞ്ഞു. രണ്ടാം ലോക മഹായുദ്ധാനന്തരം അമേരിക്ക മാർഷൽ പ്ലാൻ വഴി പുനർനിർമാണം സാധ്യമാക്കിയ, ഏഴ് ദശാബ്ദങ്ങളായി നേറ്റോ മുഖാന്തിരം സുരക്ഷ നൽകിയ യൂറോപ്പ് കടുത്ത ആശങ്കകളിലാണ്. ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ഭീഷണിക്കു പുറമേയാണ് നേറ്റോയെ വകവെക്കാത്തത്. റഷ്യൻ കടന്നുകയറ്റത്തെ ഭയന്നു ജീവിക്കുന്ന യൂറോപ്പിന് ട്രംപിന്റെ ഈ മനോഭാവം സഹിക്കാൻ കഴിയാത്തതാണ്. ഇതോടെ 'തന്ത്രപരമായ സ്വയംപര്യാപ്തത' യൂറോപ്പിന് അടിയന്തരാവശ്യമായി മാറിയിരിക്കുന്നു. സ്വന്തം കാലിൽ നിൽക്കാൻ അവർ അമേരിക്കയ്ക്കു പുറത്ത് പങ്കാളികളെ തേടാൻ നിർബന്ധിതമാവുകയാണ്.
ഒരു നൂറ്റാണ്ടിലേറെയായി അമേരിക്കയുടെ എല്ലാ പ്രധാന യുദ്ധങ്ങളിലും രക്തവും സമ്പത്തും ബലിയർപ്പിച്ച 'ഫൈവ് ഐസ്' പങ്കാളി ഓസ്‌ട്രേലിയയും അസ്വസ്ഥമാണ്. വർധിച്ച തീരുവകളും പ്രതിരോധച്ചെലവുകളും മാത്രമല്ല, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിലെ അനിശ്ചിതത്വവും അവരെ വിഷമിപ്പിക്കുന്നു. അമേരിക്കയുടെ ശത്രുവാവുന്നത് അപകടകരമാണ്, അതിന്റെ സുഹൃത്താവുന്നത് മാരകവും എന്ന് പ്രശസ്തനായ അമേരിക്കൻ നയതന്ത്രജ്ഞൻ ഹെന്റി കിസിഞ്ചർ പറഞ്ഞിട്ടുണ്ട്. രണ്ടാം ട്രംപ് ഭരണകാലത്ത് ആ സാഹചര്യം കൂടുതൽ വഷളായിരിക്കുന്നു. ലാഭസാധ്യതയെയും ഒരൊറ്റ വ്യക്തിയുടെ മാനസികാവസ്ഥയെയും മാത്രം ആശ്രയിച്ചിരിക്കുന്നു യുഎസിന്റെ വിശ്വാസ്യത. ഒരു ഉടമ്പടിയും ഒരുമിച്ച് പങ്കിട്ട ചരിത്രവും പൊതുമൂല്യങ്ങളുമൊന്നും സംരക്ഷണമാവില്ല. ഫലമോ? ലോകം സ്വയം പുനഃക്രമീകരിക്കാൻ തുടങ്ങിയിരിക്കുന്നു. അത് അമേരിക്കൻ നേതൃത്വത്തിന് ചുറ്റുമല്ല!
ട്രംപും മോദിയും വിദേശയാത്രകളും
ഈയിടെ രാജ്യാന്തരതലത്തിൽ ശ്രദ്ധയാകർഷിച്ച രണ്ടു വിദേശപര്യടനങ്ങളുണ്ടായി- മോദിയുടെ പഞ്ചരാഷ്ട്ര പര്യടനവും ട്രംപിന്റെ ചൈനാ സന്ദർശനവും. സ്‌പെയ്‌സ് എക്‌സിന്റെ ഇലോൺ മസ്‌കും ആപ്പിളിന്റെ ടിം കുക്കും എൻവിഡിയയുടെ ജെൻസൻ ഹ്വാംഗും ബ്ലാക്ക്‌റോക്ക് മുതലാളി ലാരി ഫിങ്കും അടക്കമുള്ള വമ്പൻ കോർപ്പറേറ്റുകളുണ്ടായിരുന്നു ട്രംപിനൊപ്പം. 'കച്ചോടം ഉറപ്പിക്കുന്നതിലെ കില്ലാടി'യെന്ന് സ്വയം അവകാശപ്പെടുന്ന ട്രംപ് എടുത്തു പറയാൻ പറ്റുന്ന ഒരു നേട്ടം പോലുമില്ലാതെയാണ് തിരികെ വാഷിംഗ്ടണിലേക്ക് പറന്നത്. പതിവുപോലെ അത് ചെയ്യും, ഇതു ചെയ്യും എന്നൊക്കെ വീമ്പിളക്കിയെങ്കിലും. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന പ്രസിഡന്റ് ഷി ജിൻപിങ് ഈ കൂടിക്കാഴ്ചയോടെ ചൈനയെ അമേരിക്കയുടെ പിന്നിലെ രണ്ടാം ശക്തി എന്നതിൽനിന്ന് 'ഒപ്പമെത്തിച്ചു' എന്ന് കരുതുന്നവരുണ്ട്.
ഷിയുടെ നിബന്ധനകൾക്കു മുന്നിൽ ട്രംപ് നിരായുധനായി നിൽക്കുന്ന അതേ സമയത്തായിരുന്നു മോദിയുടെ യുഎഇ, നെതർലൻഡ്‌സ്, നോർവേ, സ്വീഡൻ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര. തിരിച്ചെത്തിയത് 40 ബില്യൻ ഡോളറിന്റെ നിക്ഷേപത്തിനുള്ള കരാറുമായാണ്. യുഎഇയിൽ മാത്രം ഏകദേശം അഞ്ചു ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപത്തിനുള്ള ഉറപ്പുകൾ ലഭിച്ചു. ഇതിനൊപ്പം ദീർഘകാലത്തേക്ക് എൽപിജി വിതരണ ക്രമീകരണവും ക്രൂഡ് ഓയിൽ സംഭരണശേഷിയുടെ വിപുലീകരണവും ഉറപ്പാക്കി. കരാറുണ്ടാക്കിയ സ്ഥാപനങ്ങളിൽ ഡച്ചു കമ്പനിയായ എഎസ്എംഎല്ലുണ്ട്. മൈക്രോചിപ്പ് നിർമാണത്തിനാവശ്യമായ ഫോട്ടോലിഥോഗ്രഫി സംവിധാനങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ അവർ ടാറ്റയുമായി കരാറുണ്ടാക്കി, ഗുജറാത്തിൽ സെമികണ്ടക്ടർ ഫാക്ടറി സ്ഥാപിക്കാൻ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലിയ നേട്ടമാണിത്.
ഈ യാത്രയിൽ മോദി ലോകത്തെ പ്രമുഖ കമ്പനികളുടെ അമ്പതിലധികം സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി. അവരുടെ കൂട്ടായ മൂല്യം ഏതാണ്ട് മൂന്നു ലക്ഷം കോടി ഡോളറാണ്. സെമികണ്ടക്ടറുകൾ, ലോജിസ്റ്റിക്‌സ്, ഗ്രീൻ ഇൻഫ്രാസ്ട്രക്ച്ചർ, പുനരുപയോഗ ഊർജം, ആധുനിക ഉത്പാദനം, പ്രതിരോധസാമഗ്രികളുടെ നിർമാണം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ നിക്ഷേപ ഉറപ്പുകളാണ് ഈ കൂടിക്കാഴ്ചകളിൽ ലഭിച്ചത്. ഇവ വെറും പ്രഖ്യാപനങ്ങളല്ല; യഥാർത്ഥ കമ്പനികൾ ഒപ്പുവെച്ച യഥാർത്ഥ കരാറുകളായിരുന്നു.
ക്വാഡും ബ്രിക്‌സും യുഎസ് ഉത്കണ്ഠകളും
ഡൽഹിയിലെ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം നടന്നത് വാഷിംഗ്ടണിന് അസ്വസ്ഥതയുണ്ടാക്കുന്ന മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. നിലവിൽ ബ്രിക്‌സ് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്ത് ഇന്ത്യയാണ്. തുടക്കം മുതൽ ട്രംപ് ഭരണകൂടം ഈ കൂട്ടായ്മയെ ഭയത്തോടെയും ശത്രുതയോടെയുമാണ് കാണുന്നത്. ജി-20 അധ്യക്ഷയായപ്പോൾ ഇന്ത്യ കൈക്കൊണ്ട നേതൃത്വപരമായ നിലപാട് അമേരിക്കയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. ഈ വർഷത്തെ ബ്രിക്‌സ് യോഗത്തിൽ എന്തായിരിക്കും പുതിയ മാറ്റമെന്ന് ഉറ്റുനോക്കുകയാണ് ലോകം. അതിലൊന്ന് ഡീഡോളറൈസേഷനാണ്. ഇന്ത്യ ഇപ്പോൾ തന്നെ വിവിധ രാജ്യങ്ങളുമായി അവരവരുടെ കറൻസികളിൽ ഇടപാടു നടത്തുന്നുണ്ട്. യുപിഐ ഇടപാടുകളും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. (വെനസ്വേല, ഇറാൻ എന്നിവിടങ്ങളിലെ അമേരിക്കൻ ഇടപെടലുകൾ തന്നെ പെട്രോ ഡോളറിനെ രക്ഷിക്കാനാണെന്ന വാദവും നിലവിലുണ്ട്.)
ലോകസാഹചര്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയാണ് ട്രംപ് ഭരണകൂടത്തിന്റെ ബഹുമുഖ മേഖലകളോടുള്ള സഹജമായ ശത്രുതക്കു പിന്നിൽ. ഏകധ്രുവ യുഗം അവസാനിച്ചിരിക്കുന്നു. അത് എന്തായാലും അവസാനിക്കുമായിരുന്നു. അമേരിക്കയുടെ യാഥാർത്ഥ്യബോധവും വിശ്വാസ്യതയുമില്ലാത്ത നീക്കങ്ങൾ അത് വേഗത്തിലാക്കിയെന്നു മാത്രം. ബഹുധ്രുവ ലോകത്തിനു യോജിച്ച നയതന്ത്രമാണ് ഇന്ത്യ പയറ്റുന്നത്. ഇന്ത്യ ഒരേസമയം ക്വാഡ് പങ്കാളിയും ബ്രിക്‌സ് പ്രസിഡന്റും ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) അംഗവും ദരിദ്രരാജ്യ സമൂഹത്തിന്റെ പ്രധാന വക്താവുമാണ്. ഇറാനും ഇസ്രയേലുമായി ഒരേസമയം നല്ല ബന്ധം പുലർത്താനാവുന്ന ഇന്ത്യ സമീപകാലത്ത് ചൈനയുമായും ബന്ധം മെച്ചപ്പെടുത്തിയിരുന്നു. രാജ്യതാൽപ്പര്യങ്ങൾക്കാണ് ഏറ്റവും വലിയ മുൻഗണന.
21-ാം നൂറ്റാണ്ടിൽ ശക്തി പരസ്പരബന്ധങ്ങളിൽ അധിഷ്ഠിതമാണ്. അതിന്റെ അടിത്തറ പഴമക്കാർ പറയുന്ന 'വാക്കിനു വില'യാണ്, വിശ്വാസ്യതയാണ്. അപകടകരമായ വേഗത്തിൽ അത് ചെലവഴിക്കുകയാണ് അമേരിക്ക. ട്രംപിനു പകരം ഒരു പ്രസിഡന്റ് വരുമ്പോഴും ഈ വിശ്വാസ്യതാവിടവ് അവിടെയുണ്ടാകും. അതു മാറ്റിയെടുക്കാൻ അമേരിക്ക കുറച്ചുകാലം ബദ്ധപ്പെടുമെന്ന് കരുതണം. ക്വാഡ് യോഗത്തിൽ ഇന്ത്യയെ 'ഇൻഡോ-പസഫിക് സമീപനത്തിന്റെ മൂലക്കല്ല്' എന്ന് വിശേഷിപ്പിച്ച റൂബിയോയും വാഷിംഗ്ടണും മനസ്സിലാക്കേണ്ടത് തന്ത്രപരമായ പങ്കാളിത്തങ്ങൾക്ക് പരസ്പരബഹുമാനവും സ്ഥിരതയും ആവശ്യമാണ് എന്ന വസ്തുതയാണ്. പൊള്ളയായ വാക്കുകൾക്ക് വിശ്വാസവും ബഹുമാനവും സൃഷ്ടിക്കാനാവില്ല. അമേരിക്കയ്ക്ക് മാറാനാവുമോ?
Content Highlights: The article evaluates US Secretary of State Marco Rubio's visit to India amidst strained bilateral relations caused by Donald Trump's unilateral foreign policies, contrasting Trump's failed business diplomacy with Prime Minister Narendra Modi's successful multi-nation tour that secured billions in foreign investments.
Published: 26 May 2026, 06:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented