തൃശ്ശൂർ/കോട്ടയം: കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളി യുവതി, സുഹൃത്തുക്കളായ രണ്ട് യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ കാരണം ഇനിയും അവ്യക്‌തം. കൊലപാതകത്തിലേക്ക് നയിക്കാൻ മാത്രം യുവതികൾക്കിടയിൽ എന്ത്‌ വൈരാഗ്യമാണുണ്ടായതെന്ന്‌ വീട്ടുകാർക്കും വ്യക്‌തമല്ല.

To advertise here,

തൃശ്ശൂർ മുടിക്കോട്‌ തൈക്കൂട്ട്‌ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്‌ജന (35), കോട്ടയം കുറിച്ചി പള്ളത്ര ജേക്കബിന്റെ ഭാര്യ ആൻ മേരി മാത്യു (35) എന്നിവരെയാണ്‌ കൊലപ്പെടുത്തിയത്‌. സംഭവത്തിൽ പാലാ മൂന്നിലവ് മാറാമറ്റം വീട്ടിൽ അനിലയെ (34) മിൽപിറ്റാസ്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

അടുത്തിടെ ജോലിയിൽ പ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന്‌ അനില മാനസികസമ്മർദ്ദത്തിലായിരുന്നെന്ന്‌ നാട്ടിലുള്ള കുടുംബസുഹൃത്തുക്കൾ പറയുന്നു. അറസ്റ്റിലായ അനിലയുടെ മൊഴിപ്പകർപ്പ് ലഭിച്ചാലേ കാരണം അറിയാനാകൂ. അനിലയുടെ അച്ഛനമ്മമാർ രണ്ടുമാസംമുമ്പ് മിൽപിറ്റാസിലെ വീട്ടിൽ ചെന്നിരുന്നു. അനിലയുടെ സഹോദരൻ കാനഡയിലാണ്.

ചൊവ്വാഴ്ച കാലിഫോർണിയയിൽ നടക്കുന്ന മൃതദേഹ പരിശോധനകൾക്കുശേഷം, കൊല്ലപ്പെട്ട പെൺകുട്ടികളുടെ ഭർത്താക്കന്മാർക്ക് മൃതദേഹം കാണാൻ അവസരം നൽകുമെന്നാണ് വീട്ടുകാർക്ക് കിട്ടിയ വിവരം. കാലിഫോർണിയയിലെ മലയാളി അസോസിയേഷനും ഇന്ത്യൻ എംബസിയും വിഷയത്തിൽ കാര്യമായി ഇടപെട്ടിട്ടുണ്ടെന്ന് കൊല്ലപ്പെട്ട അഞ്ജനയുടെ ഭർത്താവ് വിജീഷ് ബന്ധുക്കളോട് പറഞ്ഞു.

സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ബെംഗളൂരുവിൽനിന്നാണ് അനില എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയത്. പഠനകാലത്തും ബംഗളൂരുവിലെ ജോലിയിലും ഒപ്പമുണ്ടായിരുന്ന തൊടുപുഴ സ്വദേശിയാണ്‌ ഭർത്താവ്‌. പിന്നീട് അമേരിക്കയിലേക്ക് ജോലി കിട്ടി പോകുകയായിരുന്നു. ഇവർക്ക് ഒരു മകളുണ്ട്‌.

മരിച്ച ആൻ അവിടെ സ്‌കൂളിൽ അധ്യാപികയായിരുന്നു. ഭർത്താവ്‌ ജേക്കബ്‌ സെപ്റ്റംബർ ഏഴിന്‌ നാട്ടിൽ വരാനിരിക്കെയാണ്‌ ദുരന്തം. രണ്ടാഴ്‌ച മുമ്പ്‌ ആൻ നാട്ടിൽവന്ന്‌ പോയതാണ്‌. ജേക്കബും ആനും കോയമ്പത്തൂരിൽ ഒന്നിച്ച്‌ എൻജിനിയറിങ്‌ പഠിച്ചതാണ്‌.