കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇവരുടെ സുഹ്യത്തും മലയാളിയുമായ അനില(32)ക്ക് എതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്ത് മിൽപിറ്റ്‌സ് പോലീസ്. ഓഗസ്റ്റ് 28-ാം തീയതിയാണ് ക്രൂരമായ കൊലപാതകങ്ങൾ നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (39), തൃശ്ശൂർ സ്വദേശിനിയായ അഞ്ജന (35) എന്നിവരാണ് കൂട്ടുകാരിയും കോട്ടയം സ്വദേശിനിയുമായ അനില(34)യുടെ കൈകളാൽ കൊല്ലപ്പെട്ടത്.

To advertise here,

കാലിഫോർണിയയിലെ മിൽക്രീക്ക് അപ്പാർട്ടുമെന്റിലാണ് ഇവർ മൂന്നുപേരും കുടുംബസമേതം താമസിച്ചിരുന്നത്. അഞ്ചുവർഷമായി ഒരുകുടുംബം പോലെ താമസിച്ചിരുന്ന ഉറ്റസുഹൃത്തുക്കളായിരുന്നു മൂവരും. സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഓണം ആഘോഷിച്ചതും സിനിമ കാണാൻ പോയതുമെല്ലാം മൂന്നു കൂട്ടുകാരുംകൂടി ഒരുമിച്ചായിരുന്നു. അതുകൊണ്ടുതന്നെ ബന്ധുക്കൾക്കും കൂട്ടുകാർക്കുമടക്കം ഇവരെ അറിയാവുന്ന എല്ലാവർക്കും ഈ വാർത്ത ഒരുപോലെ ഞെട്ടലുളവാക്കി.

സ്വതവേ ശാന്തസ്വഭാവമുള്ള അനില ഇത്തരത്തിലൊരു ക്രൂരകൃത്യം, അതും ആനിനോടും അഞ്ജലിയോടും ചെയ്യുമെന്ന് ആർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊലപാതകവിവരങ്ങൾ പുറംലോകമറിഞ്ഞത്. അപ്പാർട്ടുമെന്റിലുണ്ടായിരുന്ന അഞ്ജനയെ ഫോണിൽ വിളിച്ച് താഴേക്ക് വരുത്തിയ ശേഷം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവമറിഞ്ഞ അഞ്ജനയുടെ ഭർത്താവ് വിജേഷ് ആനിന്റെ ഭർത്താവ് ജേക്കബിനെ വിളിച്ച് വിവരമറിയിച്ചു. ഉടൻതന്നെ ആനിനെ വിളിച്ചുവെങ്കിലും ആരും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. വീട്ടിലെത്തിയ ജേക്കബ് കണ്ടത് കുത്തേറ്റ് രക്തത്തിൽകുളിച്ച് ജീവനറ്റുകിടക്കുന്ന ആനിനെയാണ്. പിന്നാലെയാണ് പോലീസ് ഇരുവരുടെയും കൂട്ടുകാരിയായ അനിലയെ കസ്റ്റഡിയിലെടുത്തത്.

അപ്പാർട്ടുമെന്റിനടുത്തായി ഒരു സ്ഥലത്ത് ഇടിച്ചുകയറ്റിയ നിലയിൽ കണ്ടെത്തിയ കാറിൽനിന്നാണ് അനിലയെ പോലീസ് പിടികൂടിയത്. പിന്നീട് നടത്തിയ ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. അഞ്ജനയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കേസ് ചാർജ് ചെയ്തതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആൻ മാത്യുവിനെ കൊലപ്പെടുത്തിയെന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി മിൽപിറ്റ്‌സ് പോലീസ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.