കോട്ടയം: ഒരു കുടുംബംപോലെ സ്നേഹത്തോടെ കഴിഞ്ഞ മൂന്ന് കൂട്ടുകാർ. കഴിഞ്ഞ ദിവസം ഒരുമിച്ച് ഓണം ആഘോഷിച്ചവർ. അവരിലൊരു യുവതി മറ്റ് രണ്ടു പേരെയും കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാൻ ചിങ്ങവനം പള്ളത്ര ജേക്കബിനെയും ഭാര്യ ആൻ മേരി മാത്യുവിനെയും അടുത്തു പരിചയമുള്ള ചിങ്ങവനം ഒറ്റത്തൈക്കൽ ജേക്കബ് കുരുവിളയ്ക്ക് കഴിയുന്നില്ല. 'ആൻ നല്ല കുട്ടിയായിരുന്നു. നല്ല സ്വഭാവം. എന്റെ മക്കളും കാലിഫോർണിയയിലാണ്. അവർക്ക് ജേക്കബും ആനും നല്ല സപ്പോർട്ടായിരുന്നു. ഞാൻ യുഎസിൽ ചെന്നപ്പോൾ അവരുടെ വീട്ടിൽ പോയിട്ടുണ്ട്.'- ജേക്കബ് കുരുവിള പറഞ്ഞു.

To advertise here,

ജേക്കബിന്റെ കുടുംബവുമായി വർഷങ്ങളായി അടുത്ത ബന്ധമാണ് ജേക്കബ് കുരുവിളയ്ക്ക്. ആറു വർഷത്തോളമായി ചിങ്ങവനം പള്ളത്ര ജേക്കബും ഭാര്യ ആനും യുഎസിലാണ്. അടുത്ത കാലത്ത് കാലിഫോർണിയയിൽ ജേക്കബും ആനും വീട് വാങ്ങിയിരുന്നു. രണ്ടു മാസം മുമ്പാണ് ഇവർ പുതിയ വീട്ടിലേക്ക് മാറിയതെന്ന് ജേക്കബ് കുരുവിള പറയുന്നു. അതുവരെ ഇവർ മൂന്നു പേരും മിൽക്രീക്ക് അപ്പാർട്ട്മെന്റ്സിലാണ് കുടുംബസമേതം താമസിച്ചത്. അഞ്ചു വർഷമായി ഇവർ അടുത്ത സുഹൃത്തുക്കളാണ്.

കഴിഞ്ഞ ദിവസം ഏറെ സന്തോഷത്തോടെയാണ് അനിലയും അഞ്ജനയും ആനും ഒരുമിച്ച് ഓണം ആഘോഷിച്ചത്. കേരളീയ വേഷത്തിൽ ഒന്നിച്ച് ചിത്രവുമെടുത്തു. ഇത്രയും അടുപ്പമുള്ളവർക്കിടയിൽ പെട്ടെന്ന് അകൽച്ചയുണ്ടായത് എങ്ങനെയെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും അമ്പരക്കുന്നത്. കാലിഫോർണിയയിലെ മിൽപിറ്റാസിൽ നടന്ന ഈ ക്രൂരമായ സംഭവത്തിന്റെ കാരണം ഇനിയും അവ്യക്തമാണ്.

തൃശ്ശൂർ മുടിക്കോട് തൈക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന(35), കോട്ടയം കുറിച്ചി പള്ളത്ര ജേക്കബിന്റെ ഭാര്യ ആൻ മേരി മാത്യു(35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പാലാ മൂന്നിലവ് മാറാമറ്റം വീട്ടിൽ അനിലയെ(34) മിൽപിറ്റാസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടുത്തിടെ ജോലിയിൽ പ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് അനില മാനസിക സമ്മർദത്തിലായിരുന്നെന്ന് നാട്ടിലുള്ള കുടുംബസുഹൃത്തുക്കൾ പറയുന്നു. അറസ്റ്റിലായ അനിലയുടെ മൊഴിപ്പകർപ്പ് ലഭിച്ചാലേ കാരണം അറിയാനാകൂ.

ആൻ അവിടെ സ്‌കൂളിൽ അധ്യാപികയായിരുന്നു. തിങ്കളാഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ആനിന്റെ വിയോഗം. നാലുവർഷം മുൻപാണ് ആൻ മേരി മാത്യു ഭർത്താവ് ജേക്കബ് ആൻഡ്രൂസിനൊപ്പം കമ്പനി വിസയിൽ അമേരിക്കയിലേക്ക് പോകുന്നത്. ആൻഡ്രീന(12), അലീസ (5) എന്ന രണ്ട് മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷമായി ജീവിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഭർത്താവ് ജേക്കബ് സെപ്റ്റംബർ ഏഴിന് നാട്ടിൽ വരാനിരിക്കെയാണ് ദുരന്തം.

രണ്ടാഴ്ച മുമ്പ് ആൻ നാട്ടിൽ വന്ന് പോയതാണ്. ജേക്കബും ആനും കോയമ്പത്തൂരിൽ ഒന്നിച്ച് എൻജിനിയറിങ് പഠിച്ചതാണ്. ആനിന്റെ മൃതദേഹം നാട്ടിലെത്തിച്ച് പള്ളം കല്ലൂപ്പറമ്പ് പള്ളിയിൽ സംസ്‌കാരം നടത്തുമെന്നാണ് സൂചന.

തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതിമാരുടെ മകളാണ് അഞ്ജന. വിലങ്ങന്നൂർ സ്വദേശി വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. വിവാഹശേഷം, സോഫ്റ്റ്‌വെയർ എൻജിനീയറായ വിജേഷിനോടൊപ്പമാണ് അഞ്ജന കാലിഫോർണിയയിലേക്ക് പോയത്. കഴിഞ്ഞ ആറുവർഷമായി അവിടെയാണ് താമസം. അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അഞ്ജന. 2023-ൽ ആണ് അഞ്ജനയും കുടുംബവും അവസാനമായി നാട്ടിൽ വന്നത്. എൻജിനീയറിങ് ബിരുദധാരിയാണ് അഞ്ജന.

കൊലപാതകവാർത്ത ഞെട്ടലോടെയാണ് മൂന്നിലവിലെ അനിലയുടെ ബന്ധുക്കളും നാട്ടുകാരും അറിഞ്ഞത്. പൊതുവേ ശാന്തസ്വഭാവക്കാരിയായ, എല്ലാവരോടും നല്ലരീതിയിൽ പെരുമാറുന്ന അനില ഇത്തരമൊരു കൃത്യം ചെയ്തെന്ന് അവർക്കും വിശ്വസിക്കാനാകുന്നില്ല. ബെംഗളൂരുവിൽനിന്നാണ് അനില എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയത്. പഠനകാലത്തും ബംഗളൂരുവിലെ ജോലിയിലും ഒപ്പമുണ്ടായിരുന്ന തൊടുപുഴ സ്വദേശിയാണ് ഭർത്താവ്. പിന്നീട് അമേരിക്കയിലേക്ക് ജോലി കിട്ടി പോകുകയായിരുന്നു. ഇവർക്ക് ഒരു മകളുണ്ട്.

ചൊവ്വാഴ്ച കാലിഫോർണിയയിൽ നടക്കുന്ന മൃതദേഹ പരിശോധനകൾക്കുശേഷം, കൊല്ലപ്പെട്ട പെൺകുട്ടികളുടെ ഭർത്താക്കന്മാർക്ക് കാണാൻ കഴിയുമെന്നാണ്‌ വീട്ടുകാർക്ക് കിട്ടിയ വിവരം. കാലിഫോർണിയയിലെ മലയാളി അസോസിയേഷനും ഇന്ത്യൻ എംബസിയും ഇടപെട്ടിട്ടുണ്ടെന്ന് കൊല്ലപ്പെട്ട അഞ്ജനയുടെ ഭർത്താവ് വിജീഷ് ബന്ധുക്കളോട് പറഞ്ഞു. സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.